
അടയ്ക്കാ മോഷണം ഒരു ലഹരിയാണ് നാണപ്പന്. പഴുത്ത് പാകമായ അടയ്ക്കാ തോട്ടങ്ങൾ തേടിയുള്ള നാണപ്പൻ്റെ പാതിരാ യാത്ര തുടങ്ങിയിട്ട് വർഷങ്ങളായി. നാണപ്പൻ അടയ്ക്ക മാത്രമെ മോഷ്ടിക്കൂ. ഉയരമുള്ള കവുങ്ങിൽ പഴുത്ത് കിടക്കുന്ന അടയ്ക്കകൾ തേടി മനുഷ്യരിൽ ഇരുട്ട് പേടി വീഴ്ത്തുന്ന വഴികളിലൂടെ ഭയമേതുമില്ലാതെ നാണപ്പൻ നടക്കും. പകലുകളിൽ കണ്ട് വെയ്ക്കുന്ന കവുങ്ങിൻ തോട്ടങ്ങൾ, ആ കൂരിരുളിൽ നാണപ്പൻ്റ വരവിനായി തലയാട്ടി നിൽക്കും.
നായും നരിച്ചീറും നാഗങ്ങളും മയക്കത്തിലാകുമ്പോൾ മലയിറങ്ങി നാണപ്പനെത്തും. ആകാശങ്ങളെ തൊട്ട് നിൽക്കുന്ന കവുങ്ങിൻ തലപ്പുകളിലേക്ക് ആയാസപ്പെട്ട് കയറും . പഴുത്ത് പാകമായ അടയ്ക്കകുലകൾ എളിയിലെ ചെറുപിച്ചാത്തി കൊണ്ട് വെട്ടിയിടും. മുന്നോ നാലോ കവുങ്ങികളിൽ മാത്രമെ നാണപ്പൻ കയറൂ. ഉടമസ്ഥരറിയാതിരിക്കാൻ ഓരോന്നിൽ നിന്നും ഓരോ കുലകളെ വെട്ടു. ആ ലഹരിയിൽ ഉന്മത്തനായി അടയക്കകൾ പെറുക്കി കൈയിലെ ചാക്കിൽ കെട്ടി തിരികെ നടക്കും. പിന്നെ വെളുപ്പിന് മലയിറങ്ങി വരുന്ന ജീപ്പുകളിൽ ഒന്നിൽ കയറി ടൗണിലേക്ക് പോകും. നാണപ്പൻ സ്ഥിരമായി അടയ്ക്ക കൊടുക്കുന്ന കടകളിലെത്തി വിലപേശലില്ലാതെ അവ കൊടുത്ത് പണവുമായി മടങ്ങും.
കുന്നിൻ മുകളിലെ ഇരുളിൽ പിന്നെയും ഇരുട്ടായി പള്ളിയുടെ രൂപം . ഒരു നിമിഷം നാണപ്പൻ പള്ളിയെ നോക്കി നിന്നു . പിന്നെ കൈ കൂപ്പി എന്തെക്കെയോ പിറുപിറുത്തു . പള്ളി കഴിഞ്ഞ് വഴി വളവ് തിരിഞ്ഞ് താഴേക്ക് പോകയാണ്. പള്ളിക്ക് പുറകിലെ സെമിത്തേരിയുടെ പഴകിയ മതിലിന് മുകളിലൂടെ കുരിശു രൂപങ്ങൾ ഭയപ്പെടുത്തി താഴേക്ക് നോക്കുന്നത് കണ്ട് അയാൾ നടന്നു.
