
നഞ്ച്
അങ്ങകലെനിന്നും പൊൻവെളിച്ചം അലയായ് വരുന്നു. ഞാൻ ഭാണ്ഡം മുറുക്കി ഇനിയും തെളിഞ്ഞിട്ടില്ലാത്ത പാതയിലൂടെ നടത്തമാരംഭിച്ചു. കയറിക്കൊണ്ടിരുന്ന മലയുടെ മറുവശത്ത് ഇപ്പോഴും ഇരുട്ടാണ്. വഴിവിളക്കുകൾ വഴികാട്ടുന്ന ആ പാതയോരത്ത് പാറകൾക്ക് ഇടയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ തടകെട്ടി അതിൽ ഒരു പൈപ്പ് ഘടിപ്പിച്ചിരിക്കുന്നതായി ശദ്ധയിൽപെട്ടു. ഞാൻ ആ പൈപ്പ് തുറന്നുന്നുനോക്കി.

ആദ്യം അൽപ്പം ചുവന്ന മണ്ണുകലർന്നവെള്ളം ആയിരുന്നു എങ്കിലും, അൽപ്പം കഴിഞ്ഞപ്പോൾ ശുദ്ധമായ ഉറവവെള്ളം ഒഴുകാൻ തുടങ്ങി. പിന്നെ ഞാൻ സംശയിച്ചില്ല. വെള്ളം പൈപ്പിൽനിന്നും ചാടുന്നതിനുകീഴെ ചതുരാകൃതിയിൽ കരിങ്കല്ല് പാകി കെട്ടിയിട്ടുള്ള ഓവുകളത്തിൽ തോർത്തും ചുറ്റി ഇരുന്ന് കുളി പാസ്സാക്കി.

കുളികഴിഞ്ഞു മെല്ലെ നടന്ന് ഒരു സമതലത്തിൽ എത്തിയപ്പോഴേക്കും പൂർണമായും ചുവപ്പുവെളിച്ചം പരത്തി സൂര്യൻ മെല്ലെ ഉദിച്ചുയർന്നു. തഴച്ചുവളർന്നുനിൽക്കുന്ന യൂക്കാലി മരങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന പ്രഭാതകിരണങ്ങൾ ആസ്വദിച്ചുകൊണ്ട് വളരെസാവധാനമാണ് എൻ്റെ നടത്തം. യൂക്കാലിമരങ്ങൾ പിന്നിട്ട് ഓക്ക് മരങ്ങൾ വന്നു, ശേഷം വന്മരങ്ങൾക്ക് പകരം കുറ്റിക്കാടുകൾ നിറഞ്ഞ നീണ്ട പാതയിലൂടെയായി നടത്തം. കിളികൾ പാടുന്ന, വണ്ടുകൾ മൂളുന്ന, ചെവിയിൽത്തട്ടി ഇരമ്പുന്ന കാറ്റിന്റെയും അല്ലാതെ മറ്റൊരു ശബ്ദവും കേൾക്കാനാകുന്നില്ല. ആ നിശബ്ദതയുടെ അപാരതയിൽ താളത്തിൽ അടിവെച്ച് അതിനൊപ്പം ഊന്നുവടി കുത്തി ഞാൻ എന്നെ മുന്നോട്ടൊഴുക്കി.

സാവധാനമെങ്കിലും ഏറെ ദൂരം പിന്നിട്ട് ഞാൻ മുന്നേറവെ പുറകിൽനിന്നും ആരുടെയോ കാലടി ശബ്ദം കേൾക്കാൻ തുടങ്ങി. തിരിഞ്ഞുനോക്കിയപ്പോൾ എനിക്ക് പുറകിൽനിന്നും രണ്ട് പിൽഗ്രിമുകൾ നടന്നു വരുന്നതായി കണ്ടു. ഒരു സ്ത്രീയും പുരുഷനുമാണ്. വൈകാതെ അവർ അടുത്തെത്തി.
“ഗുഡ് മോർണിംഗ്”.
ഒരു കിഴക്കൻ യൂറോപ്പ്യൻ ശൈലിയിൽ ആ സ്ത്രീ എന്നോട് ആശംസിച്ചു. ഞാൻ ആശംസ മടക്കി.
