
നിലാവിൽ മയങ്ങുന്ന പയസ്വനിയുടെ നേർത്ത തെളിമയിലേക്ക് നോക്കി മാണത്ത് മലയുടെ കറുത്ത പാറക്കൂട്ടങ്ങൾക്ക് മുകളിൽ മറ്റൊരു ഇരുട്ടായി നാണപ്പനിരുന്നു. മലമുകളിൽ പതിയിരുന്ന കുറുക്കന്മാർ ഇരുളിലെ ആ രൂപത്തെ നോക്കി ഓലിയിട്ടു. അടയ്ക്ക തോട്ടങ്ങളിൽ തൻ്റെ ലഹരിയും ഇഷ്ടവുമായി ഊയലാടുന്ന പഴുത്ത അടക്ക കുലകൾക്ക് മേലെ ഒരു രാത്രി നൽകിയ ഭീകര കാഴ്ച വല്ലാതെ പേടിപ്പെടുത്തിയ ദിവസങ്ങളായിരുന്നു കടന്ന് പോയത്. ഒരു മനുഷ്യൻ്റെ കത്തിയമരുന്ന രൂപം, ഉറങ്ങാത്ത മനസിൽ എപ്പോഴും ഭീതിയായി. വളർന്നു വന്നു. മരിച്ചത് സണ്ണിയാണത്രെ. സണ്ണിയെയും അയാളെ കൊന്നവരെയും അറിയാം. പോലീസ് അവരെ പിടിച്ചെന്നറിഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം. പ്രതികളെ പിടിച്ചെന്നറിഞ്ഞതു മുതൽ ഉള്ളിലുറഞ്ഞ് കൂടിയ ഭയത്തിന് മേലെ അടയ്ക്ക തോട്ടങ്ങളിൽ പഴുത്ത കുലകൾ ഊയലാടിത്തുടങ്ങി. ഇരുട്ടിനുള്ളിലൂടെ അങ്ങ് താഴെ അടയക്കതോട്ടങ്ങളിലേക്ക് ഓടിയിറങ്ങി ആ മരങ്ങളിൽ വലിഞ്ഞ് കയറാൻ നാണപ്പൻ വല്ലാതെ കൊതിച്ചു. എന്നാൽ ജോസിനെ കിട്ടിയില്ലല്ലോ. അയാൾ എവിടെയാവും? ഒന്നാം പ്രതി അയാളാണെന്ന് പോലീസ് പറയുന്നു.
മാണത്ത് മലയുടെ താഴെ റാണിപുരത്തേക്കുള്ള വഴി നേർത്ത നിലാവിൽ തിളങ്ങി. പയസ്വനിയുടെ തണുപ്പ് മലയിൽ നിറഞ്ഞ് തുടങ്ങി. വഴിയിൽ ഒരു വാഹനം പോലുമില്ല. കുടക് മലനിരകളിലെ കാട്ടുവഴികൾ താണ്ടി പയസ്വനികടന്ന് വരുന്ന ജീപ്പുകൾ ഒന്നും കാണുന്നില്ല. സാംസൻ സാറിനെ പേടിച്ചാവും. ജീപ്പുകൾക്കുള്ളിൽ ഒളിച്ചു കടത്തുന്ന സാധനങ്ങൾ സാർ പിടികൂടുമെന്ന് ഉറപ്പാണ്. സാർ ഭയങ്കരനാണ്. എത്ര പെട്ടെന്നാണ് കൊലപാതക കേസിലെ പ്രതികളെ പിടിച്ചത്. തന്നെ കുറെ പേടിപ്പിചിട്ടുണ്ടെങ്കിലും സാറ് നല്ലവനാണെന്ന് തോന്നിയിട്ടുണ്ട്. നാട്ടുകാർക്കൊക്കെ ഇപ്പോ സാറിനെ പുകഴ്ത്താനാണ് നേരം.
നാണപ്പൻ പാറക്കൂട്ടങ്ങൾക്കിടയിലൂടെ താഴേക്ക് നടന്നു. പള്ളി ഭാഗത്തേക്ക് ഇനി പോകില്ല എന്ന് നാണപ്പനുറച്ചിരുന്നു. റോഡിനപ്പുറം ജാതിമരങ്ങൾ നിറഞ്ഞ പറമ്പുകൾ കടന്നാൽ പയസ്വനിയുടെ തീരത്തേക്ക് നിറഞ്ഞ് നിൽക്കുന്ന ധാരാളം അടയക്ക തോട്ടങ്ങൾ ഉണ്ട് . അതിന് ചുവട്ടിലേക്ക് വല്ലാതെ കൊതിച്ച മനസുമായി നാണപ്പൻ വേഗത്തിൽ മലയിറങ്ങി. കാട്ടുപുല്ലുകൾക്കിടയിൽ അമർന്ന് കിടന്ന ഉരുണ്ട കല്ലുകൾ തെന്നിയടർന്ന് ശബ്ദമുണ്ടാക്കി ഉരുണ്ട് ഉരുണ്ട് താഴേക്ക് പോയി . താഴെ റോഡിലേക്കെത്താൻ ഇനി അധികമൊന്നുമില്ല.
നാണപ്പൻ ഒരു നിമിഷം നിന്നു ഒരു വാഹനത്തിൻ്റെ ശബ്ദമോ ? താഴെ നിന്ന് വരുന്ന വണ്ടിയുടെ ശബ്ദം അടുത്തടുത്ത് വരുന്നു. ആരാവും റാണിപുരത്തേക്ക് പോകുന്നത് ഒരു ജീപ്പാണല്ലോ. ഓ ……ദൈവമെ ഇത് ആ ശബ്ദം ആ രാത്രിയിലെ വണ്ടിയുടെ ശബ്ദം. കത്തിയെരിഞ്ഞ മനുഷ്യനരികിൽ നിന്ന് പോയ ജീപ്പിൻ്റെ ശബ്ദം. നാണപ്പൻ്റെ ശരീരത്തിൽ ഒരു വല്ലാത്ത വിറയൽ പടർന്നു. താഴെ റോഡിലെ ഇരുളിനെ പകുത്ത് മുകളിലേക്ക് റാണിപുരത്തേക്ക് പോകുന്ന ജീപ്പിൻ്റെ തെളിച്ചത്തെ നോക്കി നാണപ്പൻ വല്ലാതെ നിന്നു. ആ ഇരുളിൽ പയസ്വനിയുടെ കുളിര് ഭയമായി നാണപ്പനെ മൂടി.
(തുടരും…)









