കമീനോ സാൻറ്റിയാഗോ – 22

പത്മവ്യൂഹം

കുളി പാസ്സായതോടെ നടപ്പിൻറെ വേഗത അൽപ്പം കുറഞ്ഞു. പക്ഷെ ഓരോ ചുവടിലും മനസ്സാന്നിദ്ധ്യം വർധിച്ചതായി അനുഭവപെട്ടു. ചുറ്റുപാടിനെയും, ഉള്ളിലോടുന്ന ചിന്തകളെയും ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. ഏറെ നേരം തുടർച്ചയായി നടന്നുകഴിയുമ്പോൾ എത്തിച്ചേരുന്ന മരവിച്ച അവസ്ഥയിൽനിന്നും മനസ്സ്, കുളിരുള്ള പ്രഭാതത്തിൽ ആദ്യകിരണമേറ്റ് തിളങ്ങുന്ന ഒരു ഉദ്യാനത്തിലേക്ക് പറന്നിറങ്ങിയ പൂമ്പാറ്റയെപോലെ കാഴ്ചകളിൽ ചുറ്റുകയാണ്. എനിക്ക് നേരെ വരുന്നവരിലെല്ലാം എൻ്റെ പ്രതിബിംബം അവരുടെ ഉള്ളിൻറെ ഉള്ളിൽനിന്നും പുറപ്പെടുന്ന പുഞ്ചിരിയായി കാണാമായിരുന്നു. എളുപ്പം ദഹിക്കാവുന്ന ഭക്ഷണം, നല്ല ഉറക്കം, കുളി ഇതെല്ലാം ഒരു മനുഷ്യനിൽ സന്തോഷം നിറക്കുകയും അവനെ ചുറ്റുപാടുകളുമായി കൂടുതൽ ബന്ധിപ്പിക്കുകയും ചെയ്യുന്നു എന്ന് എനിക്ക് മനസ്സിലായി.


ഞാൻ കുളി പാസ്സാക്കിയ സമയത്ത്, ചില പിൽഗ്രിമുകൾ എനിക്ക് മുൻപേ കടന്നുപോയതായി ശ്രദ്ധിച്ചിരുന്നു. അവരിൽ ചിലർ വഴിയരികിൽ വിശ്രമിക്കുന്നു. കണ്ടപാടെ പരസ്പരം ബോം ദിയ, ബോം കമീനോ എല്ലാം നേർന്നു. കുളി തന്ന ഉണർവിൽ നടന്നുകൊണ്ടിരുന്ന ഞാൻ അവരോടൊപ്പം കാര്യമായി സമയം ചിലവഴിക്കാൻ നിൽക്കാതെ നടത്തം തുടർന്നു. ഏകദേശം ഒന്നര മണിക്കൂർ നടന്ന് “ആഘുവാദ ദേ ബൈക്ഷോ” എന്ന ഗ്രാമത്തിന് അരികിൽ എത്തിയപ്പോഴേക്കും സമയം ഒൻപതര കഴിഞ്ഞിരുന്നു.

അപ്പോഴേക്കും സൂര്യൻ തൻ്റെ ശക്തി പ്രയോഗിക്കാൻ തുടങ്ങി. ഞാനും നടത്തത്തിൻറെ ശക്തിയും വേഗവും കൂട്ടി. ഏതാനും മിനിറ്റുകൾക്കപ്പുറം ഒരു പള്ളി ശ്രദ്ധയിൽ പെട്ടു. “നൊസ്സ സെൻഹോര ഡാ മെമ്മോറിയ” എന്നാണ് ആ പള്ളിയിലെ ആരാധനാമൂർത്തിയുടെ പേര്. കോൺക്രീറ്റ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട പള്ളിയാണ്. പള്ളിയുടെ ചുവരുകളിൽ ആയിരത്തി തൊള്ളായിരങ്ങളുടെ പ്രതീകമായ പോർത്തുഗീസ് ടൈലുകൾ പതിപ്പിച്ചിരുന്നു.