വഴി ചെറുതായി ചെറുതായി താഴേക്ക് പോകയാണ്. ആകാശ കാഴ്ചകളെ മറച്ച് കൊണ്ട് വലിയ മരങ്ങളിലെ ചില്ലകൾ വഴിയിലേക്ക് ഇരുൾ വീഴ്ത്തി നിന്നു . പകലുകളിൽ പോലും ആൾ സഞ്ചാരം അധികമില്ലാത്ത ആ വഴിയിലെ ഉണങ്ങി വീണ കരിയിലകളെ ചവിട്ടി നാണപ്പൻ താഴേക്ക് നടന്നു. ഇനി അധികം നടക്കാനില്ല, പഴുത്തു നിറഞ്ഞ അടയക്കകളുമായി കവുങ്ങിൻ തലപ്പുകൾ മുന്നിൽ കാത്തു നിൽക്കുകയാണ്. താഴ്വാരങ്ങളിലെ നൂറുകണക്കായ കവുങ്ങുകൾക്ക് മുന്നിൽ സന്തോഷവാനായി നാണപ്പൻ നിന്നു. ഇരുളും നേർത്ത തണുപ്പും. രാത്രി നന്നായി ഉറങ്ങിക്കഴിഞ്ഞു.
മലകളും താഴ് വാരങ്ങളും നിശബ്ദതയിലാണ്ടു മുന്നിലെ കവുങ്ങിൽ നാണപ്പനൊന്നു തൊട്ടു നോക്കി. ആ കൂരിരുളിലും നാണപ്പനെല്ലാം കാണാമായിരുന്നു നിരന്ന് നിൽക്കുന്ന കവുങ്ങിൻ തലപ്പുകളിൽ പഴുത്ത് നിറം ചാർത്തിയ അടയ്ക്കകളെ അയാൾ കൊതിയോടെ നോക്കി. ആ ഉയരങ്ങളിലേക്ക് കുതിച്ചെത്തി അവയിലൊന്ന് തൊടാൻ അയാൾ വല്ലാതെ കൊതിച്ചു. എളിയിൽ നിന്ന് ഒരു ബീഡി എടുത്ത് കത്തിച്ചു. ആ ഇരുട്ടിൽ തന്നെ ആരും കാണുന്നില്ലായെന്ന് അയാൾക്ക് ഉറപ്പ് ഉണ്ടായിരുന്നു. അയാൾ ബീഡി ആഞ്ഞു വലിച്ചു.
മൂന്നാമത്തെ കവുങ്ങിൽ പാതി കയറിയപ്പോഴാണ് നാണപ്പൻ അത് ശ്രദ്ധിച്ചത്. മുകളിൽ പള്ളിക്ക് സമീപം ഒരു വാഹനത്തിൻ്റെ ഇരമ്പലും വെട്ടവും. ജീപ്പാണല്ലോ, നാണപ്പൻ പരിഭ്രമിച്ച് കവുങ്ങിൽ മുറുകെ പിടിച്ചു. കവുങ്ങിൻ തോട്ടത്തിൻ്റെ ഉടയോന്മാർ എത്തുന്നതാവാം. അടയ്ക്ക കക്കാനിറങ്ങിയത് ആരെങ്കിലും കണ്ടു കാണും. പിടിയക്കപ്പെട്ടു എന്ന് നാണപ്പൻ ഉറപ്പിച്ചു . മുമ്പും ആളുകൾ പിടികൂടിയിട്ടുണ്ട്, നല്ല തല്ലും കിട്ടിയിട്ടുണ്ട്.
സെമിത്തേരിയുടെ ഭാഗത്ത് വാഹനത്തിൻ്റെ ഇരമ്പൽ നിന്നല്ലോ. വെളിച്ചമുണ്ട് ആളുകൾ ഇറങ്ങി താഴേക്ക് നടന്ന് വരികയാവും. നാണപ്പൻ കവുങ്ങിൽ നിന്ന് താഴേക്ക് ഇറങ്ങി അടയ്ക്ക ചാക്ക് എടുത്ത് തോളിലിട്ടു. രണ്ട് കവുങ്ങിൽ നിന്ന് കിട്ടിയത് കുറച്ചുണ്ട്. ഇത്തിരി മാറി വഴിയിലെ ഇരുട്ടിലേക്ക് നോക്കി നാണപ്പൻ നിന്നു. അവർ ഇപ്പോൾ താഴേക്ക് വരും തന്നെ പിടികൂടും. ചാക്ക് വലിച്ചെറിഞ്ഞ് ഓടിയാലോ ?. ഇരുൾ പിടിച്ചു കിടക്കുന്ന കവുങ്ങിൻ തോട്ടത്തിനറ്റം എവിടെയെന്നറിയില്ല. ആ സമയം ഇരുട്ട് ഭയമായി നാണപ്പൻ്റെ മുന്നിലേക്ക് എത്തി. തൻ്റെ ഹൃദയ താളങ്ങൾ ചവുട്ടി താഴേക്ക് വരുന്ന ആളുകളെ കാത്ത് നാണപ്പൻ നിന്നു. ഇരുളിൽ ആളുകളുടെ വർത്തമാനമോ കാൽവെപ്പുകളോ കേൾക്കുന്നില്ല. കുറച്ച് നേരമായി ആരും താഴേക്ക് വന്നില്ല. മുകളിലെ വെളിച്ചത്തിന് ഇത്തിരി ശക്തി കൂടീയോ ? വണ്ടി തിരിച്ചു പോകുന്നോ? അത് തിരികെ പോകുകയാണല്ലോ. തന്നെ അന്വേഷിച്ച് എത്തിയവരല്ലെ ? പള്ളിയുടെ ഭണ്ഡാരം മോഷ്ടിക്കാൻ വന്ന കള്ളന്മാരാണോ ?
