ചരിത്രം എഴുതുക എന്നത് വളരെ ഭാരപ്പെട്ട ഒരു പ്രവര്‍ത്തിയാണ്. ചരിത്രത്തെ അടയാളപ്പെടുത്തുന്നത് പോലും അതിനാല്‍ ചരിത്രമാകും. ഒരു ചരിത്രം പില്‍ക്കാലത്ത് വായിക്കപ്പെടുമ്പോള്‍ അതില്‍ കലര്‍പ്പുകളോ പൊടിപ്പും തൊങ്ങലുകളുമോ കളവോ ചേര്‍ക്കാതിരിക്കുവാന്‍ അതിനാല്‍ തന്നെ സത്യസന്ധനായ ഒരു എഴുത്തുകാരന്‍ ശ്രമിക്കണം. അതിനു വേണ്ടി താന്‍ ഇറങ്ങിപ്പുറപ്പെടുന്ന ചരിത്രത്തിന്റെ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കുകയും അതിനെ നിഷ്പക്ഷമായി വിലയിരുത്തുകയും ചെയ്യണം. എഴുതപ്പെട്ട ചരിത്രങ്ങളില്‍ പലതും ഇന്നും പുതിയ പൊളിച്ചെഴുത്തുകള്‍ ആവശ്യപ്പെടുന്ന ഒന്നാകുന്നത് ഈ സത്യസന്തതയില്ലായ്മ മൂലമാണ്. മതങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടി , അവയുടെ ഉത്ഭവകാലത്തെ ചരിത്രത്തെ നശിപ്പിക്കുകയും അവയെ കാലോചിതമായി ചക്കരമിട്ടായി ആക്കി അവതരിപ്പിക്കുകയും ചെയ്യുന്ന ചരിത്രകാരന്മാരെ എല്ലാ കാലത്തും കാണാന്‍ കഴിയുന്നവയാണ്. രാഷ്ട്രങ്ങളുടെ വളര്‍ച്ചയിലും ഈ കൈകടത്തലുകള്‍ നടത്തിയ ചരിത്രകാരന്മാര്‍ സുലഭമാണ് . സ്വതന്ത്ര സമര ചരിത്രങ്ങളിലും മറ്റും ഇത് നമുക്ക് അനുഭവമാണല്ലോ. ഇത് ലോകത്തെല്ലായിടത്തും എന്ന പോലെ മലയാള സാഹിത്യത്തിലും എന്നുമുണ്ടായിട്ടുണ്ട്. കഥകളില്‍ കൂടി വസ്തുതതകളെ തെറ്റായി അവതരിപ്പിച്ചു അതിനെ വിശ്വാസമാക്കി മാറ്റുന്ന ചരിത്രകാരന്‍മാര്‍ക്ക് മലയാളത്തിലും പഞ്ചമൊന്നും ഇല്ല. വര്‍ഷങ്ങള്‍ക്ക് മുന്പ് ബാസില്‍ മിഷന്‍ പ്രസിദ്ധീകരിച്ച ഒരു കേരള ചരിത്രം വായിക്കുക ഉണ്ടായി. അതില്‍ പര്‍ശുരാമന്‍ കേരളം സൃഷ്ടിക്കുന്ന കഥ വളരെ സവിസ്തരം തന്നെ പഴയ മലയാള ഭാഷയില്‍ വിവരിക്കുന്നുണ്ട്. അടുത്തിടെ കേള്‍ക്കാനും വായിക്കാനും കഴിയുന്ന മറ്റൊരു കഥയാണ് നങ്ങേലിയുടെ മുല മുറിക്കല്‍. മറ്റൊന്നു ശബരിമലയുടെ പുണ്യം. ഇതൊക്കെ ഒറ്റപ്പെട്ട ചരിത്ര വളച്ചൊടിക്കലുകള്‍ അല്ല അതിനുമുപരി ഇവയൊക്കെ ഓരോ കേന്ദ്രങ്ങളുടെ സ്ഥാപിത താത്പര്യങ്ങളുടെ ആവശ്യകതയിലേക്ക് സൃഷ്ടിക്കപ്പെടുന്ന ചില വളഞ്ഞ വഴികള്‍ ആണ്.
