അമ്പിളിപ്പൂത്താലം

പൊട്ടിത്തകർന്ന മോഹങ്ങൾ
ചവിട്ടിയരയ്ക്കുന്ന ജീവിതങ്ങൾ
ചങ്കിൽ കത്തിമുനവെച്ചപോൽ
ആരു കാണുമീയുള്ളുരുക്കം?;

പെണ്മക്കളമ്മമാരിവരുടെ
നീറുന്ന ജീവിതകാലസത്യങ്ങൾ!

വിഷം മറച്ചുവെച്ച കാമക്കണ്ണുകൾ
രാകിമിനുക്കുന്നു
കൊലക്കത്തികൾ പാളിനടക്കുന്നു

ഭീതിയുടെ മുൾമുനയിൽ
വിറങ്ങലിച്ച് ജീവിതം മടുത്തിടുന്നു

പണം, സുഖലാഭക്കൊതിയിൽ
മാംഗല്യം എരിയുന്നു

കൈപിടിച്ചുകൊടുത്തവൻ
കൊലക്കയർ തൂക്കുന്നു-
ആടിക്കളിക്കുന്നു ജീവിതം!

നേർരേഖയിൽ സഞ്ചരിച്ചവർ
വക്രതയുടെ കരിപുരട്ടി
കണ്ണെഴുത്തുകൾ മായിക്കുന്നു.

ബോധത്തിന്റെ ഉൾച്ചുഴികളിൽ
നിണം പുരട്ടി
കൊടുങ്കാറ്റായി ചുറ്റിവരിയുന്നു!
ധർമ്മച്യുതിയുടെ ആഴങ്ങളിൽ
നേരിന്റെ നീർകണങ്ങൾ

ഓരോ കനവിലും
തഥാഗതന്റെ പാതകൾ കൈകോർത്ത്
മാധവന്റെ സ്നേഹാലിംഗനങ്ങളിൽ
ഉള്ളം കുളിർപ്പിച്ച് നീലാമ്പൽ മലരുകളായ്
മനസ്സ് മനസ്സുകളെ തൊടും കാലം
നീയും ഞാനും ചന്ദ്രികയെയമ്പിളി
പ്പൂത്താലംകൊണ്ടുനിറയ്ക്കും!

എറണാകുളം ജില്ല അങ്കമാലി നായത്തോട് സ്വദേശിനി. ആനുകാലികങ്ങളിലും ഓൺലൈൻ മാഗസിനുകളിലും കവിതകൾ അനുഭവക്കുറിപ്പുകൾ, ലേഖനങ്ങൾ, എന്നിവ പ്രസിദ്ധീകരിച്ചു വരാറുണ്ട്. ആകാശവാണി കൊച്ചി, തൃശൂർ നിലയങ്ങൾ, സാഹിത്യസുരഭിയിലും വനിതാവേദിയിലുംകവിതകൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. രണ്ടു കവിതാസമാഹാരങ്ങൾ, തുടികൊട്ട്, നിഷ്കാസിതരുടെ ആരൂഢം. സംസ്‌ഥാന ഭിന്നശേഷി 'വരം സാഹിത്യപുരസ്കാരം' സംസ്ഥാന സർക്കാർ ഭിന്നശേഷി കമ്മീഷണറേറ്റ് സാഹിത്യ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട് .