ജലത്തിനടിയിൽ പ്രണയിക്കുന്നവർ വായിക്കുമ്പോൾ

യാത്ര പൂർത്തിയാക്കാതെ തകർന്ന് കടലിനടിയിൽ കിടക്കുന്ന കൈരളി കപ്പലിൽ വച്ച് പ്രമുഖ നടി ആശാ പരേഖുമായി പ്രണയസല്ലാപം നടത്തുന്ന സന്ദർഭങ്ങളെക്കുറിച്ച് ഫാന്റസിയിൽ പെട്ടുപോകുന്നുണ്ട് കെ.രഘുനാഥന്റെ പാതിരാവൻകരയിലെ ന്യൂസ് ലൈബ്രേറിയനായ നായകൻ. തന്റെ യഥാതഥ ജീവിതം തികച്ചും ഏകാതാനമായ മുരടിപ്പിലേക്ക് പോകുമ്പോൾ സ്വയം മായികത സൃഷ്ടിച്ച് രക്ഷപെടാനല്ലേ മാർഗ്ഗമുള്ളൂ. അയാൾ നിരന്തരം ആശയെ കപ്പലിൽ കൂട്ടിമുട്ടുന്നുണ്ട്. 

പി.കെ.സുധിയുടെ ‘അഷ്ടമുടിയിലെ വായനക്കാർ’ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വായിച്ചപ്പോൾ വെറുതെ ഓർത്തുപോയതാണ് ഈ നോവൽ സന്ദർഭം. പെരുമൺ തീവണ്ടി ദുരന്തത്തിൽ തകർന്നു പോയ തീവണ്ടിയുടെ ഭൂമിയിലേക്ക് ഉയർത്തപ്പെടാത്ത ബോഗിയിലിരുന്ന പുസ്തകങ്ങൾ വായിക്കുന്ന ചെറുപ്പക്കാരായ ഒരാണും പെണ്ണും. പുസ്തകങ്ങളിലൂടെ പ്രണ യണിയിച്ചവർ, പുസ്തകങ്ങളെ പ്രണയിച്ചവർ, ആ പ്രണയത്തിൽ ജീവിതവും, ഭൗതികലോകത്തെയും വിസ്മരിച്ചവർ. വായിക്കാനായി യാത്ര ചെയ്തവർ, പകൽ കിടന്നുറങ്ങിയും രാത്രിയിൽ ഉറങ്ങാതെ യാത്ര ചെയ്തും വായിച്ചവർ. ഒരാൾ വടക്കോട്ടു പോകുമ്പോൾ ഒരാൾ തെക്കോട്ട് യാത്ര ചെയ്യുന്നു. ഒരാൾ മലയാളം മാത്രം വായിക്കുന്നു, ഒരാൾ ഇംഗ്ലീഷ് മാത്രം വായിക്കുന്നു. എന്നാൽ വായിച്ചുകൊണ്ടേയിരിക്കുന്നു. പുസ്തകക്കെട്ടു കൊണ്ടു നടക്കുന്നതിനാൽ ഭീകരവാദികളുടെ ലിസ്റ്റിൽ കയറിക്കൂടുന്നു.

അഷ്ടമുടിക്കായലിലാഴ്ന്നു തങ്ങൾ മരിച്ചു പോയതറിയാതെ മീനുകളും കായൽ ജീവിതവും തങ്ങളുടെ ചുറ്റിലും തുഴഞ്ഞുനടക്കുന്നതും പെറ്റുപെരുകുന്നതും തങ്ങൾക്ക് കൂട്ടിരിക്കുന്നതും അറിയാതെ പുസ്തകങ്ങളുടെ അവസാന പുറവും വായിച്ച് കോട്ടുവാ വിട്ടുകൊണ്ട് എഴുന്നേൽക്കുന്നവർ. ഒടുവിൽ ലോകത്തെ ഒഴിവാക്കിയും മരണത്തെ മ്യൂട്ടുചെയ്തും അവർ ജലജീവിതം നയിച്ചതിന്റെ ഇരുപത്തിയെട്ടാം വർഷത്തിൽ പെരിനാട് ഭാഗത്തേക്ക് പാഞ്ഞു പോയ തീവണ്ടിയുടെ ഏറ്റവും പിന്നിൽ കണക്റ്റ് ചെയ്യപ്പെടുന്ന പഴയ ബോഗിയിൽ അവരുണ്ട്. അവർ ബോഗികളിലൂടെ നടക്കുമ്പോൾ വായന മരിക്കുന്ന കാഴ്ചകൾ, വാട്ട്സാപ്പും ഇയർഫോണുമായി പെരുമാറുന്ന മനുഷ്യർ.

