ശാന്ത – രേം
ഞാൻ മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മിത്തുറന്നു. തീക്ഷണമായി കണ്ണിലേക്ക് ഇരച്ചുകയറുന്ന പ്രകാശം എന്നെ അസ്വസ്ഥനാക്കി. അല്പനേരത്തെ വെളുത്ത മൂകതക്കൊടുവിൽ സാവധാനം നിറങ്ങളും കാഴ്ചകളും വ്യക്തമായിത്തുടങ്ങി. ഇപ്പോഴും ആട്ടം നിലയ്ക്കാത്ത ഊഞ്ഞാൽകയറിൽ ചാരിയിരുന്ന തല അവിടെത്തന്നെയുണ്ട്. സാവധാനം ഞാൻ അൽപ്പം വെള്ളം കുടിച്ചു. അതോടെ ശാന്തതയിലേക്ക് എത്തിയ എൻ്റെ അപ്പോഴത്തെ ഏറ്റവു വലിയ ആവശ്യം അൽപ്പം ഭക്ഷണമായിരുന്നു. അറിയാതെ ഭാന്ധത്തിലേക്ക് പാഞ്ഞ കണ്ണുകൾ എൻ്റെ ഓർമ്മയെ തട്ടിയുണർത്തി. അതെ, രാവിലെ കഫെയിൽനിന്നും വാങ്ങിയ ബ്രെഡ്ഡും ജ്യൂസും ഭാണ്ഡത്തിൽ ഭദ്രമായി ഇരിപ്പുണ്ട്.
ലിസ്ബൺ പോലുള്ള വലിയ നഗരങ്ങളിൽ ഒഴികെ പോർത്തുഗലിലെ മറ്റെല്ലായിടത്തും അതിരാവിലെ ബ്രെഡ്ഡ് വണ്ടികൾ വരുന്ന സംസ്കാരം ഇന്നും നിലവിലുണ്ട്. അതായത് നമ്മുടെ നാട്ടിൽ മീൻ വിൽക്കാനും പത്രമിടാനും പാൽ തരാനും വ്യക്തികൾ അതിരാവിലെ വീടുവീടാന്തരം വരുന്നതിനു സമാനമായി, ഇവിടെ ഒരു വണ്ടി നിറയെ ചൂടൻ ബ്രെഡ്ഡുകളുമായി വീടുകൾ തോറും വരുന്നു. ഓരോ വീടുകൾക്കും കടകൾക്കും മുന്നിൽ വണ്ടി നിർത്തി അവിടേക്ക് സ്ഥിരമായി കൊടുക്കുന്ന എണ്ണം, തരം ബ്രെഡ്ഡ് എണ്ണിഎടുത്ത് ഒരു പേപ്പർ സഞ്ചിയിലാക്കി കൊറിയർ ബോക്സിൽ നിക്ഷേപിക്കും. മാസാവസാനമാകുമ്പോൾ ഉപഭോക്താവ് മൊത്തമായി ബ്രെഡ്ഡ് വിൽപ്പനക്കാരുടെ തുക കൊടുത്ത് സെറ്റിൽ ചെയ്യുന്നു. പോർത്തുഗലിൽ മാത്രമല്ല സ്പെയിനിലും ഫ്രാൻസിലും ഇറ്റലിയിലുമെല്ലാം ഈ സമ്പ്രദായം നിലവിലുണ്ട്. രാവിലെ ഞാൻ വാങ്ങിയ ബ്രെഡ്ഡും അത്തരത്തിൽ ആണ് കഫെയിൽ എത്തിയത്.
ഞാൻ ആ ഊഞ്ഞാലിൽതന്നെ ഇരുന്ന് അപ്പോഴേക്കും ഉണങ്ങി കഴിഞ്ഞിരുന്ന രണ്ടു ബ്രെഡ്ഡുകളും കടിച്ചു തിന്ന്, ചുവന്ന പഴങ്ങൾ ചേർത്ത് ഉണ്ടാക്കിയ ജ്യൂസും കുടിക്കുമ്പോൾ. “ദി പിയാനിസ്റ്റ്” സിനിമയിലെ “ക്യാൻ ഐ ഹാവ് എ പീസ് ഓഫ് ബ്രെഡ്” എന്ന് ചോദിക്കുന്ന നായകനാണ് മനസ്സിൽ ഓടിയിരുന്നത്. ബ്രെഡ്ഡ് ഉള്ളിൽ ചെന്നതോടെ പുനർജീവൻ കൈവന്നപോലെ തോന്നി. അല്പനേരത്തെ വിശ്രമശേഷം ശരീരത്തെ നന്നായി നിരീക്ഷിച്ച് കുഴപ്പങ്ങളൊന്നുമില്ല എന്ന് ഉറപ്പുവന്നതോടെ മെല്ലെ മുന്നോട്ട് നടക്കാൻ തീരുമാനിച്ചു.
വീണ്ടും അര ഇഞ്ച് കനത്തിൽ തൂവെള്ള പൊടി പരന്നുകിടക്കുന്ന തണലില്ലാത്ത വഴിയിലൂടെ നോക്കെത്താ ദൂരം നടന്നു. ചുറ്റുമെമ്പാടുമുള്ള വരൾച്ച എൻ്റെ ശരീരത്തെയും മനസ്സിനെയും സാരമായി ബാധിക്കുന്നുണ്ട്. പക്ഷെ അപ്പോഴേക്കും നടത്തത്തിൻറെ യാന്ത്രികതയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഞാൻ, കാറ്റിൻറെ ദിശയിൽ സ്വയം ഒഴുകുന്ന പായ്കപ്പൽ പോലെ മുന്നോട്ട് ചലിച്ചുകൊണ്ടേയിരുന്നു. കാലിയായി വരണ്ട് പരന്ന കൃഷിഭൂമികളും പൊടി പറത്തുന്ന മൺവഴിയും പിന്നിട്ട് ഏറെദൂരം മുന്നേറിയതോടെ, ഉറച്ചമണ്ണിൽ കരിയിലകൾ പൊഴിഞ്ഞുകിടക്കുന്ന തണൽ പാത കണ്ടു. ഓക്കും ഒലീവും ഇടകലർന്ന് തണലേകുന്ന വഴിയരികിൽ കനത്തിൽ വേലികെട്ടിയപോലെ തഴച്ചുവളരുന്നു “മർമെല്ലോ” ചെടികൾ.