പടിഞ്ഞാറൻ സ്പെയിനിലും പോർത്തുഗലിൽ ഏറെക്കുറെ പൂർണമായും നിലനിൽക്കുന്ന ഒരു വാസ്തുവിദ്യ-സൗന്ദര്യ രീതിയാണ് ഈ ടൈലുകൾ. “അസുലെഷോ” എന്നാണ് ഇത്തരം ടൈലുകൾ അറിയപ്പെടുന്നത്. “അസുൽ” എന്ന വാക്കിനർത്ഥം നീല നിറം എന്നാണ്. സാധാരണയായി ഇത്തരം ടൈലുകൾ നീലനിറത്തിലാണ് കാണപ്പെടുന്നത്. പക്ഷെ “മിനുസമുള്ള കല്ല്” എന്ന് അർഥം വരുന്ന ഒരു അറബിക് വാക്കിൽനിന്നുമാണ് ഈ പേരിൻറെ ഉത്ഭവം എന്ന് പറയപ്പെടുന്നു. കാരണം മൂറുകൾ ഭരിച്ചിരുന്ന കാലത്ത് അവർ കല്ലുപാളികളിൽ ഇത്തരം മിനുസമുള്ള ടൈലുകൾ കൊത്തിയെടുത്തിരുന്നത്രേ. പക്ഷെ പതിനാറാം നൂറ്റാണ്ടിനുശേഷം ഏകദേശം ഇപ്പോൾ കാണുന്ന ടൈലുകളുടെ പുരാതനരൂപം ധാരാളമായി വാസ്തുവിദ്യയിൽ ഉപയോഗിച്ചുവരുന്നതായി കാണാം. പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും ഏറെ പരിഷ്കൃതമായ സെറാമിക് ടൈലുകൾ പൊതിഞ്ഞ കെട്ടിടങ്ങൾ രാജ്യത്തിൻറെ വാസ്തു ശൈലിയായി പൂർണമായും മാറിക്കഴിഞ്ഞിരുന്നു. പക്ഷെ ടൈലുകളിൽ രേഖപ്പെടുത്തുന്ന ചിത്രങ്ങളും അടയാളങ്ങളും പ്രദേശങ്ങളും, നഗര പട്ടണങ്ങളും അനുസരിച്ച് വ്യത്യസ്തങ്ങളായിരിക്കും. ഓരോ പ്രദേശത്തെയും ചരിത്രവും, കലയും ആ പ്രദേശങ്ങളിലെ ചുവരിൽപൊതിഞ്ഞിട്ടുള്ള ടൈലുകളിൽ പ്രതിഫലിക്കും എന്ന് ചുരുക്കം.

പള്ളിക്കുമുൻപിൽ ഒരു വനിതാ പിൽഗ്രിം വിശ്രമിക്കുന്നുണ്ടായി. പള്ളി തുറന്നിട്ടില്ല, പള്ളിതുറന്ന് പാസ്സ്പോർട്ടിൽ സീൽ വാങ്ങിയശേഷം നടത്തം പുനരാരംഭിക്കാനുള്ള പദ്ധതിയിലാണ് അവർ അവിടെ ഇരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. അവരോട് ഒരു പുഞ്ചിരിയോടെ ബോം കമീനോ നേർന്ന് ഞാൻ നടത്തം തുടർന്നു.

ഞാൻ റോഡിലേക്ക് ഇറങ്ങിയതും അതാ മുൻപിൽ ഏറെ പരിചയമുള്ള രണ്ടു പിൽഗ്രിമുകൾ. ഒരിക്കൽക്കൂടി ജോർജും, കാത്തറീനയും. എന്നെ കണ്ടപാടെ ഇരുവരും ആർത്തുവിളിച്ച് അടുത്തേക്ക് വന്നു. അൽപനേരം ഞങ്ങൾ ഒരു തണലിൽനിന്ന് കഴിഞ്ഞുപോയ ദിവസങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. ആ സമയകൊണ്ട് ജോർജ് ഒരു സിഗററ് എരിച്ചുതീർത്തു. ശേഷം ഞങ്ങൾ ഒന്നിച്ച് പലവിഷയങ്ങൾ സംസാരിച്ചുകൊണ്ട് നടന്നുനീങ്ങി.

ജോർജും കത്തറീനയും അഗുവേദ എന്ന അടുത്ത പട്ടണം വരെ മാത്രമാണ് ഇന്ന് നടക്കുന്നത്. അവിടെ എത്തിയാൽ അവർ ഇന്ന് ആൽബർഗിൽ തങ്ങും. ഞങ്ങൾ എത്രയും പെട്ടന്ന് അഗുവേദ പിടിക്കുക എന്ന ലക്ഷ്യത്തോടെ പരമാവധി വേഗത്തിൽ നടന്നു. സമയം പതിനൊന്നര ആയപ്പോഴേക്കും ചൂട് വല്ലാതെ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു.

