
മരച്ചോട്ടിൽ നിന്നൊരു ഗന്ധർവ്വൻ
റെയിൽപ്പാത കടക്കുന്നു
മരച്ചോട്ടിലൊരു പൂവ് മിഴി പൊത്തിക്കിടക്കുന്നു
ഒരു കാറ്റ് അവളെ തഴുകിക്കൊണ്ടിരിക്കുന്നു
മിഴിക്കോണിലൊരു തുള്ളി ഇളം വെയിൽ തിളയ്ക്കുന്നു
നിറയെത്തേൻ കിനിയുന്ന നിറപുഷ്പമിവളെന്ന്,
വിളക്കൂതി കെടുത്തുന്ന കരിവണ്ട് മൂളുന്നു
ഇരുട്ടിൻ്റെ മറകെട്ടി ചെമ്മാനം ചാലിച്ചു,
വരിനെല്ലു കുലകുത്തിവരമ്പത്തു ചെരിയുന്നു.
ട്രെയിനൊച്ച കിടുകിടെ വിറപ്പിച്ചു പായുന്നു
കുളവാഴക്കൂട്ടത്തിൽ ഗന്ധർവ്വൻ മുങ്ങുന്നു
അവനേറ്റ കൊടും ശാപം വിഷമായി ദംശിച്ചു,
ദയ കാത്തു ഗന്ധർവ്വൻ വരമ്പത്തു ചായുന്നു.
ഇടം കാലിലിരുന്നേതോ കലികാലം വിളിക്കുന്നു
കൊടുവായിൽ തിളച്ചെണ്ണയൊഴിച്ചപോൽ പൊള്ളുന്നു
വിളിക്കാനോ, വിതുമ്പാനോ കഴിയാത്ത ഗന്ധർവ്വൻ,
ചിറകില്ലാതകലേക്കു പറക്കുന്നു, പതറുന്നു.
കിഴക്കേതോ തെളിമാനമുദിക്കുന്ന നേരത്ത്,
ഉറുമ്പുകൾ വിരിവെച്ച ഗന്ധർവ്വൻകിടക്കുന്നു
കരിനീല നിറത്തോടെ, അടയാത്ത മിഴിയോടെ,
തുറുപ്പിച്ചു നോക്കുന്നു ഇരുട്ടിൻ്റെ ഗന്ധർവ്വൻ.
