കമീനോ സാൻറ്റിയാഗോ – 26

വീണ്ടും ക്യാമറ

ആൽബർഗിനുമുൻപിൽ ഹൗസ്ഫുൾ ബോർഡ് തൂങ്ങിയിരിക്കുന്നു എങ്കിലും, അവിടെ മുതിർന്ന പ്രായക്കാരായ ഒരു ദമ്പതികൾ വരിനിൽക്കുംപോലെ നിൽപ്പുണ്ട്. ഞാൻ ആൽബർഗിനുമുൻപിലെ ആ ഹൗസ്ഫുൾ ബോർഡ് കണ്ടെങ്കിലും ആ പ്രായമുള്ള പിൽഗ്രിമുകൾ എന്തിനായിരിക്കും അവിടെ കാത്തുനിൽക്കുന്നത് എന്നറിയാനുള്ള കൗതുകത്തിൽ അവരുടെ അടുത്തേക്ക് നടന്നെത്തി. ഏറെ ഗൗരവ മുഖഭാവത്തിലായിരുന്ന അവർ എന്നെ കണ്ടപ്പോൾ പുഞ്ചിരിയോടെ ബോം കമീനോ നേർന്നു. ഞാനും അവർക്ക് ബോം കമീനോ നേർന്ന് അവരെ പരിചയപ്പെട്ടു. ഇരുവരും കാനേഡിയൻ പാസ്പോർട്ട് ഉള്ളവരാണ്. അല്പം കഥപറച്ചിലിനൊടുവിൽ ഞാൻ അവർ അവിടെ കാത്തുനിൽക്കുന്നതിൻറെ ഉദ്ദേശം തിരക്കി.

അവർ അല്പസമയം മുൻപ് ഇവിടെ വന്നപ്പോൾ ആൽബർഗിൻറെ ചില്ലുവാതിൽ തുറന്നിരിക്കുകയായിരുന്നു. അവിടെ റിസപ്‌ഷനിലായി ഒരു വ്യക്തി ഉണ്ടായിരുന്നു. ഇപ്പോൾ അയാൾ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയാണ്. മൂന്ന്മണി ആകുമ്പോൾ അയാൾ തിരികെ വരും. അയാൾ പോകുന്നതിനുമുന്പായി അയാൾ തിരികെവന്നശേഷം ഇന്ന് ഫോൺ വഴി ബുക്ക് ചെയ്തിട്ടുള്ള പിൽഗ്രിമുകൾ ആരെങ്കിലും ക്യാൻസൽ ചെയ്‌താൽ ആ കിടക്ക നൽകാൻ ശ്രമിക്കാം എന്ന് വാഗ്ദാനം നല്കിയിട്ടുള്ളതിനാലാണ് ദമ്പതികളായ ഈ പിൽഗ്രിമുകൾ ഇവിടെ കാത്തുനിൽക്കുന്നത്. അത്രയും കേട്ടപ്പോൾ ഞാൻ അവരോടായി ചോദിച്ചു.

“ഈസ് ഇറ്റ് ഓക്കെ ഇഫ് ഐ ജോയിൻ യു ഇൻ വെയ്റ്റിംഗ് ഫോർ ഹിം?”

“ഓ എസ്. ഇഫ് ഇറ്റ് ഈസ് ജസ്റ്റ് എ ബെഡ്, ദെൻ ദാറ്റ് ഈസ് യുവേഴ്സ്” അവർ മറുപടി നൽകി.

