ആകാശം തൊട്ടു പറക്കുന്ന നൊമ്പരക്കടലാസുകൾ

മെലിഞ്ഞു നേർത്ത വിരലുകളിൽ മൈദപ്പശ അവശേഷിപ്പിച്ച അപൂർണ്ണ ചിഹ്നങ്ങൾ പാവാടത്തുമ്പിൽ തുടച്ചതിനുശേഷം, രണ്ടടി നീളവും വീതിയുമളന്നു വെട്ടിവച്ച സമചതുര വർണ്ണക്കടലാസിൽ, വില്ലുപോലെ വളച്ചറ്റങ്ങൾ നൂലു കൊണ്ടു കെട്ടിയ ഈർക്കിൽ, വികർണമാക്കി ഒട്ടിച്ചു.

നീളത്തിൽ മുറിച്ചെടുത്ത മിന്നുന്ന കടലാസുകൾ സമചതുരത്തിന്റെ മൂലകളിൽ വാലുകളായി പിറന്നു. സമചതുരത്തിന്റെ മധ്യത്തിലിട്ട സുഷിരത്തിലൂടെ നൂലു സൂക്ഷമതയോടെ കോർത്തെടുക്കുകയായിരുന്നു നൂറ.

“നൂറാ ന്റെ പണി കഴിഞ്ഞോ?, സമയം കുറേയായി.”

ഉമ്മറചായ്പ്പിൽ നിന്നു നിഴലിനെ മുന്നിൽ നടത്തി അകത്തേക്ക് കയറിയ അബൂട്ടി ചോദിച്ചു.

“ഉപ്പാ ദേ കഴിഞ്ഞു. ഇവനെയൊന്നു മൊഞ്ചാക്കിയെടുക്കട്ടെ.”

ഇരുന്നിടത്തിൽ നിന്നും ചായത്തട്ടും ബ്രഷും ഏന്തിയെടുക്കാൻ നൂറ ആയാസപ്പെടുമ്പോഴേക്കും അബൂട്ടി വേഗം വന്നതവൾക്കെടുത്തു കൊടുത്തു.

ഒതുക്കമില്ലാതൊഴുകുന്ന നരച്ചതാടി കാൽ മുട്ടിനെ മുട്ടിച്ചു. നൂറ ഉണ്ടാക്കിവച്ച വർണ്ണപ്പട്ടങ്ങളോരുന്നും അബൂട്ടി സഞ്ചിയിൽ അടുക്കിവെക്കുമ്പോൾ ശുഷ്കിച്ച കാലുകൾ പിന്നോട്ടാക്കി വർണ്ണക്കടലാസിൽ ബ്രഷുമായി കുമ്പിട്ടിരിക്കുന്ന നൂറയിൽ അലിവിന്റെ പൊടിമഴ ചാറുന്നുണ്ടായിരുന്നു.

വീടുവീടാന്തരം കയറിയറിങ്ങി ഊദും അത്തറും വിറ്റ കാശു സ്വരൂപിച്ചു സ്വന്തമാക്കിയ, കടലിനെ നോക്കി കൂനിക്കുനിഞ്ഞു നിൽക്കുന്ന ഒറ്റമുറി കൊട്ടാരത്തിലേക്ക്, കദീശയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞു നൂറയോടൊപ്പം താമസം മാറുമ്പോൾ, ദാരിദ്ര്യം അബൂട്ടിയുടെ മുമ്പിൽ കീഴടങ്ങാനൊരുങ്ങിയിരുന്നു.

കുത്തിച്ചൊരിഞ്ഞു നനച്ച മഴയ്ക്കും കത്തിപ്പടർന്ന ക്രൗര്യം കാണിച്ച വെയിലിനും ആഞ്ഞൂതി ശ്വാസംമുട്ടിച്ച കാറ്റിനും ഒറ്റമുറി കൊട്ടാരത്തിലെ കൂഞ്ഞു നൂറയെ കാണിക്കാതെ, അബൂട്ടി ഗർവ്വ് കാണിച്ചു.

