പിറന്നു വീണ മണ്ണിനെ, മണ്ണോട് ചേരുന്നത് വരെ കൂടെ കൊണ്ടു നടന്ന കലാകാരനാണ് കാവാലം നാരായണ പണിക്കര്‍. കണ്ണത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങള്‍, അതിന്റെ അരികുപറ്റി ജീവിതം പച്ചപിടിപ്പിച്ച നാട്ടുമനുഷ്യര്‍, പമ്പാനദി, ഇടത്തോടുകള്‍ എല്ലാം നിറഞ്ഞ കാവാലം ഗ്രാമത്തിന്റെ നിറവും താളവും ഒക്കെ നിറഞ്ഞതായിരുന്നു കാവാലത്തിന്റെ ജീവിതം. ഏതിനും നാടിന്റെ ഗന്ധം വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന കാവാലം തന്റെ ചിന്തകള്‍ക്കും ക്രയങ്ങള്ക്കും വരെ അത് കൂടെ കൂട്ടി. കവിതയില്‍ നിന്ന് തുടങ്ങി തനതു നാടകവേദിയില്‍ എത്തുമ്പോഴും കുട്ടനാടിന്റെ ജീവിത താളവും അദ്ദേഹം കൈവിട്ടില്ല. അവസാന നാളുകളില്‍ നടത്തിയ കൂടിക്കാഴ്ചയിൽ നാട്ടുപച്ചയെക്കുറിച്ചും തനതു നാടക പ്രസ്ഥാനത്തെ കുറിച്ചും കാവാലം മനസ്സ് തുറന്നു.
ദേശം ഒരു മിത്ത്
കാവാലം ഇന്നും എനിക്ക് കൗതുകമാണ്. കാരണം അങ്ങനെയൊരു ദേശം വേറെയില്ല. ദൂരെയിരിക്കുമ്പോള്‍ കാവലത്തെ കുറിച്ചോര്‍ക്കാനും അവിടത്തെ ഓര്‍മകളില്‍ മുഴുകാനും എല്ലാത്തിനും ഒരു ഉത്തേജനമായി കൂടെ പോരുകയാണ്. അവിടെ വേരെടുത്തതാണല്ലോ ഞാന്‍. മനസ്സില്‍ ആദ്യം പതിഞ്ഞ ഇമ്പ്രഷൻ കാവാലത്തിന്റേതല്ല. ജീവിതത്തെപറ്റിയുള്ള ധാരണകള്‍, സമീപനങ്ങള്‍ എല്ലാം സൃഷ്ടിച്ചത് ആ നാടാണ്. എന്റെ കിഴക്കുപുറം, സൂര്യന് ഉദിക്കുന്നിടം, അതിനി ഏത് നാട്ടില്‍ ചെന്നാലും എനിക്ക് സൂര്യനുദിക്കുന്നത് കാവാലത്താണ്. അതുപോലെ ഞാന്‍ നീന്തികുളിച്ച പുഴ ഓരോരുത്തര്‍ക്കും നദിയെക്കുറിച്ച് അത്യന്തമായി പറയാനുണ്ടാകും. പക്ഷെ , എനിക്ക് ഞാന്‍ നീന്തിക്കടന്ന, ഞാന്‍ മുങ്ങിക്കുളിച്ച എന്റെ പുഴ അതേ ഉളളൂ ഉള്ളില്‍. അതിന് കാലം വരുത്തിയ മാറ്റം ഉണ്ടായിട്ടു കൂടിയും ഇപ്പോഴും മനസ്സില്‍ ആ പുഴയും ആ കടവും മാത്രമേയുള്ളൂ. ഞാനെന്റെ കവിതയില്‍ പോലും പറഞ്ഞിട്ടുണ്ടല്ലോ,
‘കുഴിപ്പള്ളി കടവുകയത്തില് പഴമാങ്ങക്ക് മുങ്ങിയ കാലം’ എന്ന്.