ഞാൻ അവരോടൊപ്പം അവിടെ ആൽബർഗിനുമുന്നിൽ കുത്തിയിരുന്നു. ഏകദെശം അരമണിക്കൂർനേരം ഞങ്ങൾ പരസ്പരം കമീനോ കഥകൾ പങ്കുവെച്ചു. വിവിധ സംസ്കാരത്തിൽപെട്ട ആളുകൾ ഒരേ ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങുമ്പോൾ കൈമാറ്റം ചെയ്യപ്പെടുന്ന മൂല്യങ്ങൾ, ഓരോ വ്യക്തിയിലും ഉണ്ടാകുന്ന ചില പഠനങ്ങൾ, തിരുത്തലുകൾ, അബദ്ധങ്ങൾ അങ്ങനെ കമീനോയിൽ ഒരു മനുഷ്യന് സംഭവിക്കുന്ന എല്ലാ മാറ്റങ്ങളെപ്പറ്റിയും ഞങ്ങൾ ചർച്ച ചെയ്തു.

ഒടുവിൽ സമയം മൂന്ന് കഴിഞ്ഞപ്പോൾ ആൽബർഗിൻറെ ചില്ലുവാതിൽ തുറക്കപ്പെട്ടു. ഞങ്ങൾ മൂന്ന്പേരും ആകാംക്ഷയോടെ എഴുന്നേറ്റ് ആൽബർഗിനകത്തേക്ക് നോക്കി. അതിനുള്ളിൽനിന്നും പുഞ്ചിരിയോടെ ഒരാൾ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഞങ്ങൾ അകത്തുകയറിയപ്പോഴേക്കും അയാൾ റിസപ്‌ഷൻ മേശയുടെ മറുവശത്തെ കസാരയിൽ ഇരുന്ന് ഞങ്ങൾക്ക് മുന്നിലുള്ള കസാരകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. അതായത് അയാളുടെ പക്കൽ ഇന്ന് ഞങ്ങൾ മൂന്ന്പേരെയും താമസിപ്പിക്കാനുള്ള കിടക്കകൾ ഉണ്ട്.

കാത്തുനിൽപ്പിന് ഫലമുണ്ടായതിൽ ഞങ്ങൾ പരസ്പരം ഹസ്തദാനം ചെയ്ത് സന്തോഷം പങ്കുവച്ചു. ആൽബർഗിലെ റിസപ്‌ഷനിസ്റ്റ് ചെക്ക് ഇൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ആൽബർഗിനെ ചുറ്റികാട്ടി. ചാങ് ലി പറഞ്ഞപോലെ ആൽബർഗിൽ ധാരാളം ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുകയാണ്. എല്ലാ വശത്തും ആളുകൾ ഇടം കയ്യടക്കിയിരിക്കുന്നു.

എനിക്കായി നൽകപ്പെട്ട കിടക്കക്കരികിലെ ഇരുമ്പുകള്ളിയിൽ ഭാണ്ഡം ഇറക്കിവെച്ച്, അതിൽനിന്നും കഴുകാനുള്ള തുണികളുമായി ഞാൻ കുളിമുറി ലക്ഷ്യമാക്കി നടന്നു. തുണികൾ അടുക്കളക്കരികിൽ സ്ഥാപിച്ചിട്ടുള്ള മെഷിനിൽ രണ്ടുയുറോ നാണയം നിക്ഷേപിച്ച് അലക്കാനിട്ടശേഷം ഞാൻ ഒന്ന് വിസ്തരിച്ച് കുളിച്ചു. കുളികഴിഞ്ഞു വെളിയിൽ വന്നപ്പോഴേക്കും തുണിയലക്കും കഴിഞ്ഞിരുന്നു. പുറത്ത് അപ്പോഴും സാമാന്ന്യം ചൂടുള്ള വെയിൽ ഉണ്ടായിരുന്നതിനാൽ തുണികൾ ആൽബർഗിനു പുറകിലായി ഒരുക്കിയിട്ടുള്ള തുണികൾ ഉണക്കാനുള്ള ഇടത്ത് വിരിച്ചിട്ടശേഷം ആഹാരം തപ്പി വെളിയിലിറങ്ങി. ആൽബർഗിൽനിന്നും ഏറെ ദൂരെ അല്ലാത്ത ഒരു സൂപ്പർമാർക്കറ്റിൽ കയറി അരിയും, മസൂർ ദാലും വാങ്ങി ഞാൻ തിരികെയെത്തി.