അവൾ ഒരു പെൺകുട്ടിയാണ്. തൻ്റെ അച്ഛനോടൊപ്പം ആണവൾ കമീനോ നടക്കുന്നത്. പെൺകുട്ടിയുടെ അച്ഛന് പോളിഷ് ഭാഷമാത്രമേ കൈകാര്യം ചെയ്യാനറിയൂ. അതിനാൽ അദ്ദേഹം ചോദ്യങ്ങൾ മകളിലൂടെ ചോദിക്കുകയാണ്. നാലോ അഞ്ചോ കിലോ മാത്രം ചുമലിൽ പേറി നടക്കുന്ന അദ്ദേഹത്തിന്, എൻ്റെ ഭാണ്ഡം ഏറെ കൗതുകകരമായി തോന്നി. ഭാണ്ഡം മൊത്തത്തിൽ എത്രകിലോ ആണെന്നും, യാത്രതുടങ്ങിയത് എവിടെനിന്നുമാണെന്നും, ഇന്നുവരെ എത്ര ദിവസ്സമായി നടക്കുകയാണെന്നും പോലെ ധാരാളം ചോദ്യങ്ങൾ എനിക്ക് മുന്നിലെത്തി. ഞാൻ കാര്യങ്ങൾ എല്ലാം വിവരിച്ചു. ഒടുവിൽ ഞാൻ ഏതു നാട്ടുകാരനാണെന്ന ചോദ്യവും വന്നെത്തി. അതിനുള്ള ഉത്തരം സ്വയം ഊഹിക്കാൻ ആവശ്യപ്പെട്ടു. അവർ കൃത്യമായി ഞാൻ ഒരു ഇന്ത്യക്കാരനാവാൻ സാധ്യതയുള്ളതായി പ്രവചിച്ചു.
അല്പദൂരം ഞങ്ങൾ ഒരുമിച്ച് നടന്നശേഷം, അവർ വിശ്രമിക്കാൻ ഇരുന്നതോടെ അവരോട് യാത്രപറഞ്ഞു ഞാൻ നടന്നു. “പോസ ഫ്ളോറഷ്” (പൂക്കളുടെ ഇടവേള, എന്നാണ് നേരിട്ടുള്ള തർജമ) എന്ന സ്ഥലത്തെത്തിയപ്പോൾ അവിടെ വഴിയരികിൽ ഒരു പള്ളി കണ്ടു. നമ്മുടെ നാട്ടിലേതുപോലെ നിത്യവും അതിരാവിലെ കുറുബാനകളോ, മറ്റു പ്രാർത്ഥനകളോ ഇവിടെ ഇല്ല. എല്ലാ പള്ളികളും എല്ലാ ദിവസവും തുറക്കണമെന്നില്ല. ചില പ്രശസ്തമായ പള്ളികൾ ഒഴികെ മിക്കവാറും പള്ളികൾ 9 – 10 മണിയോടുകൂടി ആയിരിക്കും പ്രവർത്തനമാരംഭിക്കുന്നത്.

ഞാൻ പള്ളിയുടെ ചുറ്റുമതിലിനുള്ളിലേക്ക് കയറി. പള്ളി തുറന്നിട്ടുണ്ടെങ്കിൽ കമീനോ പാസ്സ്പോർട്ടിൽ സീൽ വാങ്ങുകയാണ് ലക്ഷ്യം. പക്ഷെ അവിടെ ആരുംതന്നെ ഉണ്ടായിരുന്നില്ല. എങ്കിലും പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിൽ ശുചിമുറി ഉണ്ടായിരുന്നു. ഞാൻ അവിടേക്കു നടന്നു. പ്രതീക്ഷയുണ്ടായിരുന്നില്ല എങ്കിലും ഞാൻ ശുചിമുറിയുടെ വാതിൽ ഒന്ന് തള്ളിനോക്കി. അത് തുറന്നുകിടക്കുകയായിരുന്നു. ഞാൻ മെല്ലെ അകത്തേക്കുകയറി. സാധാരാണയായി യൂറോപ്പിലെ പൊതു ഇടങ്ങളിൽ കാണപ്പെടുന്ന വൃത്തിയുള്ള ശുചിമുറി ആയിരുന്നില്ല. മറിച്ച് അൽപ്പം ദുർഗന്ധം വമിക്കുന്ന, മുൻപ് ഉപയോഗിച്ച ആളുടെ അവശിഷ്ടങ്ങൾ അവിടവിടെ പറ്റിപ്പിടിച്ചിരിക്കുന്ന ടോയ്ലറ്റ് ബൗൾ ആയിരുന്നു അത്. ശുചിമുറിയുടെ ഒരു മൂലയിൽ സോപ്പ് ലായനിയിൽ മുക്കിവച്ചിരുന്ന ബ്രഷ് എടുത്ത് ആദ്യം ആ ടോയ്ലറ്റ് ബൗൾ വൃത്തിയാക്കി. ഭാണ്ഡത്തിൽനിന്നും സാനിറ്റൈസർ എടുത്ത് ഇരിപ്പിടവും വൃത്തിയാക്കി തുടച്ചശേഷം ഞാൻ ഒരുവിധത്തിൽ ആ ശുചിമുറി ഉപയോഗിച്ചു.
