പ്രവാസം, അനുഭവവും അവബോധവും

ആരാണ് ഗൾഫ് കണ്ടു പിടിച്ചത്? അതിനൊത്ത പാസ്പോർട്ടും വിസയും ഉണ്ടാക്കിയത്? ആദ്യമായി ഗൾഫിലേക്ക് വിമാനം കയറുന്നതിന്റെ തലേന്ന് രാത്രി കലങ്ങിയ കണ്ണുകളോടെ പ്രിയതമ ചോദിച്ചു.

വിവാഹം കഴിഞ്ഞുള്ള ആദ്യരണ്ട് മാസങ്ങളെ നമുക്ക് ‘പ്ലാറ്റിനം ഡേയ്സ്’ എന്നുവേണമെങ്കില്‍ വിളിക്കാം. ഒന്നങ്ങോട്ട് ജീവിച്ചു കളയാം എന്നൊക്കെ തോന്നുന്ന രജതദിനങ്ങള്‍.

മംഗലം കഴിഞ്ഞ് കഷ്ടിച്ച് ഒരു മാസം തികഞ്ഞപ്പോഴേക്കും പ്രവാസത്തിലേക്ക് പറക്കേണ്ടി വന്നതിനാല്‍ അവളുടെ ചോദ്യം ന്യായമായിരുന്നു.

ദുബായ് ദേരയിലെ ജനസാന്ദ്ര കേന്ദ്രമായിരുന്നു താമസത്തിന് തരപ്പെട്ടത്. കോളെജ് കാലത്തെ ഹോസ്റ്റലോർമിപ്പിക്കുന്ന ബാച്ച് ലേഴ്സ് ജീവിതരസങ്ങൾ നിറഞ്ഞാടിയ ഫ്ലാറ്റ്. താമസ സ്ഥലത്ത് നിന്ന് 20 മിനിറ്റ് നടന്നാണ് ജോലി സ്ഥലത്ത് എത്തേണ്ടത്. നടത്തത്തിനു വേഗം കൂട്ടി ഇതൊരു 15 മിനുറ്റാക്കി ചുരുക്കും.

ആദ്യദിവസം അങ്ങോട്ട് വേഗം എത്തിയെങ്കിലും ഉച്ചയ്ക്ക് ഊണിനു താമസയിടമെത്താനുള്ള തിരിച്ചു നടത്തം താളംതെറ്റി.ദേര അല്‍ മുതീനയിലെ മാർക്കോ പോളോ ഹോട്ടലായിരുന്നു ലാന്റ് മാർക്ക്. അതു കഴിഞ്ഞിട്ടുള്ള വളവ് തിരിഞ്ഞാണ് ‘ തിരൂർ ‘ എന്ന ബോർഡ് വച്ച താമസ കെട്ടിടത്തിലേക്കുള്ള ഇടവഴികൾ ഒഴുകുന്നത്.

വഴിതെറ്റിയപ്പോൾ എല്ലാം യൂണിഫോമിട്ട, ഒരേപോലുള്ള കെട്ടിടങ്ങളെപ്പോലെ തോന്നി ! അതിൽ നിന്നും എനിക്ക് കയറാനുള്ള ഗുഹാമുഖം മാത്രം കണ്ണിൽ പെട്ടില്ല. വിളിക്കാൻ കൈഫോണില്ല. സംസാരിക്കാൻ വഴക്കമുള്ള ഭാഷയുമില്ല. വഴിയറിയാത്ത ഒരാൾ വലയാൻ ഇത്തരം ഇല്ലായ്മകൾ തന്നെ ധാരാളം.

വിശപ്പ് ശല്യപ്പെടുത്തുന്നത് പരിധി വിട്ടപ്പോൾ ഒരു ഇറാനി ഗ്രോസറിയിൽ കയറി ഭക്ഷണം തപ്പി. വക്ക് പൊട്ടിയ ഹിന്ദിയും ബാക്കി ശരീരഭാഷയും മിശ്രണം ചെയ്ത് ഒരു വിധം ഖുബ്ബൂസും ജ്യൂസും വാങ്ങി വിശപ്പടക്കി.

