കൈകളിൽ നീല ഞരമ്പുകളുള്ളവർ (നോവൽ)
ശ്രീദേവി വടക്കേടത്ത്
എനിക്കാരും വേണ്ടെന്നും എനിക്കിത് ശീലമെന്നു പറഞ്ഞാലും ഒറ്റപ്പെടൽ ഭീകരമായി പോകുന്ന ചില പ്രത്യേക സമയങ്ങളുണ്ട്. അതോരോരുത്തർക്ക് ഓരോ നേരങ്ങളായിരിക്കും. ഒരാളെ കെട്ടിപ്പിടിക്കണമെന്ന് തോന്നുന്നതു പോലും ആ ഒറ്റപ്പെടൽ ഒരു സമയത്ത് തോന്നിപ്പിക്കുന്നതാണ്. അതിൽ അശ്ലീലമോ, കാമമോ, മോഹം പോലുമുണ്ടായിരിക്കില്ല. പക്ഷേ, കെട്ടിപ്പിടിക്കാതെ ആശ്വാസമൊട്ടു കിട്ടുകയുമില്ല. വരിഞ്ഞുമുറുക്കി, ശ്വാസം കിട്ടാതെ അടക്കിപ്പിടിക്കുകയൊന്നും വേണ്ട. വെറുതെ തല തോളിലേക്ക് ചായ്ച്ച് കെട്ടിപ്പിടിക്കുന്ന ആളുടെ ശ്വാസം തലയിൽ വന്നു തലോടും പോലെ.”
കഥയുടെ നൂറ്റിമുപ്പത് വർഷം കഴിയുന്ന വേളയില്‍ പലയിടങ്ങളിലും കഥ ഇന്നെവിടെ എത്തി നില്ക്കുന്നു എന്നൊരു അന്വേഷണം നടക്കുന്നുണ്ട്. പ്രവാസ ഭൂമികയിലിന്ന് കഥകളും കവിതകളും നോവലും എഴുതുന്നവര്‍ പരക്കെ പറയുന്നൊരു പരാതിയാണ് ഞങ്ങളെ പാർശ്വവത്കരിച്ചിരിക്കുന്നു. നമ്മെ ആരും വായിക്കുന്നില്ല എന്നൊക്കെ. അതുകൊണ്ട് തന്നെ ഒരു സമാന്തര സാഹിത്യ ലോകം കെട്ടിപ്പടുക്കുവാന്‍ പ്രവാസത്തിലെ, പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസത്തിലെ എഴുത്തുകാര്‍ അവരുടെ ഇടങ്ങളില്‍ കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. പേര് പ്രശസ്തമാക്കുക എന്നതിനപ്പുറം സാഹിത്യം മെച്ചമാക്കുക എന്നൊരു ധാരണയോ ലക്ഷ്യമോ എന്തുകൊണ്ടോ ഈ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നില്ല . ഓരോ എഴുത്തുകളും എങ്ങനെ മേന്മയുള്ളതാക്കാം എന്നതല്ല, ഞാന്‍ എഴുതിയതിനപ്പുറം മറ്റൊരു എഴുത്ത് ഇല്ല എന്ന ഭാവവും ഫാന്‍സ് ഗ്രൂപ്പ് സൃഷ്ടിച്ചു അതിലൂടെ പുകഴ്ത്തലുകളും മാത്രമായി ഈ സാംസ്കാരിക സംഘടനാ പ്രവര്‍ത്തങ്ങള്‍ മിക്കതും മാറുന്നു . ഒറ്റപ്പെട്ട നല്ലവ ഇല്ലാ എന്നല്ല ഇതിനര്‍ത്ഥം. ഇതിനാല്‍ എന്ത് സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ സാഹിത്യം രണ്ടു തരം ആകണം എന്ന വാശി മാത്രം ബാക്കി വയ്ക്കുന്നു . ഇരിക്കുന്ന ഇടം കൊണ്ട് എഴുത്തിന് വകഭേദം തുടങ്ങുകയാണെങ്കില്‍ നാളെ തെങ്ങിന്റെ മണ്ടയില്‍ ഇരുന്നു എഴുതുന്ന സാഹിത്യത്തെ എന്ത് പേരിട്ടാകും വിളിക്കുക എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . ഭാഷയാകണം സാഹിത്യത്തിന്റെ ശാഖകള്‍ . അത് എവിടെയിരുന്നു എഴുതിയാലും . അപ്പോള്‍ പിന്നെ എന്തുകൊണ്ട് സ്വീകാര്യത ഇല്ല എന്ന ചോദ്യത്തിന് ഉത്തരം, എഴുത്തില്‍ കാമ്പുണ്ടാകണം എന്നാണു . അടുത്തിടെ പ്രവാസത്തില്‍ നിന്നുമിറങ്ങിയ പ്രശസ്തമായ എഴുത്തുകള്‍ ആയി കണ്ടതിൽ ഡി സി പുറത്തിറക്കിയ സോണിയ റഫീക്കിന്റെ ഹെർബേറിയം , അനില്‍ ദേവസ്യയുടെ ല ഇലാഹി ഷമിയുടെ നടവഴിയിലെ നേരുകള്‍ എന്നിവ ആയിരുന്നുവല്ലോ പ്രധാനം . ഇവ പ്രവാസ എഴുത്ത് ആയതുകൊണ്ട് മുന്‍നിരയില്‍ വരാതെ പോകാതിരുന്നുവോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . ഷാര്‍ജ അന്താരാഷ്ട്ര ബുക്ക് ഫെസ്റ്റിനു വേണ്ടി മാത്രം പടച്ചു വിടുന്ന പുസ്തകങ്ങള്‍ ആകരുത് പകരം അവയ്ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടാകണം . രമണി വേണുഗോപാലിന്റെ കന്യാമഠത്തിലെ ലില്ലിപ്പൂവുകള്‍ , സബീന എം സാലിയുടെ കന്യാവിനോദം ,. സലിം അയ്യനേത്തിന്റെ ഡിബോറ, അസിമിന്റെ ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍, വിജു സി പരവൂറിന്റെ നിലവിളികള്‍ക്ക് കാതോര്‍ക്കാം , പി മണികണ്ഠന്റെ പുറത്താക്കലിന്റെ ഗണിതം, വെള്ളിയോടന്റെ കടൽമരങ്ങള്‍ തുടങ്ങിയ ചര്‍ച്ചകള്‍ക്ക് വന്നതും വരാത്തതും ആയ ഒരുപാട് പുസ്തകങ്ങള്‍ പ്രവാസത്തില്‍ നിന്നും ഇറങ്ങിയതിൽ ശ്രദ്ധിക്കപ്പെട്ട ചിലതാണ്. . ഇറങ്ങുന്നതില്‍ ഭൂരിഭാഗവും കാട്ടിക്കൂട്ടലുകള്‍ മാത്രം ആകുന്നതിനാല്‍ അവ ശ്രദ്ധിക്കപ്പെടുന്നത് അവരവരുടെ ഫാന്‍സ് ഗ്രൂപ്പുകളില്‍ മാത്രമായി പോകുന്നത് ഇവയുടെ കഥയില്ലായ്മ കൊണ്ട് മാത്രമാണ് . വായന ഒട്ടും ഇല്ലാത്ത പ്രവാസ എഴുത്തുകാരന് അവന്റെ ഭാവനകളെ എഴുതി വിടുകയും അതിനു വായനക്കാര്‍ വേണം എന്ന് ശഠിക്കുകയും ചെയ്യുന്ന വിരോധാഭാസം കൂടിയാണ് പ്രവാസ എഴുത്തുകള്‍. മുഖ്യധാരയില്‍ പ്രസിദ്ധീകരിക്കുന്ന എഴുത്തുകള്‍ ആണ് ഇന്ന് എഴുത്തുകാരെ സൃഷ്ടിക്കുന്നത് . ആ മുഖ്യധാരാ പ്രസിധീകരണങ്ങളില്‍ ഒരു കൃതി അയച്ചു കൊടുക്കുവാന്‍ ശ്രമിക്കുക പോലും ചെയ്യാത്തവരും അഥവാ ഒരിക്കല്‍ അയച്ചു അത് പ്രസിധീകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ പ്രവാസികളെ ആരും പരിഗണിക്കില്ല എന്നൊരു വ്യാജ വാര്‍ത്തയുമായി തന്റെ കഥയുടെ പോരായ്മ ഒളിച്ചു വയ്ക്കുകയും ചെയ്യുന്നതും ഒരു വലിയ ഒരു ധര്‍മ്മമായി പ്രവാസ എഴുത്തുകാര്‍ കരുതുന്നു . പ്രവാസം മറ്റൊരു ലോകമായി അവര്‍ അംഗീകരിക്കുകയും അവിടെ അവരുടേതായ ഒരു സംസ്കാരം അവര്‍ ഉണ്ടാക്കി എടുക്കുകയും ചെയ്യുന്നു . അതില്‍ നിന്നുകൊണ്ട് അവര്‍ വിമര്‍ശിക്കുന്നത് മലയാള സാഹിത്യത്തെയാണ് എന്നത് രസാവഹമായ ഒരു സംഗതിയാണ് .
