മന്ത്രൻ M.A.

ബ്ബേ……..

ആദ്യം കേട്ടത് അങ്ങനൊരു നിലവിളിയാണ്.

അതുകഴിഞ്ഞതും  സംഘഗാനം  പോലെ  ഇരുന്നൂറ്റിമുപ്പത്തിയഞ്ച്  ബ്ബേ… ബ്ബേ… ബ്ബേ

മന്ത്രൻ  ഞെട്ടിയുണർന്നു.

നാക്ക്‌  തിരിയാത്ത,  ഭാഷ വഴങ്ങാത്ത, സ്പോണ്‍സർ  അറബി , യാതൊരുവിധ കുറ്റബോധവുമില്ലാതെ,  രാമചന്ദ്രന് ചാർത്തിക്കൊടുത്ത പേരാണ്, അത്.

‘മന്ത്രൻ !’

കനംകുറഞ്ഞ  താബൂക്ക്  കൊണ്ട്  കെട്ടിയ ചുമരിലെ, സിമന്റ് ജാളിയിലൂടെ കാണുന്നത്  നീലാകാശമല്ല.

ഒരു മഞ്ഞളിപ്പാണ് .

അത് ആകാശം തന്നെയാണോ?

നിശ്ചയമില്ല.

ഒരുപക്ഷെ, തൻറെ കണ്ണുകളിലെ നിദ്രാവിഹീനതയുടെ പാടയായിരിക്കാം…

നിരാശയുടെ മരവിപ്പായിരിക്കാം… അനിശ്ചിതത്വത്തിൻറെയും  ആത്മവിശ്വാസക്കുറവിൻറെയും അങ്കലാപ്പിൻറെയും അന്തരാള കല്പനകളാകാം.

അതോ മറ്റെന്തെങ്കിലുമോ…!

ഒരു തേങ്ങയുമല്ല.

ഒക്കെ വെറും തോന്നലാണ്.

സൗദി അറേബ്യക്ക് മുകളിൽ ആകാശമില്ല. ആകാശം !  വെറും തോന്നൽ  മാത്രം.

രാമചന്ദ്രൻ, ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി. അനന്തമായി നീണ്ടു കിടക്കുന്നു, ‘അൽ-ക്വിബ’ യുടെ  പ്രാന്തപ്രദേശം. അറേബ്യയിലെ  ഏറ്റവും ശപിക്കപ്പെട്ട ഭൂവിഭാഗം അതാണെന്ന് രാമചന്ദ്രന് തോന്നി. അവിടെ  തീരാശാപം മനുഷ്യരൂപം പൂണ്ടതുപോലെ അയാളും !

രാമചന്ദ്രൻ  എന്ന ‘ മന്ത്രൻ!’

സാധാരണ കത്തി ത്തിളയ്ക്കുന്ന സൂര്യൻ  അന്നെന്തോ, കിഴക്കൻ ചക്രവാളത്തിൽ അന്ധാളിച്ചു നില്ക്കുന്നു.

രാത്രിയിലെ ആഘോഷത്തിമിർപ്പിൽ, ആരോ കത്തിച്ചെറിഞ്ഞ, ദീപാവലി പൂച്ചക്രത്തെ പ്രഭാതത്തിൽ, മഞ്ഞിൻകണങ്ങൾക്കിടയിൽ നിന്നും ഏതോ കുട്ടി കണ്ടെത്തി, വീണ്ടും തീ കൊടുത്തപ്പോൾ എരിയാനോ തിരിയാനോ വയ്യാതെ വീർപ്പുമുട്ടി  നില്ക്കുന്നത്  പോലെ  സൂര്യൻ !

അറേബ്യൻ സൂര്യൻ.

വെളുപ്പാൻകാലത്തിൻറെ ഇളംകന്യകാത്വത്തിൽ അധിനിവേശം നടത്തി, മുറിപ്പാടുകളേൽപ്പിച്ചതാര് ?

അങ്ങിങ്ങ് ചുവപ്പ് !

നേരം വെളുത്തോ? ഉറങ്ങിയത് പത്തുമിനിറ്റ് മുൻപെങ്ങോ അല്ലേ?