ദാരിദ്ര്യം കെട്ടുചുമടായി പേറുന്ന കാലത്ത് അയിത്തം പ്രഖ്യാപിച്ചിച്ചകന്നു പറന്ന സന്തോഷങ്ങളെ പകലിരവുകളിൽ പാദമൂന്നി അദ്ധ്വാനിച്ച അബൂട്ടി പതുക്കെ ഒറ്റ മുറിക്കുള്ളിലേക്കെത്തിക്കാൻ തുടങ്ങുമ്പോഴായിരുന്നു, സന്തോഷത്തിരകളെ തച്ചുടക്കാനെന്നോളം പതുങ്ങി നിന്ന പനിയുടെ ചൂടുവള്ളികൾ നൂറയുടെ കുഞ്ഞു മേനിയിലേക്ക് പടർന്നു കയറിയത്.

പനിച്ചൂട് കെടുത്താനെടുത്ത കുത്തിവെപ്പ് നൂറയുടെ കുഞ്ഞിക്കാലുകളെ തളർത്തിക്കളഞ്ഞു. ശോഷിച്ചു പോയ കാലുകൾക്കു പകരം അവൾ കൈകുത്തി പിച്ചവെച്ചത് അബൂട്ടിയുടെ നെഞ്ചിനകത്തെ തീക്കനലിനു മേലേയായിരുന്നു.

കലങ്ങിമറഞ്ഞ പരിസരങ്ങളിലൂടെ മനസ്സ് കിതച്ചുപായുമ്പോൾ നിവർന്നു നില്ക്കാൻ അബൂട്ടിക്കൊരു ഊന്നുവടിയുണ്ടായിരുന്നു കദീശയെന്ന പാതിഭാഗം.

ദുരിതങ്ങളതിർത്തി മാറ്റി വരച്ചുകൊണ്ടിരിക്കുന്ന അബൂട്ടിയുടെ ജീവിത ഭൂപട വിസ്തൃതി വീണ്ടുമൊന്നുകൂടി ചുരങ്ങിച്ചെറുതായത്, കദീശയെന്ന വാമദേശത്തെ വിധി കീഴടക്കി കൈയ്യേറിയപ്പോഴായിരുന്നു. മരണം കാർന്നു തിന്നുന്ന ഞണ്ടുകൾ അണ്ഢാശയത്തിനുള്ളിൽ മാളമുണ്ടാക്കിയത് തിരച്ചറിയാനേറെ വൈകിപ്പോയിരുന്നു.

അരങ്ങ് പരിചയമില്ലാത്ത നൂറ എന്ന ഒറ്റ പ്രേക്ഷകയുടെ മുമ്പിൽ ഉപ്പയും ഉമ്മയും സഹോദരനും കളിക്കൂട്ടുകാരനുമൊക്കെയായി അബൂട്ടി എന്നൊറ്റ നടൻ വേഷം മാറി മാറിയെത്തി.

തളര്‍ന്ന പോയ കാലുകളിൽ മാറ്റമുണ്ടാക്കാതെ കാലം കണ്ണോടിച്ചു പോയെങ്കിലും, വൈദ്യശാസ്ത്രത്തിന്റെ കൈപ്പിഴയെ പഴിക്കാതെ, പൊരുതി പറക്കാൻ പഠിപ്പിച്ച മനസ്സിനെ പട്ടത്തിൽ സന്നിവേശിപ്പിച്ചു ജീവിക്കുകയാണിന്നു നൂറ.

നൂറ ഉണ്ടാക്കിവക്കുന്ന വർണ്ണപ്പട്ടങ്ങൾ, അബൂട്ടി അത്തറു കച്ചവടത്തിനു ശേഷം കടപ്പുറത്തു കൊണ്ടു പോയി വില്ക്കും. പട്ടങ്ങൾ വിറ്റു തിരിച്ചുവരുമ്പോൾ നൂറയുടെ കണ്ണുകളിലൂറുന്ന സന്തോഷത്തിളക്കം കാണുവാൻ കൂടിയാണ് അബൂട്ടി പട്ടത്തിന്റെ വില്പനക്കിറങ്ങുന്നത്.

അബൂട്ടിയുടെ കണ്ണുകൾ വീണ്ടും നൂറ ഉണ്ടാക്കുന്ന വർണ്ണപ്പട്ടത്തിനുമേൽ കറങ്ങിയെത്തി.

