എന്റെ വായന : കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍ (കവിതകള്‍)

“നിറ സൗഹൃദത്തിന്‍ കൊടിത്തുകില്‍ പാറുന്ന

വരികളിലെയക്ഷര ജ്വാലകളായി നാ-

മിനിയും സചേതന സത്യങ്ങളായിടാ-

മുടല്‍ രഹിതരായി നാമോര്‍മ്മയില്‍ പൂത്തിടാം”

(ആഹ്മത്യാമുനമ്പ് …കുരീപ്പുഴ ശ്രീകുമാര്‍ )

ആത്മാവിനെ ആനന്ദിപ്പിക്കുന്ന കവിതകള്‍ കൊണ്ട് വായനക്കാരെ സന്തോഷിപ്പിക്കുന്ന കവികള്‍ ഇന്നുണ്ടോ എന്നു സംശയം ആണ് . തീപ്പൊരി കവിതകള്‍ തൊട്ട് പ്രണയ കവിതകള്‍ വരെ അനസ്യൂതം ഒഴുകിപ്പരക്കുന്ന ആധുനിക ബ്ലോഗ് കാലത്തും കവിതയെന്ന വാക്കിന് അർത്ഥം തേടി വായനക്കാര്‍, മുതിര്‍ന്നതോ കാലം കഴിഞ്ഞതോ ആയ കവികളെ വായിക്കുന്നതിന് കാരണം എന്തായിരിക്കണം? കവിത ഇന്നും ഉണ്ടാകുന്നുണ്ട്. കവിതയില്‍ നിരന്തരമായ നവീകരണം സംഭവിച്ചുകൊണ്ടേയിരിക്കുന്നു എങ്കിലും കവിത ആസ്വാദകരെ തടഞ്ഞു നിര്‍ത്തി നോവിക്കുകയോ ആനന്ദിപ്പിക്കുകയോ ചെയ്യുന്നുണ്ടോ എന്നു സംശയം. ഇന്‍സ്റ്റന്‍റ് കവികളുടെ ലോകത്തില്‍ എന്നെ ഒന്നു ആനന്ദിപ്പിക്കൂ എന്ന  പ്രണയിനിയുടെ ആവശ്യങ്ങള്‍ക്കും , ഒരു കവിത എഴുതി എങ്കിലും അവളുടെ പ്രണയം എനിക്കു ലഭിക്കട്ടെ എന്നു കരുതിയും എഴുതുന്നവര്‍ ഇന്ന് സജീവമായുണ്ട്. ഇവര്‍ക്കിടയില്‍ ശരിക്കും കവിതകള്‍ ആത്മാവു പോലെ കൊണ്ടു നടക്കുന്നവരുടെ കവിതകള്‍ വായനക്കാര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന  അന്വേഷണം തരുന്ന മറുപടി അവരെ വായിക്കാന്‍ ആര്‍ക്കും താത്പര്യമേയില്ല എന്നാകും. മലയാളിയുടെ ആസ്വാദന നിലവാരം ചില ബിംബങ്ങളെയും കാഴ്ചകളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയാണ്.

