കമീനോ സാൻറ്റിയാഗോ – 5

വേദന

ഏറെ നാളത്തെ അന്വേഷണത്തിൻറെ ഫലമായി കൈവന്നതാണ് എൻ്റെ 1980 മോഡൽ കാനൻ എ വൺ എന്ന സെമി ഓട്ടോമാറ്റിക് 35 എംഎം ഫിലിം ക്യാമറ. ക്യാമറ മാത്രമല്ല ഒരു 50 വൈഡ്, 210 സൂം ലെൻസും, 6 റോൾ ഫിലിമുകളും, 2 ബാറ്റെറികളും അടങ്ങുന്ന ഒരു കിറ്റ് ആയിരുന്നു ആ ക്യാമറ ബാഗ്. ക്യാമറയെക്കാളും അതിനൊപ്പമുള്ള മറ്റു വസ്തുക്കളെക്കാളും വിലമതിപ്പുള്ളത് ക്യാമറക്കകത്തെ റോളിൽ പതിഞ്ഞിരിക്കുന്ന ചിത്രങ്ങളാണ്. ഈ യാത്ര തുടങ്ങുന്നതിനുമുമ്പുതൊട്ടുള്ള ചിത്രങ്ങളുണ്ട് ആ റോളിൽ.

ആ പരിസരത്തെല്ലാം പരതിയെങ്കിലും ബാഗിൻറെ ഒരടയാളവും കണ്ടില്ല. ഒരുവിൽ വീണ്ടും ബെഞ്ചിൽ വന്നിരുന്ന് ഉറങ്ങുന്നതിനു മുൻപുവരെയുള്ള കാര്യങ്ങൾ പുറകോട്ട് ചിന്തിച്ചു. ഉറക്കെ കവിത പാടുമ്പോഴും, വെള്ളം വാങ്ങാൻ കയറിയ സർവേജെറിയയിൽ നിന്നും ഇവിടെ വരെ നടന്നതിനിടയിൽ ഫോണിൽപതിഞ്ഞ എൻ്റെ നിഴലിൻറെ ചില ചിത്രങ്ങൾ പരിശോധിച്ചപ്പോഴും ശരീരത്തിൽ കാമറ ബാഗ് ഉണ്ട്. “ക്യാമറ കളവ് പോയിരിക്കുന്നു.” പൂർണമായും വിശ്വസിക്കാനായില്ലെങ്കിലും ഞാൻ ഉറപ്പിച്ചു.

ഉടനെ എമർജൻസി നമ്പറിലേക്ക് വിളിച്ചു. കമീനോ പാതയിൽവച്ച് എൻ്റെ ക്യാമറ കളവുപോയതായി പരാതിപ്പെട്ടു. പക്ഷെ ആരും നേരിട്ട് എന്നെ ഉപദ്രവിക്കുകയോ, പിടിച്ചുപറിക്കുകയോ, കളവുചെയ്യുന്നത് ഞാൻ നേരിൽ കാണുകയോ ചെയ്യാത്തതിനാൽ എമെർജെൻസി പൊലീസിന് ഈ സന്ദർഭത്തിൽ ഇടപെടാനാകില്ല. മാത്രമല്ല ഞാൻ ഇപ്പോൾ കമീനോ പാതയിലായതുകൊണ്ട് ടുറിസം പൊലീസിൻറെ പരിധിയിൽ വരുന്ന കാര്യമാണത്രെ. ഫോണിൻറെ മറുതലക്കലുള്ള ഓഫീസർ ടുറിസം പൊലീസിൻറെ നമ്പർ തന്നശേഷം എനിക്കുണ്ടായ അനുഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ഒപ്പം അവർക്ക് എന്നെ സഹായിക്കാനാകാത്തതിൽ ക്ഷമ പറയുകയും ചെയ്തു.

ഞാൻ ഉടനെ ടുറിസം പോലീസിനെ വിളിച്ച് എൻ്റെ പരാതിപറഞ്ഞു. പരാതി ഗൗരവത്തോടെ കേൾക്കുകയും സംഭവം നടന്നതിനെപ്പറ്റിയുള്ള വളരെ ചെറിയ വിവരങ്ങൾപോലും കൃത്യമായി എന്നോട് ചോദിച്ചുമനസ്സിലാക്കുകയും ചെയ്ത ആ ഓഫീസർ, ഇപ്പോൾ ഞാൻ നിൽക്കുന്ന സ്ഥലത്തെ ഏറ്റവുമടുത്തുള്ള പോലീസ് സ്റ്റേഷനിൽകൂടെ സംഭവം ഒന്ന് റിപ്പോർട്ട് ചെയ്യുന്നത് നല്ലതാണെന്ന ഉപദേശവും തന്നു.

തൊട്ടടുത്ത പോലീസ് സ്റ്റേഷൻ എവിടെയാണെന്ന് മാപ്പിൽ നോക്കിയപ്പോൾ ഞാൻ അമ്പരന്നുപോയി. വെറും 150 മീറ്റർ അകലെ, എനിക്ക് തൊട്ടടുത്തുള്ള റെയിൽപാളത്തിന് മറുകരയിലാണ് പോലീസ്‌റ്റേഷൻ. അതായത് പൊലീസിൻറെ മൂക്കിനുതാഴെനിന്നും ആയിരുന്നു എൻ്റെ ക്യാമറ ബാഗ് മോഷണം പോയതെന്ന് പറയാം. ഞാൻ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. എന്താണോ ഞാൻ കാണരുതെന്ന് കരുതിയത്, അതിന് നാടുവിലൂടെയാണ് സ്റ്റേഷനിലേക്കുള്ള വഴി. വില്ല ഫ്രാങ്ക ക്ഷീര എന്ന ഈ കൊച്ചു പട്ടണത്തിൻറെ ഒത്തനടുവിലായി ഒരു പഴയ ബുൾ ഫൈറ്റ് അരീനയുണ്ട്. അവിടെനിന്നും ഏതാണ്ട് പോലീസ്‌റ്റേഷൻ വരെയുള്ള പൊതുവഴി ബാരിക്കേഡ് വച്ച് കെട്ടി അതിനുനടുവിലാണ് കാളയെ ഭ്രാന്തുപിടിപ്പിച്ച് കണ്ടുരസിക്കുന്ന ആളുകൾ കൂടിനിൽക്കുന്നത്. ചുരുക്കത്തിൽ സ്റ്റേഷനിലേക്കുള്ള വഴിയുടെ നടുവിലാണ് ഈ ഫെസ്റ്റിവൽ നടക്കുന്നത്.