രാമചന്ദ്രൻ  വാച്ചെടുത്തു  നോക്കി.  ഫാബർ ല്യുബയുടെ ഹൃദയമിടിപ്പ് അവസാനിച്ചിട്ടില്ല.

ബദറുദ്ദീൻ റാഡോ വാച്ച് വാങ്ങിയപ്പോൾ കളയാൻ മടിച്ച്, തനിക്ക്പകരക്കാരനായി വന്ന രാമചന്ദ്രന് സമ്മാനിച്ച വംശനാശം നേരിടുന്ന പുരാവസ്തുവായിരുന്നു, ആ  ഫാബർ ല്യുബ വാച്ച്.

വാച്ചിൽ നേരംവെളുത്ത് അഞ്ച് നാൽപ്പത്തിയഞ്ച്. പുറത്ത്  ആറരഏഴായ പ്രതീതി.

വീണ്ടും മ്ബേ….

ഒരു പറ്റം മ്ബേ….

പുരാതനശിലായുഗത്തിൽ നിന്നും  വഴിതെറ്റിവന്ന ഒരു ആദിമമനുഷ്യൻറെ രൂപമാണ്‌, രാമചന്ദ്രൻറെ സ്പോണ്‍സർക്ക്.  ആടുകൾ  ബഹളം കൂട്ടുന്നു. വിശന്നിട്ടാവണം. ഇന്നലെ  സന്ധ്യക്ക്‌ ഗോതമ്പും  വെള്ളവും  ആവശ്യത്തിനു കൊടുത്തതാണ്. കമ്പി  വലകൾക്കുള്ളിൽ  ബർസീം തണ്ടുകൾ ആവശ്യത്തിന്‌  കെട്ടിയിട്ടിട്ടുമുണ്ടായിരുന്നു. ഒടുക്കത്തെ വിശപ്പാണ്, ജന്തുക്കൾക്ക്.

തൻറെ അമ്മയ്ക്കും രണ്ടാടുകളുണ്ട്‌, കേരളത്തിൽ.  രാമചന്ദ്രനോർത്തു.

നന്ദിനിയും  മങ്കയും. മങ്ക, നന്ദിനിയുടെ മകളാണ്. നന്ദിനിയുടെ  മുലകൾക്ക് എന്ത് ചന്തമാണ്! അതുവച്ചുനോക്കുമ്പോൾ അറേബ്യയിലെ  ആടുകൾ  വികൃതമാണ്. ഇവിടുത്തെ  പുരുഷന്മാരായ  ആടുകൾക്ക് ഇണചേരുമ്പോൾ  പെണ്ണാടുകളോട് യാതൊരു  പ്രണയവും  തോന്നാനിടയില്ല.

വട്ടാണ്.

രാമചന്ദ്രൻ തീർച്ചപ്പെടുത്തി.  സത്യത്തിൽ  തനിക്ക് വട്ടാണ്.

ആടുകളുടെ പ്രണയം ! ചിന്തിക്കാൻ  പറ്റിയ  വിഷയം !

പക്ഷെ, പറഞ്ഞിട്ട്  കാര്യമില്ല. ചിന്തിക്കാൻ പറ്റിയ മറ്റൊന്നും  ചുറ്റുപാടുകളിലില്ല, ആടുകളല്ലാതെ.

മലയാളസാഹിത്യത്തിൽ ബിരുദാനാന്തര ബിരുദമുള്ള തനിക്ക്  ആദ്യമായി കിട്ടിയ ജോലിയെന്താണ്?

സൗദി  അറേബ്യയിലെ ‘അൽ-ക്വിബ’ എന്ന സ്ഥലത്ത് വികൃതസ്വഭാവമുള്ള ഒരു കാട്ടറബിയുടെ ഇരുന്നൂറ്റി മുപ്പത്തിയഞ്ച് വൃത്തികെട്ട, അനുസരണയില്ലാത്ത ആടുകളെ പരിപാലിക്കുക !

അമ്മ അറിഞ്ഞാൽ ഹൃദയംപൊട്ടി മരിച്ചുപോകും, ഉറപ്പ് .

