ദിബ്ബ എന്ന കൊച്ചു തുറമുഖം ഈ എഴുത്തുകാരന് തൊഴിലിടം മാത്രമല്ല. അവിടെ, കടലിനെ നോക്കിയിരുന്ന് അദ്ദേഹം എഴുതുന്നത് കവിതയായാലും ലേഖനം ആയാലും കടൽക്കാറ്റിലും കടൽ വെള്ളത്തിലും ഉപ്പ് എന്നപോലെ വാക്കുകളിൽ സത്യം ലയിച്ചിരിക്കും. തസറാക്കിനായി സത്യൻ ‍മാടാക്കര എഴുതുന്ന ലേഖന പരമ്പര ആരംഭിക്കുന്നു  ഉപ്പുതൊട്ട വാക്ക് 

ആധുനിക  കവിതയിലെ ശക്തരായ വക്താക്കളിൽ ഒരാളാണ് എൻ എൻ കക്കാട്. ദൂരെയൊന്നും പോവാതെ ആവിഷ്ക്കരണ സംബന്ധമായ പരീക്ഷണങ്ങളിലൂടെ അദ്ദേഹം കോഴിക്കോട് നഗരത്തെ കേന്ദ്രമാക്കി എല്ലാം പറഞ്ഞു തീർക്കാനാണ് ഇഷ്ടപ്പെട്ടത്.

മാനാഞ്ചിറ, മുട്ടായിത്തെരുവ്, കല്ലായിപ്പുഴ, പാർക്ക് എന്നിവയിലൂടെ കവിതയുടെ വിത്തുകൾ നാട്ടുകൂട്ടച്ചൊല്ല്, സങ്കല്പം, ഐതീഹ്യം, മന്ത്ര-തന്ത്രം കൂട്ടിക്കലർത്തി കണ്ടെടുക്കുകയും ചെയ്തു. ‘1963, വജ്രകുണ്ഡലം, പാതാളത്തിൻറെ മുഴക്കം, സഫലമീ യാത്ര,നാടൻ ചിന്തുകൾ’ എന്നീ സമാഹാരങ്ങൾ ഇത് വ്യക്തമാക്കുന്നു. കക്കാടിൻറെ കവിതകൾ പടിഞ്ഞാറൻ ആധുനിക പ്രസ്ഥാനവുമായി ചേർത്ത് വിലയിരുത്തിയ നിരൂപകർ അദ്ദേഹം വരഞ്ഞുവച്ച പോസ്റ്റ് മോഡേൺ കോഴിക്കോട് നഗരചിത്രങ്ങൾ തിരിച്ചറിഞ്ഞോ? എല്ലാ കൂട്ടിക്കെട്ടലും തകർത്തെറിഞ്ഞ അവസാനകാല മരണസാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന കവിതകളും ഈ ചോദ്യത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
 
