ജീവന്റെ കൊളുത്തുകൾ തൂങ്ങിയാടുന്ന
ആയുസ്സിന്റെ പണിപ്പുരക്കുള്ളിൽ
ഉരുവപ്പെട്ട തുടിപ്പിനെ
തുടച്ചു മാറ്റാനൊരുങ്ങി ഒരുവൾ
കാത്തിരിപ്പിന്റെ ചീട്ടുമായിരിക്കുന്നു
കൂടു പൊട്ടിച്ച് ജീവിതത്തിന്റെയുൾക്കടലിലേക്ക്
ഊളിയിടാൻ കൊതിക്കുന്ന
ഭ്രൂണത്തിന്റെ ഉൾക്കിടിലമറിയാതെ,
പ്രാണന്റെ നിലവിളി കേൾക്കാതെ
ഉഴറുന്ന ചിന്തകളെ
ചലിക്കുന്ന ഭാവങ്ങളിൽ കെട്ടിയിടുന്നു
താരാട്ടിന്റെ വാതിലുകളിൽ മുട്ടി
വിളിയൊച്ച കാത്തിരിക്കുന്നവർ
പടിയോളമെത്തി തിരിച്ചു പോയവർ
സറഗസിയുടെ മിന്നലാട്ടത്തിലേക്ക് ജനലുതുറന്നവർ
സഹനത്തിന്റെ പുൽപ്പരപ്പുകളിലൂടെ
പതുക്കെ നടക്കുന്നവർ
കാഴ്ച വട്ടത്തിനുള്ളിലേക്ക്,
ഒരു ബലൂൺ
പിന്നിലൊരു കിലുക്കം
നിനക്കാത്ത കൺകോർക്കലുകൾ
ജനിമന്ത്രദ്യുതിയുടെ ഉൾപ്പുളകം
ഉദരത്തെ പൊതിഞ്ഞു പിടിച്ച്
തിരികെ
നടക്കുന്നു
ഒരു നിമിഷത്തിന്റെ മാന്ത്രികതയുടെ വെളിച്ചത്തിൽ
അവളുടെ നാഭിയിലൊരു
മഞ്ഞു ശലഭം പാറിപ്പറക്കുന്നു.