പലപ്പോഴും കുരീപ്പുഴ ശ്രീകുമാര്‍ എന്ന കവിയെ അത്ഭുതത്തോടെ കണ്ടും കേട്ടും ഇരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതൊരു സദസ്സിലും സ്വതസിദ്ധമായ തന്റെ പുഞ്ചിരിയും, മുറുകിയ മുഖവും കൊണ്ട് ഒരുപോലെ കേള്‍വിക്കാരെ പിടിച്ചിരുത്താന്‍ കവിക്കു കഴിയുന്നത് കണ്ടറിഞ്ഞിട്ടുണ്ട് . കവിതകള്‍ ഒന്നൊഴിയാതെ ഇങ്ങനെ ഒഴുകി വരികയും ഓര്‍മ്മയില്‍ നിന്നവ നിലയ്ക്കാതെ പെയ്യുകയും ചെയ്യുമ്പോള്‍ ഒരിയ്ക്കലും സദസ്സ് പറഞ്ഞിട്ടില്ല ഇനി മതിയെന്ന്. ലഹരിയില്‍ ആയിരിക്കുമ്പോഴും എങ്ങനെയാണ് കവിക്ക് തന്റെ ഓര്‍മ്മയെ ഒരുപോലെ പിടിച്ച് നിര്‍ത്താനും സദസ്സിനെ ഇത്ര മധുരമായ് കൈയ്യില്‍ എടുക്കാനും കഴിയുന്നത് എന്നു ഓര്‍ത്തിട്ടുണ്ട്. കേരളത്തിന്റെ ജനകീയ കവിയെന്ന പേരെടുത്ത ശ്രീ കുരീപ്പുഴ ശ്രീകുമാറിന്റെ 260 കവിതകളുടെ സമാഹാരം ആണ്  ഡി സി ബുക്സ് പുറത്തിറക്കിയ “കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍” എന്ന പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നത്. കവിതയെ മനസ്സുകൊണ്ടു സ്നേഹിക്കുന്ന ഒരാൾക്കും ഒരിയ്ക്കലും പരിഭവം പറയാനോ , മടക്കി വയ്ക്കാനോ തോന്നാത്ത കവിതകള്‍ ആണ് ഇതില്‍ ഉള്ളത്. ഒരു കവിത പോലും വായനയില്‍ എടുത്തു കളയാന്‍ തോന്നാത്ത വിധം എത്ര ഭംഗിയുള്ള കവിതകള്‍!. ദൈവവും ആത്മീയതയും സാരോപദേശങ്ങളും പുരാണ കഥകളും ഒക്കെ പശ്ചാത്തലമാക്കിയും ജീവിതത്തിന്റെ ഉയർന്ന തലങ്ങളില്‍ ജീവിക്കുന്ന മനുഷ്യരെ മാത്രം കഥാപാത്രമാക്കിയും കവിതകള്‍ രചിക്കുന്നവരുടെ കാലത്തിരുന്നുകൊണ്ടു മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യന്റെ വിചാരങ്ങളെയും വികാരങ്ങളെയും തൊട്ടറിയുകയും പറയുകയും ചെയ്യാന്‍ കുരീപ്പുഴ ശ്രീകുമാര്‍ എന്ന  നാസ്തികന് കഴിഞ്ഞത് തന്റെ നിരന്തരമായ യാത്രകളും, ജീവിച്ച പരിസരങ്ങളും ആകണം എന്നേ കരുതാന്‍ കഴിയുകയുള്ളൂ. നക്സലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പശ്ചാത്തലചിന്തകള്‍ അടങ്ങിയ കവിതകള്‍ ആണ് മിക്കതും എന്ന  തോന്നല്‍ ആഴത്തില്‍ വായിക്കുമ്പോള്‍ തോന്നിക്കുമെങ്കിലും പൊളിച്ചെഴുത്തുകള്‍ ആവശ്യമുള്ള സംഹിതകള്‍ എന്ന നിലയില്‍ അവയെ നഖശിഖാന്തം എതിര്‍ക്കാനും കവിക്ക് കഴിയുന്നുണ്ട്. അതിനു ഒരു ചെറിയ ഉദാഹരണം മാത്രമാണ് പയ്യാമ്പലത്ത് എരിഞ്ഞടങ്ങിയ നേതാവിന്റെ ചിതാഭസ്മം കടലില്‍ ഒഴുക്കിയതിന് കവി നല്കിയ കുത്ത്.

“പോകുന്നേരം

സഖാവ് പറഞ്ഞു

റൈറ്റ്

സമുദ്രത്തില്‍ വീണപ്പോള്‍

ചിതാഭസ്മം പറഞ്ഞു

റോംഗ് “

ശരിക്കും കുരീപ്പുഴ ശ്രീകുമാര്‍ എന്ന കവിയെ മലയാളം അര്‍ഹിക്കുന്ന വിധത്തില്‍ പരിഗണിച്ചിട്ടുണ്ടോ എന്നത് സംശയം ആണ് . ജെസ്സിയും ചാര്‍വാകനും കീഴാളനും കേരളത്തില്‍ ,അല്ലല്ല മലയാള സാഹിത്യം ഇഷ്ടപ്പെടുന്ന ലോകമെമ്പാടും ഉള്ള മനുഷ്യരില്‍ ഒരു വട്ടമെങ്കിലും കൊതിയോടെ കേട്ട കവിതകള്‍ ആകണം. അതിലുമെത്രയോ ആഴമുള്ള കവിതകള്‍ ഈ പുസ്തകത്തില്‍ വായിക്കാന്‍ കഴിയുന്നു.  തന്റെ വാക്കുകളെ കേള്‍ക്കാതെ പോകുന്നവരെ കവി ഒരിയ്ക്കലും വെറുതെ വിടുന്നില്ല എന്നത് തന്നിലേ നിഷേധിയായ കവിയെ പ്രകടമാക്കാന്‍ കവി തൊടുത്തുവിടുന്ന വരികളില്‍ കാണാന്‍ കഴിയും

