രാജപുരത്തെ കൊലപാതകം -അദ്ധ്യായം-11

മൂടിക്കെട്ടി നിൽക്കുന്ന ആകാശം ഇടയ്ക്കിടെ പെയ്യുന്ന മഴ. സുഖമുള്ള ജീപ്പ് യാത്രയിൽ ഏറെ അത്ഭുതത്തോടെയും ആകാംക്ഷയോടെയും ഷെമീറും ജോയിയും പറയുന്ന കഥകൾ കേട്ട് ആ പോലീസുകാരിരുന്നു. തങ്ങളും ഒരു കൊലപാതക കേസിൻ്റെ അന്വേഷണത്തിലായിരുന്നുവെന്നും ആ കേസിലെ പ്രതികളെ തങ്ങളും കൂടീ ചേർന്ന് പിടിച്ചിരിക്കുന്നുവെന്നും തങ്ങളോടൊപ്പുള്ളവരാണ് ആ പ്രതികളെന്നും അവർക്ക് വിശ്വസിക്കാനാകുന്നില്ല.

പോലീസുകാർ ഇടയ്ക്ക് ആദരവോട ആദരവോടെ മുന്നിലിരിക്കുന്ന സാംസണെ നോക്കി . എന്തൊരു മനുഷ്യനാണിയാൾ? ഒരു ബഹളവുമില്ലാതെ, ഒച്ചപ്പാടുകളില്ലാതെ ആരോടും ഒന്നും പറയാതെ പങ്ക് വെയ്ക്കാതെ ഒറ്റയ്ക്ക് അത്ര എളുപ്പമൊന്നും തെളിയിക്കാൻ കഴിയാത്ത ഒരു കൊലപാതകം പെട്ടെന്ന് തെളിയിച്ചിരിക്കുന്നു .

ഷെമീർ കഥ തുടർന്നോളു. സാംസൺ ഇടയ്ക്ക് ഓർമ്മിപ്പിച്ചു

ഞങ്ങൾ സുഹൃത്തുക്കളായിരുന്നു സർ. ഞാനും ജോയിയും ജോസും സണ്ണിയും. എങ്കിലും സണ്ണിയോട് അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. ജോസും സണ്ണിയും അയൽവാസികളാണെന്ന് അറിയാല്ലോ. സണ്ണി വിവാഹം കഴിച്ചിട്ടില്ല. അവന് സെക്യൂരിറ്റി പണിയാണ്. അകലൊയെക്കെയാണ് ജോലിക്ക് പോകുന്നത്. ഇടയ്ക്ക് വന്നാൽ ഒന്നു രണ്ട് മാസമൊക്കെ ഇവിടെ കാണും. ജോസ് ജീപ്പുമായി മംഗലാപുരത്തും കുടുകിലും പോയാൽ നാലും അഞ്ചും ദിവസത്തിന് ശേഷമാണ് തിരികെ എത്തുന്നത്. ഈ അവസരത്തിൽ ജോസിൻ്റെ ഭാര്യ ആലീസും സണ്ണിയുമായി അടുപ്പത്തിലായി. ഒരു പാടുനാളുകൾക്ക് ശേഷമാണ് ജോസ് ഇക്കാര്യം അറിയുന്നത്. അവൻ ആലീസുമായി വഴക്കുണ്ടാക്കി. ഇനിയും സണ്ണിയുമായി യാതൊരു ബന്ധവും ഉണ്ടാകരുതെന്ന് കർശനമായി വിലക്കി.

പക്ഷെ ആ ബന്ധം അവസാനിച്ചില്ല. ആലിസ് ജോസില്ലാത്ത അവസരങ്ങളിൽ സണ്ണിയെ വിളിച്ചു വരുത്തുന്നുണ്ടെന്ന് ജോസിന് മനസിലായി. അയാൾക്ക് രണ്ട് പേരോടും പകയായ്.
മക്കളെ ഓർത്താണ് അയാൾ ആലിസിനെ കൊല്ലാതിരുന്നത്. ജോസിൻ്റെ തീരുമാനങ്ങൾക്കൊപ്പം ഞങ്ങളും കൂട്ടു ചേരുകയായിരുന്നു. ഞാനും ജോയിയും ചേർന്നാണ് ആ ദിവസം
സണ്ണിയെ വിളിച്ചു വരുത്തിയത്.

