ജിന്‍ഷ ഗംഗയുടെ ഒൻപതു കഥകള്‍ അടങ്ങിയ ഒരു സമാഹരണം ആണ് “ഒട” എന്ന പുസ്തകം. ഡി. സി. ബുക്സ് ഇറക്കിയ ഈ പുസ്തകത്തിന്റെ രണ്ടാം എഡിഷന്‍ ആണ് വായനയ്‌ക്കെടുത്ത്. കെ.ആര്‍.മീരയുടെ അവതാരികയോടെ ഇറങ്ങിയിരിക്കുന്ന ഈ കഥകള്‍ വായനയില്‍ സന്തോഷാനുഭവം നൽകി എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. കാലാകാലമായി കഥകള്‍ക്ക് ഒരു ഐക്യരൂപം ലഭിക്കുകയും ചില വൃത്തങ്ങള്‍ക്ക് ഉള്ളില്‍ക്കിടന്ന് ശ്വാസം മുട്ടുകയും ചെയ്യുന്ന ഒരു അവസ്ഥ വായനക്കാര്‍ക്ക് അനുഭവവേദ്യമാണ്. എഴുത്തുകാര്‍ക്ക് അതൊരു പ്രശ്നമല്ലതാനും. എന്തെഴുതണം എന്നു തീരുമാനിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കൊടുമുടിയില്‍ വിരാജിക്കുന്ന എഴുത്തുകാരന്റെ അഹങ്കാരം ആയാണ് ഇന്ന് കണക്കാക്കപ്പെടുന്നത് എന്നതുകൊണ്ടു എന്തു തന്നാലും വായിക്കുക എന്നൊരു തിട്ടൂരം ഇപ്പോള്‍ അലിഖിതമായി നിലനില്‍ക്കുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എഴുതാന്‍ അറിയുന്നവരെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ എഴുത്ത് ജോലിക്കാര്‍ ഇന്ന് സാഹിത്യ രംഗം കൈയ്യടക്കി വച്ചിരിക്കുകയാണ്. കൂടെ ഒരു കൂട്ടം അനുചര സംഘവും . അവരെ വാനരന്‍മാര്‍ എന്നു വിളിക്കാനെ കഴിയൂ . കാരണം അവരുടെ പ്രതികരണങ്ങളും വാക്കുകളും കേട്ടുകൊണ്ട് എന്തെങ്കിലും വായിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ അതൊരു വലിയ നിരാശ മാത്രം നല്‍കുന്ന ഒന്നായിപ്പോകുന്നു. ഇത്തരം ആശങ്കകള്‍ക്കിടയിലും നല്ല വായനകള്‍ ലഭിക്കുന്നുണ്ട് എന്നത് സന്തോഷകരം ആണ്. പക്ഷേ അവയെ തിരഞ്ഞെടുക്കുന്നതാണ് ക്ലേശം നിറഞ്ഞ പണി . എന്തായാലും ഏറെക്കാലമായി മുടങ്ങിക്കിടന്ന വായനയെ ഒന്നു ജ്വലിപ്പിച്ചെടുക്കുവാന്‍ ജിന്‍ഷ ഗംഗ എന്ന എഴുത്തുകാരിക്ക് കഴിഞ്ഞു എന്ന ആശ്വാസത്തോടെ കഥകളെ വായിച്ചറിഞ്ഞ വിശേഷം പങ്കുവയ്ക്കാം.