മെലിഞ്ഞ വിരലുകളിൽ വസിക്കുന്ന കലാ വിരുത്, വെള്ളച്ചായമടിച്ച ദീർഘ വൃത്തത്തിനു മുകളിൽ, കറുത്ത ചായത്തിലിറങ്ങി കയറിയ ബ്രഷ് ചാരുതയോടെ നീങ്ങിയപ്പോൾ പട്ടത്തിനു മേലൊരു അമ്മച്ചിത്രം തെളിഞ്ഞു.

“വാപ്പാ, ഇത് സച്ചൂട്ടനുള്ള പട്ടമാണേ” നൂറ ബ്രഷ് വെള്ളത്തിലിട്ടു കൊണ്ടു പറഞ്ഞു.

നൂറ എന്നും ഉണ്ടാക്കുന്ന പട്ടത്തിൽ, ഒന്നിനെന്തെങ്കിലും ഒരു മാറ്റം അവൾ വരുത്തും, അത് സച്ചൂട്ടനു വേണ്ടി ഉണ്ടാക്കുന്നതാണ്.

“മോളെ, കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും അവൻ വന്നിരുന്നില്ല.”

ടൗണിൽ ‘ആർദ്രം’ ക്ലിനിക്ക് നടത്തുന്ന ഡോ: ശ്യാം ശങ്കറിന്റെ ഏകമകനാണ് സച്ചു എന്നോമന പേരുള്ള ആരവ്. ആരവും ഡോക്ടറും എല്ലാ ഞായാറാഴ്ചകളിലും കടപ്പുറത്തെത്തി അബൂട്ടിയിൽ നിന്നു പട്ടം വാങ്ങി പറത്തും. കഴിഞ്ഞൊരു വർഷത്തിൽ ആകാശം മുഖം കറുപ്പിച്ചു നിന്ന ഞായാറാഴ്ചകളിൽ പോലും അവർ പട്ടം വാങ്ങാനെത്തിയിരുന്നു.

നിശബ്ദ നക്ഷത്രങ്ങളിലേക്ക് പട്ടം കുതിച്ചുയുരുമ്പോൾ, ഉരുണ്ടു ചുവന്ന സൂര്യന്റെ ചാഞ്ഞു വീഴുന്ന രശ്മികളിൽ മുങ്ങി നിലക്കുന്ന അച്ഛനും മകനും അബൂട്ടിയിലൂടെ നൂറയ്ക്കും ഏറേ പ്രിയപ്പെട്ടവരായി മാറിയിരുന്നു.

അബൂട്ടി പട്ടങ്ങളെല്ലാം സഞ്ചിയിലാക്കി എഴുന്നേറ്റു.

“വാപ്പാ, സച്ചു ഇന്നു വരുമായിരിക്കും, അല്ലേ!”

നൂറയെ സ്നേഹത്തോടെ നോക്കി, മിണ്ടാതെ വെറുതേയൊന്നു മൂളി അബൂട്ടി വേഗം പുറത്തേക്കിറങ്ങി.

ഞായറാഴ്ച തിരക്കുകളുടെ പൊടി പാറുന്ന കടലോരം പറ്റി, അബൂട്ടി കച്ചോടം തുടങ്ങി. സഞ്ചിക്കുള്ളിൽ വച്ചിരിക്കുന്ന പട്ടത്തിനു ആവിശ്യക്കാരുണ്ടായിട്ടും അബൂട്ടി അത് മാത്രം ആർക്കും നൽകിയില്ല.

സായന്തനച്ചില്ലയിൽ നിന്നും വിളറി വാടിയ മഞ്ഞവെയിൽത്തുള്ളികൾ വീഴുന്ന പൂഴിയിലൂടെ പാദങ്ങളൂന്നി കണ്ണുകൾ അഴിച്ചുവിട്ടു അബൂട്ടി നടന്നു, സച്ചുവിനേയും ഡോക്ടറേയും തേടി.

