പാതകൾ

കലങ്ങിയ കണ്ണുകളും
മന്വന്തരങ്ങളുടെ വേദനയുമായി
കാലം പടിയിറങ്ങിപ്പോയ പാതകളിൽ
അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ
ഉണരുന്ന കൗതുകമായി
മറഞ്ഞുകഴിഞ്ഞതൊക്കെയും
മടങ്ങി വരുന്നു.

ഒരുമിച്ചു പിന്നിട്ട പാതകളുടെ
അവസാനത്തിലെ അനിശ്ചിതത്വത്തിൽ
നമുക്കിന്നു കാഴ്ച നഷ്ടമായിരിക്കുന്നു.

വിളറുന്ന തൊട്ടാവാടിപ്പൂക്കളും
നിശബ്ദമായ ഓലപ്പീപ്പിക്കളും
ഉതിർന്നു വീണ മഞ്ചാടി മുത്തുകളും
ഓർമ്മകളുടെ ഓരങ്ങളിൽ
നമ്മെ കാത്തിരിക്കുന്നു.

നാമെന്നും
ഒഴുകുന്ന വെള്ളത്തിൽ
കൊട്ടാരം നിർമ്മിക്കുകയായിരുന്നു.

അഴുകിയ കിനാവുകളുടെ മീതേ
പ്രത്യാശയുടെ പൂക്കൾ വിടർത്താനോ
പിഞ്ചിക്കീറിയ പൂക്കളുടെ ഇതളുകൾ
കൊരുത്തു ചേർക്കാനോ
ഒരിക്കലും നമുക്കാവില്ല.
കൊളുത്തുകളില്ലാത്ത ഒരു സ്നേഹച്ചങ്ങല
ഇനിയും നമ്മെ ഒരുമിച്ചു ചേർക്കില്ല.

കുടിയൊഴിഞ്ഞ കാലം
പുറകിലേക്ക് നടന്ന്
നമ്മെയും കടന്നു പോയി.
മഴത്തുള്ളികൾ
ചതുപ്പു നിലങ്ങളുടെ നനവിൽ
അറിയപ്പെടാതെ
മറഞ്ഞു പോയി
നിശ്ചലമായ ശരീരത്തിൽ
പടർന്നു കയറുന്ന
പൂപ്പലുകളെയോർത്തു വ്യാകുലരായി
നാമിപ്പോൾ
ഇല്ലാതായിരിക്കുന്നു.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ മുംബൈ കേന്ദ്രിയ കാര്യാലയത്തിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ചു. ആനുകാലിക പ്രസിദ്ധികരണങ്ങളിൽ എഴുതിയിരുന്നു. തിരുവനന്തപുരം മരുതൻകുഴിയിൽ താമസിക്കുന്നു.