കമീനോ സാൻറ്റിയാഗോ – 2

തയ്യാറെടുപ്പ്

ജീവിതം വളരെ ലളിതമാണ്. വർഷങ്ങളായി പൂർണമായും സസ്യഭുക്കാണ്, കഴിക്കുന്ന എല്ലാത്തിൻറെയും ഉള്ളടക്കം വായിച്ചു ഉറപ്പുവരുത്തിയശേഷം മാത്രം ഉപയോഗിക്കുന്നു. ലഹരി ഉപയോഗം ഇല്ല, ചായ, കാപ്പി, മധുരം മുതലായ ചെറുലഹരികളും ഇല്ല. എങ്കിലും യാത്രക്ക് രണ്ടുമാസങ്ങൾക്കുമുമ്പേ സ്വയം ഒരു വ്രതം ആരംഭിച്ചു.

“ചിന്തകളിലെ കളങ്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക”

അൻപത് നോമ്പ്, പെരുന്നാൾ നോമ്പ്, ശബരിമല നോമ്പ് എന്നീ മതപരമായ ആചാരങ്ങളെക്കാൾ അൽപ്പം കഠിനമായിരുന്നു ആദ്യമെങ്കിലും പിന്നീട് അതിനോട് പൊരുത്തപ്പെട്ടു തുടങ്ങി.

യാത്ര ആരംഭിക്കാനുള്ള ദിവസം അടുത്തുവന്നതോടെ ഭാണ്ഡം ഒരുക്കാൻ ആരംഭിച്ചു. 2017 ൽ മറ്റോ വാങ്ങിയ ഒരു ഡെക്കാത്‌ലോൺ 50 ലിറ്റർ ബാക്ക്പാക്ക് ആണ് ആ ഭാണ്ഡം. ഒരുപാട് രാജ്യങ്ങൾ എന്നോടൊപ്പം ഇഴുകിച്ചേർന്ന് സഞ്ചരിച്ച എൻ്റെ ഉത്തമ യാത്രാ പങ്കാളിയാണ് ഭാണ്ഡം. കൂടാതെ ഒരു കോംപാക്ട് സ്ലീപ്പിങ് ബാഗ്, പോഞ്ചോ, വളരെ അത്യാവശ്യത്തിനുമാത്രം തുണികൾ, ഒരുകൊച്ചു മടക്കുകത്തി, ചെറിയൊരു കട്ടിങ് ബോർഡ്, ഒരു കോംപാക്ട് ടെൻറ്റ്, ഫസ്റ്റ്എയ്ഡ് കിറ്റ്, കുളിമുറി ഉത്പന്നങ്ങൾ, ഒരു പ്ലാസ്റ്റിക് ബൗൾ, തോർത്ത്, ക്യാമറയും ഫിലിം റോളുകളും, അങ്ങനെ ഓർമ്മ വരുന്നതിനനുസരിച്ച് ഓരോന്നോരോന്നായി ബാഗിനുള്ളിൽ അടുക്കിവെച്ചുകൊണ്ടിരുന്നു.

ദിവസം അടുക്കുംതോറും മനസ്സിൽ ഒരു ചിന്ത മുറുകിത്തുടങ്ങി.

“എത്രയൊക്കെ ആത്മീയത എന്നോ, സാഹസികത എന്നോ, അന്വേഷണം എന്നോ ഒക്കെ വിളിച്ചാലും ഈ യാത്രകൊണ്ട് ആത്മസുഖം എനിക്കുമാത്രമാണ് ലഭിക്കുന്നത്. അപ്രകാരം അത് ഒരു സ്വാർത്ഥമായ യാത്രയല്ലേ.? ഞാൻ യാത്രചെയ്യുന്നതുകൊണ്ട് എൻ്റെ ചുറ്റുമുള്ളവർക്ക് എന്തുനേട്ടം.?”

