
പനി വരുമ്പോഴൊക്കെ
പുതപ്പിലേക്ക് നൂണ്ടിറങ്ങി
ഒരു പ്യൂപ്പയായി മാറും
അടുക്കളയപ്പോഴൊരു
നളസാമ്രാജ്യമായി മാറുന്നു
കൊതിപ്പിക്കുന്ന സാമ്പാർ മണങ്ങൾ
വായുവിൽ ഒഴുകി പരക്കും
സ്നേഹം ചാലിച്ചെടുത്ത
പനിക്കാപ്പികൾ ഇടയ്ക്കിടെ
വന്നുകൊണ്ടേയിരിക്കും
സംശയം തീർക്കുന്ന
ചീര തോരനും മീൻ കറിയും
ഇടയ്ക്കിടയ്ക്ക് പനി പുതപ്പിലേക്ക്
വന്നു പോയിക്കൊണ്ടിരിക്കും
ഓരോ ആഹാര ശേഷവും
മരുന്നുകൾ എടുത്തു തരുന്ന
കുട്ടിക്കുറുമ്പൻ
വേണ്ടാത്ത പൂനാച്ചകൾ
മുത്തശ്ശിക്ക് ശേഷം
അച്ഛൻ പഠിപ്പിച്ചു വച്ചിരിക്കുകയാണെന്ന്
മുറുമുറുക്കലും ഉണ്ട്
എന്താണെങ്കിലും
പനിയുടെ അസ്കിതകൾ
ഏറെയുണ്ടെങ്കിലും
ഇടയ്ക്കിടെ ഒരു
പനി പ്യൂപ്പ ആവാൻ തോന്നാറുണ്ട്