എനിക്ക് എത്രയും പെട്ടന്ന് അൽപ്പം ആഹാരം കഴിച്ചേ മതിയാകൂ. മാത്രമല്ല പാസ്സ്പോർട്ടിൽ സീൽ വാങ്ങുകയും വേണം. ഇതിനെല്ലാം എനിക്കും ഉത്തമം അഗുവേദതന്നെ. ഞങ്ങളുടെ മത്സരിച്ചുള്ള നടത്തം വൈകാതെ ഞങ്ങളെ ലക്ഷ്യത്തിലെത്തിച്ചു.

അഗുവേദയുടെ തുടക്കമായപ്പോഴേക്കും കാതറീനയും ജോർജും എന്നോട് വിടപറഞ്ഞു. ഒരുപക്ഷെ ഇനി ഒരിക്കൽ ഈ കമീനോ പാതയിൽ നമ്മൾ പരസ്പരം കണ്ടുമുട്ടിയില്ലെങ്കിലും, മറ്റെവിടെയെങ്കിലും കണ്ടുമുട്ടാം എന്ന ഉറപ്പിൽ ഞങ്ങൾ പിരിഞ്ഞു.

പോകുന്നതിനുമുൻപായി ഫ്രാൻസിലെ ബിയറിറ്റ്സ് പട്ടണത്തിൽ എത്തിയശേഷം ഒരു മെസ്സേജിനപ്പുറം എനിക്കായി ഒരു മുറിയും സൗജന്യ ഭക്ഷണവും കാത്തിരിപ്പുണ്ടാകും, എത്ര കാലം വേണമെങ്കിലും അത് പ്രയോജനപ്പെടുത്താം എന്ന വാഗ്ദാനവും ലഭിച്ചു. ഞാൻ തല താഴ്ത്തി അവരോട് യാത്രചൊല്ലി കമീനോ ചിഹ്നങ്ങളെ പിൻതുടർന്ന് പട്ടണത്തിനകത്തേക്ക് കയറി. കല്ലുപാകിയ ഇടവഴിയിലൂടെ മുന്നേറവെ അപ്രതീക്ഷിതമായി ഒരു ഇന്ത്യൻ ശൈലിയിലുള്ള പലചരക്കു കട കണ്ടു.

ഒരുപക്ഷെ മണത്തു എന്ന് പറയുന്നതായിരിക്കും ഉചിതം. കാരണം ചന്ദനത്തിരി, മസാലകൾ മുതലായവയുടെ മണം പരന്ന തെരുവുകൾ ഉള്ള ഉത്തരേന്ത്യൻ നാടുകളിലൂടെ രാവിലെ ഇറങ്ങിനടക്കുമ്പോൾ മൂക്കിലേക്ക് കയറിവരുന്ന മണത്തോട് സാമ്യമുള്ള മണം എൻ്റെ മൂക്കിലേക്ക് കയറിവന്നിരുന്നു. അതിനെത്തുടർന്ന് ചുറ്റും നോക്കിയപ്പോഴാണ് ആ കട കണ്ണിൽപെട്ടത്. ഞാൻ കടയിലേക്ക് കയറി. തലയിൽ ടർബൻ കെട്ടിയ ഒരു സിഖ് വംശജനാണ് കൗണ്ടറിൽ. അദ്ദേഹത്തെ “സസ്രിയാ കാൽ പാജി” എന്ന് ആശംസകൾ നേർന്നു. അദ്ദേഹം തിരിച്ചും ആശംസിച്ചു. ഞാൻ കടയിൽ ഒരു പ്രദക്ഷിണംവച്ചു. പക്ഷെ കഴിക്കാനുള്ളതൊന്നും കിട്ടിയില്ല ഒടുവിൽ ഒരു പാക്കറ്റ് ചെറുപയർ വറുത്ത മുങ് ദാൽ വാങ്ങി അവിടെനിന്നും പാജിയോട് യാത്രപറഞ്ഞു ഇറങ്ങി.