അടുക്കളയിൽ അല്പം തിരക്ക് അനുഭവപ്പെട്ടു എങ്കിലും എൻ്റെ ഭക്ഷണം പാകംചെയ്യാനുള്ള അവസരമായപ്പോഴേക്കും ആളുകൾ നന്നേ കുറഞ്ഞു. വേഗം ചോറും പരിപ്പുകറിയും തയ്യാറാക്കി. നേരത്തെ നമ്മൾ തുണി ഉണക്കാനിട്ട ഇടത്ത് ചെറിയൊരു ബാക്ക്യാർഡ് വെജിറ്റബിൾ ഗാർഡൻ ഉണ്ട്, അതിൽ ധാരാളമായി ഉണ്ടായിനിൽക്കുന്ന തക്കാളി, മുളക്, വെണ്ട, വഴുതനങ്ങ, ചീര എന്നിവയെല്ലാം മറ്റുള്ളവർ പറിച്ചതിൻറെ ബാക്കിയായി അടുക്കളയിൽ കൂടകളിലായി ഫ്രീ എന്ന കുറിപ്പോടെ ഇരിപ്പുണ്ട്. എല്ലാ പിൽഗ്രിമുകൾ ഉണ്ടാക്കുന്ന എല്ലാ തരം ആഹാരത്തിലും അവ യഥാക്രമം കയറിക്കൂടുന്നുണ്ട്. എൻ്റെ പരിപ്പുകറിയിലും ആവശ്യത്തിന് പച്ചക്കറികൾ കയറിക്കൂടി.

ഭക്ഷണശേഷം അടുക്കള വൃത്തിയാക്കലും ബാക്കിയുള്ള ആഹാരം ഒരു ചെപ്പിലാക്കി പേരും ചെക്കോട്ട് ചെയ്യുന്ന തിയതിയും എഴുതി ഫ്രിഡ്ജിൽ വച്ചശേഷം അല്പം വിശ്രമിക്കാനായി ഞാൻ വീണ്ടും ബാക്യാർഡിൽ എത്തി. അപ്പോഴാണ് അവിടെ ധാരാളം ചെണ്ടുമല്ലിയും ഉണ്ടമല്ലിയും പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. ചെടിയോട് അനുവാദം ചോദിച്ച് രണ്ടുപൂക്കളും, തൈമ് ചെടിയുടെ അല്പം ഇലകളും പറിച്ച് ഒരു “ഇഫ്യൂഷൻ” ഉണ്ടാക്കി. അടുക്കളയിൽനിന്നു കിട്ടിയ ഒരു ചില്ലു ജഗ്ഗിൽ പകുതിയോളം ഉണ്ടായ ഇൻഫ്യൂഷൻ പകർത്തി വീണ്ടും ബാക്യാർഡിൽ എത്തി. “ഹാമക്” എന്നറിയപ്പെടുന്ന കിടക്കാൻ പറ്റുന്ന ഊഞ്ഞാലിൽ അല്പം വിശ്രമിക്കൽ ആണ് ലക്ഷ്യം.

ഞാൻ വിശ്രമിക്കവെ എനിക്കരികിൽ വച്ചിട്ടുള്ള ഇൻഫ്യൂഷൻ കണ്ടു അത് അൽപ്പം രുചി നോക്കാനായി ഒരു പ്രായമുള്ള സ്ത്രീ പിൽഗ്രിം ആഗ്രഹം പ്രകടിപ്പിച്ചു. ഞാൻ അവർക്ക് ഇഫ്യൂഷൻ പകർന്ന് നൽകി. മെല്ലെ ഇഫ്യൂഷൻറെ മണവും രുചിയും ആസ്വദിച്ചു കുടിച്ചശേഷം അവർ അതിനെ ഒരുപാട് പുകഴ്ത്തി. ഞാൻ അവരോട് നന്ദി പറഞ്ഞു വീണ്ടും അൽപ്പനേരംകൂടെ ആ ഹമാകിൽ കിടന്ന് വിശ്രമിച്ചു.