സ്വന്തം മാലിന്യങ്ങൾ സ്വയം നിർമാർജനം ചെയ്യാത്തവരെ സമൂഹത്തിലെ ഏറ്റവും സ്വാർത്ഥരായ ആളുകളായി ഞാൻ കണക്കാക്കുന്നു. പ്രത്യേകിച്ച് പൊതു ഇടങ്ങളിലെ ശുചിമുറികൾ ഉപയോഗിച്ചശേഷം മറ്റൊരാൾക്ക് അത് ഉപയോഗിക്കത്തക്ക രീതിയിൽ വൃത്തിയാക്കി മടങ്ങാത്തവർ. മാനുഷിക മൂല്യങ്ങൾ ഏറെ വളർന്ന യുറോപ്പിയൻ സമൂഹത്തിലും പുഴുക്കുത്തുകൾ പോലെ ഇത്തരക്കാർ ഉണ്ടെന്നതാണ് സത്യം.
പള്ളിയിൽനിന്നും വെളിയിലെത്തി വീണ്ടും നീണ്ട റോഡിലൂടെ നടന്ന് ഏറെ ദൂരം പിന്നിട്ടു. പിന്നെയും മുന്നേറവെ കമീനോ ചിഹ്നങ്ങൾ എന്നെ കല്ലുകൾ പാകിയ വഴിയിലൂടെ, കൽവീടുകൾ നിറഞ്ഞ കോളനി പോലെ ഒരു ഇടത്തിലെത്തിച്ചു. അവിടെനിന്നും രാവിലെ മുതൽ ഇതുവരെ പിന്നിട്ടതിൽനിന്നും വ്യത്യസ്തമായ ഒരു ഭാവം പാതക്ക് കൈവരുകയായിരുന്നു. ആദ്യമെല്ലാം രണ്ടുപേർക്ക് ഒരുമിച്ചുനടക്കാവുന്ന മൺപാതയിലൂടെ ആയിരുന്നു നടത്തമെങ്കിൽ ദൂരം പിന്നിടുന്നതോടെ കുന്നുകൾകയറിയും, ഓക്കുമരങ്ങൾക്കിടയിലൂടെ സ്വയം ചെറുതായി ഒറ്റയടിപ്പാതയായും രൂപാന്തരപ്പെട്ടു. അപ്പോഴേക്കും ഉദിച്ചുവന്ന വെയിലിനെ മരങ്ങൾ അവയുടെ ചില്ലകളാൽ തടഞ്ഞു കവചം തീർക്കുന്നതിനാൽ നടത്തം സുഗമമായിരുന്നു.

ഏകദേശം രണ്ടുമണിക്കൂറോളം ഒലീവും ഓക്കും നിറഞ്ഞ കുന്നുകളിൽനിന്നും കുന്നുകളിലൂടെ കയറിയിറങ്ങി നടന്നുനീങ്ങി ഒടുവിൽ ജനവാസമേഖലയിൽ എത്തി. കമീനോ മാപ്പിൽനോക്കി “അൻസിയാവോ” എന്ന ചെറുപട്ടണത്തിലേക്കാണ് എത്തിച്ചേരുന്നത് എന്ന് മനസ്സിലാക്കി. അപ്പോഴേക്കും വിശപ്പുമൂലം ഞാൻ തളർന്നു തുടങ്ങിയിരുന്നു. വൈകാതെ പട്ടണത്തിൻറെ കേന്ദ്രത്തിലേക്ക് എത്തി. അവിടെ ഒരു പള്ളിയോട് ചേർന്നുള്ള സ്ക്വയറിൽ ടുറിസം ഓഫീസ് ഉള്ളതായി മനസ്സിലാക്കി. പക്ഷെ അതിനുമുൻപിലെത്തിയപ്പോൾ ആ ഓഫീസ് ഇനിയും പ്രവർത്തനമാരംഭിച്ചിട്ടില്ല. ഓഫീസിനു തൊട്ടടുത്തായി ഒരു “പാദറിയ” (ബേക്കറി) കണ്ടതോടെ ഓഫീസ് തുറക്കുംവരെ പ്രഭാതഭക്ഷണവും ആസ്വദിച്ചുകൊണ്ട് പാദറിയക്ക് വെളിയിൽ ഇട്ടിരുന്ന മേശയിലൊന്നിൽ ഇടംപിടിക്കാൻ തീരുമാനിച്ചു.