ചരിത്രം എന്നു കരുതി വായനക്കാര്‍ വിശ്വസിച്ചു പോകുന്ന രീതിയിലേക്ക് ഒരു നോവലിനെ വഴി നടത്തുക എങ്ങനെയെന്ന് മലയാളിക്ക് അനുഭവം ഉണ്ടാക്കുന്ന ഒരു രചനയാണ് ടി.ഡി.രാമകൃഷ്ണന്‍ എഴുതിയ ഫ്രാന്‍സിസ് ഇട്ടിക്കോര. ഇതില്‍ ഇട്ടിക്കോര എന്ന ഒരു കുടുംബത്തിലൂടെ ഒരുപാട് ചരിത്രസംഭവങ്ങള്‍ ശരിക്കുമുള്ള സംഭവങ്ങളും കാലങ്ങളുമായി കൂട്ടി യോജിപ്പിച്ച് ശരിയെന്ന് ദ്യോതിപ്പിക്കുന്ന രീതിയില്‍ എഴുതുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതൊരു എഴുത്തുകാരന്റെ കഴിവാണ്. അതൊരിക്കലും ഒരു ചരിത്ര പുസ്തകം എന്നു പറയാന്‍ കഴിയുകയുമില്ല. കാരണം അത് ഒരു നോവല്‍ ആണ് . ഇതേ പാത പിന്തുടരുന്ന മറ്റൊരു നോവല്‍ ആണ് ബന്യാമിന്റെ “മഞ്ഞവെയില്‍ മരണങ്ങള്‍” എന്നൊരൊറ്റ വാക്കില്‍ പറയാന്‍ കഴിയും . ഈ നോവലിന്റെ മറ്റൊരു പ്രത്യേക്ത എന്താണ് എന്നു നോക്കിയാല്‍ ആത്മരതിയുടെ ഒട്ടും വലുതല്ലാത്ത എന്നാല്‍ അതുണ്ട് എന്നൊരു തരിമ്പും അനുഭവപ്പെടാത്ത സൂക്ഷ്മമായ തന്ത്രം ബന്യാമിന്‍ ഉപയോഗിക്കുന്നുണ്ട് ഈ നോവലില്‍ എന്നുള്ളതാണ്. സുഭാഷ് ചന്ദ്രന്‍ എന്ന എഴുത്തുകാരന് കഴിയാതെ പോയ ആ ഒരു കൈയ്യടക്കം ബന്യാമിന്‍ ആര്‍ജ്ജിച്ചിട്ടുണ്ട് ഈ നോവലില്‍ എന്നത് എടുത്തു പറയേണ്ടതുണ്ട്.
എഴുത്തുകാരന്‍ കഥയ്ക്കൊപ്പം സഞ്ചരിക്കുക എന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. അതൊരു വിദൂഷകവേഷം പഴയകാല നാടക സങ്കേതങ്ങളില്‍ നിന്നും കടന്നുവന്ന സംഗതിയാണ്. ബഷീര്‍ കഥകളിലും മറ്റും ബഷീര്‍ നിറഞ്ഞു നില്‍പ്പുണ്ട്. ‘എന്താടാ കൂവേ’ എന്ന ചോദ്യവുമായി അദ്ദേഹം അവയില്‍ ചിരിച്ചു നില്‍ക്കുമെങ്കിലും ഒരിയ്ക്കലും വായനക്കാരന് എഴുത്തുകാരന്റെ ആത്മരതിയെ അതില്‍ ദര്‍ശിക്കാന്‍ കഴിയില്ല. എഴുത്തിന്റെ മര്‍മ്മം അറിഞ്ഞ അത്തരം എഴുത്തുകാര്‍ ഇന്നില്‍ കുറവാണ് എന്നത് ഒരു വലിയ പോരായ്മ ത്തന്നെയാണ്. ഈ നോവലില്‍ ബന്യാമിന്‍ എന്ന എഴുത്തുകാരന്റെ കൈകളിലേക്ക് അവിചാരിതമായി വന്നെത്തുന്ന ഒരു നോവലിന്റെ വളര്‍ച്ചയും വികാസവും ആണ് വിവരിക്കുന്നത്.‘ആടുജീവിതം’ എന്ന പ്രശസ്തമായ നോവല്‍ എഴുതിയ ശേഷം നോവലിസ്റ്റിനെ ഒരുപാട് ആള്‍ക്കാര്‍ ഇതെഴുതൂ എന്ന്‍ പറഞ്ഞുകൊണ്ടു അയച്ചു കൊടുത്ത ജീവിതങ്ങള്‍ ഉണ്ട്. ഇവയൊക്കെ പറഞ്ഞു പഴകിയ വിഷയങ്ങള്‍ ആയതിനാല്‍ ഒഴിവാക്കി തന്റെ പുതിയ നോവല്‍ നെടുമ്പാശേരി എന്നു പേരിട്ട എഴുത്തിലേക്ക് കടക്കുന്ന ഏഴുത്തുകാരനെ തേടി വന്ന വിചിത്രമായ ഒരു നോവലിന്റെ ഒന്നാമദ്ധ്യായം. ഒരുപാട് പ്രാവശ്യം അവഗണിച്ചു എങ്കിലും ഒടുവില്‍ എഴുത്തുകാരന് അത് വായിക്കാതെ തരമില്ല എന്നാകുന്നു.