Picture 2
കാഴ്ചയിൽ പെയർ പഴം പോലെ തോന്നുന്ന, ഇംഗ്ലീഷിൽ ക്വിൻസ് ഫ്രൂട്ട് എന്ന് അറിയപ്പെടുന്ന ഒരു പഴമാണ് മർമെല്ലോ. നേരിട്ട് കഴിക്കുക അൽപ്പം ദുഷ്ക്കരമാണ്. അതിയായ ചവർപ്പും വായിൽ പുകച്ചിലുമാണ് പഴത്തിൻറെ രുചി. പക്ഷെ പഴുത്ത മർമെല്ലോ പഴങ്ങൾ മധുരം ചേർത്ത് വരട്ടിയുണ്ടാക്കുന്ന വിഭവം “മർമ്മലാദ” ഏറെ രുചികരവുമാണ്. ബ്രെഡിനോടൊപ്പം കഴിക്കാവുന്ന ഒരു ജാം ആയോ, ഭക്ഷണശേഷം കഴിക്കാവുന്ന ഒരു മധുരമായോ മർമ്മലാദ ഉപയോഗിക്കാം. ഏറെ വലുതാകാത്ത എന്നാൽ ഒരു കുറ്റിച്ചെടിയെക്കാൾ വലിപ്പമുള്ള കുറിയ മരങ്ങളായാണ് മർമല്ലോ പൊതുവെ കണ്ടുവരുന്നത്. അധികം ജലലഭ്യതയില്ലാത്ത ഇടങ്ങളിൽപോലും സമൃദ്ധിയായി വളരുന്നതിനാൽ ഒരു വേലി ചെടിയായും മർമല്ലോ ഉപയോഗിക്കുന്നു.
ആ തണൽവഴിയിലേക്ക് കയറിയതോടെ അൽപ്പം തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. വഴിയരികിൽ തഴച്ചുവളരുന്ന മർമെല്ലോ വേലിക്കപ്പുറം വലിയൊരു ഫാം ആണ്. മുന്തിരിപ്പാടവും, കോളിഫ്ളവർ, ബ്രോക്കോളി കൃഷികളും മറ്റുമായി ഏക്കറുകൾ പരന്നുകിടക്കുന്ന കൃഷിഭൂമി. അൽപ്പം മുന്നോട്ട് നടന്നപ്പോൾ മർമെല്ലോ വേലി ഒരു കവാടം പോലെ കുറച്ചു ദൂരം ഒഴിച്ചിട്ടിരിക്കുന്നു. ഒഴിവിലൂടെ പാടത്തേക്ക് നോക്കിയപ്പോൾ അവിടെ പൈൻ മരത്തണലിൽ പാതിയുണങ്ങിയ പുല്ലുംതിന്നുകൊണ്ട് കുറച്ചു കുതിരകൾ നിൽക്കുന്നു. അൽപ്പനേരം കുതിരകളെയും നോക്കികൊണ്ട് ഞാൻആ തണലിൽ ചിലവിട്ടു.
വൈകാതെ വിശ്രമത്തിന് വിരാമമിട്ട് ഞാൻ വീണ്ടും നടന്നു. മർമെല്ലോ തിന്നാനെത്തുന്ന കിളികളുടെ കുറുകലും, കാറ്റിലിളകുന്ന മരച്ചില്ലകളുടെ കളകളവും, എൻ്റെ കാൽവെപ്പിൻ താളത്തിൽ ലയിച്ചപ്പോൾ ഉടലെടുത്ത ശ്രവണാനുഭവത്തെ കാതോർത്ത് നടക്കുമ്പോൾ, ശാരീരികവും മാനസികവുമായി ഞാൻ വീണ്ടും ദൃഢത കൈവരിച്ചുകഴിഞ്ഞിരുന്നു. നിശബ്തതയുടെ ആ സംഗീതം ആസ്വദിച്ചു മുന്നേറവെ, എവിടെനിന്നോ മനുഷ്യരുടെ അശരീരികൾ കേൾക്കുന്നതായി തോന്നി. ഞാൻ കാതോർത്തു. യൂറോപ്പ്യൻ ഭാഷയല്ല. പക്ഷെ എനിക്ക് പരിചയമുള്ള താളത്തിലും ഈണത്തിലുമാണ് ആ ഭാഷയുടെ കമ്പനം. എനിക്ക് മുൻപിൽനിന്നുമാണ് ആ ശബ്ദശകലങ്ങൾ പുറപ്പെടുന്നത്. ചെവി പരമാവധി കൂർപ്പിച്ചുകൊണ്ട് ഞാൻ നടത്തത്തിൻറെ വേഗതകൂട്ടി. മുന്നോട്ട് നീങ്ങുംതോറും ശബ്ദശകലങ്ങളുടെ കൃത്യത കൂടിവന്നു.
“ഏയ് ചോട്ടൂ.. ചാലോനാ..”
ആരോ ഉറക്കെ വിളിച്ചുകൂകിയപ്പോൾ മറുപടിയായി.
“ഓ, ആരെ ഭയ്യാ..”
എന്നുകൂടെ കേട്ടതോടെ ഞാൻ ഏറെ ആശ്ചര്യത്തിലായി.