കടൽത്തീരത്ത് ഉപേക്ഷിക്കപ്പെട്ട ഒരു പട്ടത്തിന്റെ നൂലു നടുവിരലിൽ ചുറ്റി, കുമിഞ്ഞു കൂടിയ വിഷാദം വിങ്ങിപ്പൊട്ടി ഒഴുക്കാനാവാതെ വിമ്മിഷ്ടപ്പെട്ടു നിൽക്കുന്ന മേഘത്തുണ്ടിനെ നോക്കി ഡോ: ശ്യാം ശങ്കർ മണലിൽ ഇരിക്കുന്നു.

“ഡോക്ടർ” അബൂട്ടി ഒച്ചത്തിൽ വിളിച്ചങ്ങോട്ടു നടന്നു.

“സച്ചു മോനെവിടെ ഡോക്ടർ?.” സഞ്ചിയിൽ നിന്നു പട്ടം പുറത്തേക്കെടുത്തു, ശ്വാസം വിടാതെ അബൂട്ടി ചോദിച്ചു.

പൊട്ടിയ പട്ടം താഴെയിട്ടു ഡോക്ടർ എഴുന്നേറ്റു അബൂട്ടിയെ നോക്കി.

തിരകളോടി വന്നു പട്ടത്തിനു മേൽ നൂലറ്റങ്ങൾ ഉപ്പുപരൽ ചേർത്തെഴുതിയത് വിവർത്തനം ചെയ്യാനെന്നോണം തോണ്ടി കൊണ്ടു പോയി.

“അവൻ വന്നില്ല അബൂട്ടി, അവനിനി പട്ടം വേണ്ട.”

നൂലുകൾ പരസ്പരം കെട്ടുപിണഞ്ഞു നില്ക്കുന്നൊരു പട്ടമിളക്കി വലിക്കുമ്പോഴുണ്ടാകുന്ന ഒരാന്തലുമായ് അബൂട്ടി നിന്നു.

“അബൂട്ടിയുടെ കച്ചോടം തീർന്നെങ്കിൽ നമുക്ക് കുറച്ചു നടക്കാം.” അബൂട്ടി കൈയ്യിലുള്ള പട്ടം സഞ്ചിയിൽ വെച്ചു ഡോക്റോടൊപ്പം നടന്നു.

ഒരു തുഷാരബിന്ദു പോലെ സ്നേഹത്തിൽ നനച്ചു വിസ്മൃതിയാലാണ്ടു പോയ വികാരമാണ് സച്ചുവിന് അമ്മ. അഞ്ചു വയസ്സിൽ അമ്മയില്ലായ്മയുടെ കയ്പുനീരു രുചിച്ചവൻ. അവനെ സ്കൂട്ടറിൽ സ്കൂളിൽ വിട്ടു, മെഡിക്കൽ കോളേജിലേക്ക് പോകുമ്പോൾ, എന്തോ ഓർത്തുവന്ന മരണം ഒരു ലോറിയുടെ രൂപത്തിൽ പിന്നിൽ ഇടിക്കുകയായിരുന്നു. സച്ചുവിന്റെ അമ്മ അന്ന് മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയായിരുന്നു.
കലങ്ങിച്ചോന്ന കണ്ണുമായി ആകാശത്തിലയുന്ന മേഘത്തുണ്ടിനെ നോക്കി ഡോക്ടർ പറഞ്ഞു

“അമ്മയുടെ വേർപാടിൽ കണ്ണീരിറ്റി വാടിപ്പോയ കുഞ്ഞു മനസ്സിനെ താങ്ങാനുള്ള കരുത്ത് എനിക്കില്ലായിരുന്നു.”

തൊട്ടടുത്ത ഫ്ലാറ്റിൽ താമസിച്ചിരുന്ന ഗുജാറാത്തി ഫാമിലിയിലെത്തിയ ഒരു അമ്മൂമ്മമായി സച്ചു വേഗം കൂട്ടുകൂടി.

പുരാണത്തിലെ ഏടുകൾ അവർ അവനു മുന്നിൽ തുറന്നു. ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും ഗ്രഹങ്ങളും മേഘങ്ങളും ആകാശലോകത്തെ ദേവൻമാരും ദേവതകളുമായി.