വെയിൽ മങ്ങിയപ്പോഴേക്കും ഉണങ്ങിയ തുണികൾ എടുത്ത് ഞാൻ മുറിയിലെത്തി. മടക്കിയ തുണികൾ ഭാണ്ഡത്തിൽ കയറ്റി. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു എങ്കിലും ഞാൻ ആൽബർഗിൽനിന്നും വെളിയിലിറങ്ങി. ഉച്ചക്ക് വെയിലിൽ കണ്ട പാതകളിലൂടെ ഒന്ന് നടന്നു. ഭാണ്ഡമില്ലാതെ നടക്കുന്നതിനാൽ നടക്കുന്നതായി അനുഭവപ്പെടുന്നുണ്ടായില്ല. അതിനാൽത്തന്നെ സാമാന്ന്യം നല്ലൊരുദൂരം നടന്ന് കാഴ്ചകൾ കണ്ടശേഷമാണ് തിരികെവന്നത്. തിരികെയെത്തിയപ്പോഴേക്കും ആൽബർഗിൻറെ പ്രധാന ഭാഗങ്ങളിലെല്ലാം ആളുകൾ ചീട്ടുകളിയും കള്ളുകുടിയുമൊക്കെയായി തിങ്ങി നിറഞ്ഞിരുന്നു. ഞാൻ മെല്ലെ ബഹളം ഒഴിവാക്കി മുറിയിൽ കിടക്കയിലേക്ക് നീങ്ങി. ഇന്ന് ആവശ്യത്തിന് വിശ്രമം ലഭിച്ചതിനാൽ പെട്ടന്ന് ഉറക്കം വന്നില്ല എങ്കിലും വൈകാതെ ഉറങ്ങിപ്പോയി.

പുറത്ത് തുറസ്സിൽ ഉറങ്ങുന്നതിനേക്കാൾ വൈകിയാണ് എഴുന്നേറ്റത്. ഏകദെശം ഏഴുമണി ആയപ്പോഴേക്കും കുളിയും മറ്റും കഴിച്ചശേഷം ഇന്നലെ ഉണ്ടാക്കിയ ആഹാരത്തിൻ്റെ ബാക്കി അകത്താക്കി യാത്രക്കായി തയ്യാറായി. ഇന്ന് വഴിയിൽ “മക്കയറിയ ഡെ മയ്യ” എന്ന സ്ഥലത്തുവച്ച് ഒരാളെ കണ്ടുമുട്ടണം.

കോയിമ്പ്ര നഗരം മുതൽ സമയം കിട്ടുമ്പോൾ എല്ലാം ഞാൻ ഓ. ൽ. എക്സ് ൽ നമ്മുടെ കളഞ്ഞുപോയ ക്യാമറ വന്നിട്ടുണ്ടോ എന്ന് നോക്കാറുണ്ട്. നമ്മുടെ ക്യാമറ കണ്ടുകിട്ടിയില്ലെങ്കിലും അതേ മോഡൽ ക്യാമറ ഒന്നുരണ്ടെണ്ണം കണ്ടിരുന്നു. അവയിൽ ചിലരുമായൊക്കെ ചാറ്റ് ചെയ്തുനോക്കി. അങ്ങനെ മുന്നോട്ട് പോകുന്നവഴിയിൽ ഒരാളെ കണ്ടെത്തുകയും ഞാൻ ഏകദെശം അവിടെ എത്തുന്ന ദിവസ്സം അറിയിച്ചാൽ ക്യാമറയുമായി എനിക്കരികിൽ വന്ന് നേരിൽ സംസാരിക്കാമെന്നും അയാൾ സംമ്മതിച്ചിരുന്നു. ഇന്നലെ ഞാൻ പോർത്തോയിൽ എത്തിയവിവരം അറിയിച്ചപ്പോൾ ഇന്ന് മക്കയറിയ ഡെ മയ്യ എന്ന സഥലത്ത്‌ കണ്ടുമുട്ടാം എന്ന് അയാൾ സമ്മതിച്ചു.