“പക്ഷി ശാസ്ത്രജ്ഞന്‍റെ വാചാലതയല്ല

പൊട്ടിച്ചിരിക്കണ്ട നിങ്ങള്‍ “ എന്ന കവി പറയുന്നതു  സമൂഹത്തിന്റെ സത്യം ഉള്‍ക്കൊള്ളാന്‍ ഉള്ള വിമുഖതയുടെ നേര്‍ക്കാണല്ലോ. സ്വയം വിമര്‍ശനത്തിന്റെ കുന്നിന്‍ നിറുകയില്‍ നിന്നുകൊണ്ടു

“അജ്ഞാത ശാന്തി താന്‍ കാന്തിയന്വേഷിച്ച

തൃപ്തി രാഹിത്യങ്ങള്‍ നമ്മളെന്നാകിലും “ എന്നു കവി പറയുമ്പോള്‍ അത് ആത്മീയ കപട വേഷങ്ങള്‍ക്ക് പിന്നാലേ പോകുന്ന മൂഢജീവിതങ്ങളെ അടയാളപ്പെടുത്തുക കൂടിയാണ്. ഈ ലോകത്തില്‍ തനിക്കൊരു ചലനവും നല്കാന്‍ കഴിയുന്നില്ല എന്ന തിരിച്ചറിവു ചിലപ്പോഴൊക്കെ കവിയെ അസ്വസ്തനാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എഴുത്ത് കവിയില്‍ ഒരു കിനാവള്ളിയായി പടര്‍ന്ന് കയറുന്നുണ്ടു . തോല്‍ക്കാന്‍ ആരാണ് ഇഷ്ടപ്പെടുക.

“കവിതയസ്വസ്ഥത

കവിതയെന്‍ സ്വസ്ഥത

പൊരുളിന്നമൂര്‍ത്ത വികാരസംഗീത “ എന്നു കവി സ്വയമടയാളപ്പെടുത്തുന്നുണ്ടു ചിലപ്പോഴൊക്കെ. ഭാഷയെ മനസ്സുകൊണ്ടു സ്നേഹിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്യുന്ന കവി

“മലയാളത്തിനെ ലയമേളം പോലെന്‍

സിരകളില്‍ താളം തിമിര്‍ക്കണം “എന്നാശിക്കുന്നതില്‍ തെറ്റൊന്നും ഇല്ല.

“എവിടെ എവിടെ

സഹ്യപുത്രി മലയാളം

എവിടെ എവിടെ

സ്നേഹപൂര്‍ണ്ണ മലയാളം “ എന്ന  കവിയുടെ വാക്കുകള്‍ക്ക് മലയാളം ഉത്തരം തേടുന്ന കാലമാണല്ലോ ഇത് . വായനശാലകള്‍ പോലും ഇന്ന് നിശബ്ദമാണ്. മദ്യശാലകൾക്കുള്ള തിരക്ക് കൂടുന്നു വായനശാലകളോ ?

“പുസ്തകത്തിന്‍ പൂക്കാലം മുഴങ്ങുന്നു

ഗ്രന്ഥശാല തുറക്കുന്നതേയില്ല “ എന്ന കവി ആശങ്കപ്പെടുന്നു. തികച്ചും കാലികമായ കാഴ്ചയാണ് അതെന്നത് സംശയമില്ലാത്ത വസ്തുതയാണ്.  തന്റെ കവിതകള്‍ക്കു ഊര്‍ജ്ജം നല്‍കുന്നത് തന്റെ നാസ്തിക ചിന്തയാണ് എന്നു പറയാന്‍ കവി മടിക്കുന്നില്ല എന്നതാണു കവിയുടെ ആര്‍ജ്ജവം. ഉള്ളില്‍ ഒരു വിശ്വാസവും പുറമെ മറ്റൊന്നും കാട്ടുന്നവര്‍ക്കിടയില്‍ കവി ഒറ്റപ്പെട്ടുപോകുന്നു എന്നു തോന്നല്‍ തികച്ചും തെറ്റാണ് . കാരണം കേരളം കവിയെ അറിയുന്നതു പോലെ മറ്റ് കവികളെ ഇന്നറിയുന്നുണ്ടോ എന്നു സംശയം.

“അന്ധകാരത്തോടേറ്റു മുട്ടുന്നവര്‍-

ക്കിന്ധനം മനഃസ്പന്ദനം നാസ്തികം.

