കമീനോ സാൻറ്റിയാഗോ – 25

പോർത്തോ

കിളികൾ ഉണരും മുൻപേ ഞാൻ ഉണർന്നു. പല്ലുതേയ്പ്പും ഒരു കാക്കക്കുളിയും പാസ്സാക്കി ഭാണ്ഡവും ഏറ്റി നടത്തമാരംഭിച്ചപ്പോൾ സമയം അഞ്ചര. വഴിവിളക്കുകളുടെ വെളിച്ചത്തിൽ കമീനോ ചിഹ്നങ്ങൾ പിൻതുടർന്ന് ഞാൻ നീങ്ങിക്കൊണ്ടിരുന്നു.

ഇന്ന് ഉച്ചയാകുമ്പോഴേക്കും പോർത്തോ നഗരം പിടിക്കണം. കമീനോ പോർത്തുഗീസയുടെ ഒരു പ്രധാന ആകർഷണമാണ് പോർത്തോ നഗരം. സെൻട്രൽ വേ നടക്കുന്നവരും, കോസ്റ്റൽ വേ നടക്കുന്നവരും പോർത്തുയിൽ സന്ധിച്ചശേഷം വീണ്ടും വഴിപിരിഞ്ഞുപോകുന്നു.

“പോർത്തോ”

പടിഞ്ഞാറൻ യൂറോപ്പിലെ ഒരു പ്രധാന നഗരമാണ് പോർത്തോ. പേരുസൂചിപ്പിക്കുന്നപോലെത്തന്നെ പോർത്തോ ഒരു തുറമുഖ നഗരമാണ്. പോർത്തുഗീസ് ഭാഷയിൽ പോർത്തോ എന്നാൽ “പോർട്ട്” എന്നുതന്നെയാണ് അർഥം. എയർ പോർട്ടിനെ എയർ പോർത്തോ എന്നും, തുറമുഖത്തെ പോർത്തോ ഡെ മാരിട്ടീമോ അഥവാ പോർത്തോ ഡെ മാർ എന്നും പറയുന്നു. പോർത്ത എന്നാൽ കവാടം അഥവാ വാതിൽ എന്നും അർഥമുണ്ട്.

നഗരങ്ങളെ പരിഗണിച്ചാൽ ലിസ്ബൺ നഗരം ഏകദെശം 3200 ഓളം വർഷങ്ങളുടെ പഴക്കമുള്ള, യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നാണ്. പക്ഷെ പോർത്തുഗൽ എന്ന രാജ്യത്തിൻറെ നാമം പോർത്തോ (പോർത്തു കാലെ) നഗരത്തിൻറെ പുരാതന നാമത്തിൽനിന്നും ഉത്ഭവിച്ചതാണെന്ന് കരുതപ്പെടുന്നു. പോർത്തോ ഏറെ സുന്ദരമായ ഒരു നഗരമാണ്. ലിസ്ബൺ, റോമാ, ജെറുസലേം, ഇസ്താംബുൾ പോലെയുള്ള നഗരങ്ങളോടൊപ്പം പോർത്തോ നഗരത്തെയും “സിറ്റി ഓഫ് സെവൻ ഹിൽസ്” എന്ന് വിളിക്കാറുണ്ട്. കാരണം പോർത്തോ നഗരവും ഏഴു വലിയ കുന്നുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. മാത്രമല്ല, രാജ്യത്തെ വലിയ രണ്ടാമത്തെ നഗരമായതിനാൽത്തന്നെ ധാരാളം സ്വദേശികളും വിദേശികളും കുടിയേറിപാർക്കുന്നു ഇവിടെ.പോർത്തുഗലിൻറെ സാംസ്കാരിക നഗരം എന്നുവേണമെങ്കിൽ പോർത്തോയെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏഴാമത് വീഗൻ സൗഹൃദ നഗരമാണ് പോർത്തോ. വ്യവസായത്തിലും പോർത്തോ വലിയ പങ്കുവഹിക്കുന്നു. പ്രധാനമായും വൈൻ, സൈക്കിളുകൾ, മൽസ്യബന്ധനം, കോർക്ക് എന്നിവതന്നെയാണ് വ്യവസായമെങ്കിലും മൊത്തം പോർത്തുഗലിനെ പരിഗണിച്ചാൽ പോർത്തോ വൈൻ മറ്റുള്ളവയെ അപേക്ഷിച്ചു ലോകമെമ്പാടും കേൾവിപ്പെട്ടതാണ്. ബ്രിട്ടീഷ് രാജ്ഞി മുതൽ ലോകത്തിലെ പല വൈൻ ഇഷ്ടപ്പെടുന്നവരുടെയും പ്രഥമ പരിഗണനയിൽ പോർത്തോ വൈൻ ഉണ്ടാകും. ഇന്ത്യയിലെ ലുധിയാന എന്നപോലെയാണ് യൂറോപ്പിന് ഇപ്പോൾ പോർത്തോ. മൊത്തം യൂറോപ്പിലേക്കും കയറ്റിയയക്കപ്പെടുന്ന സൈക്കിളുകളുടെയും വലിയൊരു ഭാഗവും നിർമ്മിക്കപ്പെടുന്നതും പോർത്തോയിലും പരിസരപ്രദേശങ്ങളിലുമാണ്.

സാഹിത്യരംഗത്ത് പ്രധാനമായും ജെ പി റൗളിങ്ങിനെ പ്രതിപാദിക്കാതെ പോർത്തോയുടെ കഥപറയൽ പൂർണമാകില്ല. കാരണം ഹാരിപോട്ടർ എഴുതുന്നകാലത്ത് അവർ പോർത്തോ നഗരത്തിലും പോർത്തുഗലിലെ മറ്റു ഉൾനാടൻ പ്രദേശങ്ങളിലും ഒരുപാടുനാൾ താമസിച്ചിരുന്നു. നഗരമധ്യത്തിലുള്ള “ലിവ്‌റേറിയ (വായനശാല) ലെല്ലോ” ആണ് അവരെ പ്രധാനമായും ഹരിപോട്ടറിൻറെ പശ്ചാത്തലം ഒരുക്കാൻ പ്രേരകമായതെന്ന് അവർതന്നെ വെളിപ്പടുത്തിയിട്ടുള്ളതാണ്.

മാത്രമല്ല ആ നോവലിൽ മുഴുനീളമായും പോർത്തോ നഗരത്തിൻറെ അടയാളപ്പെടുത്തൽ അവിടെ അവിടെ ആയി കാണാനാകും. അതിരാവിലെ മുതലുള്ള നടത്തം ഇടയിൽ എവിടെയും നിർത്തിയില്ല. ഏകദേശം എട്ടുമണി ആകാറായതോടെ ആകാശം ചുവപ്പിച്ചുകൊണ്ട് സൂര്യൻ മെല്ലെ ഉയരുന്നു വന്നു.

സൂര്യനുദിച്ചതോടെ അൽപ്പനേരം വിശ്രമിച്ചു എന്തെങ്കിലും ആഹാരം കഴിക്കാം എന്ന ഉദ്ദേശത്തോടെ ഞാൻ ഒരു ചെറിയ കഫെയിൽ കയറി. അവിടെനിന്നും പതിവുപോലെ ഒരു ബ്രെഡ്ഡും പഴച്ചാറും വാങ്ങി കഴിച്ചു, ശുചിമുറി ഉപയോഗിച്ചശേഷം സമയം പാഴാക്കാതെ നടത്തം തുടർന്നു. മുന്നോട്ടുപോകുംതോറും കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും കൂടിവരുകയാണ്. പോർത്തോയില്നിന്നും മുന്നോട്ട് ഇപ്പോൾ കാണുന്നതിലും വലിയ കയറ്റങ്ങൾ ധാരാളം ഉണ്ടാകുമെന്ന് ഞാൻ വായിച്ചിരുന്നു. പക്ഷെ ഇപ്പോൾ ഈ കയറ്റങ്ങൾ ഒന്നും എന്നെ തളർത്തുന്നില്ല. കാരണം പോർത്തോ നഗരം എനിക്ക് വെറും മണിക്കൂറുകൾ മാത്രം അകലെയാണ്. അതായത് എൻ്റെ യാത്രയുടെ മുക്കാൽ ഭാഗത്തോളം ഞാൻ താണ്ടിക്കഴിഞ്ഞിരിക്കുന്നു.