പക്ഷെ, ഇന്ന് ആ കടവില്ല. ആ തോട് നികത്തി റോഡായി മാറ്റി. അത് അഭികാമ്യമാണെന്ന് അഭിപ്രായം എനിക്കില്ല. പക്ഷെ, അതാണ് വികസനത്തിന്റെ അവസാന വാക്കെങ്കില്‍ എതിര്‍ക്കാനും കഴിയില്ല. ഞാന്‍ പക്ഷെ, എവിടെയിരുന്നാലും ആ കടവ് കാണുന്നുണ്ട്. എന്റെ ഓര്‍മയില്‍ അവിടെ ഇല്ലാതെ തന്നെ ഞാനാ തോട് കാണുന്നുണ്ട്. ബൗദ്ധികമായ അനിവാര്യതകളില്‍ ഒരുപാട് വികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പക്ഷെ, ആത്മീയമായി കാവാലം എന്നും എന്റെ ഉള്ളില്‍ ജീവിക്കുന്നുണ്ട്. ഞാന്‍ ആദ്യം കണ്ട അതേ നിറ സൗന്ദര്യത്തോടെ. കാവാലം തന്നതാണ് എന്റെ ഭാഷ. തോടും പുഴയും പുഴയും ഒക്കെ ചൊല്ലിപഠിപ്പിച്ച നാട്ടുകഥകള്‍. അതില്ലെങ്കില്‍ ഒന്നുമില്ല. ഇപ്പോഴും എഴുത്തിന്റെ ഒഴുക്ക് മുറിയുമ്പോള്‍ ഒന്ന് ധ്യാനിച്ചാല്‍ മുന്നില്‍ തെളിയും ആയിരം നാവുമായി നാടന്‍പാട്ട് ചൊല്ലിത്തരാന്‍ അവിടുത്തെ പുഴ. അവിടത്തെ കാറ്റ്. അതാണ് ഊര്‍ജ്ജം. എന്റെ ചുറ്റുവട്ടത്തുനിന്ന് കേട്ടതാണ് എന്നെ സ്വാധീനിച്ചത്.
താറാവുകാരന്റെയും വള്ളം തുഴച്ചിലുകാരന്റെയും പാട്ടുകേട്ടാണ് താളം പിടിക്കാന്‍ പഠിച്ചത്. ഒന്നേ….ഒന്നേ….ഒന്ന് എന്ന് നീട്ടിപാടുന്ന നെല്ലളക്കുന്ന പാട്ട്. ഇതൊക്കെ ഒരു കാലത്തിന്റെ പാട്ടുകൾ മാത്രമായിരുന്നില്ല. താളനിബന്ധമായ ഒരു സംസ്കാരം നിലനിന്നിരുന്നുവെന്നതിന്റെ തെളിവ് കൂടിയാണ്. അറിവ് പകര്‍ന്നത് കാവാലത്തെ വായനശാലയായിരുന്നു. വായിക്കാന്‍ പഠിച്ചത് മുതല്‍ കാവാലത്തെ വായനശാല എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. നാട്ടിലെ ഉത്സവങ്ങള്‍, അവിടങ്ങളിലെ കലാരൂപങ്ങള്‍ ഇതൊക്കെ എന്റെ വളര്‍ച്ചക്ക് വെള്ളവും വളവുമായി. അതുകൊണ്ട് ആദികാലങ്ങളില്‍ എഴുതിയതൊക്കെ കവിതയായിരുന്നു. കേട്ടുവളര്‍ന്ന ശീലുകളിലുള്ള നാടന്‍ പാട്ടുകള്‍.
നാടകത്തിലേക്കുള്ള വരവ് ഏറെ വൈകിയാണ് സംഭവിച്ചത്. ചില നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്‍.പി .ചെല്ലപ്പന് നായരുടെ ആറ്റംബോബില്‍ കുറുങ്ങോടനായി അഭിനയിച്ചു. അങ്ങനെ അതേ രീതിയിലുള്ള റയലിസ്റ്റിക് നാടകങ്ങള്‍. അന്നത്തെ കാലത്ത് ഒന്നോ രണ്ടോ എഴുതുകയും ചെയ്തു. പക്ഷെ അതൊന്നും ഇപ്പോള്‍ കയ്യിലില്ല. പഞ്ചായത്ത് എന്നായിരുന്നു ഒരു നാടകത്തിന്റെ പേര്. അതിലും അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചാലേ നാടകത്തിന് പ്രസക്തിയുള്ളൂ എന്ന് വിശ്വസിച്ചിരുന്ന ആളാണ് ഞാന്‍. അഭിനയിക്കപ്പെടാത്ത നാടകം നാടകമാവില്ല. അതാണ് സാഹിത്യത്തിലെ മറ്റ് മേഖലകളിൽ നിന്ന് നാടകത്തിനുള്ള വ്യത്യാസം കഥയോ കവിതയോ പോലെയല്ല. നാടകത്തിന് കിട്ടുന്ന രക്ഷാകര്‍തൃത്വം കുറച്ചു കുറവാണ്. നാടകത്തെ മാറ്റി നിര്‍ത്താനാണ് എല്ലാവര്ക്കും താല്പര്യം. കഥകളും കവിതയും എല്ലാം ചേര്‍ന്നതാണ് നാടകം. അതിന്റെയൊരു പരിപാകം അത്യാവശ്യമാണ്.
