ആദ്യമെത്തിയത്
ഉറക്കച്ചടവും കുഴമ്പുമണവും
എണ്ണമെഴുക്കുമുള്ള
അപ്പാപ്പൻ പുതപ്പ്
പിന്നെ വിയർപ്പും കണ്ണീരും
ഉപ്പിട്ടുണക്കിയ,
മൂക്കുചീറ്റടയാളങ്ങൾ ചിത്രം വരച്ച,
അടുക്കളമണമപ്പാടെ ആവാഹിച്ച
അമ്മച്ചിയുടുപ്പ്
വിലകുറഞ്ഞ ലഹരിമണവും
പലവട്ടം വീണുരുണ്ട ചെളിയും
സ്ഥിരസാന്നിദ്ധ്യമാക്കിയ
അപ്പനുടുപ്പുകൾ
ആരെയും കാത്തിരിക്കാതെ
സമയാസമയം വിഴുങ്ങുന്ന
മൃഷ്ടാന്നത്തിൻ്റെ ശിഷ്ടവും
വെറ്റില, ചായ, ക്കറകളുമായി
അമ്മാവനുടുപ്പുകൾ
കാലമെത്തും മുമ്പ് തോളിലേറ്റിയ
കുടുംബനാഥൻ നുകം,
മുടിയരികുകളിലെ നരയെ ഉപേക്ഷിച്ച്
ചാർത്തിക്കൊടുത്ത കരിഓയിലുമായി
മകനുടുപ്പുകൾ
പിന്നെയെത്തിയത്
ചോരിവായൂർന്ന പാലും
കുറുക്കും പിന്നെ കമട്ടലും
താരാട്ടുമുണങ്ങിപ്പിടിച്ച
കുഞ്ഞാവയുടുപ്പുകളാണ്
ഒപ്പം കളിയടയാളങ്ങളുടെ കുഴമണ്ണും
തട്ടിമറിച്ച പനിമരുന്നും
കുറുമ്പിൻ്റെ ചിത്രംവരച്ച
മോളുടുപ്പുകളും!
ഈ കൊച്ചുങ്ങളെ വല്യോരുടെ കൂടെയിട്ടു
കലമ്പല്ലേന്ന് എത്ര പറഞ്ഞാലും
കേൾക്കൂലെന്ന് അമ്മച്ചിയുടുപ്പിൻ്റെ
പിറുപിറുക്കൽ! നേരല്ലേ!
‘അവളെത്തീലല്ലോ ‘ആരോ പറഞ്ഞു
അവളെന്നു കേട്ടതേ
ക്ഷീണബാക്കിയിൽ
പാതിമയക്കത്തിലായിരുന്ന
അപ്പാപ്പൻ പുതപ്പ്
കണ്ണുകൾ മിഴിച്ചുവച്ച്
ജാഗരൂഗമായി.
ദേ അവളുമെത്തി,
ചിലർക്കുമാത്രം പൂക്കുന്ന രാത്രിയുടെ
പ്രണയശേഷിപ്പുകളുമായി
അവൾവിരികൾ,
അവളുടുപ്പുകൾ!
‘ഇനിയാരുമില്ലല്ലോ? ‘
ഉറപ്പുവരുത്തിയതാണ്.
സ്വിച്ചിട്ടതേ,
ആസ്വാദനങ്ങളുടെയെല്ലാം ശേഷഗന്ധങ്ങൾക്ക്
ഓക്കാനം വരുത്തുന്ന മടുപ്പാണെന്ന്
വിളിച്ചുപറയുന്ന ആ മുരൾച്ചയോടൊപ്പം
‘വിഴുപ്പെ’ ന്ന ഒരൊറ്റപ്പേരു ധരിച്ച്
എല്ലാവരുമൊറ്റക്കെട്ടായി
മെഷീനറയ്ക്കുള്ളിൽ
ചുറ്റിക്കറങ്ങാൻ തുടങ്ങി!