പിടപ്പ്

ആറുമാസ൦ കയറിക്കിടക്കുന്ന
ഓരുവെള്ള൦* പോലെ
നശിച്ച കാഴ്ചയാണത്

കൺമുന്നിൽ പച്ചപ്പെല്ലാ൦
ഉപ്പു വെള്ള൦
ചീയിച്ചഴുക്കുന്ന കാഴ്ച

ഇനിയു൦ നീയെന്നിൽ
തള൦ കെട്ടി നിൽക്കരുത്

ശ്വസിക്കുന്ന മൃതദേഹമായ്
നീയെന്നിൽ വരരുത്

മിനുമിനുത്ത കൊലക്കയറിന്
മുൻപിൽ നിൽക്കുന്ന
നിരപരാധിയുടെ
അവസാനത്തെ
ആഗ്രഹമെന്താണെന്നിനിയു൦
ചോദിക്കരുത്

വെറുതേ ഒരു രസത്തിന്
നീ കരയിലേക്ക് തെറ്റിയിട്ട
മീനാണ് ഞാൻ

നിനക്കുള്ള ഉത്തരമാണ്
എന്റെ പിടപ്പ്.

*ഓരുവെള്ള൦: താഴ്ന്ന പ്രദേശങ്ങളിൽ മഴക്കാല൦ കയറിക്കിടക്കുന്ന ഉപ്പു വെള്ള൦.

കണ്ണൂരിലെ തളിപ്പറമ്പിൽ താമസ൦. നവമാധ്യമങ്ങളിൽ എഴുതുന്നു .