
അടുത്ത ജന്മത്തിൽ
പട്ടിയായാൽ മതി,
അങ്ങനെയെങ്കിൽ
തന്നചോറിനും
ഉണ്ടചോറിനും
മാത്രം നന്ദി
കാണിച്ചാൽ മതിയല്ലോ.
അതിനടുത്ത ജന്മത്തിൽ
പൂച്ചയായാൽ മതി,
അങ്ങനെയെങ്കിൽ
കട്ടുതിന്നും
ഏതെങ്കിലുമൊരു
അടുപ്പ്കല്ലിൻ്റെ ചൂടുപറ്റിയും
കിടന്നുറങ്ങാം.
ആരോടും
വിധേയപ്പെടേണ്ടതില്ലല്ലോ.
അതിനുമടുത്ത ജന്മത്തിൽ
തത്തയായാൽ മതി,
അങ്ങനെയെങ്കിൽ
ഉള്ളത്
മുഖത്ത് നോക്കി
വിളിച്ച് പറയാം.
ആരും പിണങ്ങുമെന്നോ
പരിതപിക്കുമെന്നോ
ഉള്ള് വിങ്ങേണ്ടതില്ലല്ലോ.
അതിനുമടുത്ത ജന്മത്തിൽ
ഇവയൊന്നുമായില്ലെങ്കിലും
മനുഷ്യനാകാതിരുന്നാൽ
മതി.
വേണ്ടിടത്തും
വേണ്ടാത്തിടത്തും
നന്ദിയും വിധേയത്വവും
കാണിച്ചും
പറയേണ്ടത് പറയാതെ
ഉള്ള് വിങ്ങിയും
മടുത്തു.









