അതിജീവനം

അച്ഛൻ പോയതിന്റെ
പതിനേഴിന്റന്നു
അറവുമാടിന്റെ
തൊണ്ടക്കുരലിൽ
കത്തി വെക്കുമ്പോൾ
ഓറോപ്പക്കൈതക്കാട്ടിൽ
കാറ്റുലക്കുമ്പോലെ
ഉള്ളൊന്നു പിടഞ്ഞു.

കൂടെപ്പിറപ്പുകൾ
പുര നിറഞ്ഞു നിന്നതിന്റെ
കടബാധ്യതകൾ
നടവഴിയും കടന്ന്
അങ്ങാടിയിൽ
പാട്ടായപ്പോൾ
നിവൃത്തികേടിന്റെ
ഏപ്രൺ വലിച്ചുകെട്ടി
ഇറച്ചിക്കട തുടങ്ങി.

ചോരവാർന്നു
പിടക്കുമ്പോൾ
ആദ്യത്തെ അറവുമാട്
പൂർവ്വജന്മങ്ങളിലെ
പുണ്യ പാപങ്ങളുടെ
പറ്റു പുസ്തകത്തിലേക്ക്
കരളു തുളക്കുന്ന
ഒരു നോട്ടം എറിഞ്ഞുതന്നു.

തോൽ വലിച്ചു നീക്കി
വാരിയെല്ലുകൾ
വെട്ടുകത്തി കൊണ്ട്
നെടുകെ പിളർന്നു
മിടിപ്പ് നിലക്കാത്ത
ഹൃദയവും കരളും
ഊരിയെടുത്ത്
കോഴിയും പോത്തും
ചോര ചാർത്തിയ തുണിയിൽ
കൈചേർത്തുതുടച്ചപ്പോൾ
രക്തം വാർന്നു പോയ
അമ്മയെ ഓർത്തുപോയ്‌.

കണ്ണുകൾ തുറിക്കുന്ന
തലയിൽ നിന്നും
മൂർച്ച പോയ
രണ്ട് കൊമ്പുകൾ
അടിയറവു പറഞ്ഞവന്റെ
ആയുധംപോലെ
വേർപെടുത്തിയിടുമ്പോൾ
വീട് ജപ്തിക്ക് വന്നവർ
തന്ന നോട്ടീസ് വായിച്ച്
നിലവിളിച്ചതോർമ്മിച്ചു.

അടിവയറ്റിനോട് ചേർന്ന്
മുട്ടനാടിന്റെ മുരടിച്ചപ്പോയ
ജനനേന്ദ്രിയം മുറിച്ചിടുമ്പോൾ
ജനിക്കാതെ പോയ
മക്കളും പേരമക്കളും
മുന്നിൽ അലമുറയിട്ടുവന്നു
കുറ്റപ്പെടുത്തി.

കുളമ്പുകൾ തേഞ്ഞുപോയ
ആട്ടിൻ കാലുകൾ
വിടർത്തി വെട്ടുമ്പോൾ
കടം വീട്ടാൻ നടന്നു
തളർന്നുപോയ
അച്ഛനെയോർത്തു
ചങ്കിട്ടിപ്പ്‌ കൂട്ടി.

പാകപ്പെടുത്തിയ
ആട്ടിൻ പണ്ടങ്ങൾ
കൊളുത്തിയിടുമ്പോൾ
സ്ത്രീധനം കൊടുക്കാതെ
പെങ്ങളെ കെട്ടിച്ചയക്കാൻ
പറ്റാത്ത ഗതികേട്
പുളിച്ചു തികട്ടി.

അറത്തു വെച്ച
ആട്ടിൻ തലയിലെ കണ്ണുകൾ
പാതിവഴിയിൽ പിരിഞ്ഞ
പ്രണയിനിയുടെ നോട്ടമായി
ചങ്കിൽ കുത്തി.

അറവു കഴിഞ്ഞ്
വെട്ടുകത്തി കഴുകുമ്പോൾ
കരളിന്റെ മരത്തറിയിൽ
മായാതെ കിടക്കുകയാണ്
കഴുകിയിട്ടും കഴുകിയിട്ടും
പോകാത്ത…. ചില പാടുകൾ.

വടകര,ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ആണ്.