ചെത്തിമിനുക്കിയൊരാൾ

ഒറ്റവാക്കിൽ
ജീവിതം പറഞ്ഞ്
അയാൾ ഒരൊറ്റ നടത്തം!

പടികടന്ന്
വഴി കടന്ന്
വിദൂരതയിൽ ഒരു പൊട്ടായ്,
പിന്നെ മാഞ്ഞു..

ആ ഒറ്റവാക്കിൽ
ചിന്തേരിടുകയാണിപ്പോൾ അവൾ..
പ്രണയമിറ്റുന്ന
വിരലുകളാൽ തലോടിയും
കണ്ണുകളാലുഴിഞ്ഞും
ചിലതവൾ അടർത്തിമാറ്റി..
കയ്പ്പു പടർത്തിയതൊന്നും
ഓർമ്മകളിൽ ബാക്കിയാകരുത്..

കണ്ണീരുപ്പിൽ മധുരം കലർത്തി
ഹൃദയത്തിൻ നടുത്തളത്തിൽ
അവളാ ശില്പം സ്ഥാപിച്ചു..
അവൾക്കതുമതി..

പെൺജീവിതമത്രയും
അങ്ങിനെയാണത്രെ…

വയനാട് ജില്ലയിൽ വൈത്തിരി സ്വദേശി. മുംബൈയിൽ പത്രപ്രവർത്തകൻ ആണ്. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതിവരുന്നു.