മർമല്ലോ വേലിയുടെ മറുവശത്തുനിന്നുമാണ് ആ ശബ്ദങ്ങളുടെ ഉറവിടം. അൽപ്പംകൂടെ മുന്നോട്ട്പോയപ്പോൾ ആറോ, ഏഴോ പേരുടെ ഒരു സംഘമാണ് വേലിക്കപ്പുറം എന്ന് മനസ്സിലായി. പക്ഷെ ആ കട്ടിവേലിക്ക് മറുവശത്തേക്ക് തീർത്തും കാഴ്ചയില്ല. വേലിക്കപ്പുറമുള്ള കൃഷിഭൂമിയിൽ പണിയെടുക്കുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്നുമുള്ള മനുഷ്യരാണ്. ഉച്ചഭക്ഷണം കഴിക്കാനായി പണിനിർത്തി ഫാമിൻറെ നടുവിൽനിന്നും തണൽ തേടി മർമല്ലോ മരക്കൂട്ടത്തിനടുത്തേക്ക് എത്തിയിരിക്കുകയാണ്. പാത്രങ്ങളുടെ തട്ടലും മുട്ടലും എല്ലാം എനിക്ക് വ്യക്തമായി കേൾക്കാം. ചിലർ ഫോണിൽ എന്തൊക്കെയോ വീഡിയോകൾ പെട്ടന്ന് മാറ്റി മാറ്റി കാണുന്നു. മറ്റുചിലർ പരസ്പരം സംസാരിക്കുന്നു, ചിലർ നാട്ടിലേക്കോ മറ്റോ ഫോൺ വിളിച്ച് സംസാരിക്കുന്നുമുണ്ട്. ആരൊ ഒരാളുടെ ഫോണിൽനിന്നും പോർത്തുഗീസ് ഇമിഗ്രേഷൻ വിഭാഗമായ സെഫ് ലേക്ക് വിളിച്ച്, മറുപുറത്തുള്ള ഓഫീസറോട് സംസാരിക്കാനായി കാത്തിരിക്കുമ്പോൾ കേൾക്കുന്ന ജാസ് ശൈലിയിലുള്ള സംഗീതവും കേൾക്കാം. ഞാൻ നടന്ന് കൃത്യമായി അവർക്കുനേരെ എത്തി.
“ഓ കൽപേഷ്, ടൈം കിതനാ ഹുവാ ?”
ഒരാൾ ഉറക്കെ കൂട്ടത്തിലെ ആരോടോ ചോദിച്ചു. മറുപടി കിട്ടാത്തതിനെത്തുടർന്ന് അയാൾ ഒരിക്കൽക്കൂടി ആ ചോദ്യം ആവർത്തിച്ചു.
“ബാര പച്പൻ ഹുവ ഭയ്യ.”
ഞാൻ ഉറക്കെ മറുപടി നൽകി.
അൽപ്പനേരം അവിടമാകെ നിശബ്ദമായി. അപ്പോഴേക്കും മർമെല്ലോ വേലിക്കിപ്പുറം അവർക്കുനേരെനിന്നും ഞാൻ നടന്നു അകലാൻ തുടങ്ങിയിരുന്നു എങ്കിലും അവർ പരസ്പരം “യെ കോൻ” എന്നെല്ലാം ചോദിക്കുന്നതായി എനിക്ക് കേൾക്കാം. ഒടുവിൻ മറുവശത്തുനിന്നും ആ ചോദ്യം ഉറച്ച ശബ്ദത്തിൽ വന്നെത്തി.
“കോൻ.?”
ഞാൻ നടത്തം നിർത്തി. ചോദ്യത്തിന് പ്രത്യേകിച്ച് മറുപടിയൊന്നും കൊടുത്തില്ല. അപ്പോഴേക്കും മർമെല്ലോ വേലി ഇളക്കിമറിച്ചുകൊണ്ട് ഒരു പാതി മുഖം എനിക്കുനേരെ വന്നു. ആ മുഖം അതിൻ്റെ ഒരു കണ്ണുകൊണ്ട് എന്നെ കണ്ടപാടെ അവിടെ നിശ്ചലമായി. അതുകണ്ട എൻ്റെ കൈകൾ ഉടനെ ഞാൻപോലും അറിയാതെ ക്യാമറ ബാഗിനുനേരെ നീണ്ടു. പക്ഷെ കടുത്ത പച്ചപ്പിനിടയിൽ പാതി വ്യക്തമായ ആ മുഖത്തെ പകർത്താനുള്ള കൈകളുടെ വെമ്പൽ നഷ്ടപെട്ട ക്യാമറയെ ഓർത്ത് നിരാശപെട്ടു.
ഞാൻ ആ മുഖത്തിനടുത്തേക്ക് നടന്നു. അതിനുനേരെ ഒന്ന് പുഞ്ചിരിച്ചു. അപ്പോഴേക്കും മുഖം വേലിയുടെ മറുവശത്തേക്ക് തന്നെ പിൻവലിഞ്ഞു. മുഖം മറുവശത്തെത്തിയപാടെ അതിനുചുറ്റും ചോദ്യങ്ങൾ പലതായി.
“കോൻ ഹേ രെ?”
“പത്താ നഹി, കോയി ബാഗ് ലേക്കേ ദാഡിവാല.”
“ബാഗ് ലേക്കേ ദാഡിവാല.?” “കോൻ ദാഡിവാല?”
“മുഛെ ക്യാ മാലും”
ഒടുവിൽ നേരത്തെ ഉയർന്നുകേട്ട ശബ്ദം വീണ്ടും മുഴങ്ങി.
“ആപ് കോൻ ഹേ?.”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. “ഭായ് മേരാ നാം ആദർശ് ഹെ. സാൻറ്റിയാഗോ ജാരെ.”
ഉടനെ മറുചോദ്യം വന്നു.
“അച്ഛ, ആപ് കഹാസേ ഹോ ?”
“യഹാസെ ഹും ഭായ്.” ഞാൻ മറുപടി പറഞ്ഞു.
“വോ നഹി, ആപ് കോൺസ ദേശ് കി ഹോ.?”
“മേരാ ദേശ്.. ഭൂമി ഹെ, ലേക്കിൻ പാസ്പോർട്ട് കാലാ കളർക്കി ഹെ ഭായ്.” ഞാൻ പറഞ്ഞു.