ദിവസങ്ങളുടെ ആലോചനക്കൊടുവിൽ ഒരു ആശയം രൂപപ്പെട്ടു. ഒരു മനുഷ്യന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം അവൻ്റെ ആഗ്രഹങ്ങൾ നിറവേറ്റികൊടുക്കൽ ആണ്. ആഗ്രഹം നിറവേറ്റികൊടുക്കാൻ ഞാൻ അപര്യാപ്തനാണ്. പക്ഷെ എനിക്കു ചുറ്റുമുള്ളവരിൽ പലരും ദൈവവിശ്വാസികൾ ആണ്. അതുകൊണ്ട് എനിക്ക് പരിചയമുള്ളവരോട് അവരുടെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട രണ്ട് ആഗ്രഹങ്ങൾ ഒരു കത്തുരൂപത്തിൽ എഴുതിത്തരാൻ ആവശ്യപ്പെട്ടു. ആ കത്ത് എന്നോടൊപ്പം നടന്ന് സാൻറ്റിയാഗോ പുണ്യവാൻറെ സമക്ഷം എത്തുന്നതായിരിക്കുമെന്നും പ്രഖ്യാപിച്ചു.

അത്ഭുതം എന്നുപറയട്ടെ, അവിശ്വാസികൾ പോലും കത്തുകൾ എഴുതി. കത്തുകൾ ലഭിച്ചപ്പോൾത്തന്നെ ഒരുകാര്യത്തിൽ ഞാൻ സംതൃപ്തനായി. ഓരോരുത്തരുടെയും അതിയായ ആഗ്രഹങ്ങളെക്കുറിച്ച് അവ എഴുതിയതുവഴി അവർക്കുള്ളിൽ ഒരു വ്യക്തത വരുത്താൻ എൻ്റെ ഈ പദ്ധതിക്ക് സാധിച്ചുകഴിഞ്ഞു. മാത്രമല്ല അവർക്കുള്ളിൽ ആ ആഗ്രഹങ്ങൾ നടക്കാൻ സാധാരണയിലധികം സാധ്യത ഉള്ളതായി ഒരു തോന്നൽ ഉണ്ടായാൽ ഒരുപക്ഷെ മുന്നോട്ടുള്ള അവരുടെ ജീവിതത്തിനെ അത് ഗുണകരമായി ബാധിച്ചേക്കാം. മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചതിൻറെ പ്രധാന ലക്ഷ്യവും അതുതന്നെയാണല്ലോ. കത്തുകൾ കൈവന്നതോടെ എനിക്ക് ഒരു ദൂതൻറെ പാത്രധർമ്മം കൂടെ കൈവന്നു. മാത്രമല്ല ഇടയിൽ വച്ച് എത്രവലിയ പ്രതിസന്ധി നേരിട്ടാലും യാത്രയിൽ മുന്നേറുക തന്നെ വേണം. കത്തുകൾ സാൻറ്റിയാഗോയിൽ എത്തിയേ മതിയാകൂ. എൻ്റെ ആത്മസുഖത്തെക്കാൾ മറ്റുള്ളവരുടെ ആഗ്രഹങ്ങളോടുള്ള നീതിനിറവേറ്റൽ കൂടിയാണ് ഇപ്പോൾ ഈ യാത്ര.

ഒക്ടോബർ മാസമാണ് യാത്രചെയ്യുന്നത്. മലനിരകൾ നിറഞ്ഞ വടക്കൻ പോർത്തുഗലിലൂടെയുള്ള യാത്ര ആകുമ്പോഴേക്കും ഒക്ടോബർ പകുതികഴിയും. ശരത്കാലത്തിൽനിന്നും ശൈത്യത്തിലേക്കുള്ള പ്രകൃതിയുടെ മാറ്റത്തിൻറെ കാലമാണ്. തീർച്ചയായും മഴ പ്രതീക്ഷിക്കണം. സാധാരണ ഷൂ മതിയാകില്ല, വാട്ടർപ്രൂഫ് ഹൈക്കിങ് ഷൂ വേണം. വൈകാതെ സാമാന്യം തരക്കേടില്ലാത്ത ഒരു ബൂട്ട് തന്നെ വാങ്ങി കാലുകളോട് ഷൂ താതാത്മ്യപ്പെടാൻ നിത്യജീവിതത്തിൽ അത് ഉപയോഗിച്ചുതുടങ്ങി.

