ഒരു തസ്രാക്ക് യാത്രയുടെ ഓർമ്മയ്ക്കായി…

നനുത്ത പൊടിമഴയുള്ള ഒരു പ്രഭാതമായിരുന്നു അത്. പശ്ചിമഘട്ട മലനിരകളുടെ സമൃദ്ധിയിൽ പാലക്കാടിൻ്റെ പ്രകൃതി കൂടുതൽ മനോഹരിയായിത്തോന്നി. ഇടയ്ക്കിടെ വീശിയടിക്കുന്ന കാറ്റിൽ നിന്നും മനസ് ആവാഹിച്ചെടുത്ത പനം പട്ടകളുടെ ഗന്ധം ഖസാക്കിനെ ഓർമ്മിപ്പിച്ചു. വായനയെ ഗൗരവമായി കണ്ടു തുടങ്ങിയ പതിനാറാം വയസ്സ് മുതൽ ആഗ്രഹിച്ചതാണ് പാലക്കാടൻ ഗ്രാമവഴികളിലൂടെ, പനം പട്ടകളിൽ കാറ്റുപിടിക്കുമ്പോഴുള്ള ശബ്ദത്തിന് കാതോർത്ത് വെറുതെ നടക്കണം എന്നത്.

എന്നാൽ ആദ്യകാലങ്ങളിൽ പഠനവുമായി ബന്ധപ്പെട്ടും പിന്നീട് ഔദ്യോഗീകമായും വ്യക്തിപരമായും നിലനിന്ന തിരക്കുകൾ കാരണവും അത്തരം ഒരു യാത്രയെപ്പറ്റി അന്നൊന്നും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.

കാലം പിന്നെയും ഒരു പാട് മുന്നോട്ടു പോയി. ജീവിതത്തിൽ പണ്ടുണ്ടായിരുന്ന തിരക്കുകൾ എല്ലാം വിദൂരമായ ഏതോ ഒരോർമ്മ പോലെ മനസ്സിൻ്റെ ഒരു കോണിലേക്ക് ഒതുങ്ങി മാറി. കയ്യിൽ ബാക്കിയായ സമയം എന്നെ കയ്യും കലാശവും കാട്ടി മോഹിപ്പിച്ചു കൊണ്ടെത്തിച്ചത് സാക്ഷാൽ തസ്രാക്കിലായിരുന്നു. അങ്ങോട്ടേക്കുള്ള വഴിയുടെ ഇരുവശവും പടർന്നു കിടന്ന പാടങ്ങൾ ജലസമൃദ്ധിയുടെ നിറവിൽ, ഞാറിൻതൈകളെ തൻ്റെ ഗർഭഗൃഹത്തിൽ ഒളിപ്പിക്കാൻ തയ്യാറെടുക്കുകയായിരുന്നു അപ്പോൾ.

പാടങ്ങളുടെ ഇടയിൽ കണ്ട നീണ്ട തെളിനീരൊഴുക്കിനെ ‘യാക്കരത്തോട് ‘ എന്നും ഇടയ്ക്ക് കണ്ട വലിയ മൺതിട്ടയെ ‘കാളികാവിലേക്ക് ‘ ഉള്ള വഴിയെന്നുമൊക്കെ സങ്കല്പിക്കുവാൻ തക്കവണ്ണം കാല്പനികമായിരുന്നു ആ യാത്രയിലുടനീളം എൻ്റെ മനസ്സ്.

നിറയെ മിശിറുള്ള ‘പോതിയുടെ പുളിമരവും’ ‘മുങ്ങാം കോഴി’ മുങ്ങി മരിച്ച ആൾമറയില്ലാത്ത കിണറും ഒക്കെ തിരഞ്ഞെങ്കിലും അത്തരം കാഴ്ച്ചകളൊന്നും തസ്രാക്ക് എനിക്ക് തന്നില്ല.

പല വർണ്ണത്തിലുള്ള വെട്ടു തുണികൾ കൂട്ടി തയ്ച്ച കുപ്പായമിട്ടു നടക്കുന്ന ‘അപ്പുക്കിളിയേയും നീലിയേയും കുപ്പുവച്ചനേയും മൈമൂനയുടെ ‘മാറ്റപ്പീടികയും’ ഒക്കെ തിരഞ്ഞ് ഞാൻ ഖസാക്കിലൂടെ ഏറെ ദൂരം നടന്നെങ്കിലും അവയൊന്നും കണ്ടെത്താൻ കഴിയാതിരുന്നതിൻ്റെ നിരാശ മനസ്സിലിട്ടു കൊണ്ടായിരുന്നു ‘മാധവൻ നായരുടെ’ ഞാറ്റുപുരയിലേക്ക് കയറി ചെന്നത്.