ഇറ്റാലിയൻ വിഭവമായ വീഗൻ “ഫോക്കച്ചയും” ചെമ്പരത്തി പൂ ചായയും ഓർഡർ ചെയ്തു ഞാൻ ആ മേശയിൽ ഇരുന്നു. അൽപ്പസമയം കഴിഞ്ഞപ്പോഴേക്കും എൻ്റെ അതേമേശയിൽ രാവിലെ പരിചയപ്പെട്ട അച്ഛനും മകളും ആയ പിൽഗ്രിമുകൾ വന്നിരുന്നു. അവർക്കുപുറകെ വേറെയും നാല് പിൽഗ്രിമുകൾ വന്നെത്തി. ഞാൻ ഓർഡർ ചെയ്ത ആഹാരം വന്നപ്പോഴേക്കും പാദറിയയുടെ മുറ്റം നിറയെ പിൽഗ്രിമുകൾ ഒത്തുകൂടിയിരുന്നു. പല ദേശക്കാർ, പല പല ഭാഷകൾ സംസാരിക്കുന്നവർ, പല കാരണങ്ങളാൽ കമീനോ നടക്കാൻ തീരുമാനമെടുത്തവർ. കുറച്ചുസമയത്തിനുള്ളിൽ അവിടം ഒരു ബ്രേക്ഫെസ്റ്റ് പാർട്ടി ആയി മാറുകയായിരുന്നു. വാക്കിങ് സ്റ്റിക്കുകൾ മറഞ്ഞുവീഴുന്ന, ആർത്തുചിരിക്കുന്ന, കമീനോ കഥകൾ മുഴങ്ങുന്ന ശബ്ദം ആ പരിസരമാകെ പരന്നു.
ഇതെല്ലം ആസ്വദിച്ചുകൊണ്ട് ഇരുന്ന ഞാൻ മറ്റൊരു കാഴ്ച ശ്രദ്ധിക്കുകയായിരുന്നു. ഒരു മധ്യവയസ്കയായ സ്ത്രീ എല്ലാ പിൽഗ്രിമുകളുടെ അടുക്കൽ വന്നുകൊണ്ട് എന്തോ പറയുന്നു. ഏറെ വിനയപൂർവമാണ് അവരുടെ സംസാരം. ഒടുവിൽ അവർ എൻ്റെ അടുക്കലും എത്തി.
“ഗുഡ് മോർണിംഗ് ഐ ആം ക്ലവ്ഡിയ”
അവർ സ്വയം പരിചയപ്പെടുത്തി. അവരാണ് ആ ടുറിസം ഓഫീസിൻറെ മേധാവി. ഇന്ന് ഓഫീസ് തുറക്കാൻ അൽപ്പം വൈകിയതിൽ എല്ലാ പിൽഗ്രിമുകളോടും ക്ഷമ ചോദിക്കുകയാണ് അവർ ചെയ്യുന്നത്. ഒപ്പം കമീനോ പാസ്സ്പോർട്ടുമായി വന്നാൽ സീൽ വച്ചുതരാം എന്നും അവർ അറിയിച്ചു.