“മേരാ ഭി സെയിം ഹെ യാർ, ആ കൂട്ടത്തിൽ നിന്നും വായിൽ ചവച്ചിരുന്ന എന്തോ ഒന്ന് തുപ്പിക്കൊണ്ട് മറ്റൊരു ശബ്ദം ഉറക്കെ പറഞ്ഞു.
“ആപ് സൗത്ത് ഇന്ത്യൻ ഹെ ന.?” ആ ശബ്ദം കൂട്ടിച്ചേർത്തു.
“ആപ് കോൻസ ഇന്ത്യൻ ഹെ.?” ഞാൻ തിരിച്ചു ചോദിച്ചു.
“മേ ഗുജറാത്ത് സെ.”
“തമേ ഗുജറാത്തി ചെ.? കയി ബാജു ഗുജറാത്ത് മ.? ഞാൻ ചോദിച്ചു.”
എൻ്റെ വായിൽ നിന്നും ഗുജറാത്തി വാക്കുകൾ വന്നതോടെ ആ ശബ്ദത്തിനുടമ താൻ ഗുജറാത്തിലെ ഗാന്ധിനഗറിനടുത്തുള്ള ഒരു ഗ്രാമത്തിൽനിന്നുമാണെന്ന് മാത്രം പറഞ്ഞുകൊണ്ട് ചോദ്യങ്ങൾ നിർത്തി. ഒപ്പം ഞാൻ ഏതുതരം ഇന്ത്യനാണെന്ന് അറിയാനുള്ള ആകാംഷയും നിലച്ചതായി തോന്നി.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ ചെയ്യുന്ന ഒരു പൊടിക്കൈ ആണല്ലോ ഇത്. ഉത്തര ഇന്ത്യൻ നേതാക്കൾ അവർക്ക് അറിയില്ലെങ്കിലും കസവുള്ള മുണ്ടോ വെള്ളയിൽ പട്ടുതുന്നിയ ഷർട്ടോ ധരിച്ച്, ടെലി പ്രോംറ്റർ ഉപയോഗിച്ചോ മറ്റോ മലയാളം പോലുള്ള ഭാഷയിൽ രണ്ടുമൂന്ന് വാക്കുകൾ പറയുകവഴി നിങ്ങളുടെ സംസ്കാരത്തെയും ഭാഷയെയും ഞാനിതാ അംഗീകരിക്കുന്നു എന്ന് കഷ്ടപ്പെട്ട് കാണിക്കാൻ ശ്രമിച്ചശേഷം ഉത്തരേന്ത്യൻ ഭാഷയും സംസ്കാരവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. പക്ഷെ ഒരു തവണപോലും ആ ഭാഷയോ സംസ്കാരമോ തനതായ രീതിയിൽ മനസ്സിലാക്കി അവിടുത്തെ ജനങ്ങളെ അവരായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ. അത്തരം കോപ്രായങ്ങൾ കാണുന്ന ജനങ്ങൾക്ക് അത് ഒരു തമാശയായി ആണ് തോന്നുന്നത്. മാത്രമല്ല അതുകൊണ്ട് തന്നെയാണ് നേതാവ് “ഓണാശംസകൾ” എന്ന് പറയാൻ ശ്രമിക്കുമ്പോൾ ജനങ്ങൾ “ഒണക്ക സമൂസ” എന്ന് കേൾക്കുന്നത്.
അടുത്തതായി ചോദ്യം ചോദിച്ചത് ആന്ധ്രപ്രതേശിൽ ജനിച്ചു വളർന്ന ഒരു വ്യക്തിയാണ്. തെലുങ്ക് എനിക്ക് വശമില്ലാത്തതിനാലും അദ്ദേഹത്തിന് തമിഴ് അറിയുന്നതിനാലും ഞങ്ങൾ തമിഴിൽ സംസാരിച്ചു. അതിനുശേഷം, പാകിസ്ഥാനിലിൽ നിന്നും, നേപ്പാളിൽനിന്നും ഉള്ളവരോടും സംസാരിച്ചു.
അവർ ആകെ 18 പേരാണ് ആ ഫാംമിൽ ജോലിചെയ്യുന്നത്. എല്ലാവരും ഏഷ്യക്കാർ. ബംഗ്ലാദേശുകാർ, നേപ്പാളികൾ, പാകിസ്ഥാനികൾ, സിക്കുകാർ, ഗുജറാത്തികൾ, തെലുങ്കർ അങ്ങനെ നാനാത്വത്തിലെ ഏകത്വമനുഭവിച്ചു അവർ അവിടെ ജോലി ചെയ്യുന്നു. പക്ഷെ കാര്യങ്ങൾ അത്ര സന്തുഷ്ടമല്ല. അവരിൽ മിക്കവാറും ആളുകൾ സെർബിയ വഴിയോ മറ്റോ മനുഷ്യകടത്തിലൂടെ ഇവിടെ എത്തിപെട്ടവരാണ്.
യൂറോപ്പിലെയും മറ്റ് വികസിത നാടുകളിലെയും സ്വാതന്ത്രത്തിൻറെയും സമാധാനത്തിൻറെയും സമൃദ്ധിയുടെയും തിളക്കമാർന്ന ജീവിതകഥകൾ എമ്പാടും കേൾക്കാനാകും. പക്ഷെ അഗ്രികൾച്ചർ, ഫാക്ടറി ജോലികൾ പോലെ പൊതുമധ്യത്തിൽനിന്നും അകലെയുള്ള വ്യവസായങ്ങളിൽ ജോലിചെയ്യുന്നവരുടെ ജീവിതങ്ങൾ പലപ്പോഴും ആടുജീവിതങ്ങളാണ്. യൂറോപ്പിൽ വന്നാൽ പെട്ടന്ന് പണമുണ്ടാക്കാം എന്ന പ്രലോഭനത്തിൽ പെട്ട് നാട്ടിലുള്ള പല ഏജൻസികളെയും വിശ്വസിച്ച് ഇവിടേക്ക് വന്നെത്തുന്നവർ പലരും, അവരുടെ യാത്ര അവസാനിപ്പിക്കുന്നത് ഇത്തരം കൃഷിഭൂമികളിലോ, ആളനക്കം ഇല്ലാത്ത ഇടങ്ങളിൽ സ്ഥതിചെയ്യുന്ന ഫാക്ടറികളിലോ ആയിരിക്കും.