സൗദിയിലെ ഷെയ്ക്കിൻറെ കൊട്ടാരത്തിൽ  ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ഒരുപാട് മലയാളികളുണ്ടെന്നും അവരുടെയൊക്കെ തുടക്കം ഇതുപോലെയാണെന്നും ആരൊക്കെയോ പറഞ്ഞുകേട്ടിട്ടുണ്ട്. ആ കേട്ടറിവുകളൊക്കെയും സ്വപ്നങ്ങളായി കൊണ്ടുനടക്കുകയാണ്, ഇപ്പോഴും.

എവിടെയാണ്  ഷെയ്ക്കിൻറെ  കൊട്ടാരം?

രാമചന്ദ്രൻ ചായപ്പാത്രത്തിൽ വെള്ളംനിറച്ച് സ്റ്റൗവിൽ വച്ച്, പ്ലാസ്റ്റിക്‌ കവറിൽ ബാക്കിയുണ്ടായിരുന്ന ഒരുസ്പൂണ്‍ തേയിലപ്പൊടിയും പാത്രതതിലിട്ടു. വെള്ളം തിളയ്ക്കാൻ സമയമെടുക്കും. സ്റ്റൗവിൻറെ  തിരി കത്തുന്നത് എഴുപതു കഴിഞ്ഞവൻറെ കാമം പോലെ ജുഗുപ്സാവഹമായിട്ടാണ്.

നാട്ടിലെ തുളസിയുടെ രൂപസാദൃശ്യമുള്ള ബർസീം ചെടികൾ വളരുന്ന തോട്ടത്തിൻറെ  നടുവിൽ, ഹോളോബ്രിക്സുകളാൽ കെട്ടിയ  ഒറ്റമുറിയുള്ള ആ കാവൽ മാടത്തിൽ (ബദറുദ്ദീൻറെ ഭാഷയിൽ ഇടയഗൃഹം) രാമചന്ദ്രൻ തനിച്ചാണ്.

രാത്രി, മൂത്രമൊഴിക്കാനായി ഇറങ്ങുമ്പോൾ നിലാവത്ത് ഈന്തപ്പനകളുടെ നിഴലുകൾ അനങ്ങും. ഭയം തോന്നിയാൽ ഒന്നുറക്കെ നിലവിളിക്കാൻ പോലുമാകില്ല. ആടിൻറെ രൂപം പൂണ്ട പിശാചുക്കൾ കൂടെ വിളിക്കും. പിന്നെ അവറ്റകൾ നിർത്തണമെങ്കിൽ നാഴികകൾ കഴിയണം. പക്ഷെ, ഒരുകാര്യത്തിൽ രാമചന്ദ്രന് ഉറപ്പുണ്ട്. അറേബ്യയിൽ മരിച്ചവരാരും പ്രതികാര ദാഹികളായ ദുരാത്മാക്കളായി പരിണമിച്ചിട്ടുണ്ടാവില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അയാളുടെ എല്ലും പല്ലും നഖങ്ങളും എന്നേ പനയുടെ ചോട്ടിൽ കിടന്നേനെ.

അത്രയ്ക്ക് വിജനമാണ് ആ പ്രദേശം!

ചതച്ചെടുത്ത ഗോതമ്പ് മണികൾ നിറച്ച  ചാക്കുകൾ കെട്ടിടത്തിനോട്  ചേർന്നുള്ള ചായ്പ്പിൽ അടുക്കിവച്ചിട്ടുണ്ട്. അതിൽ ഒരെണ്ണമെടുത്തുകൊണ്ട് രാമചന്ദ്രൻ നടന്നു. ഇരുമ്പുകാലുകളിൽ  ഉറപ്പിച്ചിട്ടുള്ള നാകപ്പാത്രങ്ങളിൽ ഗോതമ്പ് നിറച്ചു. ആടുകൾക്ക്  ഒരുപാടു  കുനിയാതെ നിന്ന്തിന്നാൻ പാകത്തിൽ പൊക്കത്തിലുള്ളതാണവ. തൊട്ടടുത്തുള്ള ട്രേയ്കളിൽ ഹോസെടുത്തിട്ടു വെള്ളം തുറന്നുവിട്ടു. ബോർവെല്ലിൻറെ പ്രവർത്തനത്തിൽ എന്തോ തകരാറുണ്ട്. ജീവിതം മടുത്തവൻറെ  മൂത്രത്തിൻറെ കനത്തിലാണ് വെള്ളം വരുന്നത്.