അപ്പോഴേക്കും ആഹാരം കഴിച്ചുതീർത്തിരുന്ന ഞാൻ ഭാണ്ഡവുമേന്തി നേരെ ഓഫീസിലേക്ക് ക്ലവ്ഡിയയെ അനുഗമിച്ചു. അവർ പാസ്സ്പോർട്ടിൽ സീൽ വച്ചുതരുന്നതിനിടയിൽ എൻ്റെ സംസാരശൈലിയിൽനിന്നും ഞാൻ ഇന്ത്യയിൽനിന്നുമാണെന്ന് മനസ്സിലാക്കുകയും ഇന്ത്യയിൽനിന്നും ഏതു പ്രദേശക്കാരനാണെന്ന നേരിട്ടുള്ള ചോദ്യം ചോദിക്കുകയും ചെയ്തു. അത്തരത്തിൽ വിശദമായി ചോദിക്കുന്നവരോട് അവർ പോർത്തുഗീസ്കാർ ആണെങ്കിൽ ഞാൻ സാധാരണയായി പറയുന്നത് “കേരളം, കൊച്ചി, കാലിക്കറ്റ്” എന്നീ കീ വേഡുകൾ ആണ്. കാരണം മിക്കവാറും ആളുകൾ അവരുടെ സ്കൂൾ കാലഘട്ടത്തിൽ ചരിത്രപുസ്തകത്തിൽ ഒരുതവണപോലും ഈ വാക്കുകൾ കേൾക്കാതെ കടന്നുപോകില്ല. ഇവിടെയും അത് പ്രാവർത്തികമായി. കൊച്ചിയും, കാലിക്കറ്റും എല്ലാം ക്ലവ്ഡിയക്ക് അയല്പക്കം പോലെ സുപരിചിതമാണ്. ലണ്ടനിലെ ക്വീൻ മേരി സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്ദാരവും ശേഷം കോയിമ്ബ്ര സർവകലാശാലയിൽ ഗവേഷണവും ചെയ്ത ക്ലവ്ഡിയക്ക് ഒരുപക്ഷെ എന്നേക്കാൾ നന്നായി കൊച്ചിയുടെയും കോഴിക്കോടിൻറെയും ചരിത്രം അറിയാമായിരിക്കും. ക്ലവ്ഡിയ ആ ചെറിയ സമയംകൊണ്ട് എന്നെ മനസ്സിലാക്കുകയും ഒപ്പം അവരെ എനിക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

ക്ലവ്ഡിയയുടെ പൂർവികർ ആഫ്രിക്കയിൽനിന്നുമാണ്. തലമുറകളായി പോർത്തുഗലിൽ ജീവിച്ചുവരുന്ന അവർ പക്ഷെ ഇപ്പോഴും ആഫ്രിക്കൻ സംസാര ശൈലി പിന്തുടരുന്നു. അതിനാൽ ധാരാളം മുഖഭാവം ഉപയോഗിച്ചുകൊണ്ടുള്ള അവരുടെ സംസാരം ഒരു കലാ പ്രകടനം പോലെ രസകരമാണ് കണ്ടുനിൽക്കാൻ. അൽപ്പനേരം സംസാരിച്ചുനിന്നശേഷം ഞാൻ മെല്ലെ അവരോട് യാത്രപറഞ്ഞിറങ്ങി.
അൻസിയാവോ ചെറുപട്ടണത്തിൽ ആൾത്തിരക്കുകൾ പിന്നിട്ട് വീണ്ടും ഏകാന്ത പാതയിലേക്ക് നടത്തം പ്രവേശിച്ചു. എങ്കിലും ഇടക്ക് ഒറ്റക്ക് സ്ഥിതിചെയ്യുന്ന ചില ധനിക കുടുംബ വീടുകൾ അവിടവിടെയായി കാണാം. പിന്നെയും മുന്നോട്ട് പോകവെ പൂർണമായും കാനനപാതയിലൂടെയായി നടത്തം. ചിപ്പപ്പോൾ വലിയ കയറ്റങ്ങൾ ചിലപ്പോൾ ഇറക്കം, കൂർത്ത പാറകൾനിറഞ്ഞ പാത, പൊടിമണ്ണ് പറക്കുന്ന പാത അങ്ങനെ പാതയുടെ സ്വഭാവം മാറിക്കൊണ്ടേയിരുന്നു.

ക്ലേശതകൾ നിറഞ്ഞ കുന്നുകൾ കയറി ഇറങ്ങി ഏറെ ദൂരം പിന്നിട്ട് ഒടുവിൽ ഒരു സമതലം കണ്ടുതുടങ്ങി. വേലികെട്ടിയപോലെ ഒലീവ് മരങ്ങൾ നിറഞ്ഞ ഒരു പ്രദേശം. ആ ഒലീവ് വേലിക്കപ്പുറം വലിയൊരു ഫാം ഹൗസ് ആണ്. സ്വാഭാവികമായി ശിശിരത്തിൽ ഉണ്ടാകുന്ന വിളകളെ ഈ വിപരീത ഋതുവിൽ ഗ്രീൻ ഹൗസിൽ അവിടെ ഉത്പാദിപ്പിക്കുന്നു. പ്രധാനമായും “ബറികൾആണ്”. സ്ട്രോബറി, ബ്ലൂബറി, ബ്ലാക്ക്ബറി മുതലായവ. പതിവുപോലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്നും ധാരാളം ആളുകൾ അവിടെ ജോലി ചെയ്യുന്നു. ഹിന്ദിയും നേപ്പാളി ഭാഷയുമെല്ലാം മുഴങ്ങി കേൾക്കാം.