യജമാനൻ തീരുമാനിക്കുന്ന സമയം വരെ പണി, തുച്ഛമായ കൂലി, വിരളമായ അടിസ്ഥാന സൗകര്യങ്ങളിലുള്ള ജീവിതം. ഇത്തരം ചൂഷണങ്ങളെ റിപ്പോർട്ട് ചെയ്യാനുള്ള ഭാഷയോ ധൈര്യമോ പലപ്പോഴും ഈ തൊഴിലാളികൾക്ക് ഉണ്ടാകണമെന്നില്ല. അതിലുപരി റിപ്പോർട്ട് ചെയ്താൽ ഒരുപക്ഷേ തുച്ഛമെങ്കിലും ഇപ്പോൾ ലഭിക്കുന്ന വരുമാനം നഷ്ടപ്പെട്ടാൽ നാട്ടിൽ എടുത്തുകൂട്ടിയിട്ടുള്ള ലോൺ അടക്കാനാകാതെ വന്നേക്കാം എന്ന സാഹചര്യവും അവരെ അത്തരം ജീവിതങ്ങളിൽ ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കുന്നു.
വേലിക്കപ്പുറമുള്ള മനുഷ്യരോട് സംസാരിച്ചു നിൽക്കുമ്പോൾ മതിലുകൾ സിനിമ ഓർമയിൽ വന്നു. ആ മനുഷ്യരിൽ ചിലർ എൻ്റെ യാത്രയെപ്പറ്റിയും ലിസ്ബണിലെ ജീവിതത്തെപ്പറ്റിയുമെല്ലാം ചോദിച്ചറിഞ്ഞു. ചിലർ അവരുടെ ആഹാരത്തിലെ പങ്ക് കഴിക്കാൻ എന്നെ ക്ഷണിച്ചു. പക്ഷെ സ്നേഹത്തോടെ നിരസിച്ചുകൊണ്ട് ഞാൻ എല്ലാവരോടും യാത്രപറഞ്ഞു നടത്തം തുടരാനൊരുങ്ങവെ അവിടെ മറുപുറത്തുനിന്നും വലിയൊരു ബഹളം കേട്ടു. അത് ഒരു ആഹ്ളാദപ്രകടനമാണ്.
മാസങ്ങളായി ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് വിളിച്ച് താൻ അപേക്ഷിച്ച റെസിഡൻസ് പെർമിറ്റ്ൻറെ ഇപ്പോഴത്തെ സ്റ്റാറ്റസ് അന്വേഷിക്കുകയായിരുന്നു ആ കൂട്ടത്തിൽ ഒരാൾ. മണിക്കൂറുകളോളം ലൈനിൽ കാത്തുനിന്നാൽ മാത്രമാണ് മറുപുറത്തെ ഓഫീസർ കോൾ എടുക്കുന്നത്. രാവിലെ മുതലുള്ള കഠിനാദ്ധ്വാനത്തിനിടയിൽ ഫോൺ ഉപയോഗിക്കാൻ സാധിക്കാത്ത ഇവർ. ഉച്ചഭക്ഷണ സമയങ്ങളിലാണ് അതിനായി സമയം കണ്ടെത്തുന്നത്.
ഇപ്പോൾ അത്തരത്തിൽ ഏറെ സമയം കാത്തുനിന്നിട്ടാണ് കൂട്ടത്തിലെ ഒരാൾക്ക് കോൾ കിട്ടിയത്. മറുപുറത്തുനിന്നും കാർഡ് അപ്രൂവ് ആയി എന്ന സന്തോഷവാർത്ത കേട്ടതോടെ സ്വയം മറന്ന് ആഘോഷിക്കുകയാണ് അയാൾ. ആഘാഷത്തിനിടയിൽ അയാൾ എനിക്കും യാത്രാ മംഗളങ്ങൾ നേർന്നു. അദ്ദേഹത്തിൻ്റെ സന്തോഷം എന്നിലേക്കും പടർന്നു. ഞാൻ പുഞ്ചിരിയോടെ അവിടെനിന്നും മെല്ലെ യാത്ര തുടർന്നു.
തണൽവഴി ഒരു ഇടക്കാല ആശ്വാസം മാത്രമായിരുന്നു എന്ന് മുന്നോട്ട് പോകവെ എനിക്ക് വ്യക്തമായി. വിൻദീമ കഴിഞ്ഞ മുന്തിരിപാടങ്ങൾ ധാരാളം കണ്ടുതുടങ്ങി. മുന്തിരിചെടികൾ എല്ലാം പൊടിയിൽ കുളിച്ച് നിൽക്കുകയാണ്. കോരിച്ചൊരിയുന്ന ഉച്ച വെയിലിൽ വീണ്ടും തോർത്ത് പുതച്ച് നടക്കവെ മുന്തിരിപ്പാടത്തെ ഒരു ചെടിയിൽ ഇലകൾക്കിടയിൽ ഒരു കുല മുന്തിരി ഒളിഞ്ഞിരിക്കുന്നതായി കണ്ടു. ഞാൻ ആ മുന്തിരിക്കുല പറിച്ചെടുത്തു. വളരെ കുറച്ചു മാത്രം വെള്ളമുപയോഗിച്ച് കുല കഴുകി അതിൽപറ്റിയിരിക്കുന്ന പൊടി വൃത്തിയാക്കി. വീഞ്ഞ് മുന്തിരി ആയതിനാൽ മുന്തിരിയുടെ തൊലിയിൽ ഞെക്കിയാൽ അതിനകത്തെ കാമ്പ് ഞെട്ടിയുടെ ദ്വാരം വഴി പുറത്തുവരും. മുന്തിരിയുടെ തൊലിയിൽ പറ്റിയിട്ടുള്ള കീടനാശിനികളോ പൊടിയോ അകത്തേക്ക് പോകാത്ത ഈ മാർഗം ഉപയോഗിച്ച് ഞാൻ മുന്തിരി തിന്നാൻ തുടങ്ങി. ഏറെ രുചികരമായ ആ മുന്തിരിക്കുലയിലെ ഓരോ മുന്തിരികളും ആസ്വദിച്ചു നടന്നതിനാൽ പിന്നിട്ട ദൂരം എനിക്ക് ഒരു പ്രശ്നമായി തോന്നിയില്ല.