പഴമയുടെ ശേഷിപ്പു പോലെ നിലനിൽക്കുന ഞാറ്റുപുരയുടെ അരമതിലിൽ വെറുതെ ചാഞ്ഞിരുന്നപ്പോൾ മനസുകൊണ്ട് ഇതിഹാസകാരനെ നമിക്കുകയായിരുന്നു. ഒരിക്കൽ അദ്ദേഹം താമസിച്ച വീടിൻ്റെ വരാന്തയിലെ ചെറിയ അരമതിലിലിരുന്നപ്പോഴും, നോവലിൽ ഏറെ കാല്പനികമായി അവതരിപ്പിക്കപ്പെട്ട അറബിക്കുളത്തിലേക്കുള്ള നടപ്പാതയിലുമൊക്കെ ‘ഖസാക്കിലെ ‘രവി ‘യെയും, അള്ളാപ്പിച്ചാമൊല്ലാക്കയേയും നൈസാമലിയേയുമൊക്കെ ഞാൻ തിരഞ്ഞു കൊണ്ടേയിരുന്നു.

പള്ളിയുടെ തൊട്ടു താഴെയായി സ്ഥിതി ചെയ്യുന്ന അറബിക്കുളത്തിൽ മുങ്ങി കുളിച്ച് കയറി വരുന്ന മൈമൂനയെന്ന ഖാസാക്കിൻ്റെ സുന്ദരിയെപ്പറ്റി ആലോചിച്ചപ്പോൾത്തന്നെ മൺ വഴികളിലൂടെ പള്ളിപ്പറമ്പിലേക്കു പോയ മൊല്ലാക്കയുടെ ശവഘോഷയാത്രയുടെ സ്മരണകളും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിക്കളഞ്ഞു.

ചെക്കൻ (മകൻ) വളർന്ന് വലുതായിക്കഴിഞ്ഞാൽ തങ്ങളുടെ കഷ്ടപ്പാടുകളെല്ലാം മറുമെന്ന് ഉറച്ചു വിശ്വസിച്ച ഒരമ്മയും മകളും ജീവിച്ചത് ഇവിടെ എവിടെയോ ആയിരുന്നല്ലോ എന്ന് ഓർത്തപ്പോൾ ഉള്ളിൽ തിങ്ങി നിന്ന ഖേദം പിന്നെയും പെരുകി വന്നു.

ഗുരുതരമായ രോഗം വന്ന് വിരലുകൾ വരെ അറ്റുപോയ മുത്തിക്കും മുത്തനും താങ്ങാവാനായി തിരസ്ക്കാരത്തിൻ്റെ നോവുകൾ പേറുന്ന മനസ്സമായി ഖസാക്കിൻ്റെ വരമ്പുകളിലൂടെ കാളികാവിലേക്ക് നടന്നു മറഞ്ഞ ആബിദയെന്ന കൗമാരക്കാരി പിന്നീട് എന്നെങ്കിലും ഖസാക്കിലേക്ക് മടങ്ങി വന്നു കാണുമോ എന്ന ചിന്തയാൽ മനസ്സ് വെറുതെ വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. അമ്മ മരിച്ചു പോയ കുഞ്ഞിനെ ഉറക്കാനായി കിണഞ്ഞു പരിശ്രമിക്കുന്ന ഒരച്ഛൻ്റ താരാട്ടുപാട്ടിൻ്റെ നാടൻ ശീലുകൾ അപ്പാൾ പെട്ടെന്ന് കാതിൽ വന്ന് തറച്ചു എന്നത് തോന്നൽ മാത്രമായിരുന്നു എന്ന് വിശ്വസിക്കാൻ എനിക്ക് ഇപ്പോഴും കഴിയുന്നില്ല.

നമ്മുടെയൊക്കെയും നാട്ടിൻപുറങ്ങളിൽ കാണുന്നതുപോലെയുള്ള കുന്നുകളും മലകളും പാടവും പരൽമീനുകൾ തുള്ളിക്കളിക്കുന്ന തോടുകളും കുളങ്ങളുമൊക്കെയുള്ള ഒരു സാധാരണ പ്രദേശത്തെ ഇതിഹാസത്തിൻ്റെ ഭൂമികയായി അദ്ദേഹം മാറ്റിയെടുത്തത് എത്ര അനായാസമായിരുന്നു!

വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിൽ നോബൽ സമ്മാനത്തിനു പോലും പരിഗണിക്കപ്പെടാൻ കഴിയുമായിരുന്ന കാച്ചി കുറുക്കിയ ഭാഷയുടെ ഉടമയോട് പണ്ടു മുതൽ തോന്നിയിരുന്ന അപരിമേയമായ ആദരവ് ആരാധനയായി പരിവർത്തനപ്പെട്ടത് എത്ര വേഗമായിരുന്നെന്നോ?

ഞാറ്റുപുരയോടു ചേർന്നു തന്നെ സഞ്ജീകരിച്ചിട്ടുള്ള ലൈബ്രറി കം കഫേയായി പ്രവർത്തിക്കുന്ന നോവൽ കപ്പ് എന്ന ചെറിയ ചായ കടയിൽ കയറി നാരങ്ങ സർബത്ത് കുടിച്ച് മടങ്ങുമ്പോൾ ഖസാക്കിലും പരിസര ദേശങ്ങളിലുമെല്ലാം മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു.

അനാദിയായ മഴ …

കാലവർഷത്തിൻ്റെ വെളുത്ത മഴ…

പ്ലാനിങ് ബോർഡ് റിട്ടേഡ് ഉദ്യോഗസ്ഥ. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സ്വദേശി. ക്വാറന്റൈൻ, വിശുദ്ധയുടെ ജനനം എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.