
പിറന്നാൾ
പണ്ടുമുതലേ ദീർഘദൂരം ഒറ്റക്കുള്ള നടത്താമോ, സൈക്കിൾ ചവിട്ടലോ എനിക്ക് ഏറെ ഇഷ്ടമാണ്. അത് അർദ്ധരാത്രിയിൽ ആയാൽ അതിലേറെ സന്തോഷവും. ലോഹിതദാസിനും അദ്ദേഹത്തിൻ്റെ എഴുത്തിനും സിനിമകൾക്കും ഏറെ പശ്ചാത്തലമായിട്ടുള്ളതാണ് ചാലക്കുടിയും പരിസരഗ്രാമങ്ങളും. അത്തരത്തിൽ തനിയാവർത്തനം സിനിമയിൽ മമ്മുട്ടി അവതരിപ്പിച്ച ബാലൻമാഷുടെ അമ്മാവൻ, തറവാടിൻറെ പ്രതാപകാലം വർണിക്കാൻ ഒരു സൂചന നൽകുന്നുണ്ട്.
“വടക്ക് റെയിൽവേ പാലം മുതൽ തെക്ക് മല്ലൻചിറകാവ് വരെ ഉള്ള ഭൂസ്വത്ത് തങ്ങളുടേതായിരുന്നു”.
സത്യത്തിൽ ചാലക്കുടിപുഴക്ക് കുറുകെയുള്ള റെയിൽവേ പാലം മുതൽ പാതയോരത്തുകൂടി ഏകദെശം ഒരുകിലോമീറ്റർ തെക്കോട്ട് നടന്നാൽ എത്താവുന്ന അമ്പലമാണ് മല്ലൻചിറ കാവ്. നാട്ടിലെ എൻ്റെ വീട് ഈ പാലത്തിനും മല്ലൻചിറക്കാവിനും തമ്മിലെ നേർരേഖയിലേക്ക് ഒരു ലംബം വരച്ചാൽ എന്നപോലെ ഒരു കിലോമീറ്റർ പടിഞ്ഞാറുമാറിയാണ് സ്ഥിതിചെയ്യുന്നത്. അതായത് ചാലക്കുടി പട്ടണത്തിൽനിന്നും വീട്ടിലേക്ക് ബസ്സിൽ വരുകയാണെങ്കിൽ മൂന്നോ നാലോ കിലോമീറ്റർ ചുറ്റിവളഞ്ഞു വേണം എത്താൻ. എന്നാൽ റെയിൽ പാലം മുറിച്ചുകടന്നാൽ ഒന്നര കിലോമീറ്റർ നടപ്പിൽ വീട്ടിലെത്താം. പക്ഷെ ആ വഴികളൊക്കെ കാടുപിടിച്ചതും പാടശേഖരവും വെള്ളക്കെട്ടും മാത്രമല്ല അപകടം നിറഞ്ഞതും തീരെ ആൾതാമസമില്ലാത്തതുമാണ്. പണ്ട് നാട്ടിൽ പഠിപ്പും ജോലിയുമൊക്കെ ചെയ്യുന്നകാലത്ത് ആ അപകടം നിറഞ്ഞ വഴിയിലൂടെ അർധരാത്രി ഒറ്റക്കുനടക്കൽ ഒരു പതിവായിരുന്നു. പക്ഷെ അപ്പോഴൊന്നും ഇത്തരത്തിൽ ഒരു മാനസികാവസ്ഥ ഉണ്ടായിട്ടില്ല
യുക്തിസഹമായി ചിന്തിച്ചാൽ അന്നത്തേതിനേക്കാൾ ഏറെ സുരക്ഷിതമാണ് ഇപ്പോൾ ഉള്ള സാഹചര്യം. കാരണം ഇവിടെ ക്ഷുദ്രജീവികൾ ഏതുമില്ല എന്നുമാത്രമല്ല ഇപ്പോൾ ഉള്ള ഈ സ്ഥലത്തെപ്പറ്റി ഒരു അപസർപ്പകകഥയും എനിക്ക് അറിയില്ല. കമീനോ ചിഹ്നം വഴികാട്ടിയ നടപ്പാതയായതിനാൽ കള്ളന്മാരോ പിടിച്ചുപറിക്കാറോ ഇവിടെ ഇറങ്ങാൻ ധൈര്യപ്പെടില്ല. പതിമൂന്ന് പതിനാല് വർഷങ്ങൾ മുൻപത്തേക്കാൾ ഇന്ന് എൻ്റെ മനസ്സിൻറെ തുറവി അത് ഏറെ വിപുലമായിരിക്കുന്നു. അന്ന് ആ നാടോ, കേരളമോ ഏറ്റവും കൂടിയപക്ഷം ഇന്ത്യ എന്ന രാജ്യത്തിനകത്തോ മാത്രം ഒതുങ്ങിനിന്നിരുന്ന എൻ്റെ പൗരത്വ ബോധം ഇന്ന് വിശ്വപൗരത്വ സങ്കൽപ്പത്തിലേക്ക് കടന്നിരിക്കുന്നു. അതിലുപരി കഴിഞ്ഞ ഒരുപാടുവർഷങ്ങളായുള്ള നിരന്തര യാത്രകൾ, ഒടുവിൽ ഈ കഴിഞ്ഞുപോയ പത്ത് പതിനൊന്ന് ദിവസ്സങ്ങളായുള്ള തുടർച്ചയായ നടത്തം. ഇതെല്ലാം എന്നിൽ “എത്തിപ്പെടുന്നിടം എൻറെകൂടി ഇടം” എന്ന മനോഭാവം സൃഷ്ടിച്ചിരിക്കുന്നു. ഇതെല്ലാം കൂട്ടിയും കിഴിച്ചും നോക്കിയിട്ടും എനിക്ക് ഇപ്പോഴത്തെ അങ്കലാപ്പിൻറെ കാരണം വ്യക്തമാകുന്നില്ല.
ഒന്ന് തീർച്ച, ഇത് ഭയം അല്ല.
കിളികളും ചീവീടുകളും കരയുന്ന, കാറ്റിൽ ചില്ലകളാട്ടുന്ന യൂക്കാലി മരങ്ങളുടെയും ശബ്ദം മാത്രം കേട്ട്, പ്രകാശമലിനീകരണം ഇല്ലാത്തതിനാൽ നക്ഷത്രങ്ങളുടെ നേർത്ത വെളിച്ചത്തിൽ മിഴിതെളിച്ചു ഞാൻ നടന്നുകൊണ്ടേയിരുന്നു. പരമാവധി വേഗതയിലാണ് ഞാൻ മുന്നേറുന്നത്. ഓരോ മിനിറ്റുകൾ കഴിയുംതോറും പ്രകാശം നന്നേ കുറയുകയാണ്. ഫോൺ പരിശോധിച്ചപ്പോൾ നെറ്റ്വർക്ക് തീരെയില്ല. യാത്ര തുടങ്ങുംമുൻപേ ആപ്പിൾ മ്യൂസിക്, സൗണ്ട് ക്ളൗഡ് എന്നീ സംഗീത ആപ്പുകളുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുത്തിരുന്നതിനാൽ അവയിൽ ഞാൻ ലൈക് ചെയ്തിട്ടുള്ള പാട്ടുകൾ സേവ് ആവുകയും ഓഫ്ലൈൻ ആയി കേൾക്കുകയും ചെയ്യാം. പ്രശസ്ത പോളിഷ് പിയാനിസ്റ്റ് ഹനിയ റാണിയുടെ “ഡാൻസിങ് വിത്ത് ഗോസ്റ്റ്” എന്ന ഗാനം കേട്ടുകൊണ്ടായി മുന്നോട്ടുള്ള നടപ്പ്.
ഉയരെ തഴച്ചുവളർന്നുനിൽക്കുന്ന യൂക്കാലി മരങ്ങളുടെ ഇടയിലൂടെയുള്ള മൺപാതയിൽ. തടിവണ്ടികൾ ഓടി പൂഴിയായിമാറിയ മണ്ണിൽച്ചവിട്ടി നടക്കുന്നതിനിടയിൽ പുറകോട്ടുനോക്കിയപ്പോൾ ആകെ ഉള്ള നുറുങ്ങുവെട്ടത്തെയും മറച്ച് ഞാൻ കടന്നുവന്ന പാതയിൽ പുകപോലെ പൊടിമണ്ണ് ഉയർന്നിരിക്കുന്നു.