സാമാന്ന്യം ചൂടുള്ള വെയിലത്ത് തണുത്ത ബിയർ നുണഞ്ഞുകൊണ്ട് അതിൻ്റെ മത്തിൽ ആർപ്പുവിളിക്കുന്നു പുരുഷാരം. ബാരിക്കേഡിനു വശങ്ങളിലായി കൂടിനിൽക്കുന്നവർക്ക് പുറമെ ചുറ്റുമുള്ള കെട്ടിടങ്ങളിലും ധാരാളം ആളുകൾ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. സ്ത്രീ-പുരുഷ വ്യത്യാസങ്ങളില്ലാതെ ആഘോഷത്തിമിർപ്പിലാണവർ. അരീനയിൽനിന്നും ഏകദെശം 100 മീറ്ററോളം നീളത്തിൽ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. അങ്ങുദൂരെ അരീനയുടെ താഴെ നിലയിൽ പ്രാവിൻകൂടിന് മുൻവശത്തായി കാണുന്ന പൊത്തുകൾ പോലെ നിരയായി കവാടങ്ങൾ കാണാം. ഓരോ കവാടത്തിലും കാളകളെ പൂട്ടിയിട്ടിരിക്കുകയാണ്. ചൂടും പൊടിപടലവും ആളുകളുടെ ആർപ്പുവിളിയും കാരണം കാളകൾ ആ കവാടത്തിനുള്ളിൽത്തന്നെ ഞെരിപിരികൊള്ളുന്നു. അത്തരത്തിൽ ഇതിനകംതന്നെ വിറളിപിടിച്ച കാളകളെ ഓരോന്നായി തുറന്നുവിടും. കവാടത്തിൽനിന്നും നീളത്തിലുള്ള ബാരിക്കേടിനുൾവശത്തേക്ക് ഇറങ്ങുന്ന കാള ഒരുനിമിഷം നിശ്ചലമായി പരിസരം വീക്ഷിക്കുന്നതായി കാണാം. നിശ്ചലമായ കാളയെ പുറകിൽനിന്നും വശങ്ങളിൽനിന്നും കൊക്കിരി കാട്ടിയും ബഹളമുണ്ടാക്കിയും വിറളിപിടിപ്പിക്കും. ചിലർ ബാരിക്കേഡിനകത്തേക്കിറങ്ങി കാളയുടെ ശരീരത്തിൽ അടിച്ചും പിടിച്ചുവലിച്ചുമെല്ലാം അതിനെ ദ്രോഹിച്ച്‌ കലി കയറ്റും. മറ്റുചിലർ കയ്യിലുള്ള കുപ്പിയും കല്ലുമെല്ലാം കാളക്കുനേരെ എറിയുന്നു. ഇതെല്ലം നേരിട്ട് പൂർണ ഭ്രാന്തിലേക്ക് എത്തുന്ന കാള പിന്നെ ചുറ്റും വിറളിപിടിച്ച് ഓടാൻ തുടങ്ങും. കാള തങ്ങളുടെ അടുത്തുനിന്നും നീങ്ങിയെന്നുകണ്ടാൽ ആളുകൾ ബാരിക്കേഡിനകത്തേക്ക് ഇറങ്ങി കാളക്കുനേരെ കൊക്കിരിക്കാട്ടും. ഇതുകാണുന്ന കാള അവർക്കുനേരെ തിരിഞ്ഞു ഓടിയടുക്കാൻ ശ്രമിക്കും. കാള അടുത്തുവരുമ്പോഴേക്കും ആളുകൾ ബാരിക്കേഡ് ചാടിക്കടന്ന് സ്വന്തം ജീവൻ രക്ഷിക്കും. അങ്ങനെ കാള തളരുംവരെ ഇത് തുടർന്ന്കൊണ്ടിരിക്കും.

ആ കാഴ്ചകൾ കണ്ട് ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോൾ എൻ്റെ മനസ്സിൽ രണ്ട് രംഗങ്ങൾ ഒരേസമയം മിന്നിമായുകയായിരുന്നു. നാട്ടിലെ മുടിയേറ്റിൽ ആളുകൾ വട്ടംകൂടിനിന്ന് മാവില വിറപ്പിച്ചും തീപന്തത്തിൽ നിന്ന് തീ ആളിച്ചും കാളിയെ കലി കയറ്റുമ്പോൾ, ചുവന്ന കണ്ണും വിറയ്ക്കുന്ന കവിളും പുറത്തോട്ടുന്തിയ ദംഷ്ട്രകളും കാട്ടി സംഹാര താണ്ഡവമാടുന്ന രുദ്രയുടെ മുഖവും, ആളുകൾക്ക് നേരെ പാഞ്ഞടുക്കുന്ന കാളയുടെ മുഖവും ആയിരുന്നു ആ രണ്ട് രംഗങ്ങൾ.

കൂടിനിൽക്കുന്ന ആളുകളുടെ ഇടയിലൂടെ നുഴഞ്ഞുനീങ്ങി ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷൻറെ പ്രധാന കവാടം കടന്ന് അകത്തേക്ക് കയറിയപ്പോൾത്തന്നെ മധ്യവയസ്ക്കനായ ഒരു പോലീസുകാരൻ സ്റ്റേഷനിൽനിന്നും പുറത്തേക്ക് ഇറങ്ങിവരുന്നവഴിയിൽ എന്നെ കണ്ടു. അദ്ദേഹം എൻ്റെ വരവിൻറെ ഉദ്ദേശം തിരക്കി. വിവരം പറഞ്ഞപ്പോൾ അദ്ദേഹം എന്നെയുംകൂട്ടി സ്റ്റേഷനിലെ റിസപ്‌ഷനിലേക്ക്‌ പോയി. അവിടെ വച്ച് കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ എന്നോട് ചോദിച്ചു മനസ്സിലാക്കിയശേഷം എൻ്റെ ഫോൺനമ്പറും മറ്റുവിവരങ്ങളും എഴുതിയെടുത്തു. അതിനുശേഷം അദ്ദേഹം എനിക്കൊപ്പം സ്റ്റേഷനു മുൻപിലെ മുറ്റത്തേക്ക് നടന്നു. മുറ്റത്തെത്തിയശേഷം ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് വില്ല ഫ്രാങ്കയെപ്പറ്റി സംസാരിക്കുവാൻ തുടങ്ങി.