ഫാം ഹൗസിന് അരികിൽനിന്നും അൽപ്പം മാറി ഒരു ഒലീവ് മരത്തണലിൽ ഭാണ്ഡം ഇറക്കിവെച്ചു ഞാൻ അൽപ്പം വിശ്രമിക്കാൻ തീരുമാനിച്ചു. അപ്പോഴേക്കും സമയം നട്ടുച്ചയായിരുന്നു. ഭാണ്ഡം തൂക്കിയിരുന്ന രണ്ടു തോളും വല്ലാതെ നീറുന്നതായി തോന്നി. ഞാൻ ഇട്ടിരുന്ന ബനിയൻ ഊരി തോളിൽ നോക്കിയപ്പോഴാണ് ഒരുകാര്യം ശ്രദ്ധയിൽപെട്ടത്. തോളിൽ തൊലിയിൽ ചില പാടുകൾ രൂപപ്പെട്ടിരിക്കുന്നു. ചുവന്നു തടിച്ച രീതിയിൽ അലർജി പോലെ വട്ടത്തിൽ ഭാണ്ഡത്തിൻറെ വാർ ചേർന്ന് കിടക്കുന്ന ഇടത്തെല്ലാം ഇത് കാണാം. ഞാൻ വേഗം ഫോൺ എടുത്ത് ഗൂഗിളിൽ പരതി നടത്തിയ വായനയിൽ ഇത് കോട്ടൺ വസ്ത്രങ്ങൾ സ്ഥിരമായി വിയർക്കുന്ന ഭാഗങ്ങളിൽ ധരിക്കുന്നതുമൂലം സംഭവിക്കുന്ന പ്രശ്നമാണെന്ന് മനസ്സിലായി. അതുകൊണ്ടാണ് പല പിൽഗ്രിമുകളും പെട്ടന്ന് ഉണങ്ങുന്ന സിന്തെറ്റിക് വസ്ത്രങ്ങൾ ധരിക്കുന്നതായി കാണുന്നത്. തത്കാലം ഇടക്കിടക്ക് ഭാണ്ഡം ഇറക്കിവെച്ച് ബനിയൻ ഊരി വിയർപ്പ് മാറ്റുക അല്ലാതെ മറ്റൊന്നിനും നിവർത്തിയില്ല. വീണ്ടും ബനിയൻ ധരിച്ച് ഇരിപ്പിൽനിന്നും എഴുന്നേറ്റ് ശരീരമാകെ ഒന്ന് വലിച്ചുനീട്ടി കൊടുമ്പിരി പൂണ്ട് വീണ്ടും നടക്കാൻ തയ്യാറായി.
സമതലത്തിലൂടെ നടത്തം പുരോഗമിക്കവെ ഒലീവ് മരത്തണൽ അപ്രത്യക്ഷമായി. ചൂട് നല്ലരീതിയിൽ എന്നെ തളർത്തിത്തുടങ്ങിയിരുന്നു. മാത്രമല്ല വിശപ്പും ദാഹവും ഏറി വന്നു. പൊടിപറക്കുന്ന നീണ്ട പാതയിലൂടെ നടന്നുനീങ്ങവെ ആളൊഴിഞ്ഞ പാതയോരത്തായി ഒരു ചാമ്പ് പമ്പ് കണ്ടു. അതിലൂടെ വെള്ളം ഒഴുകും എന്ന പ്രതീക്ഷ ഉണ്ടായില്ല എങ്കിലും ഞാൻ അത് ഒന്ന് കറക്കിനോക്കി. അപ്പോഴതാ എൻ്റെ മനസ്സിനെ കുളിരണിയിച്ചുകൊണ്ട് അതിൽനിന്നും ശുദ്ധമായ തണുത്ത വെള്ളം ഒഴുകുന്നു. കയ്യിലെ കുപ്പികളിൽ ആവശ്യത്തിന് വെള്ളം ശേഖരിച്ചശേഷം ആവോളം തണുത്തവെള്ളം കുടിച്ചു, മുഖം കഴുകി. വെള്ളം തന്ന കുളിർമ മുന്നോട്ട് ഏറെ ദൂരം പിന്നിടാനുള്ള കരുതായിരുന്നു.

