പെരുമഴയിലലിഞ്ഞ വരകൾ

പുറമേ നിന്നും
ഒരു വീടിനെ വരയ്ക്കുക വളരെ എളുപ്പമാണ്.
പക്ഷേ
ഉള്ളിലേക്ക് കയറി ചെന്ന്
അതിന്റെ ഹൃദയവാൽവുകളിൽ തൊട്ട്
വരയ്ക്കാൻ ശ്രമിക്കുമ്പോഴായിരിക്കും
അതത്ര എളുപ്പമുള്ള കാര്യമല്ല എന്ന്
മനസ്സിലാവുക.

നമ്മളാരും കാണാത്ത
ഇടിമിന്നലോടു കൂടി
കാർന്ന് പെയ്യുന്നൊരു കൊടും മഴ
ഉള്ളിലങ്ങനെ നിറഞ്ഞ് പെയ്യുന്നുണ്ടാവും.

അടുക്കള വരയ്ക്കിടയിൽ
നിറം കൊടുക്കുമ്പോഴായിരിക്കും
ഒരു പെരും കടൽതിര
വരകൾക്കിടയിൽ ഇരച്ചുകയറുക.

എങ്ങോ മുങ്ങിച്ചാവാൻ ഒരുമ്പെട്ട
കരിപിടിച്ച നിഴലുകൾ
ഇടയ്ക്ക് കത്തിപ്പോയ വാക്കുകളിൽ നിന്നും
തലയുയർത്തി പിടിക്കുന്നുണ്ടാവും.

ചാറ്റൽമഴ കുതിർന്ന്
ചിറകൊതൂക്കി
അടുക്കളയിൽ പുകഞ്ഞുകത്തുന്നുണ്ട്
സ്വപ്നങ്ങളിൽ പൂത്ത പെൺനോവുകൾ

ലഹരി കുടഞ്ഞിട്ട കൊടുങ്കാറ്റിൽ
കടപുഴകി നിലതെറ്റി ചിതറിവീണ
നക്ഷത്രക്കണ്ണുകൾ

അടുക്കളപാത്രങ്ങളും,
ഷവറും, ചുമരുകളും, എഴുതിവച്ചിട്ടുണ്ട്
താലിചരടിൽ വീർപ്പ് മുട്ടി കിതയ്ക്കും
അവളുടെ എരിവേനൽ.

തൂക്കിവിറ്റ സ്നേഹത്തിന്റെ
കണക്ക് പുസ്തകത്തിൽ
പതിയിരിക്കും കറുത്ത വാക്കുകൾ.

പീഡനത്തിന്റെ വാൾമുന നെഞ്ചിലിറക്കി
കത്തും നോവുകളിലൂടെ
പെയ്ത് തോരാത്ത മിഴികളുമായ്
പെരുമഴയിലലിഞ്ഞ വരകളിൽ
കുതറിവീണ കണ്ണീർപൂവിതളുകൾ

വീണ്ടും
വരയ്ക്കാൻ ശ്രമിക്കുന്നതിനിടെ
വീടിന്റെ പൂർണ്ണമാവാത്ത ചിത്രത്തിൽ നിന്നും
ഒരു മൂർഖൻ പാമ്പും,
കീരിയും ഇടവഴികളിലേക്കിറങ്ങി പോയി.

കോഴിക്കോട് ജില്ലയിൽ കടമേരി സ്വദേശി. സ്വകാര്യ കോളേജിൽ അധ്യാപകൻ ആണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്