
വലിച്ചെറിഞ്ഞ
സിഗററ്റ്കുറ്റി
മൂക്കുകുത്തിയാണ്
വീണത്.
എന്നിട്ടും
അത് പുകഞ്ഞു
അടിയിൽ
തീ മറച്ച് പിടിച്ച് പുകയൽ
ധർമ്മ സങ്കടങ്ങളുടെ
പര്യവസാനം പോലെ.
കത്താനാവാതെ
പുക
ചിത്രം വരച്ച് ആഹ്ളാദിക്കുമ്പോൾ
ബൂട്ടിട്ട കാൽക്കൽ വന്ന്
ചവിട്ടിയരച്ച് പോകും.
കുറ്റം
രണ്ട് പഫ്ഫിൽ
ഉപേക്ഷിക്കുന്നതാണ്.
കൂടിവന്നാൽ
നാല് പഫ്ഫ്.
മൂക്കുകുത്തി വീണപ്പോൾ
ആദ്യമേയൊന്നും
തോന്നിയില്ല.
ഉപയോഗശൂന്യമായി
കിടന്ന് കത്തുമ്പോഴുള്ള
സങ്കടങ്ങൾക്കൊന്നും
ആരോടും
പരിഭവം പറയാനുമില്ല.
വലിച്ചെറിയപ്പെടുമ്പോൾ
എഴുന്നേറ്റ് നിൽക്കാനാവാത്തതാണ്
ഈ പുകയുടെ
രഹസ്യം.