ഇനി വെറുമൊരാഴ്ച ആഴ്ചകൂടി മാത്രം. അവസാനഘട്ട പരിശീലനം എന്ന രീതിയിൽ ഈ വരുന്ന ആഴ്ചയിൽ രണ്ട് മലകയറ്റങ്ങൾ പ്ലാൻ ചെയ്തു. ആദ്യത്തേത് ലിസ്ബൺ നഗരത്തിൽനിന്നും താഗാസ് നദി മുറിച്ചുകടന്ന് സെത്തുബാൽ ജില്ലയിലെ പൽമേല എന്ന ഗ്രാമത്തിൽ റോമൻ ചരിത്രം ഉറങ്ങുന്ന ഒരു മലയിലേക്കായിരുന്നു. ജി ആർ 22 എന്ന പോർത്തുഗലിലെ ചരിത്ര സൈറ്റുകൾ കൂട്ടിയിണക്കിയ ഒരു ട്രയൽൻറെ ചെറിയൊരു ഭാഗത്തുകൂടിയാണ് മലകയറ്റം. കൂട്ടാളികളായി എൻ്റെ അഞ്ചു വർഷങ്ങളായുള്ള സുഹൃത്തും ജേഷ്ഠതുല്യനും ചില കാര്യങ്ങളിൽ ഗുരുവുമായ റിക്കാർഡോ, റികാർഡോയുടെ ബന്ധുസഹോദരി കെല്ലിയ, അവരുടെ സുഹൃത്തായ വേര എന്നിവരുമുണ്ടായി.

കെല്ലിയ ഒരു പിൽഗ്രിം ആണ്. ഒരുവർഷം മുൻപ് അവർ ഫ്രഞ്ച് വേ നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാനും കെല്ലിയയും കമീനോ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു മലകയറ്റം. പൂർണമായും ആൽബർഗുകളെ ആശ്രയിച്ചായിരുന്നു കെല്ലിയയുടെ യാത്ര. 35 ദിവസ്സങ്ങൾകൊണ്ടാണ് അവൾ 750 ഓളം കിലോമീറ്ററുകൾ പിന്നിട്ടത്. എന്നാൽ പരമാവധി ആൽബർഗുകൾ ഒഴിവാക്കി കുറഞ്ഞ ദിവസ്സങ്ങൾക്കുള്ളിൽ യാത്ര പൂർത്തിയാക്കുകയാണ് എൻ്റെ പദ്ധതി.

ആ മലകയറ്റത്തിനിടയിൽ ഇ 9 അഥവാ യൂറോ 9 എന്ന ഒരു ട്രയൽ ഞങ്ങൾ നടക്കുന്ന പാതയിലൂടെ കടന്നുപോകുന്നതായി കാണാനിടയായി. കിഴക്കൻ യൂറോപ്പിലെ എസ്റ്റോണിയയിൽനിന്നും സ്പെയിൻ വരെ നീളുന്ന ഏകദെശം പതിനായിരത്തോളം കിലോമീറ്ററുകൾ നീളമുള്ള ഒരു ട്രയൽ ആണ് അത്. ആ ട്രയൽ കണ്ടപ്പോൾ ഞാനും കെല്ലിയയും മുഖത്തോടുമുഖം നോക്കി ഒന്ന് പുഞ്ചിരിച്ചുപോയി.

“വൺ ഡേ”

കെല്ലിയ എന്നോട് പറഞ്ഞു. എന്നാൽ ആ പാത കണ്ടപ്പോൾ അമേരിക്കയിലെ അപ്പളാഞ്ചിയൻ ട്രയൽ ആണ് എനിക്ക് ഓർമ്മവന്നത്. ഞാൻ സ്വയം ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നടത്തം തുടർന്നു.

