
മലകളിറങ്ങി പകലിൻ്റെ തെളിച്ചം വരുന്നതേയുള്ളു. എന്നിട്ടും രാജപുരത്ത് ആ വാർത്ത നിറഞ്ഞ് കഴിഞ്ഞിരുന്നു. കൊലപാതകികളെ പോലീസ് പിടിച്ചു. നടന്നും ഓടിയും ചെറുവണ്ടികളിലും ആളുകൾ വന്നു കൊണ്ടേയിരുന്നു. വന്നെത്തിയവർ പോലീസ് സ്റ്റേഷൻ്റെ മതിൽക്കെട്ടിനരികിലെത്തി അകത്തേക്ക് എത്തിനോക്കി. ഉള്ളിലെ കാഴ്ചകൾ പരിമിതമായപ്പോൾ അടച്ച ഗേറ്റ് തുറന്ന് അകത്ത് കയറാൻ നോക്കി. മരിച്ചതാരാണ് ? കൊന്നതാരാണ് ? രാജപുരത്തുള്ളവരോ ?. പലരും പലതും പറഞ്ഞു! കൊലപാതകികൾ ആ പഴയ എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു താമസമത്രെ. നാണപ്പനും അവരുടെ കൂടെയുണ്ടായിരുന്നെന്നാ പറയുന്നെ. അവനെല്ലാം അറിയാം. എനിക്കന്നേ അവനെ സംശയമുണ്ടായിരുന്നു.
സാംസൺ പുറത്തേക്ക് വരുന്നത് കണ്ട് എല്ലാവരും ഒതുങ്ങി നിന്നു. സാംസൺ ക്വാർട്ടേഴ്സിലേക്ക് പോകാതെ ആളുകൾക്കരികിലേക്ക് എത്തിയപ്പോൾ ഏവരും അത്ഭുതപ്പെട്ടു. സാംസൺ പറഞ്ഞത് കേട്ട് കൂടി നിന്നവർ ഞെട്ടിപ്പോയി. നേരം പുലരും മുമ്പ് സ്റ്റേഷന് ചുറ്റും കൂടിയ ഗ്രാമീണർക്ക് ആ വാക്കുകൾ വിശ്വസിക്കാനായില്ല. രാത്രി പോലീസ് പിടികൂടിയവർ കൊലപാതകികളല്ലത്രേ.
കൊലപാതകികളെയല്ലെ പിടിച്ചതെന്നോ ? പോലീസ് പ്രതികളെ രക്ഷിക്കയാണോ? ആരാണവർ? പിന്നെ എന്തിനാണ് അവരെ അറസ്റ്റ് ചെയ്തത്? നാണപ്പനും അക്കൂടെ ഉണ്ടോ? അയാളും അറിഞ്ഞുള്ള ഇടപാടുകളോ? ആളുകളുടെ മുറുമുറുപ്പ് ഇരമ്പലായിത്തുടങ്ങി.
‘ അവരെ ഇങ്ങ് കൊണ്ടുവാ’ സാംസൺ പാറാവ്കാരെ വിളിച്ചു. പോലീസുകാർ രണ്ട് പേരെ പിടിച്ചു കൊണ്ട് പുറത്തേക്ക് വന്നു. ദാ പ്രതികൾ . ആളുകൾ അവരെ കാണാൻ തിക്കിതിരക്കി. അവരുമായി സ്റ്റേഷന് മുറ്റത്തേക്ക് വന്ന് മുറ്റത്തിനരികിൽ കിടന്ന അവരുടെ ജീപ്പിൻ്റെ പുറക് വശം ഡോർ തുറപ്പിച്ചു. അതിനകത്ത് രണ്ട് മൂന്ന് ചാക്കുകെട്ടുകൾ !.
‘എന്താണതിനുള്ളിൽ ?’ സാംസൺ അവരോട് ചോദിച്ചു.
പ്രതികളായവർ ഒന്നും മിണ്ടിയില്ല
‘എന്തെന്ന് പറയടോ’ സാംസൺൻ്റെ ശബ്ദമുയർന്നു.