പേഴ്സിൽ പറ്റിപ്പിടിച്ച് കിടന്ന 50 ദിർഹം വിഭജിക്കപ്പെട്ടതു വഴിതെറ്റലിന്റെ നീറ്റൽ കൂട്ടി. പിന്നീടുള്ള നടത്തത്തിൽ ഫിൽസും ദിർഹമും കുഞ്ഞുങ്ങളെപ്പോലെ പേഴ്സിന്‍റെ കുഞ്ഞറയിൽ കിടന്ന്‌ കുലുങ്ങി.

കിച്ചണിൽ ഭക്ഷണത്തിനു വേണ്ടി അബ്ദുറഹ്മാനിക്കയുടെ കൂടെ ഉള്ളി തൊലിക്കുമ്പോഴും പേഴ്സ് തുറക്കുമ്പോഴും കണ്ണീർ പൊടിഞ്ഞിരുന്നു.

നാലരയ്ക്ക് ഓഫീസിൽ തിരിച്ചെത്തണം. ഇല്ലെങ്കിൽ മുതിർന്ന, പഴക്കം ചെന്ന, ഉദ്യോഗസ്ഥൻ പുകമൂടയ കണ്ണടയ്ക്കുള്ളിലൂടെ

തുറിച്ചുനോക്കും . എല്ലാവരും പകലുറങ്ങിയാണ് രാത്രി ഡ്യൂട്ടിക്ക് ഊർജം ശേഖരിക്കുന്നത്. അതു നഷ്ടപ്പെടാതിരിക്കാൻ ഇനി മസ്ജിദാണ് അഭയമെന്ന്‌ ഉൾവിളിയുണ്ടായി. മിനാരം നോക്കി പള്ളി കണ്ടെത്തി.

കയറിച്ചെന്നപ്പോൾ പ്രാർഥന കഴിഞ്ഞ് പല നിലയിൽ ഉറങ്ങുന്ന വിവിധ ദേശക്കാരായ കുറെ ആളുകള്‍. ഉറങ്ങുമ്പോള്‍ മനുഷ്യര്‍ എത്ര നിഷ്കളങ്കരും നിസ്സഹായരുമാണ്. ചിലര്‍ മന്ദതരംഗ നിദ്രയില്‍.

മറ്റുചിലർ കൂർക്കംവലിയുടെ അകമ്പടിയോടെ ഗാഢനിദ്രയിൽ..

‘ഉറക്കം മനുഷ്യന്‍റെ താങ്ങും ജീവിതത്തിന്റെ നെട്ടെല്ലുമാണെന്ന’ അറബ് സാഹിത്യകാരന്‍ മന്‍ഫലൂത്തിയുടെ വാചകം അക്ഷരം പ്രതി അര്‍ത്ഥം നല്‍കുകയായിരുന്നു ‘പള്ളിയുറക്കം’ ആസ്വദിക്കുന്നവര്‍.

ഉച്ചമയക്കത്തിനു വിലക്കില്ലാത്ത അഭയ കേന്ദ്രമായിരുന്നു അക്കാലത്ത് പള്ളികൾ. കോവിഡിന്റെ വരവാണ് വിശ്രമിക്കാനുള്ള പ്രവാസികളുടെ പള്ളിപ്രവേശത്തിനു വിലങ്ങിട്ടത്.

ഒഴിഞ്ഞ ഒരു മൂലയിൽ ഇടം പിടിച്ചു. ഉറങ്ങുന്നവരെ ഉണർത്താതെ എങ്ങനെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതു ഗൾഫിൽ നിന്നാണ് പരിശീലിച്ചത്. കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്നത് മുതൽ വാതിലടച്ചു പുറത്തു കടക്കും വരെ സങ്കീർണസമയമാണ്. ഒരുതരം ‘ക്യാറ്റ് വാക്ക് ‘ നടത്തണം. ഇല്ലെങ്കില്‍ നിലത്ത് കുറഞ്ഞ വാടക കൊടുത്ത് കിടക്കുന്നവര്‍ ചവിട്ടുകൊണ്ടുണരും. മുറിവാതില്‍ അടക്കുന്നത് പാളിപ്പോയാല്‍ അതൊരു അശ്ലീല അഭിഷേകത്തിലായിരിക്കും അവസാനിക്കുക. ഉറങ്ങുമ്പോൾ റൂമിൽ ലൈറ്റിട്ടതിനു കുത്തേറ്റ് മരിച്ച ഒരാളുടെ മയ്യിത്ത് സൗദിയിൽ നിന്നാണ് നാട്ടിലെത്തിയത്.