പുരാണകഥക്കുള്ളിലെ മായാലോകത്ത് അവർ സച്ചുവിനെ പിച്ചവച്ചു നടത്തി. വർണ്ണശബളമായ ആകാശ ലോകത്തേക്കു പറന്നുപോയ അമ്മക്കിളി നക്ഷത്രവരികളിൽ അവനെ കാണാൻ വന്നു നില്ക്കുമെന്നും അവരവനെ കഥക്കുള്ളിലേക്ക് തള്ളിയിട്ടു വിശ്വസിപ്പിച്ചു.

കനിവിന്റെ നീലിമ ചമഞ്ഞ ആകാശപ്പടി കയറാൻ ആശയുടെ കണ്ണികൾ ചേർത്തുപിരിച്ചപ്പോൾ കുഞ്ഞുമനസ്സിലുദിച്ച ഉപായമായിരുന്നു പട്ടം പറത്തി അമ്മക്കരികിലെത്തുക എന്നത്.

പട്ടം പറപ്പിക്കാനുള്ള ആശയുടെ മേൽ സച്ചുവിന്റെ പിടുത്തം മുറുകിയപ്പോഴാണ് കടപ്പുറത്തെത്തിയതും അബൂട്ടിയിൽ നിന്നു പട്ടം വാങ്ങാൻ തുടങ്ങിയതും. അമ്മയുടെ ആത്മാവ് നങ്കൂരമിട്ടിരിക്കുന്ന ആകാശലോകത്തേക്കുള്ള സന്ദേശവാഹകരായിരുന്നു സച്ചുവിനു പട്ടം.

സന്ധ്യ നിണച്ചുവപ്പണിയിക്കുന്ന ആകാശ ഉടലുകളിൽ പട്ടങ്ങളുരുമ്മുമ്പോൾ വിടരുന്ന അവന്റെ ചുണ്ടുകളിൽ അമ്മയുടെ ഓർമ്മകൾ മന്ദഹാസങ്ങളായി നൊട്ടയിടും. അതെ, ഒരു തുണ്ട് ചോന്നവെളിച്ചം മന്ദഹാസമാകുന്നാ നിമിഷം ആകാശം മുഴുവനവന്റെ സ്വന്തമാകും.

“അവന്റെ ഭാഷയിൽ വരച്ചുവച്ച വഴിയിലൂടെ പട്ടം നക്ഷത്രങ്ങൾ പേറി നില്കുന്ന മാനത്തേക്കുള്ള നീളം ഹൃസ്വമാക്കി, അമ്മഹൃത്തിലേക്ക് അവൻ പറക്കുന്ന കാഴ്ചയിൽ ഞാനും സന്തോഷിച്ചിരുന്നു.”
ഡോ. ശ്യാംശങ്കർ ചക്രവാളത്തിൽ നിന്നു സാഗരത്തിലേക്ക് ഒലിച്ചിറങ്ങിയ ചുവന്ന രശ്മികളുടെ ഏറ്റിറക്കങ്ങൾ നോക്കി പറഞ്ഞു.

“ഡോക്ടറേ, സച്ചുവെനെന്തുപറ്റി”

“ഒന്നും പറ്റിയില്ല അബൂട്ടി, അവനിപ്പം പട്ടത്തിനെ ഇഷ്ടമില്ല”

“അതെന്താ സാർ?”

“കഴിഞ്ഞ ദിവസം അവന്റെ ടീച്ചർ എന്നെ വിളിച്ചിരുന്നു. മേഘങ്ങളെക്കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ അവന്റെ അമ്മ വരുന്ന ആകാശരഥങ്ങളാണ് മേഘങ്ങളെന്നും, ആകാശം മരിച്ചവരുടെ അവാസകേന്ദ്രമാണെന്നും നക്ഷത്രങ്ങൾ കാവൽ മാലാഖക്കണ്ണുകളാണെന്നും എഴുതിവെച്ചു.
പട്ടങ്ങൾ പറത്തി അവൻ അമ്മയോട് സംസാരിക്കാറുണെന്നും എഴുതി”

ഒടുവിലേറെ ബുദ്ധിമുട്ടിയാണ് ശാസ്ത്ര അദ്ധ്യാപിക അവന്റെ തെറ്റിദ്ധാരണകൾ ദൂരീകരിച്ചത്. അവരെന്നോട് ചോദിച്ചു ഇത്രയും വിദ്യാഭ്യാസമുള്ള ഡോക്ടെറെന്താ മകന്റെ തെറ്റായ ധാരണകളെ മാറ്റാൻ ശ്രമിക്കാത്തതെന്ന്.