ആ കാഴ്ചയാണോ അവരുടെ കഥയുടെ ക്ലൈമാക്സിന്റെ കാരണം. വൈലോപ്പിള്ളിയുടെ മരണവും അതിന്റെ പുലയും അവരെ അടുപ്പിച്ചതു പോലെ അവരെ മരണത്തിന്റെ മുന്നിലും 28 വർഷം സജീവമായി നിന്ന ലോകം പുസ്തകങ്ങളുടെ പ്രപഞ്ചജീവിതത്തിലാണെന്ന പ്രത്യാശയിലാണോ. അത് തകരുമ്പോഴാണോ അവരും സ്വയം പ്രപഞ്ചത്തിൽ അലിഞ്ഞുപോകുന്നത്. (പാതിരാ വൻകരയിലെ നായകനും ഒടുവിൽ പുസ്തകങ്ങളുടെ ലോകത്തിൽ നിന്നും ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന ലോകത്തിൽ ഒരു ഫോട്ടോ ആയി മാറുന്നുണ്ടല്ലോ.) ഈ ഭൗതിക ലോകത്തിൽ മനുഷ്യന് ഫാന്റസി നിർമ്മിക്കാൻ കഴിയുന്നത്, ഇരമ്പുന്ന ലോകത്തിൽ സമാധാനത്തിലും സ്വപ്നത്തിലും മുഴുകാൻ കഴിയുന്നത്, നമ്മുടെ പകലുകളെ രാത്രിയാക്കാനും നമ്മുടെ രാത്രികളെ പകലാക്കാനും നമ്മൾ ഇരമ്പുന്ന ലോകത്തിൽ നിന്നു പുറത്തോ നമ്മൾ പെരുമാറുന്ന ലോകത്തിന്റെ ഉള്ളിന്റെയുള്ളിലോ അടങ്ങിയിരിക്കാൻ കഴിയുന്നത്, ജീവിതത്തിലും മരണത്തിലും അതിജീവിക്കുന്നവരായി ഇരിക്കാൻ കഴിയുന്നതിന്റെ രഹസ്യമാണ് കഥ വെളിപ്പെടുത്തിത്തരുന്നത്. ആ സ്വയം നിർമ്മിത ലോകമില്ലാതാകുമ്പോൾ ഓക്സിജൻ ട്യൂബ് ഊരിയെടുക്കുമ്പോൾ ഒരാൾ മരണത്തിലേക്ക് മറിഞ്ഞു വീഴുന്നതു പോലെ.

പെരുമൺ അപകടം ഉണ്ടാവുന്നത് 1988 ജൂലൈ മാസത്തിലാണ്. ബാംഗ്ലൂർ കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സ് ആണ് പാളം തെറ്റുന്നത്. ടൊർണാഡോ ആയിരുന്നത്രേ കാരണക്കാരൻ. മറ്റൊരു ടൊർണാഡോ ആണ് കഥയിൽ കായലിൽ നിന്നും ബോഗിയെ പൊക്കിയെടുത്ത് ഐലൻഡ് എക്സ്പ്രസ്സിൽ ഘടിപ്പിക്കുന്നത്. കഥയിൽ കണ്ണൂ‍ർ എക്സ്പ്രസ്സ് ആണ് അപകടത്തിൽ പെടുന്നത്. അപകടം നടക്കുന്നതാവട്ടെ രണ്ട് ചെറുപ്പക്കാരും വായന തുടങ്ങിയതിന് ശേഷം നടക്കുന്ന സാഹിത്യത്തിലെ വലിയ മരണത്തിന്റെ അന്നും. വൈലോപ്പിള്ളി മരിക്കുന്നത് 1985 ഡിസംബറിലാണ്. കാലവും തീവണ്ടിയുമൊക്കെ അറിഞ്ഞു കൊണ്ട് കഥാകാരൻ മാറ്റിമറിക്കുകയാണ്. 

