രാജപുരത്തെ കൊലപാതകം -അദ്ധ്യായം-13

സാംസണും പോലീസുദ്യോഗസ്ഥരും റാണിപുരത്തിൻ്റെ വിശാലമായ അടിവാരത്തെത്തുമ്പോൾ കുടക് മലനിരകൾക്കപ്പുറത്ത് നിന്ന് സൂര്യ വെളിച്ചം വന്നെത്തുന്നതേയുണ്ടായിരുന്നുള്ളു. ആകാശത്തെ മറച്ച് നിഴൽ വീഴ്ത്തി നിൽക്കുന്ന റാണിപുരം കൊടുമുടിയുടെ സുന്ദര കാഴ്ചകൾ കാണാൻ സഞ്ചാരികളെത്തി തുടങ്ങിയിട്ടില്ല.

എപ്പോഴും പാറിവീഴുന്ന ചാറ്റൽ മഴയും താഴെ കയങ്ങളിൽ നിന്നുയരുന്ന കോടയും ചേർന്ന് തണുപ്പ് വിരിക്കുന്ന കേരളത്തിൻ്റെ ഊട്ടിയാണ് റാണിപുരം. അങ്ങ് കിഴക്കോട്ട് കുടക് വനനിരകൾക്ക് മേലെ മഞ്ഞ് പുതച്ച പുൽമേടുകളെയും നിറഞ്ഞ കാടുകളെയും ചേർത്ത് മാണത്ത് മലയുടെ ഭാഗമായി ഉയർന്ന് നിൽക്കുന്ന മലനിരകൾക്ക് റാണിപുരം എന്ന മനോഹര പേര് നൽകിയത് കോട്ടയത്ത് നിന്ന് കാസർകോടിൻ്റെ കിഴക്കൻ ദിക്കിലേക്ക് കുടിയേറിയ അച്ചായൻമാരാണ്. അടിവാരത്തിനങ്ങേയറ്റം റാണിപുരത്തേക്കുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റു കാണാം.

‘അവിടെ ആരെങ്കിലുമുണ്ടാകുമോ?’

‘ഇല്ല സർ. അവിടെ ഡ്യൂട്ടിയിലുള്ള ഫോറസ്റ്റ് ഗാർഡുമാർ രാവിലെയെ വരൂ 8 മണി മുതലാണ് സഞ്ചാരികൾക്ക് മലയിലേക്ക് പ്രവേശനം. അപ്പഴെ ഗേറ്റ് തുറക്കു.’

‘നാണപ്പനെ വിളിക്ക്’

ജീപ്പിന് പുറകിൽ നിന്നും നാണപ്പൻ മെല്ലെ ഇറങ്ങി.

‘രാത്രിയിൽ കണ്ട ജീപ്പ് തിരികെ മലയിറങ്ങി പോയിട്ടില്ലെന്ന് ഉറപ്പല്ലെ?’

‘ഇല്ല സർ മടങ്ങി പോയിട്ടില്ല. ഉറപ്പാണ്. ഞാൻ നേരം വെളുക്കും വരെ അവിടെ മലയിലുണ്ടായിരുന്നു. ‘

‘എല്ലാവരും ചേർന്ന് എല്ലായിടവും നോക്ക്. ഇവിടെ ഈ കാടുകൾക്കിടയിൽ ആ ജീപ്പും അയാളും കാണും. അത് ജോസു തന്നെയാവും. അയാൾ രക്ഷപെടരുത്.’ സാംസൺ ഉറക്കെ പറഞ്ഞു

കാടുകളുടെ ഇരുളിമ പലയിടങ്ങളിലും കാഴ്ച മറച്ചും ചെറുപാറക്കൂട്ടങ്ങളാൽ അതിർത്തി തിരിച്ചും ദൂരേക്ക് ദൂരേക്ക നീണ്ടുകിടക്കുന്ന വിശാലമായ പുൽപ്പരപ്പിലൂടെ ജോസിനെയും അയാളുടെ ജീപ്പും അന്വേഷിച്ച് കാതുകളെ തണുപ്പിച്ച് കടന്നു പോകുന്ന നേർത്ത മഞ്ഞിനുള്ളിലൂടെ പോലീസുകാർ നടന്നു.

“സർ ആനയുണ്ടാവും സൂക്ഷിക്കണെ ” തിരച്ചിലിനായി സാംസൺ ആവശ്യപ്പെട്ടിട്ടു എത്തിച്ചേർന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഓർമ്മപ്പെടുത്തി.

‘ശരി എല്ലാവരും ശ്രദ്ധിക്ക്.’