ഇന്നിനി കവുങ്ങിൽ കയറേണ്ട. നാണപ്പൻ പതിയെ മുകളിലേക്ക് നടന്നു .വണ്ടിയുടെ ശബ്ദം റാണിപുരത്തേക്കുള്ള വഴിയിലൂടെ മലകൾക്കപ്പുറം ലയിച്ചു ചേർന്നു. മുകളിലൊരു വെളിച്ചമുണ്ടല്ലോ. നാണപ്പൻ ഒന്നു നിന്നു. തന്നെ കാത്ത് അവിടെ ആരെങ്കിലും ഉണ്ടാകുമോ ? സംസാരമൊന്നും കേൾക്കുന്നില്ലല്ലോ.
ജീപ്പ് പോകുന്ന ശബ്ദം കേട്ടതാണ്, പക്ഷെ അവിടെ എന്താണ് വെളിച്ചം. നാണപ്പൻ അല്പം നടന്ന് റോഡ് നിരപ്പത്ത് എത്തി. ഓ ദൈവമേ ഇതെന്താണ് വന്നവർ സെമിത്തേരിയുടെ താഴെ തീയിട്ടോ ? സെമിത്തേരി മതിലിനു താഴെ ചവറുകൂന നിന്ന് കത്തുകയാണ്. ആരോ വേസ്റ്റു കൊണ്ടിട്ട് കത്തിച്ചു പോയതാണ്. മതിലിൽ ചാഞ്ഞ് കിടക്കുന്ന വള്ളിപ്പടർപ്പുകൾ കത്താൻ പോകുന്നു. അതിന് തീ വീണാൽ ഉണങ്ങിയ കരിയിലകൾ വീണ പള്ളിപ്പറമ്പാകെ കത്തും. അടുത്തെങ്ങും ആരുമില്ലല്ലോ വന്നവന്മാർ തീയിട്ടു പോയോ?. നാണപ്പൻ ചാക്ക് കെട്ട് താഴെയിട്ടു വഴിയരികിലെ ചാഞ്ഞ് നിന്ന മരക്കൊമ്പ് വലിച്ചൊടിച്ചു. മുന്നിൽ കാലിൽ കുടുങ്ങിയ ഒരു പ്ലാസ്റ്റിക്ക് കൂട് അയാൾ എടുത്ത് നോക്കി. ഭംഗിയുള്ള ഒരു ചെറിയ കൂട് . ഏതോ തുണിക്കടയുടെയാണ് . അയാൾ ബീഡിയും തീപ്പെട്ടിയും എടുത്ത് ആ കൂട്ടിലിട്ടു പിന്നെ ചുരുട്ടി എളിയിൽ തിരുകി. തീ ഇപ്പോൾ കത്തിപ്പടർന്ന് മുകളിലേക്ക് കയറും. ഉണങ്ങിയ കരിയിലകളാണ്, പള്ളിപ്പറമ്പ് മുഴുവൻ തീയാകും.
(തുടരും…)