ഒരുപാട് കഥകള്‍ ഉള്ള ഒരു പുസ്തകം ആണെങ്കില്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ഓരോ കഥയും എടുത്തതിന്റെ വായനാനുഭവം പറയുക എന്നത് . ഇവിടെ ഒന്പതു കഥകള്‍ മാത്രമുള്ളതിനാല്‍ അങ്ങനെ ഒരു സാഹസം ആകാം എന്നു കരുതുന്നു. ഒന്നാമത്തെ കഥ ടൈറ്റില്‍ പേര് തന്നെയായിരുന്നു . “ഒട” എന്നു പേരിട്ട ഈ കഥയില്‍ കണ്ണൂരിന്റെ പശ്ചാത്തലം ആണുള്ളത്. ഒട എന്ന വാക്കിന്റെ അര്‍ത്ഥം തേടിപ്പോകാതെ അത് തെയ്യക്കോലത്തിന്റെ ഒരു വേഷഭൂഷാദി ആയി മാത്രം കാണുക എന്നു പറയേണ്ടതുണ്ട്. കണ്ണൂര്‍ എന്നാല്‍ തെയ്യത്തിന്റെ നാട് എന്നുകൂടി വിശേഷണം ഉണ്ടല്ലോ. ഈ തെയ്യംകെട്ടിന്റെ വിവിധ തലങ്ങളും ഇങ്ങനെ തെയ്യം കെട്ടുന്ന മനുഷ്യരുടെ ജീവിതവും ഈ കഥയില്‍ നമുക്ക് വായിക്കാന്‍ കഴിയും. ഒരു ദേശത്തിന്റെ അടയാളവും വിശ്വാസവും അതിനുമപ്പുറം ആത്മാവുമായി കാണുന്ന തെയ്യവും കോലങ്ങളും കേരള ചരിത്രത്തിന്റെ ഏടുകളില്‍ പതിഞ്ഞ ഒരു നല്ല കാഴ്ചയായി വിലയിരുത്തപ്പെടുന്നു . ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പുകച്ചുരുളുകളില്‍ വീണു കിടക്കുന്ന സമൂഹത്തിന്റെ അഭിമാനമാണ് തെയ്യക്കോലങ്ങളും തെയ്യവും. ഈ തെയ്യക്കോലങ്ങളുടെ വിശ്വാസങ്ങളുടെ അടിത്തറ എന്നു പറയുന്നതു പരമ്പരാഗതമായി കൈമാറി വരുന്ന ചില ചിന്തകളും വേരുറച്ചു പോയ ചില തോന്നലുകളുമാണ് . ഇത് കഥയില്‍ രാമന്‍ പണിക്കന്‍ ലീലയോട് പറയുന്നുണ്ട് . ഒരുപക്ഷേ ആ പറച്ചിലില്‍ ഗതികേടിന്റെ നിരാശാ നിഴലുകള്‍ അടങ്ങിയിട്ടില്ലെ എന്നു തോന്നിപ്പികുന്നുണ്ട് വായനയില്‍ .
“മലയാനായി ജനിച്ചാല്‍ ഒരിക്കലെങ്കിലും തീച്ചാമുണ്ഡി കെട്ടണം എന്നൊരു ബോധം ഉള്ളില്‍ ഉറഞ്ഞുപോയി. അത് മാറ്റാന്‍ പ്രയാസാ …” എന്നു പറയുന്നിടത്ത് ഈ നിഴല്‍ പതിഞ്ഞു കിടപ്പുണ്ട് . എന്നാല്‍പ്പോലും ഓരോ നാടിനും നാട്ടാര്‍ക്കും തനതു ജീവിതങ്ങളുടെ ശൈലി രൂപപ്പെടുത്താന്‍ ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും പങ്ക് വയ്ക്കുന്നുന്നുണ്ട്. ലീല അഭിപ്രായപ്പെട്ടതുപോലുള്ള ചില നിഗൂഢ സന്തോഷങ്ങളും ഇതിലുണ്ട് .
“ഓഹ് … അല്ലാത്തപ്പോ നിങ്ങടെ മുഖത്തേക്ക് നോക്കാത്ത ചില ജന്തുക്കള്‍, തെയ്യം കെട്ടിക്കഴിയുമ്പോള്‍ മുന്നില്‍ കരഞ്ഞും തൊഴുതും വന്നു നിക്കണ കാണുമ്പോ എനിക്കു വല്ലാത്തൊരു സന്തോഷം തോന്നും”.
ഇത് വ്യക്തമായും കീഴാള സമൂഹത്തിന്റെ ഒരു നെടുവീര്‍പ്പ് കൂടിയായി ഹൃദയത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. കേരളത്തിന്റെ തനതുകലകള്‍ എല്ലാം തന്നെയിന്ന് വാണിജ്യവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കഥയില്‍ പറയുന്നതുപോലെ, ദുബായ് പോലുള്ള ഇടങ്ങളില്‍ തെയ്യം അവതരിപ്പിക്കാന്‍ എത്തപ്പെടുന്ന കലാകാരന്മാരുടെ കാര്യങ്ങള്‍ ഒരു യാഥാര്‍ഥ്യം തന്നെയാണല്ലോ. ഇക്കഥയും അതിന്റെ പരിസരങ്ങളും പൂര്‍ണ്ണമായും കഥയോടും കഥാപാത്രങ്ങളോടും നീതിപുലര്‍ത്തുന്നവയാണ്.