തിരക്കുള്ള ബസിൽ സീറ്റ് കിട്ടിയവനെപ്പോലെ പള്ളിമൂലയിൽ ഒരു പ്രമാണിയെപ്പോലെ ഇരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഒറ്റയടിക്ക് കിടക്കുന്നത് ഉചിതമല്ല. ആദ്യം ഒരു ഭക്തനെപ്പോലെ (മുത്തഖി) ഇരിക്കുക. പിന്നെ ചാരി ഇരിക്കുന്ന ‘മുത്തകി’ യാവുക.

ദേഹത്തിന്റെ അടുത്ത പരിണാമ ദശയാണു കിടത്തം. അങ്ങനെ അസർ ‘അദാൻ ‘വരെ സംഘ ശയനത്തിൽ പങ്കു ചേർന്നു.

ഇതിനിടെ, ഫ്ലാറ്റിലെത്തിയോ എന്നറിയാൻ എന്നെ ഗൾഫിലേക്ക് വലിച്ചിട്ട ചേട്ടൻ പലതവണ റൂമിലേക്കും ഓഫീസിലേക്കും മാറി മാറി വിളിക്കുന്നുണ്ടായിരുന്നു. വെയിലില്ലാത്ത ഒക്ടോബറിൽ തിരിച്ചു നടന്നു ഓഫീസിലെത്തിയ എന്നെ കാത്തിരുന്നത് ആ ഫോണായിരുന്നു

‘എവിടെയായിരുന്നു’ എന്ന ചോദ്യത്തിനു വഴിതെറ്റിയ ഖിസ്സ ഇടറിയ ശബ്ദത്തിലാണ് പറഞ്ഞത്.

ദുബായിലെ അല്‍ മുതീന , സഅബീൽ, ജാഫ് ലിയ, അൽഖൂസ്, നദ് ശിബാ ,മുഹൈസിന, കറാമ എന്നീ മേഖലകളിലെല്ലാം താമസിച്ചാണ് പ്രവാസത്തെ 27 വർഷത്തിലെത്തിച്ചത്.

ഇക്കാലയളവിൽ വിവിധ രാജ്യക്കാരായ ഒട്ടേറെ മനുഷ്യരെ വായിക്കാൻ സാധിച്ചു. കൂടുതലും സ്നേഹവും സൗഹൃദവും, ആർദ്രതയുമുള്ള മനുഷ്യർ. പുസ്തകം പോലെയാണ് മനുഷ്യർ എന്നതു സത്യമാണ്. ചിലതു പുറംചട്ട കൊണ്ട് ആകർഷിക്കുമെങ്കിൽ മറ്റു ചിലത് ഉള്ളടക്കം കൊണ്ടു കൊതിപ്പിക്കും. മനുഷ്യൻ എന്താണെന്നറിയാനുള്ള യാത്രകൂടിയാണ് പ്രവാസം. രോഗമോ മരണമോ തൊഴിൽ നഷ്ടമോ വഴിമുടക്കും വരെ മാത്രമുള്ള യാത്ര.

മുത്തഖി :ഭക്തൻ
മുത്തകി: ചാരി ഇരിക്കുന്നവൻ
അദാൻ : മസ്ജിദിലെ ബാങ്ക് വിളി

മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശി. ആനുകാലികങ്ങളിലും ദിനപ്പത്രങ്ങളിലും എഴുതുന്നു. ' അറബിക് മാഫീ മുശ്കിൽ ' എന്ന പേരിൽ ഡി സി ബുക്ക്സ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 27 വർഷമായി ദുബായിലാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂമിൻറെ സഅബീൽ ഓഫീസിൽ ഉദ്യോഗസ്ഥന്‍.