പാശ്ചാത്യ നാടക സങ്കൽപ്പം നമ്മെ കേവലം അനുകര്ത്താക്കളായി മാറത്തക്കവണ്ണം ശക്തിയുള്ളതാണെന്നും നമ്മുടേതായ നാടകപാരമ്പര്യം അതുപോലെ ശക്തമല്ലെന്നും നമ്മള് വിശ്വസിക്കാന്‍ തുടങ്ങി. എന്‍.എന്‍. പിള്ളയൊക്കെ പറയുന്നതുപോലെ നാടകം ഒന്നേയുള്ളു എന്നൊക്കെ പറയാം. എന്നാല്‍ ആ ഒന്ന് പാശ്ചാത്യമല്ല, പൗരസ്ത്യവുമല്ല. നമുക്ക് നമ്മുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള പലതുമുണ്ട്. അത് ആദിവാസികളുടെ ജീവിതമാകാം; ഗ്രാമീണമായതാകാം. നാട്ടുപരമ്പര്യമാകാം. അങ്ങനെ നമ്മുടെ രാജ്യത്തിനാകെ പൊതുവായി കാണുന്ന ചില കാഴ്ചകളുണ്ട്. അവയായിരുന്നു നമ്മുടെ നാടകം. എന്നാല്‍ അത് നാടകമാണോ എന്ന് സംശയിക്കത്തക്ക വിധത്തില്‍ പാശ്ചാത്യ അധിനിവേശം ശക്തമായി ഉണ്ടായതോടെ നമ്മുടെ നാടക ബോധത്തില്‍ പ്രകടമായ മാറ്റം വന്നു.അത് റിയലിസത്തിലേക്ക് നമ്മളെ തളച്ചിട്ടു. നാടകം എന്ന വാക്ക് അല്ലെങ്കില്‍ നാട്യം എന്ന വാക്ക് തന്നെ ജീവിതത്തില്‍ നിന്ന് അതീതമാണ്.
ആവിഷ്കാര കഥ കഥാമാതൃക എന്ന ആവശ്യം ഒരു ആവിഷ്കാരത്തിലും സാധ്യമല്ല. മുറിച്ചെടുത്ത് ജീവിതത്തെ കൊണ്ടുവന്ന് രംഗവീഥിയില്‍ പ്രതിഷ്ഠിക്കുക അസാധ്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ബൃഹദ്ദേശിയായ സംസ്കൃതിയുടെ കൂട്ടായ്മയായ ഭാരതത്തിന് സ്വന്തമായുണ്ടായിരുന്നതാണ് പാശ്ചാത്യര്‍ കയ്യടക്കിയത്. രണ്ടായിരത്തോളം ആണ്ടുകളുടെ അതിരൂഢമായ പാരമ്പര്യം ഇന്ത്യക്കുണ്ട്. വടക്ക് മുതല്‍ തെക്ക് വരെയും കിഴക്കു മുതല്‍ പടിഞ്ഞാറ് വരെയും കിടക്കുന്ന ഇന്ത്യ ഓരോ ഖണ്ഡങ്ങളായി എടുത്താല്‍ ബൃഹത് ദേശിയായ സംസ്കൃതിയാണെന്നു ബോധ്യപ്പെടും. അത് ഇന്ത്യക്ക് മാത്രമല്ല ഏഷ്യയക്കാകെ ഉണ്ടായിരുന്നു .