‘കഞ്ചാവ്’ അവർ പതിയെ പറഞ്ഞു
‘എവിടുന്ന്’
‘സുള്ളിക്കപ്പുറം നിന്ന്’
‘എങ്ങോട്ട് കൊണ്ടു പോകുന്നു’
‘കാഞ്ഞങ്ങാടിന്’
‘എന്തിന് പഴയ ബംഗ്ലാവിൽ പോയി’
‘പോലീസ് ചെക്കിങ്ങ് ഭയന്ന്’
ആ അറസ്റ്റ് രാജപുരത്ത് മറ്റൊരു വാർത്തയായ് പടർന്നു. വൻ കഞ്ചാവ് വേട്ട. സി.ഐ സാംസൺ വൻ കഞ്ചാവ് വേട്ട നടത്തിയിരിക്കുന്നു. കൊലപാതക കേസിലെ പ്രതികളെന്ന് കരുതി പിടിച്ചവർ കഞ്ചാവ് കടത്തുകാർ. സ്റ്റേഷന് ചുറ്റും ആളുകൾ പിന്നെയും കൂടീ. അറിഞ്ഞും കേട്ടും എത്തിയ പത്രക്കാർ പല വാർത്തകളും നിരത്തി.
രാത്രി തന്നെ സാംസണ് മനസിലായിരുന്നു. താൻ തേടുന്ന പ്രതികൾ ഇവരല്ലെന്ന്. സാംസൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ കഞ്ചാവ് വരുന്ന വഴികളെല്ലാം കൃത്യമായി അവർ പറഞ്ഞു കൊടുത്തു. ഇനിയൊരിക്കലും ഈ പണി ചെയ്യില്ലാ എന്ന് അവരുടെ മനസിലുറക്കുന്നത് വരെ സാംസൺ അവരെ ചോദ്യം ചെയ്തു.
വൈകും വരെ സ്റ്റേഷനിൽ തങ്ങേണ്ടി വന്നു നാണപ്പന്. ഇടയ്ക്ക് പഴയ ബംഗ്ലാവ് വരെ പോലീസ് കൂട്ടികൊണ്ട് പോയി ബംഗ്ലാവിൽ നിന്നെന്തെങ്കിലും കിട്ടുമോ എന്നറിയാൻ അവിടെമെല്ലാം അരിച്ചു പെറുക്കി. ആ ജീപ്പും അതിനുള്ളിലെ കഞ്ചാവുമല്ലാതെ മറ്റൊന്നും പോലീസിന് ലഭിച്ചില്ല.
കഞ്ചാവ് പിടിച്ചെങ്കിലും സാംസൺ വല്ലാതെ നിരാശയിലായിരുന്നു. താൻ അന്വേഷിക്കുന്ന പ്രതികളെ കിട്ടിയിട്ടില്ല. പലവഴിക്കും അന്വേഷണങ്ങൾ നടത്തി. മരണപ്പെട്ടതാരെന്ന് ഇതുവരെ അറിയില്ല. തൻ്റെ അന്വേഷണം മഹാ മോശമെന്ന് അയാൾ സ്വയം കുറ്റപ്പെടുത്തി.
**
ഒന്നിനും ശേഷിയില്ലാതെ സ്റ്റേഷനിലേക്കുള്ള വഴിയെ നാണപ്പൻ നടന്നു. രണ്ട് ദിവസം മുമ്പാണ് ഇവിടെ നിന്ന് പോയത്. ഇപ്പോൾ എന്തിനാവോ വീണ്ടും വിളിച്ചത്. താനാണ് അവരെ കാണിച്ചു കൊടുത്തതെന്ന്കഞ്ചാവ് പ്രതികൾ അറിഞ്ഞു കാണുമോ. അറിഞ്ഞാൽ അവർ വെറുതെ ഇരിക്കില്ല.