അമ്മ  ഇതൊന്നും  അറിയാതിരിക്കട്ടെ !

സ്റ്റൗവിൽ തേയില തിളയ്ക്കുന്നതിൻറെ മണം. ചുറ്റുപാടും മറ്റു ഗന്ധങ്ങളൊന്നുമില്ലാത്തതിനാൽ ആകെയുള്ള ചില ഗന്ധങ്ങൾ എളുപ്പത്തിൽ തിരിച്ചറിയുന്നത്‌ ശീലമായിക്കഴിഞ്ഞു.

കട്ടൻ തേയിലയേയും  സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.

കൂട്ടത്തിൽ  പ്രസവിച്ച ആടുകളും  ഉണ്ടെങ്കിലും, അവയുടെയൊന്നും മുലയ്ക്കു പിടിക്കാനുള്ള  ധൈര്യം  പോര. ഒരിക്കൽ ഒന്ന് ശ്രമിച്ചപ്പോൾ മാരകമാകാവുന്ന ഒരിടി  കൊണ്ടാണ് പതിവൃതയായ ഒരാട് പ്രതികരിച്ചത്. കഴുത്തിൽ വട്ടക്കയറുപോലുമില്ലാത്ത അറേബ്യൻ ആടുകൾ സർവ്വതന്ത്രസ്വതന്ത്രരുമാണ്.

അങ്ങനെയാണ് കട്ടനുമായി രാമചന്ദ്രൻ ഒരു ധാരണയിലെത്തിയത്.

ഒരു ഗ്ലാസിൽ തേയിലയും പകർന്ന് രാമചന്ദ്രൻ നടന്നു. ഇരുമ്പ് വലകൾ കൊണ്ട് വേലി കെട്ടിത്തിരിച്ച കുറേസ്ഥലത്ത്, നഗ്നമായ ആകാശത്തിനുകീഴിൽ, ആടുകൾ അസ്വസ്ഥരാണ്. രാമചന്ദ്രൻ അവയെ തുറന്നുവിട്ടു. ഗോതമ്പും വെള്ളവും കണ്ടപ്പോൾ അവയ്ക്ക് വിശപ്പിൻറെ മദമിളകി.

രാമചന്ദ്രനും ആടുകളും അനന്തതയിലേയ്ക്കിറങ്ങി. ബൈബിളിൽ വായിച്ചിട്ടുള്ള നല്ല ഇടയന്മാർക്കൊന്നും മലയാളസാഹിത്യത്തിൽ എം.എ.ബിരുദമില്ല.

ചെറിയ മുൾച്ചെടികളും അബദ്ധം പിണഞ്ഞുപോയെന്ന തിരിച്ചറിവിൽ വാടിനില്ക്കുന്ന കുറ്റിച്ചെടികളും വഴിതെറ്റി അകപ്പെട്ടുപോയതായ ചെറിയചെറിയ  പുൽക്കൂനകളും മണൽപ്പരപ്പിലങ്ങിങ്ങ് പ്രാർത്ഥനയോടെ നില്പ്പുണ്ട്.

അതൊക്കെ ആടുകൾ പോരടിച്ച് കടിച്ചുപറിച്ചു. ഒന്നുംകിട്ടാത്ത ആടുകൾ രാമചന്ദ്രനെ നോക്കി ഭീഷണമായ  ശബ്ദത്തിൽ മുരണ്ടു.

രാമചന്ദ്രൻ, കേരളത്തിലുള്ള തൻറെ അമ്മയുടെ ആടുകൾ മേയുന്ന പറമ്പുകളെക്കുറിച്ചോർത്തു.