ഒടുവിൽ ഏകദെശം രണ്ടുകിലോമീറ്ററുകൾ കൂടെ പിന്നിട്ട് “അൽവോർജ്” എന്ന സ്ഥലത്തെത്തി. ഒരു ചെറിയ കുന്നുകയറി അതിന് മുകളിലെത്തിയപ്പോൾ അവിടെ ധാരാളം ആളുകൾ കൂടിനിൽക്കുന്നു. ഒരു റെസ്റ്റോറൻറ് ആയിരുന്നു അത്. ആ പ്രദേശത്തെ ഏക റെസ്റ്റോറൻറ് ആണോ അത് എന്ന് തോന്നുന്നു. ധാരാളം പിൽഗ്രിമുകളും, സ്വദേശീയരായ ആളുകളും റെസ്റ്റോറൻറ്ലേക്ക് കയറാൻ വരിനിൽക്കുന്നു. ഈ റെസ്റ്റോറൻറ് ഒഴിവാക്കി മുന്നോട്ട് പോയാൽ ഒരുപക്ഷെ ഇനിയൊന്ന് ലഭിക്കണമെന്നില്ല. ഞാനും ആ ആൾക്കൂട്ടത്തിലേക്ക് ചേരാൻ തീരുമാനിച്ചു. അവിടെ വരിനിൽക്കുന്നതിനിടയിൽ കഴിഞ്ഞദിവസം പരിചയപ്പെട്ട അലാർഷ്നെ കണ്ടുമുട്ടി. ഞങ്ങൾ ഒരുമിച്ചു വരിനിന്നും.
ഏറെ നേരത്തെ കാത്തുനിൽപ്പിനൊടുവിൽ എനിക്കും അലാർഷ്നും ഒരുമിച്ച് ഒരു മേശയിൽ ഇരിപ്പിടം കിട്ടി. സാധാരണ പോർത്തുഗീസ് റെസ്റ്റോറൻറ് ആയതിനാൽ ഭൂരിഭാഗവും ഇറച്ചി വിഭവങ്ങൾ ആണ്. എങ്കിലും ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു. വൈകാതെ ഒരു യുവതി ഞങ്ങളുടെ മേശയിലേക്ക് ഓർഡർ എടുക്കാൻ വന്നെത്തി. അലാർഷ് ഒരു കോഴി വിഭവം ഓർഡർ ചെയ്തു. അതോടെ യുവതി എനിക്കുനേരെ തിരിഞ്ഞു. സസ്യാഹാരം എന്തുണ്ടെന്ന് തിരക്കിയപ്പോൾ, വെജിറ്റേറിയൻ മീൽ ഉണ്ടെന്ന് അവർ പറയുന്നു. ഞാൻ എൻ്റെ രീതി അവരോട് വിവരിച്ചു. വേഗനിസം എന്താണെന്ന് ആ യുവതിക്ക് നല്ലപോലെ അറിയാം. അവർ എനിക്കായി സ്വന്തം മേൽനോട്ടത്തിൽ പൂർണമായും സസ്യാഹാരം എത്തിച്ചുനല്കാം എന്ന് വാഗ്ദാനം ചെയ്തു. ഞാൻ ഏറെ സന്തുഷ്ടനായി.
പിന്നീടങ്ങോട്ട് കാത്തിരിപ്പിൻറെ നിമിഷങ്ങളായിരുന്നു. ഒരുപാട് വൈകിയില്ല ആ യുവതി ആഹാരവുമായി തിരികെയെത്തി. അൽപ്പം സാലഡ്, കുറച്ചു ചോർ, വേവിച്ച കടല, വെള്ളത്തിൽ പുഴുങ്ങിയ ഉരുളകിഴങ്ങ്. ഇതായിരുന്നു എനിക്കായി വിളമ്പിയ ആഹാരം. പ്ലേറ്റിലെ ചോർ കണ്ടിട്ട് ഞാൻ ആ യുവതിയോട് ഒരിക്കൽക്കൂടി അതിൽ ചേർത്തിരിക്കുന്നത് ബട്ടർ അല്ല വെറും എണ്ണ ആണെന്ന് ഉറപ്പുവരുത്തി.