ഒറ്റയില തണൽപോലുമില്ലാതെ ഏറെദൂരം പിന്നിട്ടു. മുന്നോട്ട് നോക്കുമ്പോൾ തൂവെള്ള നിറത്തിൽ നീളുന്ന പൊടിനിറഞ്ഞ മൺവഴി വളഞ്ഞും പുളഞ്ഞും ഒരു മലമുകളിലേക്ക് നീളുന്നു. പക്ഷെ ഒരു പരിധിക്കപ്പുറം തിളച്ചുമറിയുന്ന വെള്ളം പോലെ കാഴ്ച ഉലയുകയാണ്. മനസ്സ് വീണ്ടും കാലുഷ്യത്തിലേക്ക് നീളുന്നതായി തോന്നിത്തുടങ്ങി. പലചിന്തകളും അലട്ടുന്നുണ്ട് പക്ഷെ മിന്നൽപോലെ ഓർമയിൽ തെളിഞ്ഞുവന്ന ഒരു ചിത്രം എന്നെ വല്ലാതെ അലട്ടി.
ലിസ്ബണിൽനിന്നും “കഷ്കൈഷ്” പട്ടണത്തിലേക്കുള്ള കടലോര ട്രെയിൻ യാത്രയിൽ. “സന്തോ അമാരോ” എന്ന സ്റ്റേഷൻ കഴിയുമ്പോൾ ഒരു അംഗൻവാടി കെട്ടിടത്തിൻറെ ചുവരിൽ വരച്ചിട്ടുള്ള ചിത്രമാണ് അത്. മഴവില്ലിന് കീഴെ കൈകോർത്തുനിൽക്കുന്ന തൊലി കറുത്തതും വെളുത്തതുമായ രണ്ടുകുട്ടികൾ. ഇപ്പോൾ ഞാൻ കടന്നുപോകുന്ന സാഹചര്യവുമായി യാതൊരു ബന്ധവുമില്ലെങ്കിലും പലതവണ ആ ചിത്രം മനസ്സിലൂടെ മിന്നി മറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ എന്നെ അലട്ടിയിരുന്ന ചിന്തകൾ വരികളായി പുറത്തേക്കൊഴുകിത്തുടങ്ങി.
” ഉദിച്ചുയർന്ന സൂര്യൻറെ,
തെളിമയാർന്ന പ്രകാശത്തിൽ.
തിളങ്ങി, മിന്നി തിളങ്ങി നിൽക്കുന്ന നിന്നോട്.
കണ്ട മാത്രയിൽ എനിക്ക് തോന്നിയതോ പ്രണയം.
എങ്കിലും എനിക്കാകില്ല പൊന്നേ..,
എനിക്കാകില്ല, എന്നാലാകില്ല, കഴിയില്ല.
എന്നുള്ളിൽ തോന്നിയ സത്യമാം
പ്രണയം നിന്നോട് ചൊല്ലാൻ.
ഞാനോ കറുത്തവൻ.
കറുമ്പനാം കയ്യാൽ നിന്നെ
തൊടാൻപോലും അർഹനല്ലാത്തവൻ.
ഞാനോ കറുമ്പൻ.
കീഴാള ചണ്ടാല കുലജാതൻ.
ധനമില്ലാ ഭിക്ഷുക്കൻ.
എന്നാൽ നീയോ..?
എന്നാൽ നീയോ,
ഉന്നത കുലജാത. വെളുത്തവൾ.
ധനമേറിയ കുടുംബത്തിൽ ജനിച്ചവൾ.
ഞാനെത്ര ആണയിട്ട് സത്യമാം
എന്നുടെ പ്രണയം ചോന്നാലും.
അന്തരം..
നമുക്കിടയിലാ അന്തരം.
ജന്മത്താൽ ലഭിച്ചൊരാ അന്തരം.
അത്, അത് നമ്മെ വേർതിരിക്കും.
അത് എന്നുടെ അവകാശങ്ങളെ
ചവിട്ടിമെതിക്കും.
അത് എന്നുടെ സത്യമാം പ്രണയത്തെ
കള്ളമാക്കി മാറ്റിടും.
എന്തിനു സൃഷ്ടാവേ നീ സൃഷ്ട്ടിച്ചു..?
മാനവർക്കിടയിലീ അന്തരം.
എന്തിനു സൃഷ്ടാവേ നീ സൃഷ്ഠിച്ചു
മാനവർക്കിടയിലീ
തൊലിനിറമാം അന്തരം.?
എന്തിനു സൃഷ്ടാവേ നീ സൃഷ്ടിച്ചു
മാനവർക്കിടയിൽ ധനം.?
ചൊല്ലുക നീ, ചൊല്ലിത്തരിക നീ സൃഷ്ടാവേ..
ഉത്തരമുണ്ടോ..?
ഉത്തരമുണ്ടോ, ഉത്തരമുണ്ടോ..,
ഉത്തരമുണ്ടോ?
ഉത്തരമില്ലേൽ തുടരും,
ഇത് തുടരുകതന്നെചെയ്യും.
മാനവർ കുലത്തോടെ മണ്ണിലടിയും
വരെക്കും.
അതോ, എല്ലാം മിഥ്യയോ?
സൃഷ്ടാവായ നീയും മിഥ്യയോ ?
എങ്കിൽ എന്തിന് അങ്ങനൊരു പൊയ്യ്.?
ഉത്തരമുണ്ടോ..? ഉത്തരമുണ്ടോ.? ഉത്തരമുണ്ടോ..?”