കവിതയിലൂടെ പൊട്ടിത്തെറിച്ചുള്ള അവസാന കാല കവിതകളിൽ അനുഭവത്തിൻറെ സാന്നിദ്ധ്യം വാക്കുകൾ കൊണ്ട് ഏതൊക്കെ അമൂർത്ത തലങ്ങളിൽ വരച്ചിടാമെന്ന് കക്കാട് നമുക്ക് കാണിച്ചു തന്നു. 1960 കളിൽ കോഴിക്കോട് നഗരത്തിലിരുന്ന് തോല് പൊളിക്കപ്പെട്ട വ്യക്തിത്വങ്ങളെ ചൂണ്ടി എഴുതിയ കവിതകൾ പൗരസ്ത്യ കാവ്യ വൃത്താലങ്കാര ശാസ്ത്രത്തിലും പാശ്ചാത്യ ആധുനികതയിലും വലിയ നിലയിൽ പാണ്ഡിത്യം നേടിയ കവിയെയാണ് കാണിച്ചുതരുന്നത്.
ജീവിച്ചിരിക്കെ കക്കാട് പലപ്പോഴും പറഞ്ഞു:
‘കവിത പ്രചരിപ്പിക്കാനുള്ളതല്ല. ആത്മാവിൽ നിന്ന് ആത്മാവിലേക്ക് നീളാനുള്ളതാണ്.’
‘സഫലമീയാത്ര’ എന്ന കവിത വായിക്കാത്തവരും അതിലെ വരികൾ എടുത്തുപയോഗിക്കാത്ത പ്രസിദ്ധീകരണങ്ങളും വളരെ കുറവാണ്. ആത്മഭാഷണത്തിലൂടെ നാടകീയ സ്വഗതാഖ്യാന സങ്കേതത്തിലൂടെ അനുഭവാവതരണം നിർവ്വഹിക്കുന്ന കവിത. ഇനിയും വായിക്കപ്പെടും. ദാമ്പത്യം നിറഞ്ഞ ദീപ്തിയായി ഉള്ളടക്കമായി തീരുന്നതിലാണ് വായനയുടെ തുടർച്ച നിലനിൽക്കുന്നത്. കുടുംബ വിചാരത്തോടൊപ്പം തന്നെ അധികാരത്തിൻറെ ഇച്ഛകൾ പരിരക്ഷിക്കുന്ന പലതിനോടും കവി ഇടയുന്നു. വെളിച്ചത്തെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം ഫെമിനിസത്തിൽ നിന്ന് ഹ്യുമനിസത്തിലേയ്ക്ക് കടക്കുന്നു. സ്ത്രീപക്ഷം വിമോചന മൂല്യമായി കാണുന്ന പുതുവർത്തമാനത്തിലും അതിനാൽ ‘സഹലമീയാത്ര’ പുനർവായിക്കാം.
 
നേരത്തെ തന്നെ ഡോ.ടി പി സുകുമാരൻ എഴുതി: “അതീവ വൈയക്തികമായ ഒരു കവിതയാണ് ‘സഫലമീയാത്ര.’ മാരകമായ ഒരു രോഗത്തിനിരയായി ആശുപത്രി വാർഡിൽ കഴിയുന്ന കവി അടുത്തുവരാൻ പോകുന്ന ആതിരയ്ക്ക് അന്ത്യാഭിവാദനം അർപ്പിക്കുന്നതോടൊപ്പം ആത്മപ്രേയസിയെ നെഞ്ചോട് ചേർത്തു നിർത്തിക്കൊണ്ട്, പിന്നിട്ടുപോയ സുഖങ്ങൾ ഓർക്കുന്നതും എല്ലാം നേട്ടമാണെന്ന് തീർപ്പുകൽപ്പിക്കുന്നതും അതിൽ കാണാം. എങ്കിലും ഈ തലത്തിനപ്പുറം കവിയുടെ കാവ്യജീവിത വൃത്തിയുടെ സഫലതയും കവിതയിൽ ധ്വനിക്കാതിരിക്കുന്നില്ല.
ഒച്ചപ്പാടോ ആർഭാടമോ ഇല്ലാതെ ആതിര കടന്നുവരുമെന്ന് സമാശ്വസിക്കുമ്പോൾ ജീവിതത്തിലെ ഋതുഭേദങ്ങളെല്ലാം മാറ്റമില്ലാതെ തുടരുമെന്നും അവയെ സ്വാഗതം ചെയ്യാനുള്ള മാനസികാവസ്ഥ ഉണ്ടാക്കുകയാണ് സ്വസ്ഥത ലഭിക്കാൻ വഴിയെന്നും പറഞ്ഞ് കവിയുടെ നിഗമനം ഇങ്ങനെ.
 