വജ്ര നക്ഷത്രമാര്‍ഗ്ഗം സുഖായനം

ലക്ഷ്യനേത്രം  തെളിക്കുന്ന വാസ്തവം “ എന്ന  വിളിച്ച് പറയല്‍  പക്ഷേ കവിയുടെ സമകാലികരില്‍ കാണുവാന്‍ കഴിയുകയേയില്ല എന്നിടത്താണു ജനകീയ കവിയെന്ന വിശേഷണം കുരീപ്പുഴ ശ്രീകുമാറില്‍ തിളക്കത്തോടെ പതിഞ്ഞു കിടക്കുന്നതു. തന്റെ വഴി തനിവഴിയെന്നു കവി നിസ്സംശയം വിളിച്ച് പറയുന്നു

“കവിതയുടെ കങ്കാരുക്കീശയിലിരുന്നു ഞാന്‍

ദുരിതങ്ങള്‍ താന്‍ സാക്ഷിയായ് സഞ്ചരിക്കുന്നു .”ഇതാണ് കവിയുടെ മനസ്സ്. തന്റെ കവിതകളുടെ ബീജങ്ങള്‍ എവിടെനിന്നും വരുന്നു എന്നതിന് ഇതിലും വലിയ ഒരു തെളിവ് എന്താണ് ഒരു കവിക്ക് നല്കാന്‍ കഴിയുക. എന്നും പ്രസക്തമായ ഒരു ചോദ്യമായി നില്‍ക്കുന്ന വാക്കുകള്‍ പ്രസവിക്കുന്ന കവികള്‍ ആണ് കാലത്തെ അതിജീവിക്കുന്നവര്‍.

“തകരുകയാണ് തമ്പുരാനേ നിന്റെ

ഭരണകൂടം തടഞ്ഞെന്‍റെ ജീവിതം “ എന്നു കവി അധികാരത്തിന്റെ ചെങ്കോല്‍, ദുരിതങ്ങള്‍ മാത്രം സമ്മാനിക്കാന്‍ കരസ്ഥമാക്കി വച്ചിരിക്കുന്ന ഭരണാധികാരികളുടെ മുഖത്ത് നോക്കി ചോദിക്കുന്നു . ജീവിതത്തോട് നീതി പുലര്‍ത്തുന്ന കവിതകള്‍ കൊണ്ട് ഒരു വലിയൊരു വായനാനുഭവം നല്‍കുന്ന കവി കെട്ടകാലത്തിന്റെ മുഖത്തേക്ക് ശുഭാപ്തി വിശ്വാസിയായി പറയുന്നു .

‘കദനമൊക്കെയും മാറിയെന്‍ ജീവനില്‍

കവിത വറ്റുന്ന പൂക്കാലമേ വരൂ. “ തനിക്കൊന്നു വിശ്രമിക്കുവാന്‍ , ആശ്വസിക്കുവാന്‍ ഒരു പൂക്കാലം കടന്നു വരണം എന്നു കരുത്തുന്ന കവിയുടെ മനസ്സ് ദുരിത പര്‍വ്വങ്ങള്‍ കണ്ടു മരവിച്ച മനസ്സില്‍ നിന്നും ഒഴുകിയിറങ്ങിയ വരികള്‍ക്ക് ഒരു വിരാമം നല്കാന്‍ നല്ലൊരു പ്രഭാതം കൊതിച്ചു പോകുന്നിടത്ത് കവിയ്ക്കൊപ്പം വായനക്കാരും ആഗ്രഹിക്കുന്നു ലോകം നന്മകള്‍ കൊണ്ട് ഒരു വസന്തം വിരിയിക്കുന്ന കാലം വന്നുവെങ്കില്‍ പുതിയ കാലത്തിനു നവോന്മേഷം പകരുന്ന തുടുത്ത പ്രഭാതങ്ങള്‍ കണ്ടു വിശ്രമിക്കാന്‍ കഴിഞ്ഞെങ്കില്‍.

വായന മുഴുമിപ്പിച്ചു അടച്ചു വയ്ക്കുമ്പോള്‍ മനസ്സില്‍ കവിയുടെ വരികളില്‍ നിന്നൊരു വരി മാത്രം തിക്കിത്തിരക്കി മുന്നില്‍ വന്നു നിന്നു .

“മുടി നരച്ച കരിമ്പ് പാടങ്ങളില്‍

മുകിലിടഞ്ഞഗ്നി വർഷം തുടങ്ങവേ

എരിയുവാനെന്റെ പ്രണയസമ്പാദ്യമാം

കവിത തന്നെ നിനക്കു നല്കുന്നു ഞാന്‍.”

ഒരു തുടര്‍ച്ചയാകുവാന്‍ . ലക്ഷ്യം നേടുവോളം വിശ്രമിക്കാതിരിക്കുവാന്‍ കവിയുടെ ആഹ്വാനം നെഞ്ചേറ്റി ഓരോ കവിയും മുന്നോട്ട് കുതിക്കട്ടെ എന്ന് ആശംസിക്കുന്നു .

കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍
കുരീപ്പുഴ ശ്രീകുമാര്‍
ഡി സി ബുക്സ്
വില : 160 രൂപ
ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.