രണ്ടാമതായി പോയ മലകയറ്റം മറ്റൊരു സുഹൃത്ത് ജൂവാവോക്കും അദ്ദേഹത്തിൻ്റെ പങ്കാളി സൂപ്പർ സാറക്കും (സാറ എന്നാണ് യഥാർത്ഥ പേര്, സാറയുടെ മുൾട്ടിടാസ്കിങ് കഴിവുകൊണ്ട് ഞാൻ അദ്ദേഹത്തെ സൂപ്പർ സാറ എന്ന് വിളിക്കുന്നു) ഒപ്പമാണ്. ലിസ്ബൺ ജില്ലയുടെ അതിരിൽ ഉള്ള “മോണ്ടെ ജുൻതോ” എന്ന മലയാണ് ഞങ്ങൾ കയറിയത്. നെപ്പോളിയൻ പോർത്തുഗലിനെ ആക്രമിച്ചു കീഴ്‌പ്പെടുത്താൻ സൈന്യവുമായി വന്നപ്പോൾ അതിനെ ചെറുത്തുനിൽക്കാൻ അറ്റ്ലാൻറ്റിക് സമുദ്രത്തിലേക്കുള്ള സുതാര്യമായ കാഴ്ച സാധ്യമായ എല്ലാ മലമുകളിലും അക്കാലത്ത് പോർത്തുഗീസ് രാജാവിൻറെയും സഖ്യരാജ്യമായ ബ്രിട്ടൻറെ പ്രതിനിധി ലോർഡ് വില്ലിങ്ടൺൻറെയും (അതെ, അതേ ലോർഡ് വില്ലിങ്ടൺ തന്നെ) ആഞ്ജപ്രകാരം കോട്ടകൾ കെട്ടിയിരുന്നു. ഇന്ന് ആ കോട്ടകൾ അടങ്ങിയ മലമുകളുകളെ ബന്ധിപ്പിച്ചുകൊണ്ട് “റൂട്ട ഹിസ്റ്റോറിക്ക ദസ് ലിന്യ ടോറസ്” എന്നപേരിൽ വലിയൊരു ഹിസ്റ്റോറിക് ട്രയൽ രൂപീകരിച്ചിരിക്കുന്നു.

ആ മലകയറ്റത്തിൽ ജൂവാവോ എനിക്ക് പോർത്തുഗീസ് ഭൂപ്രകൃതിയെപ്പറ്റിയും, സാധാരണയായി കാണപ്പെടുന്ന സസ്യങ്ങളെപ്പറ്റിയും, ജീവജാലങ്ങളെപ്പറ്റിയുമെല്ലാം വിവരിച്ചുനൽകി. ഞങ്ങൾ ധാരാളം പുരാതന കാറ്റാടി മില്ലുകൾ സന്ദർശിച്ചു, ചെസ്സ് നട്ടുകൾ പെറുക്കി. ഏകദെശം രാത്രിയോടുകൂടിയാണ് ആ പരിശീലനയാത്ര അവസ്സാനിപ്പിച്ചത്.

പരിശീലനങ്ങളും മുന്നൊരുക്കങ്ങളും ഏറെക്കുറെ പൂർത്തിയായി. ഭാണ്ഡം അതിൻ്റെ പൂർണതയിലെത്തി. അധികമായി കരുതിയിരുന്ന എല്ലാം അവസാനഘട്ട പാക്കിങ്ങിൽ പുറത്താക്കപ്പെട്ടു. യാത്ര തുടങ്ങേണ്ട ദിവസത്തിൻറെ രണ്ടു ദിവസം മുൻപ് ഭാണ്ഡത്തിന്റെ തൂക്കം 14 കിലോ. ഇനിയും ഭാരം കുറച്ചേ മതിയാകൂ. അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ കരുതിയ ധാന്യങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളുടെയും അളവിൽ വലിയ കുറവുവരുത്തി. ഇപ്പോൾ 13 കിലോ. ഇനിയും ഭാരം കുറച്ചേ മതിയാകൂ. വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, സോക്സ്, വായിക്കാൻ എടുത്തിരുന്ന പുസ്തകങ്ങൾ, തണുപ്പ് വന്നാൽ ധരിക്കേണ്ട സ്വെറ്റർ എന്നിവയുടെ എണ്ണം കൂടി കുറച്ചു. ഇപ്പോൾ 12 കിലോ. ഇനിയും ഭാരം കുറക്കൽ സാധ്യമല്ല. 12 കിലോ അത്ര വലിയഭാരമല്ല, പഴയകാലങ്ങളിൽ എവറസ്റ്റ് കയറുന്നവരുടെ ബാക്ക്പാക്ക് 14 – 15 കിലോയോളം ഭാരമുള്ളതാണെന്ന് ഞാൻ എവിടെയോ വായിച്ചതോർമ്മവന്നു.

എല്ലാം തയ്യാർ. ഇനി വെറും ഒരുദിവസം മാത്രം.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.