ഞാനവരോട് ഒന്നും പറഞ്ഞില്ല

“പട്ടം പറത്തി തിരിച്ചു പോകുമ്പോൾ, ആനന്ദത്തിന്റെ ചുവപ്പുരാശി പടർന്ന അവന്റെ മുഖത്തു നോക്കി, നക്ഷത്രവരികളിൽ അവന്റെ അമ്മയില്ലെന്നും, വായു തന്മാത്രകളിൽ തട്ടി വിസരണം ചെയ്യപ്പെടുന്ന നീലപ്രകാശമാണ് ആകാശമെന്നും ഞാനെങ്ങിനെ അവനോട് പറയും?”

ശാസ്ത്രം അവനിലേക്കിറങ്ങിയപ്പോൾ, ഓർമ്മകളിൽ പറ്റിപ്പിടിച്ചു കേൾക്കുന്ന അമ്മക്കൊഞ്ചലുകൾ അവന് അന്യമായി. അവന്റെ ആനന്ദത്തിനുമേൽ മതിലു പണിഞ്ഞു നിന്ന അടിസ്ഥാന ശാസ്ത്ര പുസ്തകം അവന്റെ കുഞ്ഞു മസ്തിഷ്കവുമായി ദ്വന്ദ്വയുദ്ധത്തിലേർപ്പിട്ടുണ്ട്.

അബൂട്ടി എന്തു പറയണെമെന്നറിയാതെ കുഴങ്ങി നിന്നു. ഡോക്ടർ ഒന്നും പറയാതെ അബൂട്ടിയുടെ തോളിൽ കൈവച്ചു

“സാർ, എന്റെ വീട്ടിലൊന്നു വരുമോ.? വീട് എന്നൊന്നും അതിനെ വിളിക്കാനാവില്ല, അല്ലേല് സാർ വരേണ്ട ശരിയാവില്ല.”

“അതെന്താ അബൂട്ടി, ആഡംബരങ്ങളുടെ ചുമരകമല്ല വീട്, സ്നേഹം നിറഞ്ഞിടമാണ് വീട്, അബൂട്ടി നടക്ക് നമുക്കങ്ങോട്ടു് പോകാം.”

നനുത്ത പൂഴിയിൽ നിന്നും കല്ലുകൾ ഇളകിയടർന്ന റോഡിലൂടെ അവർ അബൂട്ടിയുടെ വീട്ടിലെത്തി. ഉമ്മറപ്പടിയിൽ പുഞ്ചിരിച്ചു നില്ക്കുന്ന നോറയെ ചൂണ്ടി അബൂട്ടി പറഞ്ഞു.

“ഡോക്ടർ പറഞ്ഞതു പോലെ ഈ ഒറ്റമുറിക്കുടിലിനെ, കൊട്ടാരമാക്കുന്ന സ്നേഹമാണിവൾ. സച്ചുവിനു പട്ടങ്ങൾ ഉണ്ടാക്കുന്നത് നോറയാണ്.”

കാലേന്തിവലിഞ്ഞകത്തേക്കു പോയ നോറയിൽ വൈദ്യശാസ്ത്രത്തിനു പറ്റിയ തെറ്റിനെ തന്റെ വിധിയായി അബൂട്ടി ഡോക്ടറുടെ മുമ്പിൽ അവതരിപ്പിച്ചു.

“വൈദ്യശാസ്ത്രത്തിന്റെ കൈപ്പിഴ ഖബറൊരുക്കിയില്ലല്ലോ! ന്റെ മോളെ ജീവനോടെ തന്നില്ലേ.!”
സങ്കടങ്ങൾ വാക്കുകളിലാറ്റി തണുപ്പിച്ചു അബൂട്ടി.