വില്ല ഫ്രാങ്ക പൊതുവെ അത്ര പ്രശ്‌നബാധിത പ്രദേശമല്ലായെന്നും. രാജ്യത്തെ മറ്റു ഇടങ്ങളോട് താരതമ്മ്യം ചെയ്യുമ്പോൾ കളവ്, ഗ്യാങ് വാർ മുതലായ കുറ്റകൃത്യങ്ങൾ ഏറെ കുറഞ്ഞ മേഖലയാണെന്നും. എനിക്ക് സംഭവിച്ചപോലെയുള്ള അനുഭവം ഇത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. പോർത്തുഗൽ പൊതുവെ മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിൽനിന്നും ഇത്തരം കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഭേദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒടുവിൽ ക്യാമറയെപ്പറ്റി എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടനടി എന്നെ വിളിച്ചറിയിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി.

അദ്ദേഹത്തിൻറെ വാക്കുകളിൽ എനിക്ക് ആത്മാർഥത അനുഭവപെട്ടു. അദ്ദേഹത്തോട് നന്ദിപറഞ്ഞുകൊണ്ട് സ്റ്റേഷൻറെ മതിൽകെട്ടിന് പുറത്തെ ആഘോഷങ്ങൾക്കിടയിലൂടെ ഏറെ നിരാശയോടെ ശാന്തനായി ഞാൻ നടന്നു. കൈവിട്ട മനസ്സുംപേറി ലക്ഷ്യമില്ലാതെ നടന്ന് ഒടുവിൽ റെയിൽവേ സ്റ്റേഷനു മുൻപിലുള്ള പാർക്കിൽ എത്തി. അപ്പോഴേക്കും കാൽവിരലുകൾ ഷൂവിനകത്ത് ചുട്ടുപഴുത്തിരുന്നു. അവിടെ ആളൊഴിഞ്ഞ ഒരു ബെഞ്ചിൽ അൽപ്പനേരം ഷൂ അഴിച്ചുവെച്ചുകൊണ്ട് ഇരുന്നു.

ആ ഇരുപ്പിൽ കാർലോസ് മിഖയേലിനെ ഫോണിൽ വിളിച്ചു. മോഷണംപോയ ക്യാമറ ഞാൻ വാങ്ങിയത് അദ്ദേഹത്തിൻറെ കൈയിനിന്നുമാണ്. യൂണിവേഴ്‌സിറ്റി കോൺവൊക്കേഷൻ ദിവസം അദ്ദേഹത്തിൻറെ പിതാവ് സമ്മാനിച്ച ക്യാമറയായിരുന്നു അത്. ആദ്യമെല്ലാം അദ്ദേഹം അത് വിൽക്കാൻ വിസ്സമ്മതിച്ചിരുന്നെങ്കിലും എൻ്റെ കയ്യിൽ സുരക്ഷിതമായിരിക്കും എന്ന വിശ്വാസത്തോടെയാണ് അദ്ദേഹം അത് എനിക്ക് നൽകിയത്. ആ ഒരു വിശ്വാസം കൂടെയാണ് ഇന്ന് എന്നിൽനിന്നും അപഹരിക്കപ്പെട്ടത്.

ഞാൻ കാർലോസിനോട് കാര്യങ്ങൾ വിശതീകരിച്ചു. ക്യാമറ മോഷണം പോയെന്ന് കേട്ടപാടെ “ഓഹ് ആ ക്യാമറ എനിക്ക് എത്ര പ്രിയപെട്ടതാണെന്ന് നിനക്ക് അറിയാമായിരുന്നല്ലോ ?, ആഹ് ഇനി പറഞ്ഞിട്ട് കാര്യമില്ല, അതുമല്ല ഇപ്പോൾ അത് നിൻറെതാണ്.” എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. പക്ഷെ അടുത്ത നിമിഷത്തിൽത്തന്നെ ഞാൻ സുരക്ഷിതനല്ലേ എന്നായി അദ്ദേഹത്തിൻറെ ആശങ്ക. ക്യാമറ പോയാൽ പോകട്ടെയെന്നും എൻ്റെ മാനസികവും ശാരീരികവുമായ ആരോഗ്യം ശ്രദ്ധിക്കണമെന്നും മുന്നോട്ടുള്ള വഴിയിൽ അപകടങ്ങൾ പതിഞ്ഞിരിപ്പുണ്ടാകും അവയെ തരണം ചെയ്യാനുള്ള മനക്കരുത്ത് ആർജിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ഒപ്പം അദ്ദേഹത്തിൻറെ ഫോട്ടോഗ്രാഫിക് കൂട്ടായ്മയിൽപെട്ട ആരുടെയെങ്കിലും കയ്യിൽ നല്ല ക്യാമറ വിൽക്കാനുണ്ടെങ്കിൽ എന്നെ അറിയിക്കാമെന്നും പറഞ്ഞു. കാർലോസിനോട് സംസാരിച്ചപ്പോൾ നഷ്ട്ടപെട്ട ക്യാമറയോടുള്ള ആത്മബദ്ധം വിച്ഛേദിച്ചതായി തോന്നി.