സാംസൺ അടുത്ത് നിന്ന നാണപ്പനെ നോക്കി

ഇയാൾ കള്ളനാണോ?. താൻ മല കയറി വന്ന രാത്രി മുതൽ ഇയാൾ തൻ്റെ മുന്നിലും പിന്നിലുമായുണ്ട്. രാജപുരത്തെയും തന്നെയും നടുക്കിയ നരഹത്യ വന്ന് കയറിയ ദിവസം നടന്ന കൊലപാതകം അത് തന്നെ വല്ലാതാക്കി കളഞ്ഞു. മരിച്ചതാരെന്നും കൊന്നതാരെന്നും അറിയാൻ കഴിയാത്ത ശൂന്യതയിൽ നിന്ന് അതെല്ലാം കണ്ടെത്താൻ ഈ മെലിഞ്ഞ മനുഷ്യൻ്റെ ശ്രദ്ധയും കരുതലും തന്നെ സഹായിച്ചിട്ടുണ്ട്. ആ രാത്രിയിൽ ഓർമ്മയിൽ സൂക്ഷിച്ച ഒരു ജീപ്പിൻ്റെ ശബ്ദവുമായി ദാ …. ഇപ്പോൾ പുലർച്ചെ തന്നെ വിളിച്ചുണർത്തിയിരിക്കുന്നു. കിട്ടാനുള്ള പ്രതിയിലേക്കുള്ള സൂചനയാണ്. ഈ മനുഷ്യൻ കള്ളനെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു കള്ളൻ്റെ രാത്രിയാത്രകൾ ഈ കേസിൻ്റെ വിജയത്തിലേക്ക് തന്നെ എത്തിക്കുന്നു. ഈ മലനിരകളും ഇവിടുത്തെ ജനതയും തന്നെ ഓർക്കാൻ പാകത്തിന് ഈ കേസ് അവസാനിക്കയാണ്. അവൻ ജോസ്, അവന് ഇനി ഒളിക്കാൻ ഇടമില്ല. മഞ്ഞ് ഉതിർന്ന് തീരുന്ന വെള്ളി തെളിച്ചത്തിൽ ഈ പകലിൽ ജോസ് പിടിയിലാകും.

‘ സർ…… സർ … ജീപ്പ് ഇവിടെയുണ്ടെ !’

നാണപ്പൻ രാത്രിയിൽ കണ്ട ആ പഴയ മഹീന്ദ്ര ജീപ്പ് റാണിപുരത്തിൻ്റെ അടിവാരത്ത് പൊന്തക്കാടുകൾക്കുള്ളിൽ ഒളിപ്പിച്ചു കിടന്നിരുന്നു. പക്ഷെ അതോടിച്ചു വന്ന ജോസിനെ അവിടെയെങ്ങും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല അടിവാരത്തും കാടുകൾക്കുള്ളിലും ഒക്കെയായി അയാളെ തിരഞ്ഞു. എങ്ങുമില്ല. ഇനി ഇരുണ്ട വനഭൂമികൾക്കുള്ളിലേക്ക് അയാൾ പോയിട്ടുണ്ടാവുമോ? അതിന് സാധ്യതയില്ല. ആനയും കടുവയും കരടിയുമൊക്കെയുള്ള വനാന്തരങ്ങളിലേക്ക് കടന്നു പോകുക അസാദ്ധ്യം. മല നിരകളിലേക്ക് വലിയമരങ്ങളുമായി കാട് ഇരുണ്ട് പോകയാണ്. എവിടെയായിരിക്കും ജോസ് ? എങ്ങിനെ ഈ കാടിനുള്ളിൽ അയാളെ തേടും?.

‘ ഇനി അയാൾ മുകളിലേക്ക് റാണിപുരത്തേക്ക് പോയിട്ടുണ്ടാകുമോ സർ.?’ നാണപ്പൻ്റെ സംശയം.

‘ അത് ശരിയാവാം ചെക്ക് പോസ്റ്റിൻ്റെ ചെറിയ മതിൽ ചാടിക്കടന്നാൽ മുകളിലേക്ക് പോകാൻ പറ്റും. അതൊരു സാദ്ധ്യതയാണ്. അതും കൂടി നോക്കാം. എങ്ങിനെയും അയാളെ പിടിക്കണം നമുക്കും പോകാം. ‘

കുത്തനെയുള്ള കയറ്റം മരവേരുകളും കല്ലും കട്ടകളും മഴ നനഞ്ഞ് നനച്ച തെന്നലുണ്ടാക്കുന്ന മണ്ണും നിറഞ്ഞ കാട്ടുപാത ആ വഴിയിലൂടെയുള്ള നടപ്പ് അത്ര സുഖകരമായിരുന്നില്ല. കാട്ടുപാതയെ മറച്ച് കാട്ടിലെ മരച്ചില്ലകളും വള്ളിപ്പടർപ്പുകളും ഇരുവശങ്ങളിലെയും കാടിൻ്റെ ഇരുളമയ്ക്കുള്ളിൽ ചീവീടുകളുടെ ചിലമ്പൽ.