മേയനായി വിടുമ്പോൾ എന്തോരുൽസാഹമാണ്, മങ്കയ്ക്കും  നന്ദിനിക്കും. ആടുകളുടെ നിശ്വാസമേൽക്കുമ്പോൾത്തന്നെ, ജന്മമാറ്റത്തിൻറെ ശപമോക്ഷത്തിനായിട്ടെന്നപോലെ, കൈകൂപ്പി മിഴിപൂട്ടി നിന്നുകൊടുക്കുന്ന മുള്ളുകളുള്ള തൊട്ടാവാടിച്ചെടി പോലും ഇവിടത്തെ അപേക്ഷിച്ച് നോക്കുമ്പോൾ, എന്ത് സുന്ദരിയാണ്‌!

കൂട്ടത്തിൽ  ഉയരം കൂടിയ ഈന്തപ്പനയുടെ നിഴൽ, ഇടിഞ്ഞുപൊളിഞ്ഞ ദർഗ്ഗയുടെ മിനാരങ്ങളിൽ മുട്ടുമ്പോൾ ആടുകളെ ‘ക്യാമ്പി’ലേയ്ക്ക്  തിരികെ തെളിയ്ക്കാം. അതാണ്  പതിവ്.

ഇരുമ്പുവലയ്ക്കുള്ളിൽ ശീലം കൊണ്ട് അറിയാതെ കയറിപ്പോയ ആടുകൾ, കവാടം പൂട്ടിയെന്ന് മനസ്സിലയപ്പോൾ, എന്നത്തെയുംപോലെ അയാളെ പ്രതികാരത്തോടെ നോക്കി.

അഞ്ച് ചെറിയഉള്ളി, തോലുകളഞ്ഞ് നാലായി മുറിച്ച്, രണ്ട്സ്പൂണ്‍ മുളകുപൊടി തൂവി,ലേശം വെളിച്ചെണ്ണയുമൊഴിച്ചു കുഴച്ചപ്പോൾ, കറിയായി. തലേന്നാളത്തെ ചോറിൽ കുറച്ച് ബാക്കിയിരിപ്പുണ്ട്. രാമചന്ദ്രൻ കുളികഴിഞ്ഞ്, ‘സദ്യ’യുമുണ്ട് അറബിയേയും കാത്ത് , ഇരിപ്പായി.

ബാങ്ക്  തുറന്നാൽ അഞ്ചുമാസത്തെ ശമ്പളക്കാശും വിമാനടിക്കറ്റുമായി വരാമെന്ന് വാക്കുതന്നിട്ടാണ്, തലേന്ന്  അറബി  പോയത്.

അങ്ങനെവരുമ്പോൾ, നാളെ ഈനേരത്ത് നാട്ടിൽ!

നാടിനേയും കടക്കാരേയും കുറിച്ച്, രാമചന്ദ്രൻ ഞെട്ടലോടെ ഓർത്തു. എങ്കിലും പോകാതെ കഴിയില്ല.

സന്ധ്യകഴിഞ്ഞും അറബിയെ കാണാത്തപ്പോൾ  രാമചന്ദ്രന്  ഭയമായി.

അറബി ചതിക്ക്വോ?

രാമചന്ദ്രൻ തൊട്ടടുത്ത കവലയിലേയ്ക്ക് നടന്നു.

ബദറുദ്ദീൻറെ കടയില കച്ചവടം പൊടിപൊടിക്കുന്ന നേരമയിരുന്നു. അവിടെയിപ്പോൾ ഇല്ലാത്ത സാധനങ്ങളൊന്നുംതന്നെയില്ല.

ആറുമാസം  മുൻപ്  ബദറുദ്ദീൻ ഉപേക്ഷിച്ചുപോയ  ഇടയപ്പണിയിലേയ്ക്കാണ്, രാമചന്ദ്രൻ വന്നത്.

ഏകാന്തതയുടേയും ഇല്ലായ്മയുടേയും വിഷമതകൾ നേരിട്ടറിഞ്ഞിട്ടുള്ള ബദറുദ്ദീൻ,  രാമചന്ദ്രന് ചില്ലറ സഹായങ്ങളൊക്കെ ഇടയ്ക്കിടെ ചെയ്തുകൊടുക്കാറുണ്ട്.