സമയം അഞ്ചുമണി കഴിഞ്ഞിരുന്നു, ഞാൻ നടത്തം പുനരാരംഭിച്ചു. സൂര്യൻ അസ്തമിക്കുന്നതുവരെ ആവുന്നയത്രദൂരം നടക്കുക, ശേഷം ഒഴിഞ്ഞ ഒരിടത്ത് റ്റെൻഡ് സ്ഥാപിച്ച് അതിൽ ഉറങ്ങുക. അതാണ് ഇപ്പോഴത്തെ പ്ലാൻ. വില്ല ഫ്രാങ്കയിൽനിന്നും മുന്നോട്ട് നീങ്ങവെ നദിക്കരയിൽനിന്നും വരണ്ട സമപ്രദേശത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. തണലില്ലാത്ത പരന്ന ആ നോക്കെത്താ ദൂരം നടന്നുതീർക്കുന്നതിനിടയിൽ കയ്യിൽകരുതിയിരുന്ന വെള്ളം പൂർണമായും തീർന്നു. വില്ല ഫ്രാങ്കയിൽ സംഭവിച്ച ദുരന്തത്തിൽപെട്ട് അൽപ്പനേരം ഏകാഗ്രത നഷ്ടപ്പെട്ടതിനാൽ കുറഞ്ഞുകൊണ്ടിരുന്ന വെള്ളത്തിൻറെ അളവ് ശ്രദ്ധിച്ചില്ല. മാപ്പിൽ നോക്കിയപ്പോൾ ഏകദേശം ഒരുമണിക്കൂറിൽ താഴെ നടന്നാൽ “കസ്റ്റാനിയെറ ഡൊ റിബൻതേജോ” റെയിൽവേ സ്റ്റേഷൻ എത്തും എന്ന് മനസ്സിലായി. അവിടെ കൊച്ചു കിയോസ്‌ക് ഉണ്ടാകാതിരിക്കില്ല. കിയോസ്‌ക് ഇല്ലെങ്കിലും വെൻഡിങ് മെഷീനോ മറ്റോ ഉറപ്പായും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഞാൻ നടന്നു.

സൂര്യൻ അസ്തമിക്കാറാകുന്നു. ചുറ്റും വരണ്ട ചുവപ്പൻ സമഭൂമി, അതിനു നടുവിലൂടെ ദാഹിച്ചു വരണ്ട് വിയർത്ത് ഒഴുകി വേദനിക്കുന്ന കാൽ വേച്ചുവേച്ച് ഞാൻ നടന്നുനീങ്ങിക്കൊണ്ടിരുന്നു. മനസ്സിൽ ചിന്തകൾ പലതും മിന്നിമായുന്നുണ്ടെങ്കിലും ഇടക്കിടെ നഷ്ട്ടപ്പെട്ട ക്യാമറ കയറിവന്നുകൊണ്ടിരുന്നു. “ആ മരത്തണലിൽ കിടക്കാതിരുന്നെങ്കിൽ, ഉറങ്ങാതിരുന്നെങ്കിൽ” അങ്ങനെ ഇനിയൊരിക്കലും തിരുത്താൻ സാധിക്കാത്ത കഴിഞ്ഞുപോയ നിമിഷങ്ങളെപ്പറ്റിയുള്ള ചിന്തകളാൽ മനസ്സ് വ്യാകുലപ്പെട്ടു. ഒടുവിൽ ആളൊഴിഞ്ഞ ആ പരന്ന നോക്കെത്താ ദൂരത്തിനുനടുവിലെ ഒരു കല്ലിൽ ഞാൻ അൽപ്പനേരം ഇരുന്നു. ഷൂ അഴിച്ചുനോക്കിയപ്പോൾ വിരൽത്തുമ്പുകളിൽ പൊള്ളലേറ്റപോലെ ചെറിയ പോളങ്ങൾ വരാനാരംഭിച്ചിരിക്കുന്നു. കാലിൽ കാറ്റടിക്കുമ്പോൾ കിട്ടുന്ന സുഖം അനുഭവിച്ച് ഒപ്പം ചിന്തകളെ നിരീക്ഷിച്ചുകൊണ്ട് ആ ഇരിപ്പുതുടർന്നു.

ചുവപ്പുപടർത്തി സൂര്യൻ പടിഞ്ഞാറോട്ട് പാഞ്ഞുതുടങ്ങി. ഞാൻ മെല്ലെ വീണ്ടും നടക്കാൻ തയ്യാറെടുത്തു. അവിടെനിന്നും നടന്നുതുടങ്ങുമ്പോൾ മനസ്സ് മറ്റൊരു രീതിയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. നഷ്ടബോധത്തെക്കാൾ ഒന്നും ഇല്ലായ്മയുടെ സ്വാതന്ത്ര്യം കൈവന്നപോലെ ഒരു തരം അവസ്ഥ. അൽപ്പനേരം നടന്നതോടെ നടപ്പാത വീണ്ടും റെയിൽപാളത്തിനോട് അടുത്ത് തുടങ്ങി. പാളത്തിന് ഓരംപറ്റി അൽപ്പം നടന്നപ്പോൾ അങ്ങുദൂരെ റെയിൽവെസ്റ്റേഷൻ കാണാമായിരുന്നു. ഞാൻപോലും അറിയാതെ എൻ്റെ വേഗം കൂടി. ഒടുവിൽ കസ്റ്റാനിയെറ ഡൊ റിബൻതേജോ സ്റ്റേഷനിൽ എത്തി. വരണ്ട വലിയൊരു പ്രദേശത്തിന് ഒത്തനടുക്കായി ഒരു റെയിൽവേ സ്റ്റേഷൻ, അതാണ് കസ്റ്റാനിയെറ ഡൊ റിബൻതേജോ.

ഞാൻ സ്റ്റേഷനുള്ളിലേക്ക് കയറിയപ്പോഴേക്കും ടിക്കറ്റ് കൗണ്ടറും എൻക്വയറിയുമെല്ലാം അടച്ചുകഴിഞ്ഞിരുന്നു. യൂറോപ്പിലെ മിക്കവാറും റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ സ്വയം ഉപയോഗിക്കേണ്ടുന്ന ടിക്കറ്റ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഉദ്യോഗസ്ഥർ സാധാരണ പ്രവർത്തി സമയങ്ങളിൽ മാത്രമായിരിക്കും ജോലിചെയ്യുക. മാത്രമല്ല ടിക്കറ്റ് കൗണ്ടറിനുസമീപത്തെ കിയോസ്‌ക്കും അടച്ചിരുന്നു. അൽപ്പം നിരാശതോന്നിയെങ്കിലും പ്ലാറ്റ്‌ഫോമുകളിൽ വെൻഡിങ് മെഷീനുകൾ ഉണ്ടാകുമെന്ന് എനിക്ക് അറിയാം. ഉടനെ നീറുന്ന കാലും വേച്ച് ഞാൻ പടികൾ കയറി സ്റ്റേഷൻറെ മറുപുറത്തെ പ്ലാറ്റ്‌ഫോമിൽ എത്തി. പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന കവാടത്തിനരികിൽത്തന്നെ ടിക്കറ്റ്, എ ടി എം മെഷീനുകളോട് ചേർന്ന് ഒരു ചുവന്ന വെൻഡിങ് മെഷീൻ ഇരിക്കുന്നത് ദൂരെനിന്നും കണ്ടപ്പോൾതന്നെ എനിക്ക് വല്ലാതെ സന്തോഷമായി. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാനായി കുറച്ചു നാണയങ്ങൾ ഭാണ്ഡത്തിൻറെ ഒരു കൊച്ചു അറയിൽ കരുതിയിട്ടുണ്ട്. അതിൽനിന്നും എളുപ്പം കയ്യിൽ കിട്ടിയ രണ്ട് യൂറോ നാണയം എടുത്ത് ഞാൻ മെഷീൻ ലക്ഷ്യമാക്കി നടന്നു.