നോറ നല്കിയ ഏലക്കച്ചുവയുള്ള ചായകുടിച്ചു, ഒറ്റമുറി വീടിനെ ഹൃദയത്തിലെടുത്തു അവിടുന്നിറങ്ങുമ്പോൾ, നൂറ അമ്മച്ചിത്രം ആലേഖനം ചെയ്ത വർണ്ണപ്പട്ടം നൽകി പറഞ്ഞു.

“ഓരോ പട്ടം നിർമ്മിക്കുമ്പോഴും ഇതെന്നെ പോലെ മുടന്തി താഴെവീഴരുതേ എന്ന് അള്ളാനോട് പ്രാർത്ഥിക്കും. ഈ പട്ടവും ആകാശത്ത് പറക്കണം”

എയറോഡൈനാമ്കിസിന്റെ ബാലപാഠങ്ങളറിയാതെ, വേദന മണക്കുന്ന ഒറ്റമുറിയിലിരുന്നു നൂറ നിർമ്മിക്കുന്ന പട്ടങ്ങൾ ആകാശദൂരത്തിലൂടെ തടസ്സമില്ലാതെ പറക്കുന്നുവെങ്കിൽ, ഭാരം കുറയ്ക്കാൻ അവളെത്ര മാത്രം വേദന തിന്നു കാണും.

“സാറൊരു കാര്യം കൂടെ സച്ചുവിനോട് പറയണം. തീഗോളങ്ങളും ചോരമഴയും പെയ്യുന്ന ചില ആകാശമുള്ളയിടങ്ങളുണ്ട്. മരണം പെയ്തിറങ്ങുന്ന അത്തരം ആകാശത്തേക്ക് കുട്ടികൾക്ക് എങ്ങിനെ പട്ടം പറത്താനാവും? ആകാശത്ത് അവരെങ്ങിനെ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണും? സ്വാതന്ത്ര്യത്തിന്റെ പറവകൾ പറക്കുന്ന തെളിഞ്ഞ ആകാശ നീലിമ സ്വന്തമായുള്ള ഞാനും സച്ചുവൊക്കൊ ഭാഗ്യമുള്ളോരല്ലേ”

ഒരു വാക്യത്തിലൊരുപാടു കാര്യം കുത്തിനിറച്ചു നൂറ ചിരിച്ചു.

സ്വപനങ്ങളിൽ പോലും കണ്ണുകളിൽ പൂഴിമണലുരസി നിദ്രവിട്ടെന്നേൽക്കുന്നവർക്ക് ഇനി ആകാശമേ ഇല്ലാതാവുമോ എന്നാലോചിച്ചുകൊണ്ടു ഡോകടറും ഒരു നിമിഷം നിശബ്ദമായി. പട്ടങ്ങൾ പട്ടമുണ്ടാക്കുന്നവരുടെ മനസ്സിന്റെ തുലനമാണെന്നു ശരിവെച്ചു ഡോക്ടർ വീട്ടിലേക്ക് തിരിച്ചു നടന്നു.

പിറ്റേദിവസം വെളിച്ചമുണരാൻ തുടങ്ങുന്ന നീലാകാശമേലാപ്പിൽ കാറ്റ് നൂലുകെട്ടാത്ത പറത്തുന്ന വെള്ളപ്പട്ടങ്ങളോടൊപ്പം നൂറയുടെ പട്ടവും പറക്കുന്നുണ്ടായിരുന്നു.

ആകാശത്ത് പറന്നുയുർന്നു ഭാരമില്ലാതെയാകുന്ന പട്ടത്തിന്റെ നൂലറ്റത്ത് അമ്മയോർമ്മകൾ നിറച്ച മനസ്സുമായി സച്ചു ഉണ്ടായിരുന്നു.

പല പല നിറക്കൂട്ടുകളിൽ അലയുന്ന മേഘങ്ങൾ നിറഞ്ഞ വലിയ ആകാശത്തിൽ കൊച്ചു കൊച്ചു നൊമ്പരങ്ങളെ മൗനപ്പശിമ ചേർത്തൊട്ടിച്ചുണ്ടാക്കിയ എത്ര എത്ര പട്ടങ്ങളാണ്, ഇരുളിൽ മറഞ്ഞു നില്ക്കുന്ന അമ്മനക്ഷത്രങ്ങളെ അന്വേഷിച്ചു പറക്കുന്നത്.