
ഒടിച്ചെടുത്ത മരക്കൊമ്പ് കൊണ്ട് സെമിത്തേരി മതിലിലെ വള്ളിപ്പടർപ്പുകളിൽ പടർന്ന തീ നാണപ്പൻ തല്ലിക്കെടുത്തി. മതിലിനരികിൽ കരിയിലകളും വേസ്റ്റ് കൂനയും പിന്നെയും ആളിക്കത്തുകയാണ്. നാണപ്പൻ വീണ്ടും കൂടുതൽ ചപ്പുകൾ നിറഞ്ഞ മരക്കമ്പുകൾ ഒടിച്ചു. ഒരു സഹായത്തിനായി ആ ഇരുളിലേക്ക് അയാൾ നോക്കി. എങ്ങും ആരും ഇല്ല. ഒരു വാഹനം പോലും ഇല്ല. ദുരാത്മാക്കൾ ഇറങ്ങുന്ന സമയത്ത് സെമിത്തേരിക്ക് അരികിലേക്ക് ആര് വരാൻ. ഭാഗ്യം കരിയിലകളിലെ തീ കെട്ടുതുടങ്ങി.
ഇതെന്താണ് ചാക്ക് കെട്ടോ ? അവന്മാർ എന്ത് വേസ്റ്റാണ് കൊണ്ടുവന്ന് കത്തിച്ചത് ? വല്ലാത്ത മണം. നാണപ്പൻ അതിന് മീതെ ചപ്പു കൊണ്ട് ആഞ്ഞടിച്ചു. ചാക്ക് കെട്ടിന് മേൽ കത്തിപ്പടർന്ന തീ അടർന്ന് താഴേക്ക് വീണു.
ഓ…. ആ കാഴ്ചയിൽ നാണപ്പൻ ഞെട്ടി വിറച്ചു.
കത്തി വീണത് ഒരു മനുഷ്യൻ്റെ ശരീരം. വെന്തടർന്ന മുഖത്തിലെ കണ്ണുകൾ താഴേക്ക് തൂങ്ങിയിരിക്കുന്നു. ഭീകരമായ ആ മുഖം തന്നെ തുറിച്ച് നോക്കുന്നത് പോലെ നാണപ്പന് തോന്നി. കാലുകളിലെ വിറയൽ നാണപ്പൻ്റെ ഹൃദയത്തിലേക്കെത്തി. പൊള്ളിയടർന്ന കൈകൾ ആ തീയിൽ നിന്ന് ഉയർന്ന് തന്നെ പിടികൂടുമെന്ന് നാണപ്പന് തോന്നി. അയാൾ അലറികൊണ്ട് പള്ളിക്ക് മുന്നിലെ ഇരുളിലൂടെ താഴേക്ക് ഓടി. അയാളുടെ അലർച്ച മലമടക്കുകൾ കടന്ന് തപസ്വിനിയിൽ ലയിച്ചു.
………
സർ …. സർ …… സർ
ഏതോ കുഴിയിൽ നിന്ന് ആരോ വിളിക്കുന്നതുപോലെ. ആരാണ് ? എന്തിനാണ് അയാൾ വിളിച്ച് കൂവുന്നത് ? ആ കുഴിയിൽ ഇരുളിനുള്ളിലെവിടെയോ ആണയാൾ. സർ …… സർ ശബ്ദം മാത്രമെയുള്ളല്ലോ. സാംസൺ ആ കുഴിയിലേക്ക് സൂക്ഷിച്ച് നോക്കി.
എവിടെയാണ്? എവിടെയാണ് ? കണ്ണുകൾ തുറന്ന് വീണ്ടും വീണ്ടും നോക്കി.
സർ ….സർ ….. ഉറക്കത്തിൻ്റെ അഗാധതയിൽ നിന്ന് സാംസൺ ഞെട്ടിയുണർന്നു. വാതിൽ തട്ടുന്ന ശബ്ദം. താൻ എവിടെയാണെന്നുള്ള ബോധത്തിലേക്ക് പതിയെ പതിയെ സാംസൺ എത്തിച്ചേർന്നു.
സാംസൺ മുഖം തിരുമ്മി എഴുന്നേറ്റു
മുറിയിലെ ലൈറ്റ് ഇട്ടിരുന്നത് നന്നായി. അയാൾ വാതിൽ തുറന്നു, സ്റ്റേഷനിലെ പോലീസുകാരനാണ് .
എന്താണ്?
അവിടെ കോഴിച്ചാൽ പള്ളിയുടെ സമീപത്ത് ഒരാൾ മരിച്ചു കിടക്കുന്നു.
മരിച്ചു കിടക്കുന്നോ ?
അതെ സർ, ആരോ കത്തിച്ചതാണ്.