“എന്താ മന്ത്രാ?” ബദർ ചോദിച്ചു.

രാമചന്ത്രൻ,രാംചന്ത്രൻ, റാംചന്ത്ര,റമേന്ത്രൻ… തുടങ്ങി പലതും  പരീക്ഷിച്ചു വഴങ്ങാതെ, ഒടുവിൽ   അറബി,  സ്വയം  ഒരു തീരുമാനത്തിലെതിയതാണ്  ‘മന്ത്രൻ’!

ചിലപ്പോഴൊക്കെ  ബദറും  തമാശയ്ക്ക് ‘മന്ത്രാ’ എന്ന്  വിളിക്കാറുണ്ട്.

“അറബിയെ ഇതുവരെ കണ്ടില്ല ബദറെ” രാമചന്ദ്രൻ പറഞ്ഞു.

അയാൾ പിറ്റേന്ന്  പോകുന്ന വിവരം ബദറുദ്ദീനുമറിയം.

കട പൂട്ടുന്നതുവരെ   രാമചന്ദ്രൻ  കാത്തുനിന്നു.

അവർ  ഒന്നിച്ച്  അറബിയുടെ  വീട്ടിലേയ്ക്ക്  നടന്നു.

ഈന്തപ്പനകളും ഗോതമ്പുപാടവും ബർസീം തോട്ടങ്ങളും കഴിഞ്ഞാൽ, ആകാശം മുട്ടെ നില്ക്കുന്ന ഒരുചുറ്റുമതിലിനുള്ളിലാണ്‌,  അറബിയുടെ  വീട്.

“ഞാൻ  ഇവിടെ നില്ക്കാം.” ബദർ പറഞ്ഞു.  “എന്നെ  കണ്ടാൽ അയാൾക്ക്  കലിയിളകും. ഞാൻ  കടയിട്ടതൊന്നും അയാൾക്ക്  രസിച്ചിട്ടില്ല.”

ബദറുദ്ദീൻ ലേശം മാറി,ഗേറ്റിനുപുറത്ത്, ഈന്തപ്പനകൾക്കിടയിൽ കാത്തുനിന്നു.

ഖിന്നനായി പുറത്തുവന്ന രാമചന്ദ്രനോട്  ബദർ, അറബി എന്ത്  പറഞ്ഞൂന്നു ചോദിച്ചു.

“അയാൾ  പ്രതീക്ഷിച്ച പണം കിട്ടിയില്ലത്രേ.”

“അപ്പോൾ?”  ഗുരുതരാവസ്ഥ വ്യക്തമായി അറിയാവുന്ന ബദർ ചോദിച്ചു.

“നാളെ രാവിലെ വന്ന്, കുറച്ചു ആടുകളെ വില്ക്കാമെന്ന്  പറഞ്ഞു.”

“കള്ളനാണ്. ഒറ്റ റിയാല് അനക്കൂല.” ബദർ  പറഞ്ഞു.

രാമചന്ദ്രൻ മറുപടിയൊന്നും  പറഞ്ഞില്ല.

പിറ്റേന്ന് രാവിലെ അറബി ,ഒരു പിക്കപ്പ് വാനുമായി വന്ന് കുറേ ആടുകളെയും കയറ്റിക്കൊണ്ടുപോയി.  രാമചന്ദ്രൻ ഒരു മൃതാവസ്ഥയിലെന്നപോലെ നിത്യവൃത്തികൾ ചെയ്തു.

ഉച്ചയായപ്പോൾ അറബി പോയതുപോലെ, ആടുകളുമായിത്തന്നെ മടങ്ങിവന്നു.

ഉദ്ദേശിച്ച വില കിട്ടിയില്ലത്രേ !

അടുത്ത്  എന്തുചെയ്യണമെന്നുപോലും പറയാതെ, അറബി പോയി.

തളർന്നുപോയ രാമചന്ദ്രൻ, ചാക്കുകട്ടിലിൽ  കയറിക്കിടന്നു. തലയണയ്ക്കുകീഴിൽ ആ  കത്തുണ്ട്, നാലു ദിവസങ്ങൾക്ക് മുൻപ് കിട്ടിയത്.

