
തിരമാലതന്നായിരം നാവുകൾ,
തീരത്തിൻ മൗന മൺകലത്തിൽ,
ഉപ്പുരസം പുരണ്ട അധരനിരയിലെ,
ഒറ്റരുചി നുണഞ്ഞു നിവരുന്നു.
നീലാകാശക്കറ നീളെ പുരണ്ട,
തിരമാലതൻ ചെറു വിരലിഴഞ്ഞു,
തീരം വരച്ചൊരു ഓർമ്മബിംബം,
നീലമഷിയിൽ കുതിർത്തൊപ്പുന്നു.
തിരതൻ സ്വപ്നം തീരമുഖത്തിൽ,
പൂത്തു വിരിയും വെൺനുരകളിൽ,
പളുങ്കു ഓടം തുഴയും കാറ്റോടൊപ്പം,
അകലേക്കൊഴുകീ അരികേ വരും.
മോഹങ്ങൾ മുങ്ങിയ തീരപ്പടവിൽ,
വഴിതെറ്റി പൊങ്ങും നീർക്കുമിളയിൽ,
ചുവന്നാകാശം പൊട്ടി ഒലിക്കുമ്പോൾ
തീരം ചോപ്പിൽ വീണ്ടും കവിത കുറിച്ചു