കഥയുടെ ഒടുവിൽ വായനക്കാരെ അമ്പരപ്പിച്ചുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന മാജിക്കലായ യാഥാർത്ഥ്യത്തെ കൊണ്ടുവരാൻ വേണ്ടിത്തന്നെ. കാരണം പൂർത്തിയാക്കാത്ത ജീവിത യാത്രയിൽ യാത്ര ചെയ്യുമ്പോഴാണ് കാലമിത്രയും കഴിയുമ്പോൾ തങ്ങൾ ഇത്രകാലം മാറിനിന്ന ലോകത്തിന് സംഭവിച്ച പരിണാമം മനസ്സിലാക്കാൻ കഴിയുന്നത്. മനസ്സിലായതോടെയാണ് അവരുടെ മരണം നടക്കുന്നത്. 

മദ്യം കഴിച്ച് അപരിചിത സ്ഥലത്ത് 20 വർഷം ഉറങ്ങിക്കിടന്നിട്ട് തനിക്കപരിചിതമായ തന്റെ ലോകത്തേക്ക് തിരിച്ചുവരുന്ന റിപ് വാൻ വിങ്കിളിനെപ്പോലെ, തനിക്ക് ചേരാത്ത ലോകത്തിനു നേരെ കതക് കൊട്ടിയടച്ച് ഏകാന്തതയിലിരുന്ന ഗസ്തോൻ സായ്‌വിനെ (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ) പോലെപു തുകാലത്തിന്റെ സഞ്ചാരപഥത്തിൽ ഈ (വായനാ) പ്രണയികൾക്കും കാലിടറുന്നുണ്ടായിരുന്നു. മനുഷ്യന് മറ്റൊരു ലോകം പണിതുണ്ടാക്കാൻ കഴിയുമ്പോഴാണ് സ്വാസ്ഥ്യം വരുന്നത്. അവർ യാത്ര ചെയ്ത തീവണ്ടിമുറി നമ്മുടേതും അവർ കായലിനകത്ത് മനുഷ്യലോകത്തിനപ്പുറത്ത് വ്യാപരിക്കുന്ന ജൈവലോകത്തിനോട് ചേർന്നിരുന്ന് പിന്നിട്ട തീവണ്ടി ബോഗി അവരുടേത് മാത്രവുമാണ്. അതിനെ നമ്മുടെ പാഞ്ഞുപോകുന്ന ജീവിതത്തിന്റെ പുതിയ കാലജീവിതവണ്ടിയിൽ പറ്റിചേർക്കുമ്പോൾ അവർ അലിഞ്ഞു പോയില്ലെങ്കിലല്ലോ അത്ഭുതമുള്ളൂ. മലയാളകഥയിലെ ഗംഭീര ഫാന്റസിക്ക്, മലയാള കഥയിലെ ഗംഭീര യാ‍ഥാർത്ഥ്യത്തിന്റെ കഥയ്ക്ക്, മലയാളകഥയിലെ ഉശിരൻ മാന്ത്രിക കഥാകഥനത്തിന്അഷ്ടമുടിക്കായലിലെ ബോഗിയിൽ മത്സ്യങ്ങൾ പെറ്റുപെരുകുന്ന ബോഗിയിൽ പ്രണയികളായ വായനക്കാരുടെ അടുത്ത് ചെന്നിരിക്കുക. 

പക്ഷേ ഒന്നുണ്ട് അവിടെ ഒരു സൂചനാഫലകമുണ്ട്. കീപ് സൈലൻസ്.

കൊത്തി മുറിച്ച ശില്പങ്ങൾ എന്ന കഥാസമാഹാരം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു. കഥ, ലേഖനം, കവിത ഇവ എഴുതുന്നു, ഹയർ സെക്കണ്ടറി അദ്ധ്യാപകനാണ്. കൊല്ലം അഞ്ചൽ എന്ന സ്ഥലത്ത് താമസം.