‘ ആനയുണ്ടാകും സൂക്ഷിക്കണെ’ മുന്നിലെ ആനപ്പിണ്ടം കണ്ട് തെല്ലിട നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇരുവശത്ത് നിന്നും കാട് മൂടി വെച്ചിരിക്കുന്ന ഈ ചെറുവഴിയിൽ ആനയെ കണ്ടാൽ എന്ത് ചെയ്യും. ഉത്തരമില്ലാത്ത ഒരു ചോദ്യമായി അത് . കാട്ടുവള്ളികളിലും മരക്കമ്പുകളിലും പിടിച്ച് ആയാസപ്പെട്ട് അവർ മുകളിലേക്ക് നടന്നു. വഴി അൽപ്പം നിരപ്പാവുകയാണ് മഞ്ഞ് മാഞ്ഞ ഇടങ്ങളിൽ ദൂരേക്ക് ദൂരേക്ക് മഴനിഴൽക്കാടുകളുടെ കാഴ്ചകൾ കാണാം.

‘ ദേ ….. ആന’ ആരോ വിളിച്ചു പറഞ്ഞു.

‘എയ് ശബ്ദമുണ്ടാക്കല്ലെ’ ഫോറസ്റ്റുകാർ ഓർമ്മപ്പെടുത്തി.

ഒരു ചെറിയ നീർച്ചാലിനപ്പുറം ചെറുമരങ്ങൾക്കിടയിൽ മരക്കൊമ്പുകൾ ഒടിച്ച് നിൽക്കുന്ന ആനകളെ കാണാം സഹ്യൻ്റെ പുത്രന്മാർ മുന്നിലെ പച്ചപ്പുകൾ പകുത്ത് മാറ്റി തിന്നും ചവച്ചും മരചില്ലകൾ വീശിയടിച്ചും കാടിൻ്റെ കരുത്തർ ആരെയും ശ്രദ്ധിക്കാതെ പതിയെ നീങ്ങുകയാണ്. ആനകൾ അൽപ്പം അകലെയാണ് എന്നാലും ഓടി വരുമോ സാംസൺ സംശയിച്ചു ചോദിച്ചു.

‘ഇല്ല സർ അവരെ ശല്യപ്പെടുത്താതിരുന്നാൽ മതി. അവർ നമെമ ശ്രദ്ധിക്ക പോലുമില്ല’.

ആനക്കാഴ്ചകൾ കണ്ട് കുറച്ച് നേരം എല്ലാവരും നിന്നു ജോസെന്ന കൊലപാതകിയെ തേടി എത്തിയതാണെന്ന ഓർമ്മ പോലുമില്ലാതെ ജീവിതത്തിൽ അപൂർവ്വമായി ലഭിച്ച ആ കാഴ്ച എല്ലാവരും ആസ്വദിക്കയായിരുന്നു

വഴിയിൽ ആനകൾ ഒടിച്ചിട്ട മരക്കമ്പുകൾ എടുത്ത് മാറ്റി പിന്നെയും മുകളിലേക്ക്. വഴിയിൽ വീണ് കിടന്ന കായ്കൾ പെറുക്കി തിന്നിരുന്ന കുരങ്ങിൻ കൂട്ടം ഒച്ചവെച്ച് അടുത്ത മരങ്ങളിലേക്ക് ഓടിക്കയറി. ആനകൾ ഉരുമ്മി തൊലിയുരിഞ്ഞു പോയ മരങ്ങൾ. മരക്കമ്പുകളിൽ താഴേക്ക് നോക്കി ശ്രദ്ധയോടെ ഇരിക്കുന്ന വർണ്ണകിളികൾ. ഇടയ്ക്കിടെ മുഖം മറച്ച് കടന്ന് പോകുന്ന നേർത്ത മഞ്ഞ്. മരച്ചാർത്തുകളിൽ ആരവം നിറച്ച് ആരെയും നനയ്ക്കാതെ ഒരു മഴ പെട്ടെന്ന് പെയ്ത് തോർന്നു. പാറക്കല്ലുകളിൽ ചവുട്ടി നീർച്ചാലുകൾ കടന്നപ്പോൾ വഴിയിലെ നനഞ്ഞ മണ്ണും വീണടിഞ്ഞ കരിയിലകളും പെട്ടെന്ന് കാലുകളിൽ വഴുവഴുപ്പുണ്ടാക്കിയത് പോലെ. ഷൂവിനുള്ളിൽ വെള്ളം കയറിയോ. സാംസൺ പാൻ്റ് അൽപ്പം ഉയർത്തി നോക്കി.

ഹൗ….. സാംസൺ ചാടി തുള്ളി….

അട്ടകൾ. കാലുകളിൽ തൂങ്ങിയാടുന്ന മഴയട്ടകൾ. അവ കടിച്ച പാടുകളിലൂടെ ചോര താഴേക്ക് ഒഴുകുന്നു. അഴുകി അലത്തു കിടന്ന കരയിലകൾക്കുള്ളിൽ നിന്ന് മനുഷ്യഗന്ധമറിഞ്ഞ അട്ടകൾ എല്ലാവരുടെയും കാലുകളിൽ അറപ്പും വെറുപ്പും ഭയവുമായി തൂങ്ങിയാടി.

(തുടരും…)

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.