രണ്ടാമത്തെ കഥയായ “അഗ്രസന്ധാനി” (പുസ്തകത്തില്‍ അഗ്രസന്ധനി) എന്നത് ചിത്രഗുപ്തന്റെ പുസ്തകത്തെ പ്രതിനിധാനം ചെയ്യുന്ന വാക്കാണെങ്കില്‍ അതേ വാക്യത്തെ തെറ്റേതുമില്ലാതെ അടയാളപ്പെടുത്തുന്ന കഥയാണ് വായിക്കാന്‍ കഴിയുന്നതും. മനുഷ്യര്‍ ഒരു പ്രത്യേക ജീവിവര്‍ഗ്ഗം തന്നെയാണ്. അവരുടെ മനോവിചാരങ്ങളും ഇഷ്ടാനിഷ്ടങ്ങളും എന്തൊക്കെ തലങ്ങളിലൂടെയാണ് സഞ്ചരിക്കുക എന്നത് പ്രവചനാതീതം ആണ്.
ജീവിതത്തിന്റെ സിംഹഭാഗവും കോടതി മുറിയില്‍, ടൈപ്പ് റൈറ്ററില്‍ ചിലവഴിച്ച ഒരു മനുഷ്യന്റെ വിരാമകാലത്തിന്റെ മാനസികതലങ്ങള്‍ അവതരിപ്പിക്കുന്ന കഥയായിരുന്നു ഇത് . മനുഷ്യ മസ്തിഷ്കത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും വായനയും നല്ല പങ്ക് വഹിക്കുന്നുണ്ട് എന്നത് ഉള്‍ക്കൊണ്ടുകൊണ്ട് ഇവിടെ നായകന്‍ വായനയുടെ ലോകത്തേക്ക് പോകുമ്പോഴാണ് ചിത്രഗുപ്തനായി മാറുന്ന രസാവഹമായ എന്നാല്‍ കൌതുകകരമായ രൂപമാറ്റം സംഭവിക്കുന്നത്. മൂന്നാമത്തെ കഥയായ “ഉമ്പാച്ചി” സൂക്ഷിച്ചു കൈകാര്യം ചെയ്തില്ല എങ്കില്‍ പാളിപ്പോയേക്കാവുന്ന ഒരു ക്ലീഷേ കഥയാണ്. പക്ഷേ എഴുത്തുകാരിയുടെ വൈഭവം ആ കഥയെ ബിംബങ്ങളിലും ഉപമകളിലും കൂടി വഴിനടത്തിച്ചു അതിനു ഒരു വേറിട്ട മാനം നല്കുകയും കഥയുടെ പോരായ്മകളെ അടര്‍ത്തിമാറ്റി, പറഞ്ഞു ഫലിപ്പിക്കുകയും ചെയ്തു എന്നു കാണാം.
നാലാമത്തെ കഥയായ “വിസെലിസ്റ്റ”യുടെ പശ്ചാത്തലമാകട്ടെ പഴയകാല എഴുത്തുകാരെയും പ്രസാധക ലോകത്തെ പുരോഗമനത്തെയും കച്ചവടതന്ത്രങ്ങളെയും ആണ് തെളിച്ചു കാട്ടുന്നത്. തനിക്ക് ശേഷം പ്രളയം എന്നു കരുതുന്ന മുതിര്‍ന്ന എഴുത്തുകാരുടെ അല്‍പ്പത്തരങ്ങളും അവരുടെ കൂപമണ്ഡൂകത്തവും വെളിപ്പെടുത്തുന്നതും ആകാശത്തേക്ക് കണ്ണുകള്‍ തുറന്നു വച്ചാല്‍ അവരിലുണ്ടാകാവുന്ന മാറ്റത്തെയും ഭംഗ്യന്തരേണ അവതരിപ്പിക്കുകയുണ്ടായി. അഞ്ചാമത്തെ കഥ “തെയ് തെയ് വാഴ്ക” കൂട്ടത്തില്‍ എടുത്തുപറയാവുന്ന മികച്ച ഒന്നായിരുന്നു. കഥകളിലും നോവലുകളിലും തല ഉയര്‍ത്തിനില്‍ക്കുന്ന പെണ്‍ മുഖങ്ങള്‍ വളരെ കുറവാണെന്നത് വായനയില്‍ നിന്നറിയാനാവുന്ന ഒരു സത്യം . തലയെടുപ്പോടെ നില്‍ക്കുന്ന അത്തരം കഥാപാത്രത്തെ രാച്ചിയമ്മയിലൂടെ വായിച്ചതിന് ശേഷം പിന്നെ വായിക്കാനായത് സജിനി.