പതിവിലും അൽപ്പം വൈകിയാണ് യാത്ര തുടങ്ങിയത് എങ്കിലും അപ്പോഴും സൂര്യൻ ഉദിച്ചിരുന്നില്ല. ഇത്രനാളും കണ്ടുപഴകിയ ഭൂപ്രകൃതിയിൽനിന്നും പൂർണമായും വ്യത്യസ്തമായ കാഴ്ചകളാണ് പോർത്തോ നഗരത്തോട് ചേർന്നുള്ളത്.

നഗരഭാഗം വിട്ടതോടെ നീണ്ടുനിവർന്ന പാതകളും, നോക്കെത്താദൂരം കാണാവുന്ന പരന്ന ഭൂമിയുമെല്ലാം ദൃശ്യമായി ഒപ്പം മലനിരകളും, കുന്നുകളും. ചൂള ഇഷ്ടികകൾ കൊണ്ടുള്ള മതിലുകളും കെട്ടിടങ്ങളും. അതേസമയം നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രൗഢ മന്ദിരങ്ങളും നിരയായി നിൽക്കുന്ന കാഴ്ചകൾ. എന്തിനേറെ നിരത്തുകളിൽ കാണാം പഴമക്കാരെങ്കിലും ഇന്നും കരുത്തോടെ നിലകൊള്ളുന്ന വാഹനങ്ങൾ. മൊത്തത്തിൽ പഴമയും പുതുമയും എളിമയും പ്രൗഢിയും ഒരേ രീതിയിൽ പ്രതിഫലിക്കുന്ന ഒരു നഗരവും അതിൻ്റെ പരിസരവുമാണ് പോർത്തോ.

രാവിലെ ആഹാരം കഴിച്ചശേഷമാണ് യാത്രയുടെ തുടക്കം എന്നതിനാൽ ഇന്ന് ഉച്ചവരെ നീണ്ട വിശ്രമമോ മറ്റ് സമയനഷ്ടം വരുത്തുന്ന കാര്യങ്ങളോ ഒന്നുമില്ല. ഒരു നിശ്ചിത വേഗതയിൽ നടന്നുകൊണ്ടിരിക്കുക. ഇന്നലെ ആവശ്യത്തിന്ന് വിശ്രമവും നല്ല ഉറക്കവും, ആഹാരവും ലഭിച്ചതിനാൽ ഇന്ന് നടത്തിൻറ്റെ വേഗതയിൽ സ്ഥിരതയുണ്ട്. വൈകിയിറങ്ങിയെങ്കിലും സൂര്യോദയത്തിനുമുൻപേ പോർത്തോ നഗരപരിസരം മറികടക്കാനായി. ഇന്ന് പൊതുവെ ആകാശം അത്ര തെളിമയുള്ളതല്ല. സൂര്യോദയത്തിന് ശേഷവും സൂര്യൻ മേഘാവരണങ്ങൾക്കുള്ളിൽ ആയതിനാൽ വെയിലിൻറെ ശല്യമില്ല എങ്കിലും ചെറിയ പുഴുക്കം അനുഭവപ്പെടുന്നുണ്ട്.

