
എത്രമേൽ എഴുതി ഞാനെങ്കിലും, പിന്നെയും
എത്തുന്നതുണ്ടു നീ തോന്ന്യാക്ഷരങ്ങളായ്*.
അത്രമേൽ എന്നിൽ നിറഞ്ഞു നീ നിൽക്കവെ
ഇത്ര കൂടി ഞാൻ കുറിക്കാതെ എങ്ങനെ ?
കണ്ണു കണ്ണോടിഞ്ഞൊരാ മാത്രയിൽ
കണ്ണിമയ്ക്കാതെ നിൻ മെയ്യു,ഴിഞ്ഞതും ,
കുയിലു തോൽക്കും കിളിക്കൊഞ്ചൽ കേട്ടെൻ്റെ
കരളിലെ കല്ലിൽ കവിത കിനിഞ്ഞതും,
ആദ്യമായ് നിൻ വിരൽത്തുമ്പു തൊട്ടനാൾ
ആൽമരച്ചില്ല പോൽ ഞാനുലഞ്ഞതും,
നിൻ്റെ നിശ്വാസതാപങ്ങളേറ്റെൻ്റെ
ഉള്ളിലെ പ്രണയവാകകൾ ചോന്നതും,
നീയറിഞ്ഞില്ല എന്നാകിലും സഖി
നീറിടുന്നുണ്ടു ഇന്നുമെൻ ഓർമ്മയിൽ ……
ഒത്തൊരുമിച്ചു സ്കൂളിൽ പഠിച്ച നാൾ
എത്തുമായിരുന്നു പനിച്ചൂടിലും,
നിത്യമെന്ന പോൽ നിൻ മുഖം കാണുവാൻ
എത്രകാലങ്ങ, ളവ്വിധം പോയതും…
വർണ്ണശബളിമയാർന്നു നീ നിന്നൊരാ
വാർഷികങ്ങൾ, കലോത്സവനാളുകൾ;
ഒന്നൊഴിയാതെ കാത്തിടുന്നുണ്ടു ഞാൻ
ഇന്നുമെൻ സ്മൃതിപ്പെട്ടിയിൽ പൊന്നുപോൽ…
അന്നു നമ്മൾ ഒരുക്കിയ പൂക്കളം,
ദാവണി ചുറ്റിനിന്ന നിൻ രൂപവും,
ഒന്നുമിണ്ടാൻ കൊതിച്ചൊരെൻ മോഹവും
ഒക്കെയുണ്ടതിൽ ഒട്ടു മിഴിവാർന്നതായ്.
എത്രവട്ടം കൊതിച്ചതന്നാളിൽ ഞാൻ,
തത്ര നീയാ വരാന്തയിൽ നിൽക്കവേ,
എത്തി നോക്കും വെയിൽ തൊട്ടുഴിഞ്ഞിടും ,
നൃത്തമാർന്ന നിൻ നിഴലോടു ചേരുവാൻ.
ചൊന്നതില്ല പ്രണയമൊരിക്കലും
ചൊല്ലിടാതെ അറിഞ്ഞതുമില്ല നീ.
വല്ലപാടും മറക്കാൻ ശ്രമിക്കലോ
തെല്ലുമാകുന്നതില്ലതു മായ്ക്കുവാൻ.
കാലമേറെ കടന്നുപോയ് ഇന്നു ഞാൻ
കാലുകൾ പൊള്ളി ജീവിതവീഥിയിൽ,
കാറ്റു കൊണ്ടിളവേൽക്കുവാൻ നിൽക്കവേ
കണ്ടുവോ നിന്നെ ദൂരെയൊരു മിന്നൽ പോൽ !
തോന്നലോ ? അതോ നീ തന്നെയാകുമോ ?
തേടുവാനായ് മനസ്സു മന്ത്രിക്കുന്നു.
വേണ്ട, ഒരു വേള നീയാണതെങ്കിലും
നീണ്ട കാലങ്ങൾ നിന്നെയും മാറ്റിടാം
പേരുപോലും ഓർമ്മിക്കുവാനാകാതെ
ആരിതെന്നു നീ ചോദിച്ചു പോയിടാം.
ആയതു കേട്ടു നോവേറ്റു വാങ്ങി ഞാൻ
ആകുലനായി പലനാൾ കരഞ്ഞിടാം.
ആകയാൽ തിരയുന്നതില്ല ഞാൻ,
ആരതെന്നൊരാ ചോദ്യത്തിനുത്തരം
ആകിലും എന്നിൽ നീ നിറഞ്ഞീടവേ
ആവതില്ലെ,നിക്കെഴുതാതിരിക്കുവാൻ.
അത്രമേൽ നിന്നെ സ്നേഹിക്കയാകയാൽ
ഇത്ര കൂടി കുറിക്കുന്നു ഇന്നിതാ…