പോർത്തുഗലിലെ ചെറിയ കുട്ടികളെ അവരുടെ മതപാഠശാലകളിലെ അധ്യാപകർ അവധിക്കാലത്ത് കൂട്ടമായി പോർത്തോയിൽനിന്നും സാൻറ്റിയാഗോ വരെ നടക്കാൻ കൊണ്ടുപോകാറുണ്ട്. സ്കൗട്ട്സ് ആൻഡ് ഗയിഡ്സ് എന്നപേരിൽ അറിയപ്പെടുന്ന സംഘം ഇവിടെ പള്ളികളുമായി ചേർന്നുപോകുന്ന ഒന്നാണ്. ദൈവത്തെയും രാജ്യത്തെയും ഒരുപോലെ സേവിക്കും എന്ന് പ്രതിജ്ഞ ചെയ്യുന്ന അവർ, ചെറിയ കുട്ടികളെ സ്കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിഫോമിൽതന്നെ കമീനോ നടക്കാൻ കൊണ്ടുപോകുന്നു. തീർച്ചയായും 250 കിലോമീറ്ററുകളാളോളമുള്ള ഈ നടപ്പ് കുട്ടികളിൽ ശാരീരികവും മാനസികവുമായി നല്ല ധാരണകൾ ഉണ്ടാക്കും. പക്ഷെ മതത്തിനതീതമായി ഇത്തരം യാത്രകൾ സംഘടിപ്പിക്കണം എന്നപക്ഷമാണ് എൻ്റെത്. കാരണം പള്ളിയുമായി ചേർന്നുനിൽക്കാത്തവരുടെ കുട്ടികൾക്കും, മറ്റു മത വിശ്വാസികൾക്കും ഇത്തരത്തിൽ അവസരം ലഭ്യമാവണമല്ലോ.

വെയിൽ മൂത്തപ്പോഴേക്കും ഞാൻ കാനനപാതയിൽ പ്രവേശിച്ചിരുന്നു. വലിയ മരങ്ങളുടെ തണൽപ്പറ്റി ചിലപ്പോൾ മൺപാതയിലൂടെ, മറ്റുചിലപ്പോൾ കല്ലുവിരിച്ച പാതയിലൂടെ, അതിനും അപ്പുറം കുന്നിന്മുകളിൽനിന്നും വെള്ളം ഒഴുകുന്ന വാട്ടർ വേയിലൂടെ എല്ലാം നടത്തം മുന്നേറി.

ഏകദെശം പതിനൊന്ന് മണിയോടെ പോർത്തോ നഗരത്തിൻറെ പരിധിയിൽ എത്തിച്ചേർന്നു. പോർത്തോ അരികിൽ എത്തി എന്ന് മനസ്സിലായതോടെ എൻ്റെ നടപ്പിൻറെ വേഗം ഇരട്ടിയായി. കയറ്റങ്ങൾ നടത്തമത്സരത്തിലെന്നപോലെ ഞാൻ പാഞ്ഞുകയറി, ഇറക്കങ്ങൾ പറന്നിറങ്ങി. ഒടുവിൽ കാനനപാതയിൽനിന്നും നൂറ്റാണ്ടുകളുടെ ചരിത്രവുംപേറി നിരന്നുനിൽക്കുന്ന കെട്ടിടങ്ങൾ തിങ്ങിയ നഗരവീഥികളിലൂടെ നടന്ന് ഡ്യൂറോ നദിയുടെ വശത്തായി കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന പോർത്തോ നഗരത്തിൻറെ ഒരുവശത്തെ വ്യൂ പോയിന്റിൽ എത്തി.