‘സർ നാണപ്പൻ വന്നിട്ടുണ്ട്’ സാംസൻ്റെ മുറിയിലേക്ക് വന്ന് പാറാവുകാരൻ അറിയിച്ചു.
‘ അയാളോട് വരാൻ പറയ് ‘ അയാളെ ഇങ്ങിനെ വീണ്ടും വീണ്ടും ചോദ്യം ചെയ്തിട്ട് കാര്യമില്ലെന്ന് സാംസണ് അറിയാം. ആ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നും ആരിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇനിയും പറയാത്ത എന്തെങ്കിലും കാര്യം നാണപ്പനുണ്ടോ?. അയാൾ എന്തെങ്കിലും മറയ്ക്കുന്നുണ്ടോ? കള്ളനല്ലെ. സമീപസ്ഥലങ്ങളിൽ കള്ളന്മാരും കുറ്റവാളികളുമൊക്കെ തങ്ങുന്ന വേറെ സ്ഥലങ്ങളും ഉണ്ടെങ്കിലോ.
നാണപ്പൻ അകത്ത് വന്ന് തൊഴുത് നിന്നു. സാംസൺ അയാളെ സൂക്ഷിച്ചു നോക്കി. കരിഞ്ഞുണങ്ങിയ ദേഹത്തെ മറയ്ക്കുന്ന പാകമല്ലാത്ത ഉടുപ്പിനുള്ളിൽ അയാൾ പിന്നെയും ചുരുണ്ടു കൂടി. ഇനി എന്തെങ്കിലും പറയാനുണ്ടോ? സാംസൻ്റെ ചോദ്യം. കേട്ട് അയാൾ തലതാഴ്ത്തി.
‘ഇല്ല ഒന്നുമില്ല’
‘തനിക്ക് കൂട്ടുകാരില്ലെ?’
‘ഇല്ല തനിച്ചാണ്’
‘അന്ന് അവിടെ തീ കത്തുന്നതിന് മുമ്പ് വന്ന് പോയ വാഹനം ജീപ്പ് തന്നെയെന്ന് ഉറപ്പുണ്ടോ? ‘
‘അത് ജീപ്പാണ് സർ, ജീപ്പിൻ്റെ ശബ്ദം തന്നെയാണ്.’
നാണപ്പൻ പറയുന്നത് ശരിയാവാം. ഇവിടെ ഈ മലമ്പാതകളിൽ യാത്രക്കായ് ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത് ജീപ്പാണ്. മലനിരകൾ കറങ്ങി കറങ്ങി പോകുന്ന മലമ്പാതകളിൽ വല്ലപ്പോഴും വന്ന് പോകുന്ന ബസിന് കാക്കാതെ ജീപ്പിലേറി പോകുന്ന ആളുകളെ സാംസൺ കണ്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് രാജപുരത്തെയും സമീപ സ്ഥലങ്ങളിലെയും ജീപ്പുകളും ഡ്രൈവർമാരെയും പരിശോധിച്ചിരുന്നു.
‘ നിങ്ങളാ കാഴ്ച ഒന്നു കൂടി പറഞ്ഞെ’. നാണപ്പൻ പേടിച്ചു പോയി.
ഇതെത്രാമത്തെ വട്ടമാണ് ആ കാഴ്ചയെക്കുറിച്ച് പറയുന്നത്. ആ ഓർമ്മ തന്നെ ഭയമാണ്. പുതുതായി പറയാൻ അതിലൊന്നുമില്ലല്ലോ. അഴിഞ്ഞു തുടങ്ങിയ ഉടുമുണ്ട് ഇടത് കൈ കൊണ്ടു ഒന്നു കൂടി തിരികി വെച്ചു. അപ്പോൾ അരയിൽ നിന്നും ബീഡി പൊതിഞ്ഞ പ്ലാസ്റ്റിക്ക് കൂട് താഴെ വീണു. നാണപ്പൻ കാലുകൊണ്ട് അത് തൻ്റെ അരികിലേക്ക് ചേർത്തു. പിന്നെ പതിയെ കുനിഞ്ഞ് അതെടുത്തു. പിറകിലൊളിപ്പിച്ചു.