കത്തിച്ചതോ? ആരാണ് മരിച്ചത് ?
അറിയില്ല.
ആരെങ്കിലും പോയോ? സീൻ ഗാർഡ് ചെയ് തോ ?
നൈറ്റ് ഡ്യൂട്ടിക്കാർ അവിടെയുണ്ട് സർ.
ഞാനിപ്പോൾ വരാം.
ജോയിൻ ചെയ്ത ദിവസം വന്ന് ചേർന്നത് വലിയ കുരിശാണല്ലോ. നേരം പുലർന്നിട്ട് പോലുമില്ല. സമയം 4 മണി ആകുന്നു. ഈ സ്റ്റേഷൻ എങ്ങിനെയാണ്? നാട് എങ്ങിനെയാണ് ? നാട്ടുകാർ എങ്ങിനെയാണ് ? ഒന്നുമറിയില്ല.
വേഗം ഫ്രഷായ് യൂണിഫോമിട്ട് സ്റ്റേഷനിലെത്തി. സ്റ്റേഷനു മുന്നിലെ പ്ലാവിൻ ചുവട്ടിൽ ഒരു ജീപ്പിനരുകിലായ് മൂന്ന് നാല് പേരുണ്ട്. പാറാവിൽ നൈറ്റ് ഡ്യൂട്ടി ഓഫീസറും പോലീസുകാരും.
എവിടെയാണ് സ്ഥലം?
കോഴിച്ചാൽ, സുള്ളിയിലേക്ക് പോകുന്ന വഴിയാണ് സർ. നൈറ്റ് ഓഫീസറാണ് മറുപടി പറഞ്ഞത്.
എത്ര കിലോമീറ്റർ ?
ഇരുപത്. വണ്ടിയും ഡ്രൈവറും റെഡിയാണ് സർ.
ആരാണ് കണ്ടത് ?
നാണപ്പനാണ് സർ
എവിടെ അയാൾ?
സ്റ്റേഷൻ്റെ വരാന്തയുടെ മൂലയിൽ നിന്ന നാണപ്പനെ പാറവുകാരൻ അകത്തേക്ക് കൊണ്ടുവന്ന് നിർത്തി.
ദാരിദ്രം ശരീരത്തെ പകർന്നെടുത്ത മനുഷ്യരൂപം. ആധിയിൽ അഗാധതയിലേക്ക് പോയ കണ്ണുകൾ . വിറപൂണ്ട ശരീരത്തിന് പാകപ്പെടാത്ത ഉടുപ്പ്.
എന്താണ് പേര് ?
നാണപ്പൻ .
എന്താണ് ജോലി?
നാണപ്പൻ ഒന്നും മിണ്ടാതെ തറയിലേക്ക് നോക്കി നിന്നു.
എന്താണ് തൻ്റെ പണി ? സാംസൺ അല്പം ശബ്ദമുയർത്തി ചോദിച്ചു.
കള്ളനാണ് സർ , അടയ്ക്ക മോഷണം. നൈറ്റ് ഓഫീസറാണ് പറഞ്ഞത്
കള്ളനോ? അതു കൊള്ളാലോ. ഇയാളുടെ മൊഴി എടുത്തോ ?
എഴുതിട്ടില്ല സർ.
ഇയാളുടെ മൊഴിയിൽ കേസ് എടുക്കരുത്. വേറെയാരുണ്ട്?
ചായക്കടക്കാരൻ കോയക്ക.
ശരി നാണപ്പൻ കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞാട്ടെ.
നാണപ്പൻ ഒന്നു പതറി.
എന്താണ് പറയേണ്ടത്? അടയ്ക്ക മോഷ്ടിച്ച കാര്യം പറയണോ ? അത് പറഞ്ഞാൽ കുഴപ്പമാകുമോ ?
താൻ പറയുന്നോ, അതോ ഞാൻ പറയിപ്പിക്കണോ?
വേണ്ട സർ. നാണപ്പൻ തൊഴു കൈയോടെ പറഞ്ഞു
നാണപ്പൻ്റെ കഥ പറച്ചിൽ നല്ല രസമായി തോന്നി സാംസണ്. കാസർകോടിൻ്റെ തുളവും കന്നഡയും മലയാളവും കൊങ്ങിണിയും എല്ലാം ചേർന്ന ഭാഷ. പലതും മനസിലാവാതെ പോയപ്പോൾ നൈറ്റ് ഓഫിസറും പോലിസുകാരും സഹായിച്ചു.
ശരി ഇയാളെകൂടി കൂട്ടിക്കോ. നമുക്ക് സ്ഥലത്തേക്ക് പോകാം.
( തുടരും ….)