ഏകാന്തതയുടെ കനമുള്ള ആ അന്തരീക്ഷത്തിലേക്ക് ഞാൻ എൻ്റെ ചോദ്യങ്ങളെ ഇറക്കിവിട്ടു. മനസ്സ് പതിയെ ശാന്തതയിലേക്ക് തിരികെ വരുന്നതായി തോന്നാൻ തുടങ്ങി. ഉച്ച ചൂടിൻറെ പാരമ്യത്തിൽ വിയർത്ത് ഒഴുകി ദേഹമാസകലം ചൊറിയാൻ തുടങ്ങിയെങ്കിലും. എൻ്റെ മുഖം പുഞ്ചിരിയാൽ തെളിഞ്ഞതായിരുന്നു. പുറകോട്ട് നോക്കിയപ്പോൾ ഞാൻ ഏറെ ദൂരം പിന്നിട്ടതായി തോന്നി. നീണ്ട വഴിയുടെ അടുത്ത ഒരു വളവ് പിന്നിട്ടതോടെ അതാ എൻ്റെ മുന്നിൽ അൽപ്പം അകലെയായി എന്തോ അദ്ഭുതകരമായ ഒന്നിന്റെ ഫോട്ടോയെടുത്തുകൊണ്ട് നിൽക്കുന്നു കത്തറീനയും ജോർജും. അൽപ്പം ദൂരെയായാണ് അവർ. ഫോട്ടോ എടുത്തയുടനെ അവർ തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടക്കാനാരംഭിച്ചു. ഞാൻ പതിയെ നടന്ന് അവർ ഫോട്ടോ എടുത്ത ഇടത്തെത്തി. അത് ഒരു എയ്റോ ഡോം ആണ്. ചെറിയവിമാനങ്ങൾ വന്നിറങ്ങുന്ന കുഞ്ഞു എയർപോർട്ട്. ധാരാളം പ്രൈവറ് ജെറ്റുകൾ ഉള്ള ഒരു രാജ്യമാണ് പോർത്തുഗൽ. അതിനാൽ രാജ്യത്തിൻറെ പലയിടങ്ങളിലായി ഇത്തരം ധാരാളം എയ്റോഡോമുകൾ ഉണ്ട്.
ഞാൻ പതിയെ നടത്തം തുടർന്നു. അതിനിടയിൽ ഫോൺ റിംഗ് ചെയുന്നു. ചേച്ചിയാണ് മറുതലക്കൽ. ഒരുപാട് നാളുകളായി അവളോട് സംസാരിച്ചിട്ട്. അപ്പോഴേക്കും സാന്തരേം പട്ടണത്തിലേക്ക് നീളുന്ന ഒരു റോഡിൽ എത്തിയിരുന്നു. ആ പാതയോരത്തെ ഒരു മരത്തണലിൽ ഇരുന്ന് ഞാൻ ചേച്ചിയോട് അൽപ്പനേരം സംസാരിച്ചു. യാത്രയെക്കുറിച്ച്, പിന്നിട്ടവഴികളെക്കുറിച്ച്, മുന്നോട്ടുള്ള നാളുകൾ അങ്ങനെ ഒരുപാട് സംസാരിച്ചു. ആ സംഭാഷണം ഭൂമിയിൽ എല്ലാവരും എനിക്ക് ഉറ്റവരാണെങ്കിലും, എന്നോട് അടുത്ത ചിലർ ഉണ്ടെന്ന ഓർമ്മപ്പെടുത്തൽ ആയിരുന്നു.
വിശ്രമശേഷം നടത്തം പുനരാരംഭിച്ചു. മെയിൻ റോഡിൽനിന്നും ഇടുങ്ങിയ വഴികളിലൂടെ നേരത്തെ ദൂരെനിന്നും കണ്ട ആ മലമുകളിലേക്ക് കയറ്റം ആരംഭിക്കുകയാണ്. മലയെ ചുറ്റി ചുറ്റിയാണ് മുകളിലേക്ക് മെല്ലെ നടക്കുന്നത്. കയ്യിലെ വെള്ളം പൂർണമായും തീർന്നിട്ട് ഏറെ നേരമായി. വഴിയരികിൽ മലയുടെ ഇടുക്കിൽ വീടുകൾ ഉണ്ട്, പക്ഷെ നമ്മുടെ നാട്ടിലേതുപോലെ ആരെയും പുറത്തുകാണുന്നില്ല. ആരെയെങ്കിലും കണ്ടുകിട്ടിയിരുന്നെങ്കിൽ അൽപ്പം വെള്ളം ചോദിക്കാമായിരുന്നു.
അൽപ്പം മുന്നോട് പോയപ്പോൾ ഒരു വീട്ടിൽനിന്നും അതിൻ്റെ മതിലിനുമുകളിലൂടെ വളർന്ന് പന്തലിച്ചുനിൽക്കുകയാണ് ക്വിവി ചെടികൾ. പാതയോരത്ത് വെയിലിൽ വാടിയ ചില ക്വിവികൾ കിടക്കുന്നുണ്ട്, പക്ഷെ ചാഞ്ഞുനിൽക്കുന്ന ചില്ലകളിൽ ഞെക്കിനോക്കി കുറച്ചു പാകമായവ കണ്ടെത്തി. ഒരിക്കൽക്കൂടി ഞാൻ എന്നോട് തന്നെ അനുവാദം ചോദിച്ച് അവ പറിചെടുത്തു. മടക്കുകത്തി എടുത്ത് തൊലിചെത്തി ഞാൻ അവയെ ഓരോന്നായി അകത്താക്കി. ആ ക്വിവികൾ തന്ന ഉന്മേഷത്തിൽ മലയുടെ പാതിയിലധികം കയറി. വിയർത്ത് കുളിച്ച വസ്ത്രങ്ങളും പുറത്ത് ഭാണ്ഡവും പേറി ആടിയുലഞ്ഞു ഞാൻ നടന്നുകൊണ്ടിരുന്നു.