അയാൾ  ഒന്നുകൂടി ആ കത്തെടുത്ത്  തുറന്നു. അക്ഷരങ്ങൾക്ക് യാതൊരു വിലയും വ്യവസ്ഥയും കൽപ്പിക്കാതെ, അച്ചനെഴുതിയ കത്തിനുള്ളിലെ സത്യം ഇത്രമാത്രം

മകനെ,

അങ്ങേയറ്റം നാലുദിവസങ്ങൾക്കുള്ളിൽ ഓപ്പറേഷൻ നടത്തണം. അതിനു കഴിഞ്ഞില്ലെങ്കിൽ, പിന്നീടുള്ള കത്തുകളിൽ അമ്മയെ അന്വേഷിക്കേണ്ട. ആത്മാക്കൾക്ക് അറബിയിലെത്താൻ വിമാനം കേറേണ്ടെങ്കിൽ, അവൾ ഏറ്റവും കൂടുതൽ സ്നേഹിച്ച മകൻറെ ചുറ്റും അവളുടെ ആത്മാവുണ്ടാവും.

നിൻറെ അമ്മയുടെ നന്ദിനിയേയും മങ്കയേയും വിറ്റു. വാങ്ങിയത് ഇറച്ചിക്കാരാണ്. കൊല്ലാനാണോ വളർത്താനാണോ ഒന്നുമറിയില്ല. മരുന്ന് വാങ്ങാൻ വേറെ പണമില്ലയിരുന്നു.  അതിനുശേഷം നിൻറെ അമ്മ സംസാരിച്ചിട്ടില്ല.

എല്ലാ രീതിയിലും പരാജയപ്പെട്ടുപോയ നിൻറെ അച്ഛൻ.

ഈശ്വരാ….

ആ നാലാംദിവസം ഇന്നാണ്.

മ്ബേ….

വെറും ഒരുവിളി!

കൂട്ടത്തിൽ  കോറസ്സ്  കേട്ടില്ല. ബാക്കി ഇരുന്നൂറ്റിമുപ്പത്തിനാല്  മ്ബേ…. എവിടെ?

രാമചന്ദ്രൻ  പുറത്തിറങ്ങി.

കമ്പിവലയ്ക്കുള്ളിൽ ആടുകളില്ല, പൂർണഗർഭിണിയായ,  ഒരെണ്ണമൊഴികെ.

എവിടെ, ആടുകളെവിടെ?

രാമചന്ദ്രൻ മണൽപ്പരപ്പിലേയ്ക്കിറങ്ങി ഓടി.

കാൽപ്പാദങ്ങളിൽ  ഒച്ചുകൾ  ഒളിഞ്ഞിരിക്കുന്നു.  ഒരിഞ്ച് അനങ്ങുന്നില്ല.

അറബികളിൽ ഏറ്റവുംദുഷ്ടനായ  കാട്ടറബിയെന്ന്, അന്നാട്ടിലെ അറബികൾ തന്നെ  വാഴ്ത്തുപട്ടം കൊടുത്തിരുന്ന, ഹംദാൻറെ  ഗോതമ്പ് പാടം.  അതിനുള്ളിൽ  ദേ, ആടുകളൾ  അനങ്ങുന്നു. പുറത്ത്  അറബിഭാഷയിൽ  എഴുതിയ  ഒരു  ബോർഡ്‌ നാട്ടി-യിട്ടുണ്ട്.

പാടത്തു മാരകമായ കീടനാശിനി  തളിച്ചിട്ടുണ്ട്.  ആടുമാടുകൾ  കയറാതെ സൂക്ഷിക്കുക!

മുൻപെന്നോ ബദറാണ് അറബി ബോർഡിൻറെ അർത്ഥം പറഞ്ഞുകൊടുത്തത്.

വേലി കെട്ടിയിട്ടില്ലാത്ത പാടം! അറബി അക്ഷരങ്ങൾ പോയിട്ട് ഒരു ഭാഷയും വായിക്കാനറിയാത്ത ആടുകൾ

രാമചന്ദ്രൻ ഓടി.