താളത്തിലുള്ള നടപ്പും പശ്ചാത്തലത്തിൽ സംഗീതവുമൊക്കെ ആയി പതിയെ ആ ഇരുൾ നടത്തം ഞാൻ ആസ്വദിക്കാൻ ആരംഭിച്ചു. അങ്ങനെ നടന്നുനീങ്ങുന്നതിനിടയിൽ ഫോണിൽ ഒരു മെസ്സേജ് വന്നു. സർക്കാരിൻറെ വൈൽഡ് ഫയർ മുന്നറിയിപ്പായിരുന്നു അത്. ഫോണിൽ നെറ്റ്വർക്ക് തിരികെ ലഭിച്ചതോടെ ഞാൻ മാപ് തുറന്ന് ഈ കാടിനുപുറത്തേക്ക് ഇനി എത്രദൂരം ഉണ്ടെന്ന് പരിശോധിച്ചു. ഇനി വെറും 2 കിലോമീറ്റർ മാത്രമാണ് ഉള്ളതെന്ന് മനസ്സിലായി. മാത്രമല്ല കാടിന് ഒടുവിലായി ഏറെ ദൂരെയല്ലാതെ ഒരു ആൽബർഗും ഞാൻ കണ്ടെത്തി. ആ കണ്ടെത്തൽ ഏറെ സന്തോഷകരമായിരുന്നു.
ഞാൻ വേഗം ആൽബർഗിലേക്ക് വിളിച്ചു. മറുതലക്കൽ ഒരു സ്ത്രീ ഫോൺ എടുത്തു. അവരോട് ആൽബർഗിൻറ്റെ പ്രവർത്തനസമയം ചോദിച്ചു മനസ്സിലാക്കി. ഇനി അരമണിക്കൂറിനുള്ളിൽ ആൽബർഗിൻറെ പ്രവർത്തനസമയം തീരുകയാണ്. പക്ഷെ ഈ കാട്ടിനിന്നും ആൽബർഗിലേക്ക് കൃത്യമായി എത്രസമയം വേണം എന്ന് എനിക്ക് അറിയില്ല. അതിനാൽ ആൽബർഗിലെ സ്ത്രീയോട് “ഞാൻ ഇപ്പോൾ ഈ യൂക്കാലി കാടിൻറെ മുക്കാൽഭാഗത്തോളം നടന്നെത്തി, എൻ്റെ പരമാവധി വേഗത്തിൽ ഞാൻ നടന്നുകൊള്ളാം. അഥവാ ആൽബർഗ് അടയ്ക്കുന്നതിന് മുൻപായി എന്നാൽ എത്താൻകഴിഞ്ഞില്ല എങ്കിൽ അല്പനേരംകൂടി എനിക്കായി കാത്തുനിൽക്കാമോ” എന്ന് ചോദിച്ചു.
പരമാവധി വേഗം വരൂ എന്ന്മാത്രം അവർ മറുപടി നൽകി.
പിന്നീടുള്ള എൻ്റെ നടത്തം ഓട്ടത്തിനുതുല്യമായിരുന്നു. ഇരുൾവഴിയിലൂടെ ഞാൻ അതിവേഗം മുന്നേറി. ഇടയ്ക്കിടെ മാപ് നോക്കി പിന്നിടുന്ന ദൂരവും, ഇനി ആൽബർഗിലേക്കുള്ള സമയവും മനസ്സിലാക്കി. ഏകദെശം ഇരുപതു മിനിറ്റിനുള്ളിൽ യൂക്കാലി കാടുകടന്ന് ഞാൻ ഒരു മെയിൻ റോഡിൽ എത്തിച്ചേർന്നു. റോഡിൽ എത്തിയപാടെ ഞാൻ ആദ്യം കണ്ടത് “ഇൻറ്റർ മെർഷേ” എന്ന വലിയ ഒരു സൂപ്പർമാർകറ്റ് ആണ്. ഇന്ന് രാത്രിയും നാളെ രാവിലെയും കഴിക്കാൻ ഒന്നും ഇല്ല. ആൽബർഗിൽ ഭക്ഷണം പാകംചെയ്യാനുള്ള സൗകര്യം ഉണ്ടാകും. ആലോചിച്ചു സമയം പാഴാക്കാനില്ല. ഞാൻ നേരെ സൂപ്പർമാർക്കറ്റിൽ കയറി. ഒരു ചെറിയ പാക്കറ്റ് പരിപ്പുകൊണ്ടുണ്ടാക്കിയ പാസ്തയും അതുണ്ടാകാനാവശ്യമായ തക്കാളിയും വെളുത്തുള്ളിയും ഒലീവ് ഓയിൽ സാഷെയും വേവിച്ച് ക്യാനിൽ നിറച്ച പയറും ഒരു കൂട് കൂണും വാങ്ങി. പുറത്തിറങ്ങിയപ്പോൾ സമയം എട്ടുമണി. ആൽബർഗിലെ സ്ത്രീ പറഞ്ഞ സമയം ആയിരിക്കുന്നു. ഞാൻ അവരെ ഒരുവട്ടംകൂടി വിളിച്ചു. എനിക്കായി ഒരു അഞ്ചുമിനിട്ടുകൂടി കാത്തുനിൽക്കാമോ എന്ന് ചോദിച്ചപ്പോൾ, അവർ സാരമില്ല പതിയെ വന്നാൽ മതി എന്ന് പറഞ്ഞു. എങ്കിലും ഞാൻ കഴിയുംവിധം വേഗത്തിൽ നടന്നു, ഒടുവിൽ ആൽബർഗിന് മുന്നിലെത്തി.
1143 ൽ ഇന്ന് കാണുന്ന പോർത്തുഗൽ എന്ന ഈ രാജ്യത്തെ ആദ്യ രാജാവായിരുന്നു “അഫൊൻസോ ഹെൻറിക്കസ്”. എന്നാൽ അതിനുമുൻപ് “പോർത്തുകാലെ” എന്ന ഒരു കൊച്ചു സാമന്ത രാജ്യമായിരുന്നു ഇപ്പോൾ ഞാൻ എത്തിനിൽക്കുന്ന ഈ ഭാഗം ഉൾപ്പെടുന്ന ഇന്നത്തെ വടക്കൻ പോർത്തുഗൽ. അഫൊൻസോ ഹെൻറിക്കസിൻറെ അമ്മയായിരുന്ന തെരേസ്സ, പാവപെട്ട യാത്രക്കാർക്കായി ഒരു സത്രം പണിയുക എന്ന ഉദ്ദേശത്തോടെ ഒരു പണ്ഡിതൻ മുഖേന ദാനമായി നൽകിയ ഗ്രാമമാണ് ആൽബെർഗെറിയ എ വാല്യ എന്നപേരിൽ പിന്നീട് അറിയപ്പെട്ടത്. ഒരു പിൽഗ്രിമിനെ സംബന്ധിച്ച് അത്രയേറെ ചരിത്രപ്രാധാന്യം ഉള്ള ഒരു ഇടമാണ് ആൽബെർഗെറിയ എ വാല്യയും ഇവിടുത്തെ ആൽബർഗും.
ചരിത്രം ഏറെ ഉള്ള സ്ഥലവും ആൽബർഗുമാണെങ്കിലും പുറമെനിന്നുള്ള കാഴ്ചയിൽ പണക്കാർ താമസിക്കുന്ന നിരയൊപ്പിച്ചു പണിഞ്ഞ അനേകം വീടുകൾ നിറഞ്ഞ ഒരു കോളനിയിലെ വെറുമൊരു വീടുമാത്രമായിരുന്നു അത്. ഞാൻ ആ വീടിനുമുന്നിൽ എത്തി, ഗേറ്റിൽ സ്ഥാപിച്ചിട്ടുള്ള ബെൽ അമർത്തി. രണ്ടു സെക്കൻറ്റുകൾക്കുള്ളിൽ ഒരു യുവതി “ഓല, ഹലോ” എന്നീ രണ്ടു വാക്കുകൾ ഉച്ചരിച്ചുകൊണ്ട് അകത്തുനിന്നും ഗേറ്റിലെത്തി എനിക്കായി തുറന്നുതന്നു. അവർ എന്നെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് സ്വയം പരിചയപ്പെടുത്തി.
“എയു സൗ കരീന/ ഐ എം കരീന”
“ഹൌ വാസ് യുവർ വാക് ടുഡേ ?”
