
അട്ടപ്പാടിയുടെ തണുപ്പിനുള്ളിലൂടെ ജീപ്പ് ചുരമിറങ്ങുമ്പോൾ അതിനുള്ളിൽ കൈവിലങ്ങിട്ട രണ്ട് പേർ നിശബ്ദരായി ഇരിക്കുന്നുണ്ടായിരുന്നു. അവരോട് എന്തെങ്കിലും ചോദ്യമോ പറച്ചിലോ സാംസനിൽ നിന്ന് ഉണ്ടായില്ല. മണ്ണാർക്കാട് ലോഡ്ജ് മുറിയിലെത്തി ഫ്രഷായി വീണ്ടും യാത്ര, രാജപുരത്തേക്ക് . ജീപ്പിന് മുന്നിലിരുന്ന് മയങ്ങുന്ന സാംസണെ അത്ഭുതത്തോടെ നോക്കി പോലീസുകാരിരുന്നു. ഇവരെ എന്തിനാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് ? ആരാണിവർ? ഷെമീർ , ജോയി എന്നീ പേരുകൾക്കപ്പുറം ഒന്നുമറിയില്ല. സാർ ഇതുവരെ ഒന്നും വിട്ടു പറയുന്നുമില്ല.
‘ ഒരു ചായ കുടിക്കണം, ഏതെങ്കിലും ചെറിയ കടയുടെ മുമ്പിൽ നിർത്ത് ‘ മയക്കത്തിൽ നിന്ന് ഉണർന്ന് സാംസൺ പറഞ്ഞു.
ചായ കുടി കഴിഞ്ഞു വീണ്ടും യാത്ര.
‘നമ്മുടെ സുഹൃത്തുകൾ എന്ത് പറയുന്നു’ സാംസൺ പുറകോട്ട് നോക്കി ചോദിച്ചു.
ആരും ഒന്നും മിണ്ടിയില്ല.
‘എന്നാൽ ഷെമീർ പറയ് . ഷെമീർ എന്തിനാ ഇപ്പോൾ ഈ പോലീസ് ജീപ്പിൽ യാത്ര ചെയ്യുന്നേ ?’
അയാൾ ഒന്നും മിണ്ടിയില്ല.
‘ കഥ ഷെമീർ പറയുന്നതാണ് ശരി. നിങ്ങളുടെ കഥ കേൾക്കാൻ ഇഷ്ടം പോലെ സമയവും ഞങ്ങൾക്ക് ഉണ്ട് . നമ്മൾക്ക് രാജപുരം വരെ ചെല്ലണ്ടെ ? സമയം പോകണ്ടെ ? പറഞ്ഞോളു’
ഷെമീർ ഒന്നും മിണ്ടിയില്ല.
‘എങ്ങിനെ തുടങ്ങും എന്നതാവും, പ്രശ്നം അല്ലെ ?’
‘ ഷെമീറെ ദാ എൻ്റെ കൈയിലിരിക്കുന്ന ഫോൺ രാവിലെ നിന്നെ കസ്റ്റഡിയിൽ എടുത്തപ്പോൾ നിൻ്റെ പോക്കറ്റിൽ നിന്ന് കിട്ടിയതാണ്. ഇതു തൻ്റെ തന്നെയല്ലെ? ‘
‘അതെ ….’ ഷമീർ പതിയെ പറഞ്ഞു.
‘ഇത് ജോയിയുടെ അല്ലെ?’
‘അതെ’
‘നിങ്ങൾ അട്ടപ്പാടിയിൽ എത്തിയിട്ട് എത്ര നാളായ് ?’
‘4 ദിവസം’
‘രാജപുരത്ത് ഒരു കൊലപാതകം നടന്നത് അറിയാമോ ?’
‘അറിയാം’
‘അതിൻ്റെ തലേ ദിവസം പകലും രാത്രിയും ഷെമീർ ആരെയൊക്കെ ഫോൺ ചെയ്തു?’
‘ എന്താണ് മിണ്ടാത്തത്? ശരി ഓർമ്മയില്ലാത്തതാവും. നാണപ്പനെ അറിയാമോ? നമ്മുടെ കള്ളൻ നാണപ്പനെ?’
‘ അറിയാമോ ? എന്താണ് മിണ്ടാത്തത് അറിയുമോ?’
‘അറിയാം’
‘അയാൾ കള്ളനാണെന്ന് അറിയുമോ?’
‘അറിയാം’
‘അയാളുടെ മോഷണ പരിപാടിയിൽ നിങ്ങളും കൂടാറുണ്ടോ?’
