കടം

സൂര്യന്റെ സമൃദ്ധിയിലുണർന്ന ഞാൻ
ആ ദിവ്യ പ്രകാശത്തോട് ചോദിച്ചു
ഒരിത്തിരി ചൂട് നീ കടം തരാമോ

പാടുന്ന കിളിയോട് ചോദിച്ചു
നിൻ ഗീതത്തിലൊരു രാഗം കടം തരാമോ

തണൽ മരത്തോട് ചോദിച്ചു
അല്പം തണലായ കുളിരൊന്നു
കടം തരാമോ

ശംഖു പുഷ്പത്തെ നോക്കി യാചിച്ചു
പങ്കുവയ്ക്കാമോ നിൻ തിളക്കമല്പം

ഒഴുകുന്ന കാറ്റിന്റെ പുറകെ പോയ് ചോദിച്ചു
ലോലം നിന്നൊഴുക്കല്പം കടം തരാമോ

ഇരുമ്പുന്ന കടലിന്റെയരികിൽപ്പോയ്ചോദിച്ചു
കുതിപ്പിൽ നിന്നൊരുതുള്ളി കടം തരാമോ

അനന്ത വിഹായസ്സിനെ നോക്കിചോദിച്ചു
അപാരതയുടെയൽപ്പം കടം തരാമോ

എല്ലാരുമെനിക്കേകി വായ്പയായ്
ചോദിച്ച പോലെല്ലാം
ഞാനതുമൂലം നിലനിൽക്കുന്നു

കാരണമെന്താണെന്നോ
നേരിലീവസ്തുക്കളിൽ
ജീവിതം നിബന്ധിപ്പതിവയെമാത്രം
ഊഷ്മള മാധുര്യവും
ചഞ്ചല പ്രവാഹവും
പൊഴിക്കുന്ന ഹരിതാഭയും
നിത്യ ചൈതന്യത്തിന്റെ ജ്ഞാനവും
വെളിച്ചത്തിൻ നിൽക്കാത്ത വികാസവും
കടമാണെല്ലാം.

തിരവനന്തപുരം വട്ടിയൂർക്കാവിൽ താമസിക്കുന്നു. സർക്കാർ സ്കൂൾ അദ്ധ്യാപികയാണ്. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.