പ്രവാസത്തില്‍ ഇരുന്ന് എഴുതി വിടുന്ന കാമ്പില്ലാത്ത വായനകള്‍ക്കിടയില്‍ തടയുന്ന ചില എഴുത്തുകള്‍ ഇത്തരുണത്തിൽ പലപ്പോഴും അത്ഭുതം നല്‍കാറുണ്ട് . അത്തരം ഒരു വായന നല്കിയ നോവല്‍ ആയിരുന്നു ശ്രീദേവി വടക്കേടത്തിന്റെ “കൈകളില്‍ നീല ഞരമ്പുകള്‍ ഉള്ളവര്‍ ” എന്ന നോവല്‍. തികച്ചും നോവലിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് , വളരെ മനോഹരമായി ശ്രീദേവി എഴുതിയിരിക്കുന്നു എന്നതു സന്തോഷകരമായ സംഗതിയാണ് . ഒരെഴുത്ത് തന്റെ ചുറ്റുപാടുകളെ അവലംബിച്ച് എഴുതുമ്പോള്‍ ഉള്ളതിലും മേന്മയേറുക, അത് ഒരിക്കല്‍ പോലും സന്ദര്‍ശിക്കാത്ത ഒരിടത്ത് സംഭവിക്കുന്നതായി പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുമ്പോള്‍ ആണ് . മിക്കപ്പോഴും അതിനു ശ്രമിച്ചു അതിഭാവുകത്വങ്ങള്‍ എഴുതുന്ന എഴുത്തുകാര്‍ ആണ് നമുക്ക് ചുറ്റും . ഇറാക്ക് യുദ്ധം ആയാലും സിറിയന്‍ സംഘര്‍ഷ ഭൂമിയായാലും പത്രങ്ങള്‍ നല്കുന്ന വാര്‍ത്തകളില്‍ കൂടി അതിനെ എത്ര കണ്ടു ക്രൂരമോ ഭാവനാത്മകമോ ആക്കാമോ അത് അവര്‍ ചെയ്തിരിക്കും . അസി എഴുതിയ സദ്ദാം ഹുസൈന് വിഷയമായ ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍ ഇതിൽ വേറിട്ടതാണ് എന്ന് പറയാം . വിഷയത്തെക്കുറിച്ച് ശരിക്കും ഹോം വര്‍ക്ക് ചെയ്തു എഴുതിയത് കൊണ്ട് അതിനു സ്വീകാര്യത കിട്ടുകയും ചെയ്തു . ശ്രീദേവിയും ഇവിടെ ചെയ്തിരിക്കുന്നത് അതാണ് . സിഡ്നിയില്‍ നടക്കുന്ന ഒരു കഥയായി ഈ നോവല്‍ അവതരിപ്പിക്കുമ്പോള്‍ ഒട്ടും തന്നെ അതിശയോക്തിയില്ലാതെ , ചരിത്രവും ഭൂമിശാസ്ത്രവും ആയ വിഷയങ്ങളെ സൂക്ഷ്മമായി തൊട്ടുകൊണ്ട് അവര്‍ നോവലിനെ വഴി നടത്തുന്നു .