ആഗ്വേദ “റിയ ഡെ അവയറോ” അഥവാ അഗ്വേദ നദി എന്നും അറിയപ്പെടുന്ന നദിയുടെ തീരെ രൂപം കൊണ്ടിട്ടുള്ള ഒരു പട്ടണമാണ്. കാഴ്ചയിലും, ചരിത്രവശാലയും ഏറെ സൗന്ദര്യമാർന്ന ഒരുപട്ടണം.

പാജിയുടെ കടയിൽനിന്നും ഇറങ്ങി അൽപ്പം നടന്ന് നദിക്കുകുറുകെ ഉള്ള പാലം കടന്നശേഷം. വീണ്ടും കല്ലുപാകിയതും, ടാറിട്ടതുമായ പാതകൾ താണ്ടി, കുന്ന് കയറിയും ഇറങ്ങിയും ഒരു ലിഡിൽ സൂപർമാർക്കറ്റിൽ എത്തി. ഒരു ബൗൾ വീഗൻ സാലഡും, കുഷ് കുഷും പിന്നെ കുറച്ചു പഴങ്ങളും വാങ്ങി തിരികെ പട്ടണ മദ്ധ്യം സ്ഥിതിചെയ്യുന്ന ഒരു പാർക്കിൽ വന്ന് ഇരുന്നു. സാവധാനം ആഹാരം കഴിച്ചുകൊണ്ട് ഫോണിൽ അമ്മയുമായി സംസാരിച്ചു. ഇതുവരെ ഉള്ള വിശേഷങ്ങൾ പങ്കുവച്ചു.

സമയാസമയം ആഹാരം കഴിക്കണം, വല്ലാതെ വെയിൽകൊള്ളരുത്, കൂടാരത്തിൽ ഉറങ്ങുമ്പോൾ സൂക്ഷിക്കണം എന്നിങ്ങനെ നീളുന്ന സ്ഥിരം ‘അമ്മ കരുതലുകൾ കിട്ടി. ഞാൻ എല്ലാം തലകുലുക്കി കേട്ടു. നീണ്ട യാത്രയിലായിരുന്ന അമ്മയോട് സമാധാനപൂര്വം സംസാരിച്ചിട്ട് ഏറെ നാളായിരിക്കുന്നു. അതിനാൽ സംസാരം നീണ്ടു, എനിക്ക് ഏറെ ആശ്വാസകരവുമായിരുന്നു അമ്മയുമൊത്തുള്ള ആ നീണ്ട സമയം.

ആഹാരശേഷം ആ പാർക്കിലെ ഒലീവ്മരത്തണലിൽ ഇട്ടിരുന്ന ബെഞ്ചിൽ അൽപ്പനേരം വിശ്രമിക്കാൻ കിടന്നതായി ഞാൻ ഓർക്കുന്നു. പക്ഷെ പിന്നീട് കൺതുറന്നത് ഏകദേശം മൂന്ന് മണിയോടെ ആയിരുന്നു. എണീറ്റയുടനെ മുഖം കഴുകി ഭാണ്ഡമേറ്റി നടത്തം ആരംഭിച്ചു. കമീനോ ചിഹ്നങ്ങൾ പിൻതുടർന്ന് ഏകദേശം രണ്ടുമണിക്കൂറോളം തുടർച്ചയായി നടന്നു. ഒരുപാടുദൂരം തിരക്കുള്ള ജനവാസമേഖലയിലൂടെയുള്ള നടത്തമായിരുന്നു. ഇത്തരം ബഹളം നിറഞ്ഞ പ്രദേശങ്ങളിലൂടെയുള്ള നടപ്പ് അത്ര സുഖകരമല്ല. പക്ഷെ ദിവസങ്ങൾ ആളൊഴിഞ്ഞ കാട്ടിലൂടെ ഉള്ള നടത്തിനൊടുവിൽ അൽപ്പം ഇതുമാകാം.. സമയം അഞ്ചരയായതോടെ സൂര്യൻ തൻ്റെ പ്രഭ അല്പം കുറച്ചിരിക്കുന്നു. ആ വെളിച്ചത്തിൽ ചില പുരാതന നിർമ്മിതിയുടെ ഭംഗി ആസ്വദിച്ചുകൊണ്ട് ഞാൻ നടന്നു.