നിരാശയുടെ ആഘാതത്തിലേക്കാണ് ഞാൻ നടന്നെത്തിയത്. മെഷീനിൽ വെള്ളം കുപ്പിമാത്രം ഇല്ല. പലതരം മധുരമുള്ള കൃത്രിമ ജൂസുകൾ, ചോക്ലേറ്റ് ചേർത്ത പാൽ, ബിസ്‌ക്കറ്റുകൾ, ട്യൂണ മുട്ട സാൻഡ്വിച്ചുകൾ അങ്ങനെ എനിക്ക് വേണ്ടാത്ത എല്ലാം അതിലുണ്ട്. ചുരുക്കത്തിൽ ആ സ്റ്റേഷനിൽ എവിടെയും ഒരുതുള്ളി ശുദ്ധജലം കിട്ടാനില്ല.

ഇനിയെന്ത് ?

ഞാൻ മാപ്പിൽ അടുത്തെവിടെയെങ്കിലും കടകളോ വീടോ മറ്റോ ഉണ്ടോയെന്ന് നോക്കി. പക്ഷെ രണ്ടുകിലോമീറ്റർ ചുറ്റളവിൽ ആ പ്രദേശത്തൊന്നും തന്നെയില്ല, മാത്രമല്ല ഇന്ന് ഒരു ശനിയാഴ്ച വൈകുന്നേരമാണ്. ഇത്തരം ഉൾപ്രദേശങ്ങളിലെ കടകളും മറ്റുസ്ഥാപനങ്ങളും ഇന്ന് നേരത്തെ അടക്കും. വെള്ളം ഇല്ലാതെ ഇനി മുന്നോട്ട് നടക്കുന്നത് പ്രായോഗികമല്ല. ഒടുവിൽ ഞാൻ ഒരു തീരുമാനത്തിലെത്തി.

ഞാൻ നടന്നുവന്ന ദിശയിലേക്ക് പോകുന്ന അടുത്ത ട്രെയിനിൽ കയറുക, തൊട്ടടുത്ത സ്റ്റേഷൻ ആയ വില്ല ഫ്രാങ്കയിൽ ഇറങ്ങുക. അവിടെ ഫെസ്റ്റിവൽ നടക്കുന്നതിനാൽ ധാരാളം കടകളും മറ്റും ഉണ്ടല്ലോ. വെള്ളം വാങ്ങുക തൊട്ടടുത്ത ട്രെയിനിൽ കയറി തിരികെ വന്ന് ഈ ഒഴിഞ്ഞ പ്രദേശത്ത് ടെന്റ് സ്ഥാപിച്ച് ഉറങ്ങുക, രാവിലെ റെയിൽവേ സ്റ്റേഷനിലെ ടോയ്‌ലറ്റ് ഉപയോഗിച്ച് വൃത്തിയായി നടത്തം ആരംഭിക്കുക.

ഞാൻ വീണ്ടും എനിക്ക് പോകേണ്ടുന്ന പ്ലാറ്റ്‌ഫോമിലേക്ക് നടന്നു. ഡിസ്‌പ്ലേയിൽ നോക്കിയപ്പോൾ ഇനിയും അരമണിക്കൂറിനുശേഷമാണ് അടുത്ത ട്രെയിൻ എന്ന് മനസ്സിലായി. ഇത് വളരെ ചെറിയ ഒരു റെയിൽവേ സ്റ്റേഷൻ ആയതിനാൽ ഇവിടെ എല്ലാ വണ്ടികളും നിർത്തില്ല. എൻ്റെ പ്ലാറ്റ്‌ഫോമിൽ മറ്റ്‌ യാത്രക്കാർ ആരുംതന്നെയില്ല. ഞാൻ പതിയെ പ്ലാറ്റ്‌ഫോമിൽ ഒരു ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. കമീനോ ഗൈഡ് മറിച്ചുനോക്കി ഇനി മുന്നോട്ടുള്ള പാതയുടെ ഒരു ചിത്രം മനസ്സിലാക്കിയപ്പോഴേക്കും ഒരുകൂട്ടം സ്ത്രീകളും കുട്ടികളും വലിയ ബഹളത്തോടെ പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവന്നു. രണ്ട് മുതിർന്ന സ്ത്രീകളും ഒരു യുവതിയും പിന്നെ അവരുടേതെന്ന് തോന്നുന്ന ഒരുകൂട്ടം കുട്ടികളും. ആ സ്ത്രീകളെ കണ്ടപാടെ അവർ ‘ജിപ്സികൾ’ ആണെന്ന് മനസ്സിലായി.

