ഒരാള് മഴ.. ഒരാള് വെയിൽ

ഒരുത്തി കൂവിയറിയിക്കുന്നു,
നിന്റെ കൂടെയിരിക്കുന്നവളെത്ര
ഭാഗ്യവതിയാണ്-
എനിക്കവളാവാൻ
കഴിഞ്ഞിരുന്നെങ്കി…

അവളെന്നോടമറി
അകന്നൊഴുകുന്നു,
വേട്ടാവളിയന്റെ പ്രാക്ക്പോലെ-
ദിക്കറിയാനനുവദിക്കാതെ
വട്ടത്തില് ഒച്ച വരിഞ്ഞ്, മേല് പുളിക്കുണ്;
നിന്റെ കണ്ണ് പൊട്ടട്ടെ
ചുണ്ട് ചമ്മന്തിയാവട്ടെ
നാക്ക് അഴുകി വീഴട്ടെ
വിരല് മുറിഞ്ഞ് പോട്ടെ
മേല് രണ്ട് തുണ്ടാവട്ടെ

ഒരാള്-
സ്വപ്നമെത്തുന്നവരെ
ചേർന്നുറങ്ങുന്നു.
ഒരാള്-
ഉറക്കമുണർത്താൻ
നനഞ്ഞ പുതപ്പാകണ്.

ഒരാള് വെയിൽ.
ഒരാള് മഴ.

അളന്ന് കൊടുക്കാതെ
തിരിച്ച് ചോദിക്കാതെ
വെയിലിനും മഴക്കും
അടിയിൽ, മണ്ണ് തൊടാതെ-
ഞാനൊരു കുട നിവർത്തി നിൽക്കുന്നു.

ഇടുക്കി ഇരുമ്പുപാലം സ്വദേശി. ഇപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിലെ ഗവേഷണ വിദ്യാർത്ഥിയാണ്