“കാലമിനിയുമുരുളും,
വിഷു വരും വർഷം വരും,
തിരുവോണം വരും, പിന്നെ
യോരോതളിരിനും പൂവരും
കായ് വരും – അപ്പോ
ളാരെന്നുമെന്തെന്നുമാർക്കറിയാം?…”
 
ജീവിതയാത്രയിലെ കഠിനകാലങ്ങൾ ജീവിതത്തക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തിൽ ഒന്നുമല്ലെന്നാണ് കവിയുടെ ദർശനം. ഓർമ്മകളെ തിരിച്ചുപിടിക്കുന്നതിലൂടെ മറവിയെ തോല്പിക്കാനും അത് വർത്തമാനസത്യമാക്കി മാറ്റാമെന്നും കക്കാട് ‘സഫലമീയാത്ര’ എന്ന കവിതയിലൂടെ അറിയിക്കുന്നു.
ദേശത്തിലിരുന്ന് ദേശത്തിന് പുറത്താകുക, ഉള്ളിലൊരു കുറിയ മനുഷ്യനെ ഇരുത്തി അനുഷ്ഠാനം പുതുക്കുക അതായിരുന്നു മലയാള കവിതയിൽ കോഴിക്കോട് പ്രവാസത്തിലൂടെ കക്കാട് ഒരുക്കിയത്.
 
അതറിയാൻ നമ്മുടെ നിരൂപക രാജാക്കന്മാർക്ക് കഴിയാതെ പോയി. ആധുനികതയുടെ വെളിച്ചം തേടുകയായിരുന്നു ആ വലിയ കവി.
ഇടത്തരക്കാരൻറെ ഉപരിപ്ലവ സങ്കൽപ്പത്തെ മറികടന്ന് മനുഷ്യ സ്വാതന്ത്ര്യത്തിലേക്കുള്ള വെള്ളിവെളിച്ചം വിതറിയ കക്കാടിൻറെ കവികല്പം കവിതയിലെ ആധുനിക സ്വപ്നം തന്നെയായിരുന്നു.
 
കോഴിക്കോടിൻറെ വിചാരത്തിലൂടെ തലയ്ക്കകത്ത് ഏലിയറ്റിനെ മാത്രമല്ല മന്ത്രങ്ങളെ  തോറ്റി അഗാധവും സവിസ്തരവുമായ ധൈഷണിക സപര്യക്കാവുമെന്നും അദ്ദേഹത്തിൻറെ കവിതകൾ പിന്നീട് വെളിപ്പെടുത്തി. കവിതകൾ മനസ്സിലേറ്റുവാങ്ങുന്നവർക്കാണീ ആലോചന.
സൂചനകൾ എം. ഗോവിന്ദനും കക്കാടും ആളൂരുമൊക്കെ കൊണ്ടുവന്ന വിമത സ്വപ്നങ്ങൾ കാണാതെ പോയതിൻറെ പക്ഷപാതപങ്ക് ബോധ്യപ്പെടുത്തുന്നു. ഈ കവികൾ കലിതുള്ളി ആക്ഷേപിച്ചവരോ ആഗ്രഹത്തകർച്ചയിൽ പടുപാട്ടുപാടിയവരോ ആയിരുന്നില്ല. അത് മനസ്സിലാക്കാൻ വൈകിപ്പോയി എന്ന് ഖേദം പറയുന്നവർ ചിന്താസുഖത്തിൽ
വാഴട്ടെ.
 