പോർത്തുഗലിലെ ഒരു ന്യൂനപക്ഷ സമൂഹമാണ് ജിപ്സികൾ. പോർത്തുഗലിലെ ജനസമൂഹത്തെ ഒരിക്കലും വംശീയ ശുദ്ധിയിൽ അളക്കാനാകില്ല. തീർച്ചയായും ലോകത്തെ ഒരു പ്രദേശ ത്തെ ആളുകളെയും അവർ പൂർണമായും ഇപ്പോൾ ജീവിക്കുന്ന ഇടത്തെ വംശജരാണെന്ന് പറയാനാകില്ല. എന്നിരുന്നാലും പോർത്തുഗലിലെ ആളുകളെ പ്രത്യേകിച്ചും അത്തരത്തിൽ വംശശുദ്ധി അളന്നാൽ അവരിൽ വളരെയേറെ മിശ്ര ജീനുകൾ കാണാനാകും. കാരണം അത്രയധികം കുടിയേറ്റങ്ങളും കീഴടക്കലുകളും ഈ മണ്ണിൽ നടക്കുകയും. ഇവർ അഞ്ചു വൻകരകളിൽ കോളനിവൽക്കരണം, അടിമക്കച്ചവടം മുതലായവ നടത്തുകയും ചെയ്തിട്ടുണ്ടല്ലോ. അതുകൊണ്ടുതന്നെ ലോകത്തിലെ ഒട്ടുമിക്ക മനുഷ്യ ഗോത്രങ്ങളുടെയും വേരുകൾ പേറുന്നവരാണ് പോർത്തുഗീസ് ജനത. പക്ഷെ താരതമ്മ്യേന ഏറ്റവും പുതിയ കുടിയേറ്റക്കാരാണ് ജിപ്സികൾ.

പതിനഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് “റൊമാനികൾ” “സിഗനസ്” എന്നൊക്കെ അറിയപ്പെടുന്ന ജിപ്സികളുടെ ആദ്യ വിഭാഗം പോർത്തുഗലിൽ എത്തിയതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 1800 കൾ മുതൽ അവർക്ക് ഈ രാജ്യത്തെ പൗരത്വം നൽകിതുടങ്ങിയിരുന്നു. ക്രമേണ കഴുത, കുതിര കച്ചവടം, ഒലിവ് കായ പറിക്കൽ, ഗോതമ്പ് കൊയ്യൽ മുതലായ ജോലികളിൽ അവർ ഏർപ്പെട്ടു. പക്ഷെ അവർ പരമാവധി പൊതുമദ്ധ്യത്തിൽ നിന്നും വിട്ടുമാറി അവരുടെ ഒരു ആവാസവ്യവസ്ഥക്കുള്ളിൽ ജീവിച്ചുപോന്നു. ജിപ്സികൾ പോതുവെ ഈസ്റ്റേൺ ഓർത്തഡോക്സ് മതാചാരികളാണ്. ശൈശവ വിവാഹം, കുട്ടികളെ വിദ്യാഭ്യാസത്തിനയക്കാതിരിക്കൽ മുതലായ രീതികൾ അവർ ഈ അടുത്തകാലം വരെയും പിൻതുടർന്നിരുന്നു. സ്വന്തം സമൂഹത്തിലെ ആളുകളുമായി മാത്രമാണ് അവർ വിവാഹം കഴിക്കുക. ഈ കാരണങ്ങൾ കൊണ്ട് തന്നെ പൊതുസമൂഹം അവരെ വേർതിരിച്ചുകാണുന്നു. ചില വലതുപക്ഷ പാർട്ടികൾ അവർക്കെതിരെ വലിയ ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ജിപ്സികൾ ജോലി ചെയ്യില്ല, അവർ സർക്കാരിൽനിന്നും വേതനം വാങ്ങി ജീവിക്കുന്നവരാണ്, മയക്കുമരുന്ന് കച്ചവടക്കാരാണ്, മോഷണം, കവർച്ച, തട്ടിപ്പ്, പെൺ വാണിഭം മുതലായ കുറ്റകൃത്യങ്ങൾ മാത്രമാണ് അവരുടെ തൊഴിൽ. എന്നെല്ലാമാണ് ആ ആരോപണങ്ങൾ. മാത്രമല്ല ജിപ്സികൾ ഈ രാജ്യത്തേക്ക് കുടിയേറിയവർ ആയിട്ടും അവർ ഈ രാജ്യത്തെ ആളുകളുമായി സഹകരിക്കാതെ ഒറ്റപെട്ടു ജീവിക്കുന്നത് ഈ രാജ്യത്തെ അവർ അംഗീകരിക്കുന്നില്ല എന്നതിൻറെ തെളിവാണ്. എന്ന തരം രാഷ്ട്രീയ ആരോപണങ്ങൾ വേറെയും.

പോതുവെ റൊമാനിയ, അർമേനിയ, അസർബൈജാൻ മുതലായ പ്രദേശങ്ങളിൽനിന്നുമാണ് ഇന്നത്തെ ജിപ്സികളുടെ മുൻതലമുറ ഇവിടെയെത്തിയതെന്ന് വിലയിരുത്തുന്നു. ഇന്നത്തെ തലമുറ ജിപ്സി സ്ത്രീകളിൽ ഇന്നും മേല്പറഞ്ഞ പ്രദേശങ്ങളിലെ സ്ത്രീകളുമായുള്ള രൂപസാദൃശ്യവും വസ്ത്രധാരണരീതിയും തെളിഞ്ഞുകാണാം. പൊതുവെ അൽപ്പം വലിയ ശരീരമുള്ളവരാണ് ജിപ്സി സ്ത്രീകൾ. പുരുഷന്മാരാകട്ടെ സ്ത്രീകളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവരും. സ്ത്രീകൾ കഴുത്തുമുതൽ മുട്ടിന് താഴെവരെ നീളുന്ന ഒറ്റത്തുണി വസ്ത്രങ്ങളോ, ടി ഷർട്ടും പാവാടയും പോലെയുള്ള വസ്ത്രങ്ങളും ധരിക്കുന്നു. ചില സ്ത്രീകൾ അറബ് സ്ത്രീകളുടെതുപോലെ മുഖമൊഴികെ ശരീരം മുഴുവനും മറക്കുന്നരീതിയിൽ കറുത്ത വസ്ത്രവും ധരിക്കുന്നു. പുരുഷന്മാർ സാധാരണയായി ജീൻസും ഫുൾ കൈ ഷർട്ടും ആണ് ധരിക്കുന്നത്.