അൽപ്പംകൂടെ മുന്നോട്ട് നടന്നപ്പോൾ എവിടെനിന്നോ വെള്ളം ശക്തിയായി ഒഴുകുന്ന ശബ്ദം കേൾക്കുന്നു. ആ ശബ്ദത്തെ കാതോർത്ത് നടത്തത്തിൻറെ വേഗത കൂടിയതറിയാതെ ഞാൻ നടന്നു. കുറച്ചുകൂടെ മുന്നോട്ട് പോയതോടെ റോഡിന് ഒരു വശത്തുകൂടെ മുൻപിൽനിന്നും വെള്ളം ഒഴുകിവന്ന് റോഡിനടിയിലൂടെ മുറിച്ചുകടന്ന് മറുവശത്ത് താഴേക്ക് ചാടുന്നു. ആ കാഴ്ച എന്നിൽ വീണ്ടും ആവേശം സൃഷ്ടിച്ചു. വീണ്ടും ഞാനറിയാതെ എൻ്റെ വേഗം വർധിച്ചു. ഒടുവിൽ ഓടിക്കിതച്ച് ഞാൻ ആ കാഴ്ചക്കുമുൻപിലെത്തി.
മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന ഉറവച്ചാൽ കരിങ്കല്ലുപയോഗിച്ച് ഒരു കെട്ടുണ്ടാക്കി, അതിനുള്ളിലൂടെ കുഞ്ഞു തുരംഗം വഴി കെട്ടിനുമുൻപിലെ പല ഇടങ്ങളിലായി വെള്ളത്തെ ചാടിക്കുന്നു. കൂറ്റൻ വാതിൽ അടച്ചിട്ട ഒരു കവാടത്തിൻറെ ആകൃതിയിൽ പണിതീർത്ത ആ നിർമ്മിതിക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ 1835 ഇൽ ആണ് അതിൻ്റെ പണിപൂർത്തിയായത്.
പോർത്തുഗലിൽ ഓരോ പൊതു ജലസ്രോതസ്സുകളുടെ അടുത്തും സർക്കാർ സൂചന ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതായി കാണാം. അത്തരം ബോർഡുകളിൽ ആ വെള്ളം എന്തുതരം ആവശ്യത്തിന് ഉപയോഗിക്കാനാകുന്നവയാണെന്ന് അടയാളപ്പെടുത്തിയിരിക്കും. ഇവിടെ ഈ വെള്ളം കുടിക്കാം എന്ന് സൂചിപ്പിച്ചിരുന്നു.
ഞാൻ തിടുക്കത്തിൽ മുഖം കഴുകി വേണ്ടുവോളം വെള്ളം കുടിച്ചു. ശേഷം മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകി കെട്ടിനുമുന്നിലെ സിമെൻറ് തറയിൽ വിരിച്ചു. തോർത്തുമുണ്ട് ഉടുത്ത്, ഉത്തരേന്ത്യൻ ലോറി ഡ്രൈവർമാരുടെ ശൈലിയിൽ ഒരു കുളി പാസ്സാക്കി. ആഹാരം കഴിക്കാനായി യാത്ര തുടങ്ങുംമുൻപ് ഒരു പ്ലാസ്റ്റിക് ബൗൾ തന്നെ വാങ്ങിയതിന് പുറകിൽ പ്രധാനമായും മൂന്ന് ഉദ്ദേശങ്ങളായിരുന്നു. ഒന്ന്:- പ്ലാസ്റ്റിക് കനം കുറവാണ്, രണ്ട്:- പ്ലേറ്റ് വാങ്ങിയാൽ അത് ഭാണ്ഡത്തിനകത്തിരുന്ന് പൊട്ടാനോ വളയാനോ സാധ്യതയുണ്ട്, മൂന്ന്:- ഇതുപോലുള്ള അത്യാവശ്യ സന്ദർഭങ്ങളിൽ കുളിക്കാനുള്ള കപ്പ് ആയും ഉപയോഗിക്കാം. മ്യൂസിയങ്ങൾ ധാരാളം കണ്ടത്തിൽനിന്നും മനസ്സിലാക്കിയ ഒരു ആശയം എന്തെന്നാൽ. നമ്മുടെ പഴമക്കാർ കൂടുതലായും ബൗൾ പോലുള്ള കുഴുഞ്ഞ പാത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. അവരിൽ ഭൂരിഭാഗവും സഞ്ചാരികളും ആയിരുന്നു. കുഴിഞ്ഞ പാത്രങ്ങളുടെ സാധ്യതകൾ മനസ്സിലാക്കിയവരായിരിക്കണം അവർ.
കുളി കഴിഞ്ഞപ്പോഴേക്കും അതാ ക്ഷീണിതനായി മറ്റൊരാൾ. എന്നെ കണ്ടപാടെ തൻ്റെ ഊന്നുവടിയിലെ ഞെക്കു ഹോൺ മുഴക്കി പാട്രിക്. കുഴലുകൾ വഴി ചാടുന്ന വെള്ളം ഒഴുകി ഒരു വലിയ ടാങ്കിൽ വീഴുന്നു. ടാങ്കിനെ കവിഞ്ഞൊഴുകിയാണ് വെള്ളം റോഡിനരികിലേക്ക് ഒഴുകുന്നത്. പാട്രിക്, അദ്ദേഹം വന്ന പാടെ തൻ്റെ ബാഗും മറ്റും ഊരിവെച്ച് നേരെ ആ ടാങ്കിലേക്ക് ഒരു മലക്കൽ ആയിരുന്നു. ഏറെ നേരം അദ്ദേഹം ആ ടാങ്കിൽ കിടന്നശേഷം സാവധാനം എഴുന്നേറ്റ് വസ്ത്രമെല്ലാം ധരിച്ച് എന്നോട് യാത്രപറഞ്ഞുകൊണ്ട് നടത്തം തുടർന്നു.
തുണികൾ ഉണങ്ങാൻ ഉള്ളതിനാൽ ഞാൻ അവിടെ ഒരു ചെറുതണലിൽ ശാന്തമായി ഇരുന്ന് ഇതുവരെ നടന്ന സംഭവങ്ങൾ എൻ്റെ ഡയറിയിൽ എഴുതി.