പാടശേഖരങ്ങൾക്ക്‌ നടുവിലായി,അങ്ങിങ്ങ് മരിച്ചുകിടക്കുന്ന ‘അറബിയുടെ ആടുകൾ’. കുറെയെണ്ണം കുഴഞ്ഞുവീണും ഉരുണ്ടുമറിഞ്ഞും മരണവെപ്രാളങ്ങൾ കാണിക്കുന്നുണ്ട്.

ഒക്കെയും ‘മന്ത്രൻറെ’ ഉത്തരവാദത്തിലുള്ളവയാണ്.

ജീവിതം ഇവിടെ അവസാനിക്കുന്നു, ആടുകളുടെയും മന്ത്രന്റേയും.

രാമചന്ദ്രൻറെ കണ്ണുകളിൽ ഇരുട്ടുകയറി. കയ്യുംകാലും വിറച്ചു.

പെട്ടെന്ന്  രാമചന്ദ്രൻറെ തലയിൽ രണ്ട് കൊമ്പുമുളച്ചു. ചെവികൾ വലുതായി.വൃഷ്ണസഞ്ചികൾ വീർത്തു.ദേഹം മുഴുവൻ രോമം പൊതിഞ്ഞു. ഗോതമ്പ് ചെടികളുടെ ഇടയിലൂടെ, മന്ത്രൻ, നാലുകാലിൽ ഓടി. കിട്ടിയ ചെടികളെല്ലാം അവൻ കടിച്ചുപറിച്ചു തിന്നു.മത്സരിക്കാൻ വന്ന ആടുകളെ അവൻ തല കൊണ്ടിടിച്ചിട്ടു.

മന്ത്രൻ  തലചുറ്റിവീണത്‌  മലർന്നാണ്. ഇപ്പോൾ  ആകാശത്തിനാകെ നീലനിറമാണ്.

താണ് താണ് വരുന്ന മേഘശകലങ്ങൾക്ക്  നന്ദിനിയുടെയും മങ്കയുടെയും മുഖച്ഛായ ! അവർ വിളിക്കുന്നത്‌  ‘മ്ബേ….’  എന്നല്ല ‘വാ വാ’ എന്നാണ്.

അതിനും പിന്നിൽ ആരാണ്?

വെളുത്തു  മെലിഞ്ഞ…. വരക്കുറിയിട്ട… മുടിയിൽ തുളസിക്കതിര് തിരുകിയ…..ഒരായുസ്സിൽ തന്നെ ഒരായിരം  യാതനകൾ അനുഭവിച്ച….

അതെ, അമ്മ!

മന്ത്രൻറെ  മിഴികൾക്ക് കനം കൂടി. അവ, മിന്നിമിന്നി അണഞ്ഞു.

മണൽമെത്തയിൽ,  മന്ത്രൻ മലർന്നുകിടന്നു. ആയിരം  വെള്ളാടുകളെ  പൂട്ടിയ രഥം താഴേയ്ക്കിറങ്ങിവന്നു. രാമചന്ദ്രനെയും കയറ്റി ആകാശരഥ്യയിലേയ്ക്ക് അത് പറന്നു. താഴെ, മണൽപ്പരപ്പ്  മരവിച്ചു കിടന്നു.

ഉയരങ്ങളിൽനിന്നും  രാമചന്ദ്രൻ  ആലോചിച്ചു-

അത് ഭൂമി തന്നെയാണോ?

അതോ ക്ഷീരപഥത്തിലെ കാണാമറയത്ത്  ഒളിച്ചുനടക്കുന്ന ക്ഷുദ്രഗ്രഹമോ?

എവിടെ എൻറെ ഭൂമി ?

നൊമ്പരങ്ങൾ, ഗന്ധർവ്വൻപാട്ട് , ഏഴാംഭാവം എന്നിവയാണ് പ്രസിദ്ധീകരിച്ച നോവലുകൾ. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. നിരവധി ടെലിവിഷൻ സീരിയലുകളും സിനിമകളും ഡോകുമെന്ററികളും തിരക്കഥ എഴുതുകയും സംവിധാനം നിർവഹിക്കുകയും ചെയ്തു.