കുട്ടികൾ ഓടിക്കളിച്ചുകൊണ്ട് എൻ്റെ അരികിലെത്തി. അവരെ പിന്തുടർന്ന് അമ്മമാരും എൻ്റെ അടുത്തുള്ള ബെഞ്ചിൽ വന്നിരുന്നു. നടക്കാൻ കഴിയുന്ന നാല് കുട്ടികളും അമ്മമാർ ഉന്തിക്കൊണ്ടുവന്ന രണ്ടു ട്രോളിയിലായി മൂന്ന് കൈകുഞ്ഞുങ്ങളും ഉണ്ട് ആ കൂട്ടത്തിൽ. ഏറ്റവും പ്രായം കുറഞ്ഞ അമ്മക്ക് ഉദ്ദേശം 19 വയസ്സ് ആയിക്കാണും. ഞാൻ കുട്ടികളുടെ ഓട്ടപ്പാച്ചിൽ നിരീക്ഷിച്ചുകൊണ്ടിരുന്നു. അതിനിടയിൽ ഒരു കുട്ടി അവൻറെ അമ്മയുടെ അടുത്തുപോയി എന്തോ ആവശ്യപ്പെട്ടപ്പോൾ അമ്മ ബേബി ട്രോള്ളിയുടെ താഴെയുള്ള പോക്കറ്റില്നിന്നും വലിയൊരുക്കുപ്പി വെള്ളം എടുത്ത് അവനുനല്കി. അവൻ ആ വലിയകുപ്പി പാടുപെട്ട് താങ്ങി മുഖത്തും ശരീരത്തിലുമെല്ലാം വെള്ളം ഒഴിച്ച് കുടിച്ചശേഷം എന്നെ നോക്കി പുഞ്ചിരിച്ചു. ഉണങ്ങിവരണ്ട ചുണ്ടുകൊണ്ട് ഞാൻ അവന് ഒരു പുഞ്ചിരിമടക്കി. അങ്ങനെയിരിക്കെ പെട്ടന്ന് രണ്ടുപേർ പ്ലാറ്റ്‌ഫോമിലേക്ക് കയറിവന്നു. അവർ നേരെ എനിക്കരികിൽവന്ന് ഇരുന്നു.

“കൈസേ ഹോ ഭൈജാൻ?”

ഒരു പഞ്ചാബി ശൈലിയിൽ അവരിലൊരാൾ എന്നോടായി ചോദിച്ചു. ദാഹവും കാൽവേദനയും കൊണ്ട് തളർന്നിരുന്നിട്ടും ഞാൻ സുഖമാണെന്ന് പുഞ്ചിരിയോടെ മറുപടി നൽകി. അത് മനസാലെ അറിഞ്ഞുകൊണ്ടായിരിക്കണം അവരിലൊരാൾ കയ്യിലിരുന്ന തണുത്ത ചോക്ലേറ്റ് ചേർത്ത പാൽ എനിക്കുനേരെ നീട്ടി. ഞാൻ ഒരു വീഗൻ ആണെന്നും ഇത് ആ മെഷിനിൽ ഞാനും കണ്ടിരുന്നു എന്നും പറഞ്ഞു സന്തോഷത്തോടെ നിരസിച്ചു. അവൻ എന്നോട് അടുക്കാൻ ശ്രമിക്കുന്നതിൻറെ ഭാഗമായി സംസാരം തുടർന്നു.

“കഹാസെ ഹോ ആപ്?”
“ലിസ്ബോവ സെ ഹും ഭായി”
“വോ നഹി, ആപ് കോൻസാ ദേശ് സെ ഹോ.?”

സാധാരണ ഇത്തരം ചോദ്യങ്ങൾക്ക് ഞാൻ ഭൂമിയിൽനിന്നുമാണ് എന്നോ അല്ലെങ്കിൽ ശ്രീ നാരായണ ഗുരുവിൻറെ വാക്കുകൾ കടമെടുത്ത് “കണ്ടാൽ അറിയാത്തവന് കേട്ടാൽ മനസ്സിലാക്കാൻ വഴിയില്ല” എന്ന അർഥം വരുന്നപോലെ ഒരു വാചകമോ ആണ് മറുപടിയായി നൽകാറ്. പക്ഷെ ഈ ചോദിച്ചവനിലെ നിഷ്ക്കളങ്കമായ ആകാംഷയും ചോദ്യത്തിലെ മൃദുത്വവും എനിക്ക് അനുഭവപ്പെട്ടു.

“മെ നീച്ചേ സെ ഹും ഭായ്, കേരളം”

“അച്ഛാ, വോ തോ ബഡെ സുന്ദർ ജഗ ഹേ ഭായ്, യഹാപേ ആപ് ക്യാ കർ രെ?”

ഞാൻ എൻ്റെ ജോലിയും പോർത്തുഗലിൽ എത്തിപ്പെട്ട കഥയും എല്ലാം വിവരിച്ചു. അവർ ഈ നാട്ടിൽ പുതിയ ആളുകൾ ആണെന്നും അവരിൽ ഒരാൾ യൂബർ ഡ്രൈവർ ആണെന്നും അയാളുടെ വണ്ടി ഈ പ്രദേശത്ത് വച്ച് കേടുവന്നതിനെത്തുടർന്ന് മറ്റെയാൾ മറ്റൊരു സുഹൃത്തിനൊപ്പം സഹായത്തിനെത്തുകയും വണ്ടി ഒരു റിക്കവറി വാനിൽ കയറ്റി വർക്ഷോപ്പിലേക്ക് വിട്ടശേഷം ഇപ്പോൾ അവർ ഒന്നിച്ച് തിരികെ ലിസ്ബണിലെക്ക് പോവുകയാണെന്നും മനസ്സിലാക്കി. അവർ എൻ്റെ വേഷവും ഭാണ്ഡവും എല്ലാം കണ്ട കൗതുകത്തിലാണ്.

“ആപ് അഭി യഹാപേ ക്യാ കർരെ?”