അല്പം മുന്നേറവെ വെള്ളം നിറക്കുന്ന ഒരു ഫൗണ്ടന്റെ ഭിത്തിയിൽ പോർത്തുഗീസ് ടൈലിൽ ഇപ്പോൾ എത്തിനിൽക്കുന്ന ഇടത്തുനിന്നും സാൻറ്റിയാഗോ വരെ 330 കിലോമീറ്റർ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് ഞാൻ കാണാനിടയായി. ആ പൈപ്പിൽനിന്നും ധാരാളം വെള്ളം കുടിച്ചശേഷം ഞാൻ ഉള്ളിൽ ഏറെ സന്തോഷിച്ചു. കാരണം എൻ്റെ മുഴുവൻ യാത്രയുടെ പകുതിയിലേറെ ദൂരം പിന്നിട്ടിരിക്കുന്നു. മനസ്സിൽ ആവേശം പടർന്നുപിടിച്ചു.

പിന്നീടുള്ള നടത്തം ഒരുവിധത്തിൽ ഓട്ടത്തിനോട് സമാനമായിരുന്നു. വേറെ വേഗം ഞാൻ മനുഷ്യവാസമേഖലയെ പുറകിലാക്കി, വലിയ ഹൈവേ, പാടം, തോടുകൾ എന്നിവ മുറിച്ചുകടന്ന് ഒരു കാനന പാതയിലേക്ക് പ്രവേശിച്ചു.

ആ പാത ചിലപ്പോഴെല്ലാം ഒരു ഹൈവേയുടെ സമാന്തരമായി ആയിരുന്നു നീങ്ങിയിരുന്നത്. ഏറെദൂരം കാനനപാതയിലൂടെ നടന്നു. ഒടുവിൽ ഒരു പുഴയെ മുറിച്ചുകടക്കാനായി വീണ്ടും ഹൈവേയുടെ ഓരം ചേർന്ന് വലിയ ഒരു പാലത്തിലൂടെ നടക്കേണ്ടിവന്നു. അപ്പോഴാണ് ഞാൻ ഒരുകാര്യം ശ്രദ്ധിച്ചത്. സൂര്യാസ്തമയം ആയിക്കഴിഞ്ഞു.

ഞാൻ ഇപ്പോൾ എവിടെയുമല്ലാത്ത ഒരു അവസ്ഥയിലാണ്. ആ ഹൈവേയുടെ കുറുകെയുള്ള പാലം മുറിച്ചുകടന്നയുടനെ കമീനോ ചിഹ്നങ്ങൾ എന്നെ ഒരു യൂക്കാലി കാട്ടിലേക്ക് കയറ്റി. ആദ്യം ചെറിയ യൂക്കാലി മരങ്ങൾ നിറഞ്ഞ ഒരു പ്ലാൻറ്റേഷൻ ആയിരിക്കും എന്ന് കരുതി പക്ഷെ മൂന്നോട്ട്പോകുംതോറും വടവൃക്ഷങ്ങളായി നിൽക്കുന്ന യൂക്കാലി മരങ്ങൾ. നടക്കുംതോറും മുന്നോട്ട് നീളുന്ന വഴിയുടെ അവസാനം നോക്കെത്താദൂരം നീളുന്നതാണ് കാഴ്ച. ഇരുവശങ്ങളിലേക്കും ഇടതൂർന്ന യൂക്കാലിക്കാട് മാത്രം. ഞാൻ ഫോണിൽ മാപ്പ് എടുത്ത് ഇപ്പോഴത്തെ എൻ്റെ ലൊക്കേഷൻ നോക്കി. ആ കാഴ്ചകണ്ട് ഞാൻ ഞെട്ടിത്തരിച്ചുപോയി. ഇനി മുന്നോട്ട് ഈ യൂക്കാലി കാട്ടിൽനിന്നും പുറത്തേക്ക് 4.3 കിലോമീറ്റർ പുറകോട്ട് 2 കിലോമീറ്റർ.! വെളിച്ചം ഏകദേശം പൂർണമായും മങ്ങി..

ഇനി എന്ത് ?

ആളോ അനക്കമോ ഇല്ല, പക്ഷെ എന്തോ ഈ കൃത്രിമ കാടിൻറെ ശക്തി, അത് ഞാനുമായി യോജിക്കുന്നില്ല. മനസ്സ് വല്ലാതെ പിടക്കുന്നു, അത് എന്നിൽനിന്നും പുറത്തിറങ്ങി എനിക്കുനേരെ നിസ്സഹായനായി നോക്കിനിൽക്കുന്നപോലെ.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.