എസ്സിലും, പിന്നെ ഇക്കഴിഞ്ഞ ഒരു മത്സര ഇനത്തില്‍ പങ്കെടുത്ത കഥകളിലൊന്നിലും ആയിരുന്നു. ഇവിടെ ഗ്ലാഡിസ് ന്ടെ അമ്മൂമ്മ കഥാപാത്രം ആ തലയെടുപ്പുള്ള മറ്റൊരാള്‍ ആയി മുന്നില്‍ നില്‍ക്കുമ്പോള്‍ അന്യം നിന്നുപോകുന്ന സ്ത്രീ കഥാപാത്രങ്ങളുടെ ഗരിമയും ഉഷ്ണവും ഒരിക്കല്‍ക്കൂടി അനുഭവിച്ചറിയാന്‍ കഴിയുന്നു. പക്ഷേ ഒരു പോരായ്മയായി ഇവിടെയും കാണാന്‍ കഴിയുന്നത് ആ തലയെടുപ്പ് അടുത്ത തലമുറകളിലേക്ക് പകരാന്‍ അവര്‍ക്കാകുന്നില്ല എന്ന യാഥാര്‍ഥ്യം എല്ലാ എഴുത്തുകാരും ഒരു നെടുവീര്‍പ്പോടെ പറയുന്നതു കാണേണ്ടി വരുന്നു എന്നുള്ളതാണ് .
കഥകളുടെ ഉപ്പും മുളകും അനുഭവിച്ച് പോകുന്ന അനുവാചകരെ ഒരിക്കല്‍ക്കൂടി നേരിന്റെ ഉപ്പളങ്ങളിലേക്ക് വലിച്ചു കൊണ്ട് പോകുന്ന “ഉപ്പ്” എന്ന കഥ തികച്ചും പുതിയ പ്രമേയമായിരുന്നു. ഇത്തരം രൂപപരിണാമങ്ങള്‍ എഴുത്തില്‍ സംഭവിക്കപ്പെടേണ്ടതിന്റെ ആവശ്യം കാലം അവകാശപ്പെടുന്നുണ്ട് എന്നത് കഥാകാരി തിരിച്ചറിയുന്നു. അതിനാല്‍ത്തന്നെ ഉപ്പെന്ന കഥയെ വായിച്ചുപോകുമ്പോള്‍ അറിയാതെ ചില ജീവിത യാഥാര്‍ത്യങ്ങളിലേക്കും പറയപ്പെടാത്ത പല ജീവിത പരാജയങ്ങളുടെ ഉള്ളറകളിലേക്കും വായനക്കാര്‍ കടന്നുപോകുക തന്നെ ചെയ്യും. ശ്രദ്ധിക്കപ്പെടേണ്ട ഒരു രചന ആണ് ഉപ്പെന്ന ആറാമത്തെ കഥ . ഏഴാമത്തെ കഥയായ “ചാപ്പ” ഗ്രാമീണ മിത്തുകളിലും പഴയകാല ജീവിതങ്ങളിലും ഒക്കെ ചിതറിക്കിടക്കുന്നുണ്ടെങ്കിലും എടുത്തുപറയാന്‍ തക്കവണം പ്രത്യേകതകള്‍ ആ കഥയില്‍ കണ്ടെത്താന്‍ കഴിയാതെ പോയി. ഉമ്പാച്ചി എന്ന കഥയുടെ പോലെ ഇതിലും ചില പ്രാദേശിക ചീളുകള്‍ പറഞ്ഞു പഴകിയവ ഉണ്ടെന്നതിനാലകണം അങ്ങനെ തോന്നിയത്. മാത്രമല്ല ഇക്കഥയെ എഴുത്തുകാരിയ്ക്ക് മറ്റുള്ളവ പോലെ ഭംഗിയാക്കാന്‍ കഴിഞ്ഞില്ല എന്നൊരു ഖേദവും ഉണ്ടായി . എട്ടാമത്തെകഥയായ “അതിരും” ഒരു തട്ടിക്കൂട്ട് കഥ പോലെ ക്ലീഷേ ആയി അനുഭവപ്പെട്ടു . മറ്റെഴുത്തുകാര്‍ ആണെങ്കില്‍ അതിനെ അംഗീകരിക്കാനാവുമോ എന്നു ചോദിച്ചാല്‍ അവര്‍ക്കതല്ലേ കഴിയൂ എന്നു പറയാം പക്ഷേ ജിന്‍ഷയിലെ എഴുത്തുകാരിയുടെ അലസതയോ അതോ വെറുതെ എഴുതിപ്പോയതോ എന്നറിയാത്ത ഒരു