താടി മൂലം താടിക്കാരൻ മൂലം

തല നിറയെ നക്ഷത്രങ്ങളുള്ള ഒരു പെങ്കൊച്ച്
ഒരിക്കലൊരു താടിക്കാരനെ കണ്ടു മുട്ടി
ഏയ് മുട്ടിയൊന്നുമില്ല; ഒന്ന് കണ്ടു
ആ പെങ്കൊച്ചിന് അയാളുടെ താടി കാണുമ്പോളിങ്ങനെ
നോക്കി നോക്കിയിരിക്കാൻ….

ആ നേരം…….
താടിയിൽ അയാൾ ചിലവഴിക്കുന്ന
സമയമോർത്തു പോകും അവൾ
താടി മൂലം അയാൾക്കുണ്ടായേക്കാവുന്ന
“ദിക്കത്തുകൾ” ആലോചിക്കുമപ്പോളവൾ.
നീളൻ താടി രോമങ്ങളിൽ പടരാതെ…
ചായയിൽ “മീശ”, “താടി” കുത്താതെ
എങ്ങിനെ അയാൾ ചായ കുടിക്കും!!!

പല്ലു തേക്കുമ്പോൾ
പേസ്റ്റ് പത ഒഴുകി നനഞ്ഞ അയാളുടെ താടി
എങ്ങിനെയുണ്ടാകുമെന്നാലോചിക്കുമപ്പോളവൾ
അങ്ങനെ ആലോചിക്കുമ്പോൾ അവൾക്ക്
അയാളെ കാണാൻ തോന്നും

ആ താടിയിലെ ഒരു കുഞ്ഞി രോമം
ഓമനിച്ചോമനിച്ചൊറ്റ വലിവലിക്കാൻ തോന്നുമപ്പോളവൾക്ക്
നീളമേറെയായ ആ താടിയിൽ
പെണ്ണുങ്ങളുടെ തലമുടി കുതിരവാൽ കെട്ടുന്ന കണക്കെ
ഒരു റബ്ബർ ബാൻഡ് കെട്ടിയാൽ
എങ്ങിനെയുണ്ടാകുമെന്നാലോചിക്കുമവൾ
എന്നിട്ട് മുഷിയുമ്പോൾ
ആ താടി സ്വന്തം താടിയെന്ന് നിരൂപിച്ച്
ഉഴിഞ്ഞുഴിഞ്ഞു താനും ഒരു ബുജിയാണെന്നൊക്കെ
സങ്കൽപ്പിച്ച് സങ്കല്പിച്ച്
ലോകോത്തര പ്രശ്നങ്ങൾക്ക്
ഉത്തരം കണ്ടെത്താൻ ശ്രമിക്കുമവൾ

ആ താടിയിൽ ഒരു തൂക്കണാം കുരുവി കൂട് വച്ചാൽ
ചലിക്കുന്ന തൂക്കണാം കുരുവിക്കൂടുമായി
അയാൾ നടക്കുന്നത് ആലോചിച്ചവൾ വശം കെടും
ഏതോ പെൺകുട്ടി കട്ടെടുത്ത-
അയാളുടെ മനസ്സിന്റെ തിരുശേഷിപ്പുകളായിരിക്കുമോ!
അയാളുടെ താടി…

അതോ…….
താനൊരു നിത്യബ്രഹ്മചാരിയാണെന്ന്
പറയാതെ പറയാൻ അയാളുപയോഗിക്കുന്ന
ഉപാധിയായിരിക്കുമോ?
ജോലി കഴിഞ്ഞു ക്ഷീണിച്ചു വശം കെട്ടു വരുന്ന അയാളെ
തൻ്റെ മടിയിൽ കിടത്തി
അരുമയോടെ ആ നെറ്റിയിൽ തലോടി
തലയിൽ പെരുവിരലിനാൽ ചെറുതായമർത്തി
അയാളുടെ ക്ഷീണമകറ്റി
ചെരിച്ചു ചീകി അലസമായിട്ടിരിക്കുന്ന
അയാളുടെ കോലൻ തലമുടി
കോൺറോസ് രീതിയിൽ പിന്നിയിടാൻ
അവളുടെ വിരലുകൾ തരിക്കും

ഇതൊക്കെ അയാളോട് ചോദിച്ചാലോ, പറഞ്ഞാലോ,
എന്നൊക്കെ വിചാരിച്ചു ഓരോ തവണയും
അവൾ അയാൾക്കരികിലേയ്ക്ക് നട കൊള്ളും
അയാളുടെ ഗൗരവമുള്ള “മുനിമുഖം” കാണുമ്പോൾ
ഛെ വേണ്ട, അലമ്പാവും എന്ന് വിചാരിച്ചവൾ പിന്തിരിയും.

ഇരിങ്ങാലക്കുട സ്വദേശിനി. ഇപ്പോൾ സകുടുംബം വിദേശത്ത്.. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും സജീവം