ആ മങ്ങിയ വെളിച്ചത്തിൽ ചെമ്പൻ നിറമുള്ള വടക്കൻ പോർത്തുഗിസ് ഗ്രാമങ്ങൾ പിന്നിട് ഏകദെശം രണ്ടുമണിയോടെ ഞാൻ മക്കയറിയ ഡെ മയ്യ എത്തി. ഫിലിപ് എന്ന യുവാവുനോടാണ് ഞാൻ ഒ. ൽ. എക്‌സിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത്. മക്കയറിയ ഡെ മയ്യ എത്തിയ ഉടനെ ഞാൻ അദ്ദേഹത്തെ വിളിച്ചു. പത്തുമിനിറ്റിൽ ഞാൻ നിൽക്കുന്ന ഇടത്തേക്ക് എത്തിക്കൊള്ളാം എന്ന് അദ്ദേഹം സമ്മതിച്ചു. പോർത്തൊയിൽനിന്നും വടക്കോട്ട് പോകുന്ന പ്രധാന പാതയുടെ ഒരത്തായി ഒരു പള്ളിയോട് ചേർന്നുള്ള വലിയൊരു പാർക്കിലാണ് ഞാൻ ഫിലിപ്പിനെ കാത്തിരിക്കുന്നത്.

ഈ അടയാളങ്ങൾ എല്ലാം അദ്ദേഹവുമായി പങ്കുവച്ചിരുന്നു. ഫിലിപ് പറഞ്ഞ സമയം പാലിച്ചു. അദ്ദേഹം കൃത്യം പത്തുമിനിറ്റ് ആയപ്പോഴേക്കും എനിക്കരികിൽ എത്തിച്ചേർന്നു. വന്നയുടനെ അദ്ദേഹത്തിൻ്റെ ആകാംഷ എൻ്റെ യാത്രയെകുറിച്ചറിയാനായിരുന്നു. അൽപ്പനേരം ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. ക്യാമറകളെപ്പറ്റിയും ഫോട്ടോഗ്രഫിയെപ്പറ്റിയുമെല്ലാം സംസാരിച്ചു. ഒടുവിൽ അദ്ദേഹം തൻ്റെ ക്യാമറ എൻ്റെ കയ്യിലേക്ക് തന്നു. ഒറ്റനോട്ടത്തിൽ എൻ്റെ കയ്യിലുണ്ടായിരുന്ന അതേ എ 1 ക്യാമറ തന്നെ. പക്ഷെ ഇതിന് അൽപ്പം പഴക്കം കുറവാണ്, എങ്കിലും ധാരാളം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ളതിൻറെ പാടുകൾ കാണാം.

ക്യാമറക്കൊപ്പം ഒരേയൊരു സിഗ്മ സൂം മാസ്റ്റർ ലെൻസ് മാത്രമാണ് ഉള്ളത്. ഫിലിപ്പിന് ഈ ക്യാമറയെപ്പറ്റി വലിയ കഥകൾ ഒന്നും അറിയില്ല. അദ്ദേഹത്തിന് ഫിലിം ഫോട്ടോഗ്രാഹിയിൽ കമ്പം തോന്നിയപ്പോൾ അദ്ദേഹം പോർത്തോയിലെ ഒരു കടയിൽനിന്നും ഈ ക്യാമറ വാങ്ങി. ഇപ്പോൾ അദ്ദേഹത്തിന് ആ കമ്പം നന്നേ കുറഞ്ഞിരിക്കുന്നതിനാൽ ക്യാമറ വിൽക്കുന്നു. ക്യാമറ ബോഡിയും, ലെൻസും, ബാഗും പിന്നെ നാലഞ്ചു റോൾ 200 ഐ. സ്. ഒ ഫിലിമുകളും അദ്ദേഹം എനിക്ക് മൊത്തമായി ഒരു വിലയിൽ വാഗ്ദാനം ചെയ്തു. പിന്നീട് അദ്ദേഹം തന്നെ ആ വിലയിൽനിന്നും അല്പം കുറച്ച് വീണ്ടും ഒരു വിലപറഞ്ഞു. എന്തിരുന്നാലും ഒടുവിൽ അദ്ദേഹം പറഞ്ഞ വിലയിൽ ഇത്രയും സാധനങ്ങൾ ലഭിക്കുന്നത് അസംഭവ്യമാണ്. ഞാൻ ആ വാഗ്ദാനം സ്വീകരിച്ചു.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.