കഥാപാത്ര സൃഷ്ടിയിലും വ്യത്യസ്തത കൊണ്ട് വരാന്‍ ശ്രീദേവിക്ക് കഴിഞ്ഞിരിക്കുന്നു . ഇതില്‍ മൂന്നുപേരാണ് പ്രധാന കഥാപാത്രങ്ങള്‍ . ആഗ്നസ് എന്ന മലയാളി, തൃശൂര്‍ ഒല്ലൂര്ക്കാരി. ജെയ്സി എന്ന ഫിലിപ്പിനിയന്‍ ട്രാന്സ്ജെന്റര് , മുസ്തഫ എന്ന ഈജിപ്ഷ്യന്‍ യുവാവ്. ഇവരുടെ അസാധാരണമായ സൗഹൃദം ആണ് ഈ നോവലിന്റെ ഹൃദയം . തുറന്ന സൗഹൃദത്തില്‍ കൂടി അവര്‍ മൂവരും തങ്ങളുടെ ജീവിതം പറയുന്നു. എഴുത്തുകാരിക്ക് പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാത പോയ ഒരു ജീവിതം ഇതില്‍ ജേയ്സിനെ മാത്രമാണ് എന്നത് ഒരു പോരായ്മയായി കാണാന്‍ കഴിയും . സ്വതന്ത്രമായി ജീവിക്കുന്ന മൂന്നു മനുഷ്യര്‍ . ഇവര്‍ ഇവിടെ എത്താന്‍ കാരണം അവര്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയത് കൊണ്ടാണ് . വിവിധങ്ങളായ കാരണങ്ങളാൽ ഒറ്റപ്പെട്ടു പോയവർ ഒന്നിച്ചു കൂടുന്നത് തികച്ചും യാദൃശ്ചികം. പിന്നീടവർ കുറച്ചുകാലം ഒരുമിച്ചായിരുന്നു. ഒടുവിൽ അവർ പിരിയുന്നു. ആ വേർപിരിയലിന്റെ നിമിഷങ്ങളിലേക്കുള്ള യാത്രയിൽ, അവർ തങ്ങളുടെ ഭൂതകാലം പരിശോധിക്കപ്പെടുന്ന രീതിയിൽ ലളിതമായ് നോവൽ അവതരിപ്പിച്ചിരിക്കുന്നു.
സംഘർഷഭൂമിയായ സിറിയയും ഈജിപ്തും പരസ്പരം മനുഷ്യർക്കിടയിൽ കരുതി വയ്ക്കുന്ന ചിന്തകളും കാഴ്ചപ്പാടുകളും മുസ്തഫയും അയാളുടെ കാമുകിയായിരുന്ന ഡാലിയയും അവരുടെ കുടുംബവും വ്യക്തമാക്കി തരുന്നു. ഒരു ബക്കള ( ട്രാൻസ്ജെന്ററുകളെ വിളിക്കുന്ന പേര് ഫിലിപ്പൈനിൽ ) ആയ ജെയ്സിന്റെ പലായനത്തിന്റെ കാരണങ്ങൾ. ലോകത്തെവിടെയും പ്രത്യേകിച്ച് സാംസ്കാരിക ഉന്നമനം ഇല്ലാത്ത ഇടങ്ങളിലൊക്കെ ട്രാൻസ് ജനത അനുഭവിക്കുന്ന സമാന ദുരിതങ്ങൾ തന്നെയാണ് എന്ന് മനസ്സിലാക്കുന്ന കഥാപാത്രം. അച്ഛനുമമ്മയും നഷ്ടമായ അനാഥയായ ആഗ്നസ് . ബന്ധുവും നാട്ടുകാരിയുമായ ജെസ്സിയിലൂടെ സിഡ്നിയിലെത്തുന്നു. ഇവർ വളരെ വിചിത്രമായ ഒരു സൗഹൃദത്തിനുടമയാണ് ശരിക്കും. അവർ തന്നെ കരുതും പോലെ പരസ്പരം ഒന്നും മിണ്ടാനില്ലാതെ ഒരു മേശക്കു ചുറ്റും പല ചിന്തകളിൽ ഒന്നിച്ചു കൂടിയിരുന്നു പിരിയാൻ കഴിയുന്നവർ.