“പോണ്ടേ ഡാ ഡോം ലൂയിസ് 1 ” അഥവാ ഡോം ലൂയിസ് 1 പാലത്തിൻറെ ഒരുവശത്തായി നിർമ്മിച്ചിരിക്കുന്ന വ്യൂ പോയന്റും അതിനോട് ചെന്നുള്ള ചെറിയൊരു ഉദ്യാനവും. അവിടെ വിവിധ നാടുകളിൽനിന്നുള്ള ജനങ്ങൾ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഞാൻ പാലത്തോട് ചേർന്നുള്ള ഒരു കെട്ടിൽ അൽപ്പനേരം താഴെ ഡ്യൂറോ നദി ഒഴുകുന്നതും അതിനോട് ചേർന്ന് മറുകരയിൽ പരന്നുകിടക്കുന്ന നഗരവും നോക്കി അൽപ്പനേരം ഇരുന്നു.

സുന്ദരമായ ആ കാഴ്ചയിൽ മതിമറന്നുള്ള എൻ്റെ ഇരുപ്പ് അരമണിക്കൂറോളം നീണ്ടു. സമയം മുന്നോട്ട് പോകുംതോറും ആളുകളുടെ തിരക്ക് ഏറിവന്നു. ആ തിരക്ക് ഞാൻ സമാധാനമായി ഇരുന്നിടത്തും എത്തിയതോടെ ഞാൻ മെല്ലെ നടക്കാൻ നിർബന്ധിതനായി. അടുത്തതായി നേരെ പാലം കടന്ന് മറുകരയിൽ പോർത്തോ കത്തിയെട്രൽ പോയി കമീനോ പാസ്സ്പോർട്ടിൽ സീൽ വാങ്ങണം. ഞാൻ കത്തിയെട്രൽ ലക്ഷ്യമാക്കി നടന്നു. കാഴ്ചകൾ ആസ്വതിച്ചുള്ള നടത്തം ഒടുവിൽ കത്തിയെട്രലിൽ ചെന്നെത്തി. അവിടെ എത്തിയതും മൊത്തത്തിൽ ഒരു ബഹളമയം ആയിരുന്നു. പള്ളിയുടെ പുറത്ത് പലതരം കലാകാരന്മാർ പാട്ടുപാടുന്നു നൃത്തം ചെയ്യുന്നു, അത് കാണാനായി ധാരാളം സാധാരണ സഞ്ചാരികളും പിൽഗ്രിമുകളും കൂടിനിൽക്കുന്നു. അവരുടെയെല്ലാം ഒച്ചയും ആർപ്പുവിളികളും എല്ലാം എന്നെ അലട്ടുന്നതായി തോന്നി. എല്ലാ ബഹളത്തിനും ഇടയിലൂടെ ഒരുവിധത്തിൽ ഞാൻ പള്ളിയുടെ അകത്ത് നുഴഞ്ഞുകയറി പാസ്സ്പോർട്ടിൽ സീൽ സംഘടിപ്പിച്ചു.

അതിനുശേഷം ഒന്ന് ഓടിനടന്ന് ആ പള്ളിയുടെ അകത്തെ നിർമ്മിതികൾ കണ്ട് വേഗത്തിൽ പുറത്തിറങ്ങി.

പരമാവധി ആളുകൾ ഇല്ലാത്ത ഒഴിഞ്ഞ ഒരിടത്ത് ഭാണ്ഡമിറക്കിവെച്ചുകൊണ്ട് ഞാൻ സ്തംബ്ധനായി നിന്നു. അൽപനേരം ചെവി പൊത്തിപിടിച്ചുകൊണ്ട് കണ്ണുകൾ അടച്ചുനിൽക്കണം എന്ന് തോന്നിപോയി. പക്ഷെ ദീർഘശ്വാസം അകത്തേക്കെടുത്ത് മെല്ലെ അതിനെ പുറംതള്ളി ഞാൻ ഒരുവിധത്തിൽ സാധാരണതയിലേക്ക് തിരികെവന്നു. ശേഷം മെല്ലെ ഒന്ന് ചുറ്റുംനോക്കിയപ്പോൾ ഒരു കിഴക്കേ ഏഷ്യൻ മുഖമുള്ള ഒരാൾ എന്നെ നോക്കി ചിരിക്കുന്നു. അയാൾക്ക് എന്നെ പരിചയമുള്ളതുപോലെ തോന്നുന്നു. ഞാൻ അയാളുടെ മുഖത്തേക്ക് അല്പനേരം നോക്കിനിന്നു. അപ്പോൾ അയാൾ തല താഴ്ത്തി ചുണ്ടനക്കി ബോം കമീനോ നേർന്നു. അതോടെ അയാൾ ഒരു പിൽഗ്രിം ആണെന്ന് എനിക്ക് മനസ്സിലായി. ഞാനും തിരികെ ബോം കമീനോ നേർന്നു. അതോടെ അയാൾ എൻ്റെ അടുക്കൽ വന്നു.