പാരമ്പര്യത്തെ കൂട്ടിയിണക്കിയുള്ള കക്കാടിനെപ്പോലെയുള്ളവരുടെ കവിതകൾ എങ്ങനെ നവലോക ചിന്തയ്‌ക്കൊപ്പം നിക്കുന്നു എന്നറിയാൻ ഗോവിന്ദനിലൂടെ നടക്കാം. കടൽത്തിരയുടെ പെരുമാറ്റത്തെക്കുറിച്ച് മറ്റൊരു തരത്തിൽ ആലോചിക്കുക
പിറവിയിലും മറവിയിലും ഒരൊറ്റ തിരയില്ല. പലതിരകളിലൊന്നാകലാണ്. ഒന്നാകലിന് ഊക്കും ഉയർച്ചയും സംഭവിക്കുന്നത് സംഘർഷത്തിലൂടെയും. ചങ്ങലപ്പരുവത്തിലുള്ള ആക്കവും നീക്കവുമാണ് തിരകളെല്ലാം തന്നെ. തീരം തല്ലി തിരിച്ചു പിൻവാങ്ങുന്ന തിരയിലെ വെള്ളമാണ് പുത്തൻതിരയുടെ ഉയർച്ചയ്ക്ക് കാരണം. മുന്നോട്ട് മുതിരുന്ന തിരയെ പിന്തള്ളുന്നതിൽ പഴയ തിര വിജയിക്കുന്നില്ല. അവയുടെ ഏറ്റുമുട്ടൽ മുന്നേറുന്നതിൻറെ ഉന്നമനത്തെ സഹായിക്കുന്നു. പഴയതിൽ കുറച്ച് വെള്ളം ഈ തിരയിലുണ്ട്.
ഉന്തി മുന്നോട്ടായുന്ന തിരയിലൂടെ പഴയ ജലാംശവും പുതുക്കപ്പെടുന്നു. തരംഗചലനത്തിന്റെ മാതൃകയിൽ പാരമ്പര്യത്തെക്കുറിച്ച് പര്യാലോചിക്കുമ്പോൾ പുതിയ ഒരു വസ്തുത നമുക്ക് ബോധ്യപ്പെടുന്നു. ബന്ധം സമാന്തരമല്ല. സംഘർഷ സന്തതിയാൽ വൈപരീത്യങ്ങളുടെ അന്തർ സന്നിവേശമാണ് തരംഗ സങ്കൽപ്പത്തിന്റെ സന്തത രൂപ ഭാവങ്ങൾ. അപ്രകാരം പാരമ്പര്യത്തിൻറെയും പുതുമയുടേയും സ്വാഭികതയും.
(ചങ്ങമ്പുഴ: പാരമ്പര്യം,നിഷേധം,നിർവൃതി)
 
ഉണർച്ചയെ നവസമൂഹത്തിന് വെളിച്ചമാക്കി, കവിതയെ മുൻപോട്ട് നയിക്കുന്നതിൽ വലിയ പങ്ക് വഹിച്ച കവിയായിരുന്നു കക്കാട്. സ്വത്വത്തിൻറെ ഉഭയജീവിത പ്രതിസന്ധി പുറപ്പെട്ടുപോകലിനപ്പുറം അയ്യപ്പപ്പണിക്കരും ശങ്കരപ്പിള്ളയും കടമ്മനിട്ടയും സച്ചിദാനന്ദനും പിന്നീട് വികസിപ്പിക്കുകയും അന്വേഷണങ്ങൾക്ക് വിഷയമാക്കുകയും ചെയ്തു. ആന്തരിക വിപ്ലവമായിരുന്നു ഈ കവികളുടെ ഉൾപ്രേരണ.
പ്രണയം അസ്തിത്വത്തിന്റെ ഹൃദയശോകമായിത്തീർന്ന ഒട്ടനവധി കവിതകൾ മലയാളത്തിലുണ്ട്. വിശ്വവിദ്യാലയത്തിലെ സസ്യങ്ങളും പക്ഷിമൃഗാദികളും കൂടിച്ചേർന്ന ആവാസ വ്യവസ്ഥ ‘സഫലമീയാത്ര’ പൂർത്തിയാക്കുന്നു.
ആ കവിതയാകട്ടെ വിശ്വപ്രേമ വിതാനത്തിലേയ്ക്കും അസ്തമയത്തിലെ ആളിക്കത്തലിലേയ്ക്കും കേരളഭാവനയെ ക്ഷണിച്ചു.  ആവാസത്തിലധിഷ്ഠിതമായ ഗുണോന്മുഖമായ ജീവിതദർശനം ഈ കവിതയിൽ നിറഞ്ഞിരിക്കുന്നു. ഐതിഹാസികതയിൽ അസംബന്ധം കലർത്തി, പഴഞ്ചൊൽഘടനയിൽ വൃത്തം തെറ്റിച്ച് എഴുതിത്തീർത്ത ആഖ്യാനത്തിന്റെ മാന്ത്രികത- അപൂർവത കണ്ടെത്തപ്പെടാതിരിക്കില്ല. സഹജീവനത്തിൻറെ അരുളും പൊരുളും തിരയുന്ന കാതലായ ഭൂതദയാതലം കക്കാടിൻറെ കവിതകളിലുണ്ട്.
നാട്ടിൽ തന്നെയുള്ള നാടോടിത്തം കൊണ്ടുനടക്കുന്നവനേ
“കണ്ണിന് കഴിവോളം ദൂരത്തിൽ കണ്ടേൻ
മുന്നിൽ നിവർന്ന് കിടന്നലറും
നഗരത്തെ എന്നും ആടെടാ ചെറ്റേ ആട്,
മറ്റെന്തുണ്ടീ നാണം കെട്ട ജഗത്തിൽ
ചെയ്യാൻ എന്നെഴുതാനാവൂ…
 