നഗ്നത ഒരു സ്വാതന്ത്ര്യം പ്രഖ്യാപിക്കലാണ്. എല്ലാ മാനസിക പ്രശ്നങ്ങളിൽ നിന്നുമുള്ള വിടുതലിന് നല്ല മരുന്ന്. ഏറ്റവും കുറഞ്ഞത് സ്വന്തം സ്വകാര്യതകളിലെങ്കിലും സ്വസ്ഥമായി ദേഹത്തെ പിറന്നപടി വിടുക. അതിനെ ശ്രദ്ധിക്കുകയേ വേണ്ട. നിങ്ങളുടെ എല്ലാ മാനസിക വിഷമതകളും ദൂരേക്ക് പോയതായി നിങ്ങൾ ക്രമേണ അനുഭവിക്കും. ഈ ഒരു കാഴ്ചപ്പാടിനെ സ്വാതന്ത്ര്യം പ്രഖ്യാപിക്കലിനെ മനോഹരമായി ഈ നോവലിൽ അവതരിപ്പിക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു. ഒരു പുരുഷനോടു പോലും ബന്ധപ്പെടാതെ ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ആഗ്നസിനെ പ്രേരിപ്പിച്ചത് പോലും ഫെമിനിസത്തിന്റെ ഏറ്റവും ഉയർന്ന തലത്തിൽ നില്ക്കുന്ന സ്ത്രീ ചിന്തയുടെ പ്രതീകാത്മക പ്രതിരോധമായ് കാണാം. മാനസികമായ ഒരു പാട് തലങ്ങളിൽ സഞ്ചരിക്കുന്ന ഒരു വലിയ കഥയാണീ നോവൽ. ബന്ധനങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിയുന്ന മനസ്സുകൾ പക്ഷേ ഒരിക്കലും ഒരു വലിയ പ്രതിരോധത്തിന് മുന്നിലേക്ക് നടക്കുന്നതേയില്ല.
സ്ത്രീ , പുരുഷൻ , രണ്ടും ഒന്നുപോലെ പേറുന്ന ഒരാൾ. തികച്ചും മൂന്നു തലങ്ങളെ വളരെ സ്വതന്ത്രമായി, ഇന്നിന്റെ തലത്തിൽ നിന്നും അവതരിപ്പിക്കുവാൻ കഴിയുന്ന ഒരു പശ്ചാത്തലമാണീ നോവൽ. ഇവിടെ നോവലിസ്റ്റ് പരാജയപ്പെട്ടത് സ്ത്രീ എന്ന സ്വത്വത്തെ മാത്രം അവതരിപ്പിച്ചു കൊണ്ട് പുരുഷനെയും ട്രാൻസിനെയും മനസ്സിലാക്കിക്കാൻ കഴിയാതെ പോകുകയോ വേണ്ട വിധത്തിൽ അവരെ അവതരിപ്പിക്കാതിരിക്കുകയോ ചെയ്തു എന്നതാണ്. എങ്കിലും നോവൽ മികച്ച നിലവാരം പുലർത്തി എന്ന് വായന അടയാളപ്പെടുത്തുന്നു. ഒരു പക്ഷേ ഇതിന്റെ തുടർച്ചയോ , ഇതിലും വ്യത്യസ്ഥമായ മറ്റൊരു രചനയോ ഈ എഴുത്തു കാരിയിൽ നിന്നും പ്രതീക്ഷിക്കാം. കാരണം, വെറും ചോദിച്ചറിഞ്ഞ വിഷയങ്ങളിൽ നിന്നു കൊണ്ടു മാത്രം ഇത്ര മനോഹരമായി ഒരു നോവൽ എഴുതാൻ കഴിഞ്ഞ എഴുത്തുകാരി ഭാഷ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ഏതൊരു മുൻനിര എഴുത്തുകാർക്കും ഒപ്പം സ്ഥാനം പിടിക്കാൻ യോഗ്യതയുള്ളയാൾ എന്ന് തെളിയിക്കുന്നു.
കൈകളിൽ നീല ഞരമ്പുകളുള്ളവർ (നോവൽ)
ശ്രീദേവി വടക്കേടത്ത്
ഗ്രീൻ ബുക്സ്
വില: 245 രൂപ.