‘എന്താണ് അത്?’
‘ബീഡിയാണ് സർ’
‘ബീഡിയോ അതോ കഞ്ചാവോ’
‘അല്ല സർ സാധാ ബീഡി’
‘എവിടെ കാണട്ടെ’
നാണപ്പൻ മടിയോടെ ആ കവർ സാംസണ് കൊടുത്തു.
‘കൊള്ളാലോ കവർ. JK ടെക്സ് റൈറയിൽസ് ചെറുപനത്തടി. താൻ അവിടുന്നാണോ തുണി വാങ്ങുന്നത് ?’
‘അല്ല സർ ഈ കൂട് അന്ന് അവിടുന്ന് കിട്ടിയതാ’
‘എവിടുന്ന് ?’
‘ആ…… മരിച്ചു കിടന്ന സ്ഥലത്ത് നിന്ന്’
‘ഹേ ….. അവിടെ നിന്നോ ?’
സാംസൺ അരിശത്തോടെ ചാടി എഴുന്നേറ്റു. നാണപ്പൻ്റെ കവിളിൽ അടിപൊട്ടി. നാണപ്പൻ കവൾ പൊത്തി പിടിച്ചു പോയി. പുകയുന്ന കവിളിന് മേലെ. കണ്ണുകൾ നിറഞ്ഞു.
‘താൻ ഇതെന്താ നേരത്തെ പറയാതിരുന്നത്. ‘
സാംസൺ കവറെടുത്ത് മറിച്ചും തിരിച്ചും നോക്കി. ചെറുപനത്തടി. അതെവിടെയാണ് ?
ബാണമലയുടെ വന്യതയിൽ നിന്ന് തണുത്തുറഞ്ഞ് താഴേക്ക് ഒഴുകുന്ന ചന്ദ്രഗിരിപ്പുഴയുടെ ഓരം പറ്റി കോഴിച്ചാൽ പാലവും കടന്ന് പനത്തടിയിലേക്കുള്ള മെറ്റൽ പാതയിലൂടെ പോലീസ് ജീപ്പ് വല്ലാതെ ഇളകിയാടി ഓടികൊണ്ടിരുന്നു. ആകാശത്തിന് അതിർത്തി വരച്ച പോലെ മാണത്ത് മലയുടെ വഴി കാഴ്ചകൾ നോക്കി പുറകിലെ പോലിസുകാരുടെ വർത്തമാനങ്ങളിൽ ശ്രദ്ധ വെക്കാതെ സാംസൺ ശാന്തനായിരുന്നു.
വഴിയുടെ അരിക് ചേർന്ന് ആറോ ഏഴോ കടകൾ. ചെറുപനത്തടിയിലെ JK ടെക്സ്റ്റയിൽസിന് മുന്നിൽ പോലീസ് ജീപ്പ് നിന്നപ്പോൾ അത്ഭുതത്തോടെയും ആശങ്കകളോടെയും മറ്റ് കടക്കാർ എത്തിനോക്കി. ആ ചെറിയ പീടികമുറിയിൽ കടക്കാരൻ മാത്രമെയുള്ളു. തൻ്റെ കടയിലേക്ക് കയറി വരുന്ന പോലീസിനെ കണ്ട പരിഭ്രാന്തിയിൽ അയാൾ ചലനമറ്റ് നിന്നു.
സാംസൺ തൻ്റെ കൈയിലിരുന്ന JK ടെക്സ്റൈറയിൽസ് എന്നെഴുതിയ ആ ചെറിയ കവർ കടക്കാരനെ കാണിച്ചു. അത്രമേൽ കച്ചവടങ്ങളോ ആളുകളോ എത്തിച്ചേരാത്ത ആ കടയിൽ ആ കവർ ആർക്ക് കൊടുത്തു എന്ന് കണ്ടെത്താൻ സാംസണ് എളുപ്പമായിരുന്നു.
(തുടരും …)









