ദുബായ്: ഒഎൻവി കുറിപ്പിന്റെ പേരിൽ ഏർപ്പെടുത്തിയ അന്തർദേശീയ കവിത പുരസ്കാരം ഡോ. ചേരൻ രുദ്രമൂർത്തിയും യുവകവി പുരസ്കാരം ആര്യാ ഗോപിയും ദുബായ് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. ഒഎൻവി ഫൗണ്ടേഷൻ പ്രഥമ പുരസ്കാരങ്ങളായിരുന്നു ഇവ.
ശ്രീലങ്കയിലെ തമിഴ് വംശയനായ ഡോ. ചേരൻ രണ്ടു പതിറ്റാണ്ടിലേറെയായി ടോറൻഡോയിൽ പ്രവാസ ജീവിതം നയിക്കുകയാണ്. കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും അടിച്ചമർത്തപ്പെട്ട ശ്രീലങ്കൻ തമിഴ് സാഹിത്യത്തിന്റെ നവോഥാനത്തിനു വേണ്ടി നിലകൊള്ളുന്ന ആൾ കൂടിയാണ്.
കോളജ് അദ്ധ്യാപികയായ ആര്യാ ഗോപി കേരളം സാഹിത്യ അക്കാദമി എന്റോവ്മെന്റ് അടക്കം നിരവധി പുരസ്കാരങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്. കവിയും ഗാന രചയിതാവുമായ പി കെ ഗോപിയുടെ മകളാണ്.
ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഹരിതമാനസം എന്ന പേരിൽ അരങ്ങേറിയ സാംസ്കാരിക പരിപാടി ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഉദഘാടനം ചെയ്തു. അറബ് കവി ശിഹാബ് ഗാനിം, അറബ് കവി ഡോ മറിയം ഷിനാസി, പ്രൊഫ. മധുസൂദനൻ നായർ, ജോർജ് ഓണക്കൂർ, ആലംകോട് ലീലാകൃഷ്ണൻ, രാജീവ് ഒഎൻവി എന്നിവർ പ്രസംഗിച്ചു.
കൊത്തുപണിയുള്ള വാക്കുകൾ, ഋതുഭേദങ്ങളുടെ ആത്മഗന്ധം എന്നീ പേരുകളിൽ സാഹിത്യ സെമിനാറുകൾ അരങ്ങേറി. ചൊല്ലരങ്ങിന്റെ വളപൊട്ടുന്നുകൾ എന്ന പേരിൽ സ്കൂൾ കുട്ടികൾക്കായി ഒഎൻവി കവിത ആലാപന മത്സരവും നടന്നു. മാണിക്യവീണ എന്ന പേരിൽ ഗായിക ഗായത്രിയുടെ നേതൃത്വത്തിൽ ഒഎൻവി ഗാനസന്ധ്യയും നടന്നു.
ഒഎൻവി ഫൗണ്ടേഷൻ ചെയർമാൻ ഷാബു കിളിത്തട്ടിൽ, സെക്രട്ടറി മോഹൻ ശ്രീധർ, യു എ ഇ എക്സേഞ്ചു ഗ്ലോബൽ സിഇ ഓ പ്രശാന്ത് മാങ്ങാട്, പ്രമോദ് മാങ്ങാട്, കെ കെ മൊയ്തീൻ കോയ തുടങ്ങിയവരും പ്രസംഗിച്ചു.