വയലാർ അവാർഡ് സ്വീകരിച്ച് കൊണ്ട് കക്കാട് പറഞ്ഞു: “എൻറെ കവിത അംഗീകരിക്കപ്പെടുന്നു എന്നതിനർത്ഥം ഒരു ജീവിതകാലത്തെ പ്രയത്നങ്ങൾ അംഗീകരിക്കപ്പെടുന്നു എന്നാതാണ്. എൻറെ ജീവിതം തന്നെ അംഗീകരിക്കപ്പെടുന്നു എന്നാണ്. “എൻറെ കുട്ടിക്കാലം പ്രാചീന സാഹിത്യക്കളരിയിലാണ് കഴിഞ്ഞത്. അത് കഴിഞ്ഞ് വളരെക്കാലം രാഷ്ട്രീയ പ്രവർത്തനവുമായി നടന്നു. എന്നാലും എൻറെ പ്രധാന പ്രവർത്തനം സാഹിത്യം തന്നെയായിരുന്നു. കവിത സാഹിത്യമൊഴിച്ച് എനിക്ക് മറ്റൊന്നുമുണ്ടായിരുന്നില്ല. അതിന് വേണ്ടിയാണ് ഞാൻ ജീവിച്ചത്. കവിതയില്ലെങ്കിൽ എനിക്ക് ജീവിതമില്ല.”
“ഒന്നുമറിയാതെ നാമുറങ്ങും
ഒന്നുമറിയാതെ നാമുണരും
പോയവരെക്കുറിച്ചോർത്തു നോക്കാം
പോണ വഴികളുമോർത്തു നോക്കാം
എല്ലാമൊരോർമ്മയായ്, ഓർമ്മപോലും
ഇല്ലാതെയാകുമ്പോൾ വഴിയടയാം.
നീണ്ടോരീ യാത്രതൻ വേദനകൾ
നീറുന്ന കാൽകളിൽ നോവുമാത്രം.
നീണ്ടോരീ യാത്രതൻ സാദമെല്ലാം
നീളും കിനാവിൻ നിഴലുമാത്രം.
ഓരോ കവലയിൽ നമ്മളൊന്നി-
ച്ചൂണ് കഴിഞ്ഞ് വലിച്ചെറിഞ്ഞ്
വാടിക്കരിഞ്ഞോരു നാക്കിലയായ്
നമ്മൾ തന്നോർമ്മയും ബാക്കിയാവും.
                                               
എന്നതിന്നർഥവും മറ്റെന്നുമല്ല.

വടകര ഓഞ്ചിയത്തെ മാടാക്കര സ്വദേശി. മണൽ, കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിർമ്മിക്കുന്നില്ല, മഴ പെയ്തില്ല മയിലും വന്നില്ല, മലബാർ സ്‌കെച്ചുകൾ, കുറിയേടത്തു താത്രിയും കുറുകുന്ന അകത്തെഴുത്തും തുടങ്ങിയവയാണ് കൃതികൾ. കൈരളി കല, അറേബ്യാ അക്ഷരശ്രീ, അബുദാബി മലയാളി സമാജം, അരങ്ങ് അബുദാബി തുടങ്ങിയ പുരസ്‌ക്കാരങ്ങൾ നേടി.