ആദ്യഭാഗം തൊട്ട് നോവല്‍ പിന്നെ ഉദ്യോഗജനകമായ ഒരു ഗെയിമിലേക്ക് നീക്കുകയാണ് എഴുത്തുകാരന്‍. ഓരോ ഭാഗങ്ങളും ഓരോ ക്ലൂ ഒളിപ്പിച്ചു വച്ചുകൊണ്ടു ഓരോ ആള്‍ക്കാരില്‍ ഏല്‍പ്പിച്ച നോവലിസ്റ്റ് ഡീഗോ ഗാര്‍ഷ്യ എന്ന്‍ ദ്വീപില്‍ എവിടെയോ ഒളിച്ചിരിക്കുകയാണ് . അയാളെ ഒരിയ്ക്കലും ബന്യാമിന് കണ്ടെത്താന്‍ കഴിയുന്നില്ല. പക്ഷേ അയാള്‍ നല്‍കുന്ന സൂചനകള്‍ കൊണ്ട് ബന്യാമിന്‍ എല്ലാ ഭാഗങ്ങളും തേടിപ്പിടിക്കുകയും, തന്റെ വ്യാഴച്ചന്തക്കൂട്ടത്തിന്റെ സഹായത്തോടെ അതിലെ കഥാപാത്രങ്ങളെ തേടിപ്പിടിച്ചു കണ്ടെത്തുകയും സംസാരിക്കുകയും ചെയ്യുന്നു. അങ്ങനെ കഥയും കഥാപാത്രങ്ങളും ഒരുപോലെ ഒരേ ലോകത്ത് ജീവിക്കുന്ന ഒരു സങ്കേതമാണ് ഈ നോവലില്‍ ബന്യാമിന്‍ ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്റ്റി അന്ത്രപ്പേര്‍ എന്ന്‍ ചെറുപ്പക്കാരനാണ് ഇതിലെ നോവലിസ്റ്റ് . അയാളുടെ ആഗ്രഹം ഒരു നോവല്‍ ,അത് വഴി തന്നെ ലോകം അറിയണം എന്നതാണു. തന്റെ കൂട്ടുകാരനായ സെന്തില്‍ തന്റെ കണ്‍മുന്നില്‍ വെടിയേറ്റ് മരിച്ചു വീഴുന്നതും ആ മരണം സാധാരണമായ ഒരു മരണമായി അധികാരികള്‍ മാറ്റുന്നതും അതങ്ങനെയല്ല എന്നു തെളിയിക്കാന്‍ വേണ്ടി ക്രിസ്റ്റി ഇറങ്ങിപ്പുറപ്പെടുന്നതും ആണ് കഥയുടെ പ്രധാന തന്തു. ഈ അന്വേഷണത്തില്‍ ആണ് അയാള്‍ മെല്‍വിന്‍ എന്ന മലയാളി പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും അവള്‍ പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നതും. അവളിലൂടെ കേരളത്തില്‍ എത്തുന്ന കൃസ്റ്റിയിലൂടെ കൃസ്തുമതത്തിലെ പഴയതും പുതിയതുമായ വിഭാഗങ്ങളുടെ കഥയും അവയുടെ ആചാര ക്രമങ്ങളും ചരിത്ര രേഖകള്‍ അവലംബിച്ച് പറയാന്‍ ബന്യാമിന്‍ ശ്രമിക്കുന്നു. കൃസ്തിയും മേല്‍വിനും തമ്മിലുള്ള ബന്ധം രണ്ടു രാജ്യങ്ങളുടെയല്ല ഒരേ വിശ്വാസ പ്രമാണങ്ങളുടെ രണ്ടിടങ്ങളില്‍ ആയി വ്യാപിച്ച് കിടക്കുന്ന മനുഷ്യരെ ഒന്നിപ്പിക്കാനുള്ള ഒരു വഴികൂടെയാണ്. മേല്‍വിന്ഠെ മരണത്തിലൂടെ തന്റെ പിതാവും അദ്ദേഹത്തിന്റെ ദുരൂഹ ജീവിതവും കൃസ്റ്റിയെ വേട്ടയാടുന്നു. ഒടുവില്‍ അയാള്‍ അദൃശ്യനായി മാറുകയും അയാളിലൂടെ ഈ കാര്യങ്ങള്‍ ലോകത്തോട് പറയാന്‍ ബന്യാമിന്‍ എന്ന നോവലിസ്റ്റിനു മാത്രമേ കഴിയൂ എന്ന്‍ തിരിച്ചറിഞ്ഞു അദ്ദേഹത്തില്‍ എത്തിക്കാന്‍ വേണ്ടി നോവല്‍ പലരുടെ കൈകളില്‍ എത്തിക്കുകയും അത് എല്ലാം സാഹസികമായ പല തലങ്ങളില്‍ കൂടി ബന്യാമിനില്‍ എത്തുകയും ചെയ്യുന്നു.