ഞാൻ
“ഓല കരീന, ബോവ നോയ്ട്”
“ഇറ്റ് വാസ് വെരി ലോങ്ങ് വാക് ടുഡേ, ഐ എം സൂപ്പർ ടൈർഡ്. ഐ എം സോമച് താങ്ക്ഫുൾ റ്റു യു ഫോർ വൈറ്റഡ് ഫോർ മി” അവർ എന്നെയും കൂട്ടി ഓഫിസ് റൂമിലേക്ക് നടക്കവെ മറുപടി നൽകി.
“ഇറ്റ് ഈസ് ഓക്കെ, ഐ എം ഗോയിങ് ഔട്ട് വിത്ത് മൈ ഫ്രണ്ട്സ് റ്റുനൈറ്റ് . സോ ആക്ചുഅലി ഐ എം വെയ്റ്റിംഗ് ഫോർ ദെയ്ർ കോൾ”
ഞങ്ങൾ പരസ്പരം സംസാരിക്കുന്നതിനിടയിൽ കരീന എൻ്റെ ഡോക്യൂമെൻറുകൾ എല്ലാം വാങ്ങി ചെക്കിൻ നടപടികൾ ചെയ്തു. ആ കുറച്ചുനേരംകൊണ്ട് കരീന എൻ്റെ പോർത്തുഗൽ ജീവിതത്തിലെ മുഴുവൻ കഥകളും ചോദിച്ചറിഞ്ഞു. കൂടാതെ അവരുടെ യൂണിവേഴ്സിറ്റി കാലത്ത് ലിസ്ബണിൽ താമസിച്ചു പഠിച്ചിരുന്ന അനുഭവങ്ങളും പങ്കുവെച്ചു.
അവർ സ്ഥിരമായി ഒരു ഇഖ്ബാൽ എന്ന ബംഗ്ലാദേശിയുടെ കടയിൽനിന്നും കബാബ് കഴിക്കാറുണ്ടായിരുന്നു അത്രേ. ആ കടക്കാരനും അവരുടെ ചങ്ങാതിമാരുമായി വലിയ സൗഹൃദം നിലനിന്നിരുന്നു. അതിനാൽ അവർക്ക് ദക്ഷിണേഷ്യൻ വംശജരോട് ഒരു പ്രത്യേക ഇഷ്ടം ആണ്.
“ഓഓഓ…”
“സോ, റ്റുമാറോ ഈസ് യുവർ ബെർത്ത്ഡേ.?”
സംസാരത്തിനും ചെക്കിൻ നടപടികൾക്കുമിടയിൽ എൻ്റെ തിരിച്ചറിയൽ രേഖയിലേക്ക് ഉറ്റുനോക്കി കരീന ഏറെ സന്തോഷത്തോടെ ചോദിച്ചു.
ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് തലയാട്ടി.
“യു നോ, വീ ഡോണ്ട് വിഷ് ദി ഡേ ബീഫോർ ദി ബെർത്ത്ഡേ, ബികോസ് വീ ബിലീവ് ഇറ്റ് ബ്രിങ്സ് ബാഡ് ലക്ക്”
“ദാറ്റ് ഈസ് ഓക്കെ, യുഷോളി ഐ ഡോണ്ട് സെലിബ്രേറ്റ് മൈ ബെർത്ത്ഡേ. ഐ ജസ്റ്റ് ഗോട്ട് റ്റു റിമെംബർ ദാറ്റ് വെൻ യു സെഡ്.” ഞാൻ പറഞ്ഞു.
അതിനുശേഷം കരീന മറ്റൊരുകാര്യം കൂടി പറഞ്ഞു. ആ ആൽബർഗിൽ വ്യത്യസ്ത രാജ്യക്കാർ ആയ ധാരാളം പിൽഗ്രിമുകൾ വന്നിട്ടുണ്ട്. പക്ഷെ ഒരു ഇന്ത്യൻ ഇത് ആദ്യമാണ്. അതിനാൽ ആ ആൽബെർഗിൻറെ ഫേസ്ബുക് പേജിൽ പ്രദർശിപ്പിക്കാനായി എൻ്റെ ഒരു ഫോട്ടോ എടുക്കാനും അത് ഓൺലൈനിൽ ഉപയോഗിക്കാനും ഉള്ള അനുവാദപത്രം ഒപ്പിട്ടുതരുമോ എന്ന് അവർ അഭ്യർത്ഥിച്ചു. ഞാൻ പൂർണ സമ്മതം അറിയിച്ചു. തുടർന്ന് അവർ എന്നെ ആൾബർഗ് ചുറ്റികാട്ടി. ഇടയിൽ എൻ്റെ ചിത്രങ്ങളും എടുത്തു.