ഞാനും അലാർഷും ഏറെ ആർത്തിയോടെ ഞങ്ങൾക്ക് ലഭിച്ച ആഹാരം ആസ്വദിച്ചു കഴിച്ചു. അലർഷിൻറെ ആഹാരത്തിന് 11 ഉം എൻ്റെതിന് 7 ഉം യൂറോ വീതം ഈടാക്കപ്പെട്ടു. ഞങ്ങൾ ഒരുമിച്ച് വീണ്ടും നടത്തമാരംഭിച്ചു. നടത്തത്തിനിടയിൽ അലാർഷ് അയാളുടെ ജീവിതത്തിൽ നടന്നിട്ടുള്ള ധാരാളം അനുഭവങ്ങൾ പങ്കുവെച്ചു. അദ്ദേഹം ഒരിക്കൽ യോഗ അഭ്യസിക്കാനായി ഇന്ത്യ സന്ദർശിച്ചതും, അപ്പോൾ സംഭവിച്ച ദുരനുഭവങ്ങളും, ജർമനിയിലെ ജീവിതവും, മാതാപിതാക്കളുമായുള്ള അകൽച്ചയും എല്ലാം അദ്ദേഹം ഒരു ഉറ്റ സുഹൃത്തിനോട് എന്നപോലെ എന്നോട് വിശദീകരിച്ചു.
ഒരു ആവശ്യഘട്ടത്തിൽ പണം ഉണ്ടാക്കാനായി അദ്ദേഹം മുതിർന്ന ഒരു സാഹസം എന്നെ ആശ്ചര്യനാക്കി. “ഒരു മരുന്ന് കമ്പനി അവരുടെ പുതിയ മരുന്ന് മനുഷ്യരിൽ പരിശോധിക്കാനായി കുറച്ചു യുവാക്കളെ തേടുന്നുണ്ടായിരുന്നു. രണ്ടാഴ്ച നീണ്ട ഒരു ക്യാമ്പ് ആയിരുന്നു അത്. ആദ്യ മൂന്ന് ദിവസം വന്നെത്തുന്നവരുടെ സ്വാഭാവിക ആരോഗ്യനില പരിശോധിച്ചശേഷം നാലാം നാൾ അതിൽ ആരോഗ്യവാന്മാരായവർക്ക് പ്രസ്തുത മരുന്ന് നൽകും. ശേഷം ബാക്കി ദിവസ്സങ്ങളിൽ അവരെ ആ ക്യാമ്പിൽ ജീവിക്കാൻ വിടുന്നു. അവർക്കുവേണ്ടുന്ന എല്ലാ വിനോദങ്ങളും മറ്റും ഒരുക്കിയിട്ടുള്ള ആ ക്യാമ്പിൽ മദ്യം, പുകവലി മറ്റു ലഹരികൾ എല്ലാം നിരോധിതമാണ്. അപ്രകാരം രണ്ടാഴ്ചക്കുശേഷം അവരെ പൂർണ സ്വാതന്ത്രരാക്കുന്നു. ശേഷം ആറുമാസത്തിനകം ഒരു മെഡിക്കൽ ചെക്കപ്പ് കൂടി കമ്പനി സൗജന്യമായി നൽകും. ഈ കാലയളവിൽ കമ്പനിയുടെ ഒരു വലിയ ഇൻഷുറൻസ് പരിരക്ഷ നൽകുകയും ചെയ്യും. രണ്ടാഴ്ചക്കുള്ളിൽ സ്വതന്ത്രരാകുന്ന ആളുകൾക്ക് നാലായിരം യൂറോ പ്രതിഫലം ലഭിക്കുകയും ചെയ്യുന്നു.”

അലർഷിൻറെ കഥകൾ കേട്ട് നടന്നതിനാൽ ഏറെ ദൂരം പിന്നിട്ടതറിഞ്ഞില്ല. പക്ഷെ ദൂരം മുന്നേറുന്നതോടൊപ്പം ഞാൻ ഒരുകാര്യം ശ്രദ്ധിക്കാൻ ആരംഭിച്ചു. പതിവില്ലാതെ എൻ്റെ വയറിൽ ഒരു ഉരുണ്ടുകയറ്റം. ആദ്യം കരുതിയത് ഏറെ നേരം ഒന്നും കഴിക്കാതെ വയറുനിറയെ ആഹാരം കഴിച്ചതിൻമൂലം വായു പ്രശ്നമാണെന്നാണ്. പക്ഷെ എന്തോ ശരീരത്തിന് വയറിനുള്ളിൽനിന്നും എന്തോ പുറത്തേക്ക് കളയണം എന്ന് തോന്നുന്നപോലെ. ചിലപ്പോൾ ഛർദി തോന്നുന്നു. അൽപ്പം കഴിഞ്ഞാൽ വീണ്ടും വയറാകെ ഇളകിമറിയുന്നതുപോലെ തോന്നുന്നു. മാത്രമല്ല പതിവിൽ കൂടുതൽ ശരീരം വിയർക്കുന്നപോലെ അനുഭവപ്പെടാൻ തുടങ്ങി.
