കൈനോട്ടം

വിശന്നു കണ്ണു മൂടിയ കാക്കാത്തിക്ക് രണ്ട് കൈകൾ കിട്ടി.
ഒരു വലതും ഒരിടതും.

വലതിന്റെ കണ്ണിലെ ചൂടും പുകയും, ഇടതിനും, ഇ
ടതിന്റെ നെഞ്ചിലാളുന്ന ചിന്തകൾ വലതിലും,
പറഞ്ഞുകൊടുത്തു.

ഇടത് പത്തു രൂപയും
വലതു നൂറു രൂപയും
ദക്ഷിണ കൊടുത്തു.
വെറ്റില കറ പുരണ്ട,
കാക്കാത്തിടെ ചുണ്ടിൽ പുച്ഛചിരി പടർന്നു.

കാശെടുത്ത് മടിക്കുത്തിലമർത്തുമ്പോൾ
തലചൊറിഞ്ഞ് ലാഭത്തിന്റെ കണക്കെടുത്തു.

കുതന്ത്രം കലർത്തി വായിൽ വന്നതു പറഞ്ഞതല്ലേ    
വലതിന്റെ കാലുകൾ, പാപം തീരാൻ പുണ്യം തേടും
ഇടതിന്റെ കൈകളിൽ മന്ത്രച്ചരടുകൾ തെളിയും
അതോർത്തപ്പോൾ കാക്കാത്തി
ശിലായുഗത്തിലേക്ക് മുറുക്കി തുപ്പി.

വിശപ്പാളിയപ്പോൾ
ഇടതിനെയും വലതിനെയും മറന്ന്,
വയറു തടവി കാക്കാത്തി നോക്കിയത്
കർമ്മകാണ്ഡത്തിലെ തിരക്കുള്ള വഴികളിലേക്ക്…

ഇരുപത് വർഷത്തെ അധ്യാപന പരിചയം. ലേഖനം,കവിത ആസ്വാദനം നിരൂപണം എന്നീ സാഹിത്യ ശാഖകളിൽ പ്രവർത്തിക്കുന്നു. മലപ്പുറം ജില്ലയിൽ ജനിച്ചു. ചേർത്തലയിൽ താമസം. ലേഖനത്തിന് ദേശീയ പുരസ്കാരങ്ങളും കവിതകൾക്ക് നിരവധി പുരസ്കാരവും നേടിയിട്ടുണ്ട്.