‘ഇല്ല സർ ഇല്ല. വഴിയിൽ കണ്ട് പരിചയമേ ഉള്ളു’
‘അപ്പോൾ നിങ്ങൾ സുഹൃത്തുക്കളല്ല’
‘അല്ല കണ്ടിട്ടുണ്ട് അത്രയെ ഉള്ളു’
‘പിന്നെന്തിന് നിങ്ങൾ അട്ടപ്പാടിക്ക് പോരുന്നതിന് രണ്ട് ദിവസം മുമ്പ് അയാളെ ഷാപ്പിൽ കൊണ്ടുപോയ് കള്ള് വാങ്ങി കൊടുത്തത് ?
‘ നാണപ്പൻ ഒരു കുപ്പി കള്ള് വാങ്ങിത്തരാമോ എന്ന് ഞങ്ങളോട് ചോദിച്ചു.’
‘ഹ.ഹ ഭയങ്കര സ്നേഹമുള്ളവർ’
‘കള്ളനാണെങ്കിലും നാണപ്പന് ചില ശരികളുണ്ട്. അയാൾ ആരോടും പണം കടം വാങ്ങില്ല. ആരുടെയും ഔദാര്യത്തിൽ മദ്യപിക്കില്ല. നിങ്ങൾ നാണപ്പന് മാത്രം കള്ളു വാങ്ങി കൊടുത്തത് എന്താ? അതും അത്രമേൽ നിർബന്ധിച്ച്. വേറെ എത്രയോ പേരുണ്ട് അവിടെ. ‘
‘എന്താ ഷെമീർ മിണ്ടാത്തത്? ങ്ങാ ….. കള്ളു കാര്യം പോട്ടെ. നാണപ്പനോട് എന്തൊക്കെയാ ചോദിച്ചത് ?’
‘മിണ്ടാതിരിക്കണ്ട. എല്ലാം എനിക്കറിയാം പറഞ്ഞോ’
‘ അന്ന് മരിച്ച് കിടക്കുന്ന ആളെ കണ്ട കാര്യം.’
‘അതുമാത്രമല്ലല്ലോ.’
‘പോലീസ് പിടിച്ച് കൊണ്ടു പോയിട്ട് എന്തൊക്കെ ചോദിച്ചെന്ന്’
‘അതെന്തിനാ?’
‘ എന്താണ് ഷെമീർ മിണ്ടാത്തത്?’
‘ മരിച്ചതാരെന്ന് പോലീസ് അറിഞ്ഞോ എന്ന് ചോദിച്ചോ ? അതെന്തിനാ ? എന്തിനാ പോലീസ് ജോസിനെയും സണ്ണിയെയും അന്വേഷിച്ചതെന്ന് ചോദിച്ചോ? അതെന്തിനാ?
ആ വിവരം അറിഞ്ഞ് നിങ്ങൾ രാജപുരത്ത് നിന്ന് മുങ്ങി അല്ലെ. നിങ്ങൾ അട്ടപ്പാടിയിൽ വന്നതിന് ശേഷവും അതിന് മുമ്പും നിങ്ങൾ ഒരു നമ്പറിലേക്ക് നിരവധി തവണ വിളിച്ചിട്ടുണ്ടല്ലോ.
ഫോൺ അയാൾ എടുത്തിട്ടുമില്ല. അതാരുടെ നമ്പർ?’
‘ജോസിൻ്റെ’
അയാൾ എവിടെ ?
‘അറിയില്ല’
‘അറിയില്ലെ ?’
‘അയാൾ എന്താ ഫോൺ എടുക്കാത്തത് ? അയാളാണോ മരിച്ചത്’
‘ ശരി. ആ ആൾ മരിച്ച ദിവസം അതിന് മുമ്പുള്ള പകൽ രാവിലെയും ഉച്ചക്കും വൈകിട്ടും ഷെമീർ ഒരാളോട് കുറെ സമയം സംസാരിച്ചിട്ടുണ്ടല്ലോ. ആരാ അത്?’
‘സണ്ണി’
‘എന്താ പറഞ്ഞത്?’
‘എന്താണ് മിണ്ടാത്തത്?’
‘ ശരി ശരി. ജോയി താനാണ് സണ്ണിയെ അവസാനം വിളിച്ചത്. ആ ദിവസമല്ലാതെ വിളിച്ചിട്ടുമില്ല. സണ്ണിയുടെ ഫോണിൽ വന്ന കോളും നിങ്ങൾ പറഞ്ഞതും ഒക്കെ റിക്കാർഡ് ചെയ്തിട്ടുണ്ട്.
എല്ലാം എനിക്കറിയാം. എല്ലാം അറിഞ്ഞിട്ടാ നിങ്ങളെ പിടിച്ചത്’
‘ജോയി താൻ എന്തിനാ കരയുന്നെ. തന്നെ മാപ്പുസാക്ഷിയാക്കാം. പറഞ്ഞോ’
‘സണ്ണിയെവിടെ ? സണ്ണി എവിടെ ?’
‘അയാൾ മരിച്ചു ! അയാളെ കൊന്നു !’
(തുടരും..)