ആൽബർഗ് മൂന്നുനിലകളായി ധാരാളം സൗകര്യവും വൃത്തിയും ഉള്ള ഒന്നാണ്. ഇന്ന് എനിക്കുമുൻപേ വന്ന ഒന്നോ രണ്ടോ ഇറ്റലിക്കാരനായ പിൽഗ്രിമുകൾ മാത്രമാണ് അവിടെ ഉള്ളത്. അതിനാൽ പ്രത്യേകിച്ച് ഒരു മുറിയോ കട്ടിലോ കരീന എനിക്ക് കാട്ടിത്തന്നില്ല പകരം ഇഷ്ടമുള്ള മുറി ഉപയോഗിച്ചോളൂ എന്ന് അവർ പറഞ്ഞു. കരീനയുടെ സംസാരത്തിലും പെരുമാറ്റത്തിലും അവർ ഏറെ ഹൃദയവിശാലതയുള്ള ഒരു വ്യക്തിയായി എനിക്ക് അനുഭവപെട്ടു. എനിക്ക് ചുറ്റുപാടിനെ പരിചയപെടുത്തുന്നതിനിടയിൽ ആൽബർഗിലേക്ക് വന്ന ഒരു പൂച്ചയെ അവർ ആട്ടി ഓടിക്കാതെ സ്നേഹത്തോടെ പരിഗണിച്ചതിൽനിന്നും അവർക്ക് മനുഷ്യരോടു മാത്രമല്ല മറ്റു സഹജീവികളോടും അനുകമ്പയുള്ളതായി മനസ്സിലായി. വൈകാതെ കൂട്ടുകാരുടെ ഫോൺ വന്നതിനെത്തുടർന്ന് കരീന എന്നോട് യാത്ര പറഞ്ഞു.
ഞാൻ ഒരു മുറിയിൽ ഭാണ്ഡം ഇറക്കിവെച്ച് മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകിയിട്ടശേഷം വിസ്തരിച്ച് കുളിച്ചു. കുളികഴിഞ്ഞ ശേഷം നേരെ അടുക്കളയിൽ പോയി പാസ്ത ഉണ്ടാക്കി. അപ്പോഴേക്കും അവിടെ താമസിച്ചിരുന്ന മറ്റൊരു ദമ്പതികളായ പിൽഗ്രിമുകൾ അടുക്കളയിലേക്ക് എത്തി. ഓസ്ട്രിയകാരായ മധ്യവയസ്കരാണവർ. അവർ ഭക്ഷണം പാകംചെയ്യുന്ന വേളയിൽ ഞാൻ ആഹാരം കഴിച്ചു. അപ്പോഴേക്കും സമയം 11 മണി കഴിഞ്ഞിരുന്നു. ആൽബർഗിലെ അടുക്കളയിൽ ധാരാളം ചായ പൗച്ചുകൾ സൗജന്യമായി വച്ചിരിക്കുന്നുണ്ടായി. ചുവന്ന പഴങ്ങളുടെ ഒരു ചായ ഉണ്ടാക്കി ഞാൻ ആൽബർഗിലെ ഏറ്റവും താഴെയുള്ള നിലയിൽ പോയി. അവിടെ ഒരു ചെറു ഫയർ പ്ലെയ്സും, കുറച്ചു പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്ന ഒരു വായനാ മൂലയും ഉണ്ട്.

ഞാൻ അവിടെ വച്ചിരിക്കുന്ന മെഴുകുതിരികൾ എല്ലാം തെളിയിച്ച് സമാധാനത്തോടെ ഫെർണാണ്ടോ പെസോവ എന്ന വിഘ്യാത എഴുത്തുകാരൻറെ ഒരു പുസ്തകം എടുത്ത് അതിൽ മുഴുകി അങ്ങനെ എൻ്റെ ജീവിതത്തിൻറെ ഇരുപത്തിയൊൻപതാമത്തെ വർഷത്തിലേക്ക് പ്രവേശിച്ചു.