അവരുടെ ഇത്രയുംനേരത്തെ എന്നോടുള്ള സംസാരത്തിൽ അവർ ഉപയോഗിച്ച പഞ്ചാബി ശൈലിയും ഉറുദു വാക്കുകളും ഭായിജാൻ വിളിയും ഞാൻ ഇന്ത്യയിൽ നിന്നുമാണെന്ന് മനസ്സിലായതോടെ അവർ എവിടെനിന്നുമാണെന്ന് സ്വയം പറയാത്തതും കൂട്ടിവായിച്ചപ്പോൾ അവർ ഏതു രാജ്യത്തുനിന്നുമാണെന്ന് എനിക്ക് മനസ്സിലായി. ഇത് വളരെ മോശമായ ഒരു അവസ്ഥയാണ്. നമ്മുടെ പല സിനിമകളും രാഷ്ട്രീയക്കാരും പാകിസ്ഥാൻ എന്ന രാജ്യത്തെ ശത്രുവായി പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദികൾ എല്ലായിടത്തുമുണ്ട് ഇന്ത്യയിൽ മസ്ജിദ് തകർക്കുക, ഗാന്ധിജിയെ വെടിവെച്ചുകൊല്ലുക, മാംസം കഴിക്കുന്നവരെ തല്ലികൊല്ലുക, സഹതാപത്തിനായി സ്വന്തം മതത്തിൽപെട്ടവർക്കുനേരെ ബോംബെറിയുക ഇതെല്ലാം ചെയ്യുന്നവർ ഉണ്ടെന്നു കരുതി അതെല്ലാം ചെയ്യുന്നവരുടെ മതത്തിൽപെട്ടവർ പൂർണമായും തീവ്രവാദികളാണെന്നു പറയുകയും അവരെ ശത്രുവായി കാണുകയും ചെയ്‌താൽ എന്തായിരിക്കും അവസ്ഥ? . പാകിസ്താനിലും സാധാരണ മനുഷ്യർ ഇല്ലേ ?.
എനിക്ക് പകരം മറ്റൊരു നാട്ടുകാരനായിരുന്നെങ്കിൽ അവൻ ഒരുപക്ഷെ അഭിമാനത്തോടെ ഞാൻ ഒരു പാകിസ്ഥാനിയാണെന്ന് പറയുമായിരുന്നു എന്ന് തോന്നിപോയി. തൻറെ രാജ്യത്തെ ഏതോ തീവ്രവാദികൾ എൻ്റെ രാജ്യത്തോട് ചെയ്ത ക്രൂരതക്ക് തന്നാൽ കഴിയുന്ന പരിഹാരമായി സ്വന്തം പൂർവാശ്രമം പരാമർശിക്കാൻ മടിക്കുകയോ, അതോ എനിക്ക് ഉള്ളിൽ ഇന്ത്യൻ സമൂഹം അവൻറെ നാടിനോടുള്ള വെറുപ്പ് കുത്തിനിറച്ചിട്ടുണ്ടാകും അത് അവനായി പ്രകോപിപ്പിക്കേണ്ട എന്ന് കരുതിയിട്ടാണോ എന്ന് അറിയില്ല പക്ഷെ അവൻറെ അവസ്ഥ എന്നെ വല്ലാതെ സ്പർശിച്ചു.

ഞാൻ അവൻറെ ചോദ്യത്തിനുള്ള മറുപടിയിലൂടെ അവർക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

“ഭായ് ആപ് ആബിത പ്രവീൺ കോ ജാൻതെ ഹോ ക്യാ?”

“വാവ ഭായ് ആപ്‌നെ ക്യാ നാം നികാൽദിയ, ഉൻകോ തോ പൂര ദുനിയ ജാൻതെ.”

പ്രശസ്ത പാകിസ്ഥാനി സൂഫി ഗായികയുടെ പേര് ഈ കേരളക്കാരൻറെ വായില്നിന്നും കേട്ടതോടെ അവൻറെ കണ്ണുകളിൽ ഞാൻ അവൻറെ ഹൃദയത്തോട് ചേരുന്നത് കാണാമായിരുന്നു. സംഗീതത്തിനു മാത്രമല്ലേ മനുഷ്യനെ ഒന്നുചേർക്കാനാവുക. ഞാൻ തുടർന്നു.

“ഓക്കെ. ഡൂൺഡോഗായ് അഗർ മുൽകോം മുൽക്കോം, കർക്കേ വോ വാല ഗാന സുനാഹൈ ആപ് ?”

“ഓഹ്, മേരാ ഫേവറേറ്റ് ഹൈ ഭായ്.”

“ടീക് ഹേ, മേബി ഐസ മുൽകോം മുൽകോം പാർ കർക്കർ ഡൂൺഡ്രെ ഭായ്”

ഞങ്ങളുടെ സംസാരം മുറിച്ചുകൊണ്ട് തീവണ്ടി കടന്നുവന്നു. ഞങ്ങൾ ബെഞ്ചിൽനിന്നും എഴുന്നേറ്റ് വണ്ടിക്കരികിലേക്ക് നടന്നു. അതിനിടയിൽ അവൻ ഏറെ ആകാംഷയോടെ എന്നെ നോക്കി ചോദിച്ചു.

“ലേഖിൻ ആപ് ക്യാ ഡൂൺഡ്രെ.?”

ആ ചോദ്യത്തിനുള്ള മറുപടിയായി ഒരു വലിയ പുഞ്ചിരി മാത്രമാണ് എൻ്റെ പക്കൽ ഉണ്ടായിരുന്നത്. ഞാൻ തീവണ്ടിയിൽ കയറി. പുറത്തെ വിയർക്കുന്ന ചൂടിന് ആശ്വാസമായി വണ്ടിക്കുള്ളിലെ ഐർകണ്ടിഷൻ ആസ്വദിച്ചുകൊണ്ട് കാലിനടുത്ത് ഭാണ്ഡമിറക്കിവച്ച് ഒരു ജനാല സീറ്റിൽ അൽപ്പനേരം കണ്ണുകൾ അടച്ച് ഇരുന്നു.

“ചലോ ഭൈജാൻ ഹം യഹാ ഉത്തർ തെ”

എന്നെ തട്ടിവിളിച്ചു യാത്രപറഞ്ഞുകൊണ്ട് ഭൈജാൻമാർ വണ്ടിയിൽനിന്നും ഇറങ്ങി. ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ “മോസ്കാവിഡേ” സ്റ്റേറ്റിനിലാണ് ഇപ്പോൾ വണ്ടി നിർത്തിയിരിക്കുന്നത്.

“അയ്യോ”

അടുത്തത് ഓറിയന്റെ സ്റ്റേഷൻ ആണ്. അതായത് വില്ല ഫ്രാങ്കയിൽ ഇറങ്ങി വെള്ളം വാങ്ങി തിരികെപോകണ്ട ഞാൻ അഞ്ച് സ്റ്റേഷനിപ്പുറം വന്നെത്തിയിരിക്കുന്നു.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.