രാജപുരത്തെ കൊലപാതകം -അദ്ധ്യായം -4

മഞ്ഞ് വീണു നനഞ്ഞ വഴിയിൽ മറ്റ് വാഹനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷന് സമീപത്തെ ചെറുപട്ടണത്തിനപ്പുറം കടകളോ കെട്ടിടങ്ങളോ ഇല്ലാത്ത, ഇരുട്ട് വീണ വഴിയുടെ വശങ്ങളിൽ അവിടവിടായുള്ള ചെറുവീടുകളുടെ നരച്ച കാഴ്ചകളും കഴിഞ്ഞിരിക്കുന്നു.

” ഇത് ഒരു മലമ്പാതയാണ് സാർ. സുള്ളിയിലേക്കും റാണിപുരത്തേക്കുമുള്ള വഴി.” ജീപ്പിന് പുറകിലിരുന്ന നൈറ്റ് ഓഫീസർ എസ്.ഐ രാജേഷ് സ്ഥലങ്ങൾ പരിചയപ്പെടുത്തി. രാജപുരം ശരിക്കും കുടിയേറ്റ ഗ്രാമമാണ്. കോട്ടയത്ത് നിന്ന് കൂടിയേറിയ ക്നാനായ കൃസ്ത്യൻ കുടുംബങ്ങളാണ് ഇവിടെ അധികവും.

കോട്ടയത്തു നിന്ന് മലമ്പാതകൾ താണ്ടി കുടിയേറിയ അച്ചായന്മാർ കാടും മലനിരകളും വെട്ടിവെളുപ്പിച്ചെടുത്ത് തെങ്ങും കവുങ്ങും റബറും കൃഷികളും ഒക്കെയായി “എച്ചിക്കോൽ ” എന്ന പഴയ ഗ്രാമത്തെ രാജപുരം എന്ന പ്രൗഡിയിലേക്ക് മാറ്റി. ക്രിസ്ത്യാനികളോട് കൂട്ടു ചേർന്ന ഹിന്ദുക്കളും മുസ്ലിങ്ങളുമൊന്നിച്ച് ആ പേരിന് ചുറ്റും അമ്പലവും പള്ളിയും മോസ്കും സ്കൂളും ആശുപത്രിയും പോലിസ് സ്റ്റേഷനും ഹോട്ടലുകളും കടകളുമൊക്കെ നിർമ്മിച്ച് ഒരു ചെറുനഗരമുണ്ടാക്കി. രാജപുരത്തെ കാടുകളും മലകളും കുടിയേറ്റക്കാർ കീഴടക്കി ജീവിതം തുടങ്ങിയപ്പോൾ അതുവരെ അവിടെയുണ്ടായിരുന്ന ആദിമ ഗോത്രക്കാർ അവരുടെ ഊരുകളിലേയ്ക്ക് ഒതുങ്ങി. പകരം മലയാളവും കന്നഡയും തുളുവും ഉൾപ്പെടെ പലഭാഷകൾ സംസാരിക്കുന്ന ഒരു പുതുസമൂഹം മെല്ലെ അവിടെ ഉദയം ചെയ്തു.

ഇനി എന്ത് ചെയ്യണമെന്നറിയാതെ ജീപ്പിന് പുറകിൽ തളർന്നിരിക്കയായിരുന്നു നാണപ്പൻ. ചുറ്റുമുള്ള കാഴ്ചകളെല്ലാം ഇരുളിലാണെന്ന് അയാൾക്ക് തോന്നി. ആ രാത്രിയിലെ ഭയാനക കാഴ്ച അയാളെ വല്ലാതെ തകർത്തിരുന്നു. ആദ്യമായ് ഇരുട്ടിനോട് അയാൾക്ക് ഭയം തോന്നി. ആ കാഴ്ചയ്ക്ക് മുന്നിലേയ്ക്ക് ഒരിക്കൽക്കൂടി ചെന്ന് നിൽക്കാൻ അയാൾക്ക് ധൈര്യമില്ലായിരുന്നു. ആ കാഴ്ച കണ്ട് അലറിക്കൊണ്ടാണ് കോയക്കാൻ്റെ ചായ പീടികയിൽ ചെന്ന് കയറിയത്. ഒരു ബീഡി എടുത്ത് വലിക്കാൻ അയാൾ വല്ലാതെ കൊതിച്ചു.

“ഇതാണ് സാർ പള്ളിയിലേക്കുള്ള വഴി. ഇതു വഴി പോകണം .”

ജീപ്പ് പള്ളിയിലേക്കുള്ള വഴിയെ തിരിഞ്ഞു. വഴിയുടെ അങ്ങേ അറ്റത്ത് വെളിച്ചം കാണുന്നുണ്ട്. രണ്ട് പോലിസുകാരും മറ്റ് രണ്ടു പേരും ചപ്പും ചവറും കരിയലകളും കമ്പും കൂട്ടി തീയിട്ട് അതിനരികിൽ നിൽക്കയാണ്. ജീപ്പ് നിർത്തി എല്ലാവരും ഇറങ്ങി.

“ദാ അവിടെയാണ് സാർ”

തൊട്ടപ്പുറം ഇരുളിലേക്ക് ചൂണ്ടി പോലീസുകാർ പറഞ്ഞു. നൈറ്റ് ഓഫീസർ ടോർച്ച് അടിച്ച് മുമ്പേ നടന്നു. മുന്നിലായ് വഴിയരികിൽ തീ കത്തിയ പാടുകൾ കാണാം .