ആദ്യമൊന്നും സണ്ണി വരാൻ തയ്യാറായിരുന്നില്ല. കുടക്കിൽ ഒരു കോളുണ്ടെന്ന് പറഞ്ഞപ്പോഴാ അവൻ സമ്മതിച്ച് .

‘എന്തു കോളാണ് ?’

ഷെമീർ ഒന്നും മിണ്ടിയില്ല.

‘കഞ്ചാവാണല്ലെ ? നിങ്ങൾ ഇടയ്ക്ക് ആ പണി ചെയ്യുന്ന കാര്യം എനിക്കറിയാം. ങ്ങാ … എന്നിട്ട്’

സണ്ണി സന്ധ്യ കഴിഞ്ഞാണ് രാജപുരത്ത് എത്തിയത്. ബസ്റ്റാൻഡിനടുത്ത് ജീപ്പുമായി കാത്ത് നിന്ന സണ്ണി അവനെയും കയറ്റി പനത്തടിയിലേക്ക് വന്നു.

‘ ചെറുപനത്തടിയിലെ തുണിക്കടയിൽ നിന്ന് ജോസ് ഒരു തോർത്ത് വാങ്ങിയത് അറിയാമോ ?’

ഇല്ല. പക്ഷെ ജീപ്പിൻ്റെ പുറകിൽ തോർത്ത് ഒരു കവറിൽ കിടന്നിരുന്നു. പനത്തടിയിൽ നിന്ന് ഞാനും ജോയിയും ജീപ്പിൽ കയറി. റാണിപുരത്തേക്കുള്ള വഴി
ജീപ്പ് കുറെ ഓടി. മാണത്ത് മലയുടെ അങ്ങേ അറ്റത്ത് ആരും കാണാത്ത ഒരു ചെരുവിൽ ഇരുന്ന് എല്ലാവരും നന്നായി മദ്യപിച്ചു . പിന്നെ ജോയിയാണ് ജിപ്പോടിച്ചത് ഞാനും ജോസും ജീപ്പിന് പുറകിലിരുന്നു.

ജോസ് ഇടയ്ക്ക് സണ്ണിയോട് ആലീസുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. സണ്ണി അതിനെ എതിർത്തു. അവർ തമ്മിൽ ബഹളമായി. ജോസ് അരിശം വന്നപ്പോൾ ആ തോർത്ത് എടുത്ത് സണ്ണിയുടെ കഴുത്തിൽ ഇട്ട് കുരുക്കി.

‘അതിനാണല്ലോ ആ തോർത്ത് വാങ്ങി വെച്ചത്. ആട്ടെ ആ തോർത്തിരുന്ന കവർ എന്ത് ചെയ്തു?’

‘അത് ഞാൻ സീറ്റിന്റെ സൈഡിൽ വെച്ചെന്നാണ് തോന്നുന്നത്’

‘സണ്ണിയുടെ കഴുത്ത് ഞെരിക്കാൻ താനും കൂടിയില്ലെ ? എന്താ മിണ്ടാത്തെ ഷെമീറെ’

‘ഞാൻ സണ്ണിയുടെ കൈ പിടിച്ചു മാറ്റുകയെ ചെയ്തുള്ളു’

സണ്ണിയുടെ അനക്കം പെട്ടെന്ന് തന്നെ നിന്നു. ജീപ്പിലുണ്ടായിരുന്ന ചാക്കിൽ അയാളുടെ ശരീരം എടുത്ത് വെച്ച് കെട്ടി. പിന്നെ അതുമായി പള്ളിയുടെ പുറകിൽ ആരുമില്ലാത്ത ഇടത്ത് കൊണ്ട് പോയിട്ടു. ജോസ് വണ്ടിയിൽ പെട്രോൾ വാങ്ങി വെച്ചിരുന്നു അത് ചാക്കിന് പുറത്ത് ഒഴിച്ചു കത്തിച്ചു. അതിന് ശേഷം ഞങ്ങൾ ഗൂർഗിന് പോയി.

ഷെമീറിൻ്റെ കഥ പറച്ചിൽ കേട്ട് പോലീസുകാർ അത്ഭുതപ്പെട്ടിരുന്നു

ജോസ് എവിടെ ?

(തുടരും…)

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.