വളരെ നല്ല രീതിയില്‍ തന്നെ ബന്യാമിന്‍ ഈ നോവല്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ക്രിസ്റ്റി എഴുതിയ നോവല്‍ ‘പിതാക്കന്മാരുടെ ചരിത്രം’വായിക്കാനിരുന്നുവെങ്കിലും അതിനു ഡീഗോ ഗാര്‍ഷ്യയുടെ ചരിത്രവും അന്ത്രപ്പേര്‍ ചരിത്രവും പറയുന്നതിനെക്കാള്‍ കൂടുതല്‍ സെന്തിലിന്റെ കൊലപാതകവും അതിനെ തേടുന്ന ക്രിസ്റ്റിയുടെ ഡയറിക്കുറിപ്പുകള്‍ വായിക്കുകയും ചെയ്തുകൊണ്ട് വായന പൂര്‍ത്തിയാക്കേണ്ടി വന്നു എന്ന തോന്നല്‍ ജനിപ്പിച്ചു. ഒരു ചരിത്രമാകുമെന്ന് ക്രിസ്റ്റി അവകാശപ്പെടുന്നപോലെ ഒരു സംഗതി ആ നോവലില്‍ കണ്ടില്ല . മാത്രവുമല്ല ആര്‍ക്കിപ്പിലാഗോ എന്ന പേരില്‍ മോഹന്‍ ദാസ് എന്നൊരു എഴുത്തുകാരന്‍ എഴുതി പ്രശതമായ ഒരു നോവല്‍ തന്റെ തന്നെ നോവലിന്റെ വിഷയം ആണെന്ന് പറഞ്ഞു ക്രിസ്റ്റി വേവലാതിപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.
ആകെ മൊത്തം നോവലില്‍ എങ്ങും തന്നെ ചരിത്രമാകാന്‍ തക്കതായ ഒരു നോവല്‍ കഥാ തന്തുവോ പരിസരങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് വായനയുടെ പോരായ്മയായി കരുതേണ്ടി വരും. ഡീഗോ ഗാര്‍ഷ്യയുടെ ചരിത്രവും അതിന്റെ വളര്‍ച്ചതളര്‍ച്ചകളും വിവരിക്കുന്ന ഒരു നോവല്‍ ആകാം ക്രിസ്റ്റി വിഭാവനം ചെയ്തിട്ടുണ്ടാകുക എന്നൊരു ഊഹം മാത്രം മനസ്സില്‍ ബാക്കി വച്ച് വായന മുഴുമിപ്പിക്കുമ്പോള്‍ ഈ നോവലിനെ ചരിത്രമാക്കാന്‍ ബന്യാമിനും കഴിഞ്ഞില്ല എങ്കിലും ഒരു ഫിക്ഷന്‍ത്രില്ലറിനെ അത്രയൊന്നും ത്രില്‍ ഇല്ലാ എങ്കിലും വായിച്ചു പോകുവാന്‍ കഴ്യുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ആടുജീവിതം മുജീബിന്റെ ആത്മകഥ കേട്ടെഴുതിയത് ആണെങ്കില്‍ മഞ്ഞവെയില്‍ മരണങ്ങള്‍ ക്രിസ്റ്റി അന്ത്രപ്പേര്‍ എന്ന ചെറുപ്പക്കാരനായ നോവലിസ്റ്റിന്റെ ജീവിതത്തെ അയാള്‍ എഴുതിക്കൊടുത്തത് പകര്‍ത്തി നല്കി എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ എഴുതാന്‍ കഴിഞ്ഞു എന്നുള്ളതാണ് ബന്യാമിന്റെ കാര്യത്തില്‍ എഴുത്തിലെ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞതെന്നൂ മനസ്സിലാക്കാന്‍ കഴിയും. മറ്റുള്ളവരുടെ കഥകളെ തന്റെ കഥകള്‍ ആക്കുന്ന രീതികള്‍ മാറ്റി വച്ചുകൊണ്ടു തന്റെ സ്വന്തം കഥകള്‍ എന്ന്‍ തോന്നല്‍ വരുത്തുന്ന നോവലുകള്‍ കൂടി ബന്യാമിനില്‍ നിന്നും പ്രതീക്ഷിക്കുന്നു.