ഏഷ്യ എന്നു പറഞ്ഞാല്‍ മുന്‍പ് ദ്വീപായിരുന്നു . ഈ ദ്വീപിനാകെ കുറെ സമാനതകള്‍ ഉണ്ടായിരുന്നു. ഇന്നും കാബുക്കിലും മായാങ്ങിലും വയാങ്ങിലുമൊക്കെ കഥകളിയുടെ നേരിയ നൂലിഴബന്ധം പോലുള്ള കലാരൂപങ്ങള്‍ കാണാനുണ്ട്. അത്തരം സമാനതകള്‍ പോലെത്തന്നെ അസാമാന്യതകളും ഉണ്ടായിരുന്നു. സമാനതകളില്ലാത്ത ഇന്ത്യ ഒന്നാണെന്നു പോലും പറയത്തക്ക വണ്ണം നാട്യശാസ്ത്രം ഇവരെ ബന്ധിപ്പിച്ചിട്ടിരിക്കുന്നുണ്ട്. ഇവര്‍ തമ്മിലുള്ള ബന്ധത്തെ മുഴുവന്‍ നിയന്ത്രിച്ചിരുന്ന ഒരേ മാര്‍ഗ്ഗരേഖയാണ് 36 അദ്ധ്യായത്തില്‍ ഇന്ത്യന്‍ കലകളുടെ മുഴുവന്‍ പ്രാതിനിധ്യം അവകാശപ്പെടാവുന്ന നാട്യശാസ്ത്രം നിലനിന്നത്. നാട്യശാസ്ത്രം എഴുതപെട്ട ഗ്രന്ഥമായിരുന്നു. എഴുതപെട്ട ഗ്രന്ഥത്തിന്റെ തന്നെ പ്രയോഗവുമടങ്ങുന്ന നാടകം, അതായിരുന്നു ഭാരതത്തിന്റെ പാരമ്പര്യം. പക്ഷെ അതിനെ അംഗീകരിക്കാന്‍ ഇന്നും തയ്യാറല്ല പലരും.പേരെടുത്ത് പറയാന്‍ താല്പര്യപെടുന്നില്ല.
എനിക്കിന്നും അനേകം ശത്രുക്കളുണ്ട്. നാടകം പാശ്ചാത്യ ദേശത്തുണ്ടായതാണെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. ആ രീതിയിലേ നാടകത്തിലേ ജീവിത വിസ്കാരം സാധ്യമാകൂ എന്നുവരെ ഇക്കൂട്ടര്‍ കണ്ണുമടച്ചു വിശ്വസിക്കുന്നു. എന്നാല്‍ ഇതിലെ വൈരുദ്ധ്യം രസകരമാണ്. പാശ്ചാത്യദേശത്തിലുള്ളവരുടെ നാടകം മാറി. ഉദാഹരണത്തിന് ഒരു മാംസക്കട ചിത്രീകരിക്കാന്‍ യഥാര്‍ത്ഥത്തില്‍ മാംസം വെട്ടിമുറിക്കുന്ന കടത്തന്നെ രംഗത്ത് ആവിഷ്കരിച്ചു. നാടകം നടന്നുകൊണ്ടിരിക്കുമ്പോള്‍ ദുര്‍ഗന്ധം സഹിക്കാതെ ആളുകള്‍ എഴുന്നേറ്റുപോയി ആ ദുര്‍ഗന്ധം നാടകത്തിന് പൊതുവെ സംഭവിച്ചു. ആ ദുര്‍ഗന്ധം പേറാനാണ് ഇന്നും നമ്മുടെ ആളുകള്‍ക്കിഷ്ട്ടം. പാശ്ചാത്യദേശത്തു പഠിപ്പിച്ചുവെന്ന് ആ നാടകങ്ങളെ അനുകരിക്കുന്നവര്‍ നാടകത്തെ പരിഷ്കാരത്തിലേക്ക് നയിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ പാശ്ചാത്യ ദേശക്കാര്‍ മാറ്റത്തിന് തയ്യാറായി കഴിഞ്ഞു.
പ്രോട്ടോവ്സ്കി, പീറ്റര്ബുക്ക്, ബാര്വാ എന്നിവരെ പോലുള്ള ആളുകള്‍ നമ്മുടെ നാട്ടില്‍ വന്ന് തെയ്യം കാണുകയും തെയ്യത്തിന്റെ നാടകമെന്തെന്ന്പഠിച്ചു. അതിന്റെ സത്ത അരിച്ചുകൊണ്ടുപോയി അവരുടെ നാടകത്തില്‍ പ്രയോഗിക്കുകയുമാണ്. അത് ചെയ്യുമ്പോള്‍ അവരുടെ രീതിയിലായിരിക്കും. എന്നാലും അങ്ങനെയല്ലാത്ത നാടകങ്ങളുമുണ്ട്. എന്നാലിന്നും നമ്മുടെ ധാരണപ്പിശക് മാറിയിട്ടില്ല. നാട്യശാസ്ത്രമാണ് നാടകത്തെ ഒന്നിപ്പിക്കുന്നതും ഭിന്നിപ്പിക്കുന്നതും.