വീണ്ടെടുപ്പിൻറെ വഴി

വീണ്ടെടുപ്പിൻറ വഴിയിൽ
വസന്തത്തിൻറെ
വിരുന്നുപക്ഷികളില്ല പുണരാൻ
പുളകിതരാകാൻ
പുലരാൻ പടരാൻ
തൊലി തേടും
പകർച്ചയുടെ
പരാദവള്ളികളില്ല

കൊത്തിവലിക്കാൻ
കത്തുന്ന കനൽമുള്ളുകളില്ല,
കുത്തിനോവാൻ ,ഞെട്ടറ്റു വീഴാൻ പാകം
വെറും പച്ചിലകളില്ല

അപ്രതീക്ഷിതമായലതീർക്കും
കൊടുങ്കാറ്റില്ല,
അന്തരാകാശത്തിൽ കണ്ണുകാണാ
കരിമുകിലുകളില്ല,
പെയ്യില്ല നിമിഷനീർകുമിളകൾ,
കവിതയുടെ
കനിവറിയാപെരുമഴകൾ…

അത്രമേൽ വിജനമെങ്കിലും സഹയാത്രികാ,
യാത്ര തുടരുക!
വീണ്ടെടുപ്പിൻറെ വഴിയിൽ
വിശാലമാം വാനിൻചോട്ടിൽ
വിദൂരമല്ലാത്തൊരു മാമരക്കാറ്റിൻ
മന്ത്രണത്തിൽ
വാക്കുകൾ പകുക്കുന്നുണ്ടൊരു ജീവൻ;
മിടിപ്പുകൾ പരസ്പരം
മൗനമായ്
കോർത്തിണക്കുന്നുണ്ട്

സാമൂഹിക വികസന ആശയ വിനിമയ മേഖലയിൽ പ്രവർത്തിക്കുകയും എഴുതുകയും ചെയ്യുന്നു. ഇപ്പോൾ വയനാട് ജില്ലയിൽ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസറായി സേവനമനുഷ്‌ഠിക്കുന്നു.