കഥയാണ് അതിരെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരു പക്ഷേ കഥയില്ലാതിരുന്ന ഒരുവള്‍ കഥ തേടിപ്പോയപ്പോള്‍ കിട്ടിയ കഥയില്ലായ്മയായി ഇതിനെ കണ്ടാല്‍ മതിയാകും എന്നും കരുതുന്നു . ആദിവാസികളുടെ ജീവിതമോ പശ്ചാത്തലമോ കഥകളില്‍ അധികം വായിക്കപ്പെട്ടു കാണാറില്ല. അവരുടെ ജീവിതം വെറും അനുവാചക ദയയ്ക്ക് വേണ്ടി മാത്രം പടയ്ക്കുന്ന ഒന്നായി മാറിയിട്ടുമുണ്ട് . എന്നാല്‍ ഒന്‍പത്താമത്തെ കഥയായ “പെണ്‍ മല” ഇതിനൊരു അപവാദമായി നില്‍ക്കുന്നുണ്ട് . ആദിവാസി ജീവിതത്തിന്റെ വിശാലമായ ഒരു ക്യാന്‍വാസല്ല ഇതെങ്കിലും വളരെ വ്യക്തമായി നഗ്നമായി ഒരു ജീവിതം വരച്ചിടുന്നു ഇതില്‍. വളരെ ചെറിയ വാക്കുകളില്‍ക്കൂടി അത് പടര്‍ന്ന് പന്തലിക്കുകയാണ് ചെയ്യുന്നത്.
മനുഷ്യരുടെ ജീവിതത്തിന്റെ ആകുലതകളെയും മനോവിചാരങ്ങളുടെ ഇരുണ്ട തലങ്ങളെയും അടയാളപ്പെടുത്താന്‍ കഴിയുന്ന, നല്ല മനോഹരമായി ഭാഷയെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന, ഇരുത്തം വന്ന ഒരു എഴുത്തുകാരിയുടെ ലക്ഷണങ്ങള്‍ ഒക്കെയും ജിന്‍ഷയുടെ രചനകള്‍ കാണിക്കുന്നുണ്ട്. ഒരുപക്ഷേ നാളെയുടെ സാഹിത്യവേദികളില്‍ നിറഞ്ഞു കേള്‍ക്കാന്‍ കഴിയുന്ന കഴിവുറ്റ എഴുത്തുകാരികളുടെ കൂട്ടത്തില്‍ ജിന്‍ഷ ഗംഗയെയും പ്രതീക്ഷിക്കാം എന്ന ശുഭപ്രതീക്ഷയുണ്ട്.
കഥകള്‍ എഴുതുകയല്ല സംഭവിക്കുകയാണ് ചെയ്യുന്നതെന്ന് കേട്ടിട്ടുണ്ട്. ജിന്‍ഷ തന്റെ മുഖക്കുറിപ്പില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്.
“കഥ കടലിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടു പിന്നാലേ ഓടാനാവാതെ തീരത്ത് നിന്നു ആര്‍ത്തുകരയുന്ന ഒരു കുട്ടിയായി ഞാന്‍ മാറി …… പിന്നെപ്പോഴോ ജീവിതത്തില്‍ മറ്റൊന്നും ഇല്ലാതായെന്ന തോന്നലുണ്ടായപ്പോള്‍ , തളര്‍ന്നുപോയേക്കാവുന്ന ആ കുട്ടിയുടെ മുന്നിലേക്ക് പണ്ട് കൊണ്ടുപോയ കഥകള്‍ ഓരോന്നായി കടല്‍ തിരികെ തന്നു”.
ഇതൊരു പ്രതീക്ഷയാണ്, ഒരു വാഗ്ദാനവും. കാരണം കടല്‍ അനന്തവും അമേയവുമായ മുത്തുകളുടെ നിക്ഷേപമാണ്. കുട്ടി വാരിയെടുക്കുന്ന മുത്തുകള്‍ വായനക്കാരിലേക്കും ആ ആനന്ദം പകരാന്‍ കാലം അനുവദിക്കട്ടെ.
ഒട (കഥകള്‍)
ജിന്‍ഷ ഗംഗ
ഡി സി ബുക്സ്
വില : 220