ഒരു പുനർവിവാഹിതയുടെ ആദ്യരാത്രി

ഭാവസന്ധികളുടെ
വാക്പ്രതോദത്താലിരുൾ
കൊത്തിനോവിക്കാനോരോ
ചിന്തകൾ മദിക്കുമ്പോൾ

മാറ്റിവെക്കുവാനായി
പണ്ടെന്നോ പറിച്ചൊരു
മുറ്റത്തെച്ചെടിയുടെ
കാര്യമാണോർമ്മച്ചെപ്പിൽ

വേരുണങ്ങതിൻ മുന്നെ
നട്ടുവെച്ചൊരാ തണ്ടിൻ
നീരുവറ്റിയോരില
വാട്ടുമോരുഷ്ണം പോലെ

കൂമ്പിയ ചെന്താമര-
ത്തണ്ടുപോൽ വദനത്തിൽ
മിന്നിമായുന്നുണ്ടകം
വേവുന്ന ഗൃഹാതുരം

പാകമാകുമോ കണ്ണിൻ
നരച്ച തിളക്കങ്ങൾ
വൈധവ്യം നനച്ചിട്ട
നിർവ്വികാരത്തെത്തേടി

മുലപ്പാൽ മണംകെടാ
ചുണ്ടുകളിടയ്ക്കിടെ
ചൂടുതേടുവാനെങ്ങാ-
നെത്തിയാലെന്താകുമോ

വരിഞ്ഞുമുറുകിയ
തണുപ്പിൻ ശീല്ക്കാരത്തിൽ
ആദ്യഗന്ധത്തിൻ പേരു
മാറിയുച്ചരിക്കുമോ

ഓർത്തെടുക്കുവാനുള്ള
വാക്കുകൾ മുറിയുന്ന
മൗനവും പേറിക്കൊണ്ടീ
രാത്രികളൊടുങ്ങുമോ

അടയാൻ മടിക്കുമീ
മിഴിയോരത്തെ ഭയം
പതിവായയ്യാളുടെ-
യുറക്കം കെടുത്തുമോ

പൂർവ്വബന്ധത്തെച്ചൊല്ലി
ഓർക്കുവാൻ മടിക്കുന്ന
വാക്കുകളിടയ്ക്കിടെ
ചോദ്യമായെറിയുമോ

നഷ്ടനാളുകളുടെ
ബാക്കിയായ് മുറിച്ചിട്ട
കേശഭാരത്തിൽ വിര-
ലോടിക്കാൻ മടിക്കുമോ

പാതി പിന്നിടും ജീവ
നാളുകളെണ്ണിക്കൊണ്ടീ
ദേഹമിങ്ങനെ വെറും
ഭോഗമായ് കണ്ടീടുമോ

ഹേമന്തം തണുപ്പിക്കും
പുലരിപ്പെണ്ണിൻ മൃദു-
സ്മേരവും കളഞ്ഞങ്ങു
വേഗത്തിലുണരുമോ

യാന്ത്രിക സ്വഭാവത്തിൻ
തീക്ഷ്ണമാം ജ്വരംകേറി
നിർവികാരതയുടെ
ഉമ്മറത്തിരിക്കവേ

വീണുകിട്ടിയ പോലെ-
യാർത്തലച്ചിരമ്പുന്ന
പ്രേമവുമായിട്ടയാളെ-
ത്തിയാലെന്താകുമോ

ചിന്തകൾ കൂടാരംപോൽ
കണ്ണുകൾ ചലിപ്പിക്കും
പാതിയൊട്ടിയപീലി-
യൊതുക്കി കിടക്കവേ

ഇടനാഴിയിലൂടെ
മാറിലിട്ടാലോലമാ-
മെന്റെ ജീവനെയെയാൾ
താരാട്ടിയുറക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ പനയ്ക്കോട് എന്ന പ്രദേശത്ത് താമസിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനാണ്. ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കവിതകൾ എഴുതിവരുന്നു. "ബിലഹരി" എന്ന പുസ്തകമാണ് ആദ്യ കവിത സമാഹാരം