കോടമഞ്ഞു പറന്നിറങ്ങും
രാവിൻ്റെ യാമങ്ങൾ.
മഞ്ഞുകൂടാരത്തിൻ
അരികിലായന്നു നാം
പ്രിയമാർന്ന തംബുരു മീട്ടി.
വർണ്ണരാജികൾ വസന്തം വിരിക്കും
കാറ്റിന്നിരമ്പങ്ങൾ താഴ്വരകളിൽ.
യാത്ര പറയാനാകാത്ത
മണിക്കൂറുകൾ.
മാറ്റിവച്ച നിമിഷങ്ങളിൽ
മറവിയുടെ സമവാക്യങ്ങൾ.
രൂപം മാറാതെ നിൽക്കാൻ
മനസ്സൊന്നു പാകമാക്കണം.
കണ്ടതും കേട്ടതും അറിഞ്ഞു
പകരുമ്പോൾ ആനന്ദം.
ദിക്കുകൾ പറിച്ചു നടാതെ
ദൃഷ്ടികളൂന്നുമ്പോൾ
ആവേശം.
ഹൃത്തെന്നയാറ്റിൽ മുങ്ങിക്കുളിക്കുമ്പോൾ
പരവേശം.
ഇലപൊഴിക്കാനാകാതെ
പാതിരിയുറഞ്ഞു നിൽക്കുമ്പോൾ
മനമൊന്ന് ഇടറും.
നാളെയുടെ സ്വപ്നങ്ങൾ
നെയ്തു തുടങ്ങും
ചിലന്തിവല പോലെ.
യാത്രകൾ അനുഭൂതിയുടെ
പൂരണമാകും.
കൊടുംതണുപ്പിൽ സ്പർശനം,
മാന്ത്രികജാലങ്ങൾ.
വഴിയിടങ്ങളിലേയ്ക്കൊരു
നടത്തം.
താങ്ങിനായി വേരിനങ്ങൾ
തണലിനായി നിൻ നിഴൽ
കിളിയൊച്ച പരക്കുന്ന
വെയിൽ ശിഖരങ്ങളിൽ
നിൻ്റെ ഛായാച്ചിത്രങ്ങൾ.
മുഴുകിതീരാത്ത കായലോളങ്ങൾ
മകരക്കുളിരിൽ.
പ്രണയം തൊടാതെ പോകുന്നു
അക്ഷരങ്ങൾ
പിഴയില്ലാത്ത വാക്കുകൾ
നെഞ്ചുലക്കും.
പ്രിയ ഡിസംബർ, നീയും ഓർമ്മകൾക്ക്
വിരാമമിട്ട് ദൂരേയ്ക്ക് മായും.
തനിയാവർത്തനം വീണ്ടും!