“ദാ അതാണ് സർ”

അതൊരു ഭീകര കാഴ്ചയായിരുന്നു. തീയിൽ വെന്തുരുകി വികൃതമായ മനുഷ്യരൂപം, ഇത്തിരി വെട്ടത്തിൽ പേടിപ്പെടുത്തി മുന്നിൽ കിടന്നു. കത്തിയെരിഞ്ഞ കരിയിലകളുടെയും വെന്ത മാംസത്തിൻ്റെയും ഗന്ധം അവരെ ചുറ്റിപ്പടർന്നു.

സാംസൺ ടോർച്ച് വാങ്ങി അടുത്തെത്തി നോക്കി.

കത്തിയെരിഞ്ഞ മൃതശരീരങ്ങൾ കാണുന്നത് ആദ്യമല്ല. ആദ്യ കണ്ടത് എന്നാണ് ? 1997ൽ ആണെന്ന് തോന്നുന്നു. അന്ന് ഫയർ ഫോഴ്സിലായിരുന്നു. കൊച്ചിയിൽ നേവിയുടെ കോപ്ടർ തകർന്ന് വെന്തുരുകി മരിച്ച സൈനികരുടെ മൃതശരീരം താനും കൂടി ചേർന്നാണെടുത്തത്. മരണത്തിൻ്റെ കാഴ്ച എവിടെയാണെങ്കിലും ഭീകരം തന്നെ.
കരിയിലകളും വസ്ത്രങ്ങളും കത്തിക്കരിഞ്ഞ് മാംസത്തിലേക്ക് ഉരുകി ചേർന്നിരിക്കുന്നു. തിരിച്ചറിയാൻ കഴിയാത്തവിധം കരിഞ്ഞമർന്ന മുഖത്ത് കണ്ണുകൾ വലിയ കുഴികളിലേക്ക് ഒളിച്ചു പോയിരിക്കുന്നു.

” ആരാണ് ഇൻക്വസ്റ്റിന് രാവിലെ വരുന്നത് ?”

” ഞാൻ വരാം സാർ”

“കൂടുതൽ പോലീസിനെ കൂട്ടണം. ഫോറൻസിക്കിനേയും ഡോഗിനെയും വിളിക്കണം. ഞാനുമുണ്ടാകും”.

അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഇൻക്വസ്റ്റ് നടത്തണം, അതാവും നല്ലത്. നല്ല വെളിച്ചത്തിൽ മരിച്ചയാളുടെ മുടി മുതൽ കാൽപ്പാദം വരെയുള്ള പരിശോധന. ശരീരത്തിലെ മുറിവുകൾ, അതിൻ്റെ നീളം, വീതി, ആഴം, സംശയിക്കാവുന്ന അടയാളങ്ങൾ, വസ്തുക്കൾ, ഉരസലുകൾ, രക്തസ്രാവങ്ങൾ, മലമൂത്ര വിസർജ്ജങ്ങൾ, ശരീരം കാണപ്പെട്ട സ്ഥലത്തിൻ്റെ പരിശോധന, ബന്ധുക്കളുടെയും നാട്ടുകാരുടെയും അഭിപ്രായങ്ങൾ, മരണപ്പെട്ട ആളുടെ സ്വഭാവം, ആണോ പെണ്ണോ , ഉയരവും നിറവും, ജാതിയും മതവും, തിരിച്ചറിയുന്ന അടയാളങ്ങൾ, മരിച്ച് കിടക്കുന്നത് വെള്ളത്തിലോ കരയിലോ, ട്രെയിനിടിച്ചതാണോ അങ്ങിനെങ്കിൽ വന്ന ട്രെയിനോ പോയ ട്രെയിനോ , അറിവാകുന്ന മരണകാരണം ഇങ്ങിനെ 27 ചോദ്യങ്ങളുടെ ഉത്തരം തേടലാണ് ഇൻക്വസ്റ്റ്. എഴുതി തയ്യാറാക്കിയ 27 ചോദ്യങ്ങൾക്ക് ഉത്തരമെഴുതുമ്പോൾ മരണ കാരണം വെളിവാകും. പതിറ്റാണ്ടുകൾക്ക് മുമ്പ് ആരോ തയ്യാറാക്കിയ ചോദ്യങ്ങൾ പരിഷ്ക്കാരങ്ങളില്ലാതെ ആധുനിക പോലീസിനെ ഇന്നും നയിക്കുന്നു.

“എവിടെ അയാൾ ? “

“ആരാണ് സർ ?”

“അടയ്ക്കാ കള്ളൻ”.

“നാണപ്പനെ ഇങ്ങ് കൊണ്ടുവാ” രാജേഷ് ജീപ്പിലേക്ക് നോക്കി പറഞ്ഞു.

തോളിലെ തോർത്തെടുത്ത് മുഖം പൊത്തിയാണ് നാണപ്പൻ അടുത്തേക്ക് വന്നത്. ആ കാഴ്ച കാണാതിരിക്കാൻ അയാൾ തിരിഞ്ഞ് നിന്നു. കത്തിക്കരിഞ്ഞ ആ രൂപം എഴുന്നേറ്റ് വന്ന് തൻ്റെ മുഖം കൊത്തിപ്പറിക്കുമെന്ന് അയാൾ ഭയപ്പെട്ടു. കൂരിരുട്ടിൽ ഒരു മൃതശരീരം ഒറ്റക്ക് കണ്ട മനുഷ്യൻ്റെ ഭയവിഹ്വലതകൾ നാണപ്പനെ വല്ലാതെ പിടി കൂടിയിരുന്നു. സാംസൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി നാണപ്പൻ സാംസനോട് ചേർന്ന് നിന്നു. കുടുക്ക് മലകൾക്ക് അപ്പുറം പുലരിയുടെ തെളിച്ചം പയസ്വിനിയെ ഉണർത്തി തുടങ്ങിയിരുന്നു.

( തുടരും… )

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.