ചാങ് ലീ. അയാൾ സ്വയം പരിചയപ്പെടുത്തി. അദ്ദേഹം ചൈനീസ് വംശജനായ ഒരു അമേരിക്കൻ പൗരനാണ്. ഞാൻ നടന്ന അതേ സെൻട്രൽ വേ ലിസ്ബണിൽനിന്നും ആരംഭിച്ചു, ഇന്നലെ പോർത്തോയിൽ എത്തിച്ചേർന്നിരിക്കുകയാണ് ചാങ് ലീ. രണ്ട് ദിവസം പോർത്തോയിൽ ചിലവിട്ടശേഷം യാത്ര തുടരാനാണ് അദ്ദേഹത്തിൻ്റെ പദ്ധതി. ചാങ് ലീ ഇന്നലെ ഇവിടെ എത്തിയപ്പോൾ അദ്ദേഹത്തിനും ഇന്ന് ഞാൻ നേരിട്ടപോലെ ഒരു സംഭ്രമം അനുഭവപെട്ടത്രേ. അതിനു കാരണമായി അദ്ദേഹം പറഞ്ഞത്, ദിവസ്സങ്ങളായുള്ള ഏകാന്ത യാത്രക്കൊടുവിൽ തിക്കും തിരക്കിലും അകപ്പെട്ടതാണ് എന്നാണ്. അതുകേട്ടപ്പോൾ എനിക്കും അല്പം ആശ്വാസമായി. ഞാൻ മാത്രമല്ല ഈ ലോകത്ത് എന്ന ആശ്വാസം എന്നിൽ അല്പം പുഞ്ചിരി വിടർത്തി.
കുശലംപറച്ചിലിനൊടുവിൽ ചാങ് ലി വാച്ചിലേക്ക് നോക്കി ഇന്ന് എന്താ പ്ലാൻ എന്ന് ചോദിച്ചു. ഇന്ന് ഇവിടെ തങ്ങാനാണ് പദ്ധതി എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് തിടുക്കത്തിൽ ആൽബർഗിൽ എത്തിച്ചേരാൻ നിദ്ദേശിച്ചു. ഇപ്പോൾ പോർത്തോയിൽ പിൽഗ്രിമുകളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ മിക്കവാറും ആൽബർഗുകൾ നിറഞ്ഞിരിക്കുകയാണത്രെ. അതിനാൽ സമയം വൈകുംതോറും ഇടം ലഭിക്കാനുള്ള സാധ്യത തീരെ കുറവായിരിക്കും എന്നും ചാങ് ലി കൂട്ടിച്ചേർത്തു. അതുകേട്ടതോടെ ഞാൻ ചാങ് ലി യോട് നന്ദിപറഞ്ഞു ഭാണ്ഡവുമെടുത്ത് മാപ്പിൽ ആൽബർഗിലേക്കുള്ള ലൊക്കേഷൻ ഇട്ട് നടന്നു. ഇരുപത്തുമിനിറ്റോളം നടന്ന് ഒടുവിൽ ഞാൻ ആൽബർഗിനുമുൻപിലെത്തി.

“വീ ആർ ഫുൾ”

ആൽബർഗിനുമുന്നിലെ ചില്ലിൽ ഒരു ബോർഡ് തൂങ്ങിയിരിക്കുന്നു.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.