കമീനോ സാൻറ്റിയാഗോ – 1

ആമുഖം

യാത്ര ആനന്ദമാണ്.!

“യാത്ര, അത് ചെയ്യുന്ന ആൾ ഒരു ബിന്ദുവിൽ നിന്നും ആരംഭിച്ച് മറ്റൊരു ബിന്ദുവിൽ അവസാനിക്കുന്നു”. സാങ്കേതികമായി പൂർണമായും ശരിയായ ഒരു വാചകമാണ്. എന്നാൽ ഞാൻ യാത്രയെ മറ്റൊരു രീതിയിൽ കാണാൻ ആഗ്രഹിക്കുന്നു, അഥവാ എൻ്റെ യാത്രാനുഭവങ്ങൾ എന്നെ അപ്രകാരം മാറ്റിയെടുത്തു.

ഒരാൾ എപ്പോൾ ഒരു യാത്രയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നുവോ ആ നിമിഷം മുതൽ അയാൾ ആ യാത്രയിലാണ്. ശരീരം ബിന്ദുവിൽനിന്നും ബിന്ദുവിലേക്ക് ചലിക്കുന്ന സാങ്കേതികത്വത്തിനൊടുവിൽ നിശ്ചലമായാലും, അയാളുടെ മനസ്സ് ആ യാത്രയുടെ പുനർചിന്തനത്തിന് വിധേയമായിക്കൊണ്ടേയിരിക്കുന്നു. ഒരുപക്ഷെ ശരീരം യാത്രയിലായിരുന്നപ്പോൾ അയാൾ അനുഭവിച്ച, ശിഥിലമായി കിടക്കുന്ന പലതും മനസ്സിൻറെ ഈ ആയവിറക്കലിൽ ബന്ധപ്പെട്ടേക്കാം. അതുമല്ലെങ്കിൽ യാത്രക്കിടയിൽ നടന്നതിന് സമാനമായ ഒരു സാഹചര്യം വീണ്ടും നടന്നാൽ യാത്രയുടെ ബോധ്യത്തിനു മറ്റൊരു മാനം കൈവന്നേക്കാം. ഓരോ തവണ ആ യാത്രയെപ്പറ്റി സംസാരിക്കുമ്പോഴും ഓർക്കുമ്പോഴും ശരീരം കടന്നുപോയ ഭൂമികയെപ്പറ്റി പുതിയ അറിവുകൾ കൈവരുമ്പോഴും ഉണ്ടായ യാത്രാനുഭവം വിപുലീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

അതെ. നമ്മൾ വലിയൊരു യാത്രയിലാണ്, അത് ആനന്ദവും.

2014 ലെ ഒരു നവരാത്രി കാലം. സാമാന്യം തണുപ്പുള്ള ഒരു രാത്രിയിൽ ഗുജറാത്തിലെ ആങ്കലേശ്വറിൽ അമ്പേ ഗ്രീൻ സിറ്റിയിലെ ഡി 64 നമ്പർ വീട്ടിൽ, മോട്ടോർ സൈക്കിളിൽ ഗുജറാത്തിൽനിന്നും കേരളത്തിലേക്ക് യാത്രചെയ്യാനുള്ള പ്ലാൻ തയ്യാറാക്കുന്നതിനിടയിൽ, പ്രധാന വിഷയത്തിൽനിന്നും വ്യതിചലിച്ച്, ലോകത്തിലെ പലയിടങ്ങളിൽ പ്രശസ്തമായ സാഹസീക യാത്രകളെക്കുറിച്ച് വായിക്കാനിടയായി. അക്കൂട്ടത്തിൽ ശ്രദ്ധയിൽപെട്ട ഒരു യാത്രയാണ് കമീനോ സാൻറ്റിയാഗോ.

ഫ്രാൻസിലെ ഒരു ഗ്രാമമായ സെൻറ് -ജീൻ -പീഡ്-ഡി -പോർട്ടിൽ നിന്നും ആരംഭിച്ച് സ്പെയിനിലെ സാൻറ്റിയാഗോ പട്ടണത്തിൽ എത്തിച്ചേരുന്ന 700 കിലോമീറ്ററോളം നീണ്ട കാൽനടയാത്ര. വെറുമൊരു യാത്രയിലുപരി കാമീനോ (വഴി) ഒരു തീർത്ഥാടനമാണ്. വിശുദ്ധ ജെയിംസ് പുണ്യാളൻ നടത്തിയ യാത്രയെ അനുസ്മരിച്ചാണ് പിൻതലമുറ ഈ യാത്ര നടത്തുന്നത്.

കാമിനോ സാൻറ്റിയാഗോയെപ്പറ്റി ഈ ശകലം വായിച്ചപ്പോഴേക്കും എന്നിലെ സാഹസീക ആത്മീയാന്വേഷി ഉൾപ്പുളകിതനായി. അക്കാലത്തെ വിലപിടിപ്പുള്ള മൊബൈൽ ഡാറ്റ ഉപയോഗിച്ച് ഞാൻ കാമീനോയെപറ്റിയുള്ള വീഡിയോകൾ കണ്ടു. മനോഹരമായ ഭൂപ്രകൃതി എന്നെ ഏറെ ആകർഷിച്ചു. അന്നുതന്നെ ഏറെക്കുറെ ഞാൻ മനസ്സിലുറപ്പിച്ചു, ഒരിക്കൽ ! ജീവിതാവസാനത്തിനും മുൻപ്, ഒരിക്കൽ ഞാൻ ഈ യാത്ര ചെയ്തിരിക്കും.

“ആമേൻ”

ആ ശബ്ദം ഞാൻ വൈകാതെ മറന്നു. മോട്ടോർസൈക്കിളിലും സൈക്കിളിലും തീവണ്ടിയിലും വിമാനത്തിലും ബസ്സിലും കാറിലുമൊക്കെയായി മണിക്കൂറുകളും ദിവസ്സങ്ങളും മാസങ്ങളും നീണ്ട യാത്രകൾ പലതിലൂടെയും ജീവിതം കടന്നുപോയി. ഗ്രാമങ്ങളും പട്ടണങ്ങളും സംസ്ഥാനങ്ങളും സംസ്കാരങ്ങളും രാജ്യങ്ങളും രാഷ്ട്രങ്ങളും ഒരുപാട് താണ്ടി. ഒടുവിൽ 2020 ജനുവരിയിൽ പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ കാലം എന്നെ എത്തിച്ചു.

നഗരത്തിൻറെ കിഴക്കുഭാഗത്തെ താഗസ് നദിക്കരയിൽനിന്നും ഒരുകിലോമീറ്റർ മാറിയുള്ള എൻ്റെ വാടകവീടിൻ്റെ താഴെയുള്ള റോഡിൽ കാലം ഒരു വയോധികനേയും അദ്ദേഹത്തിൻറെ പങ്കാളിയെയും കമീനോ പാതയിൽനിന്നും വഴിതെറ്റിച്ചു കൊണ്ടെത്തിച്ചു. ജീവിതത്തിൽ ആദ്യമായി ഞാൻ കണ്ട പിൽഗ്രമുകൾ.

ശബരിമലക്ക് നോമ്പുനോറ്റ് കറുപ്പണിഞ്ഞവരെ സാമികൾ എന്നും ഹജ്ജിനായി മക്കയിലേക്ക് പോകുന്നവരെ ഹജ്ജാജിമാർ എന്നും പറയുംപോലെ കാമീനോ സാൻറ്റിയാഗോ തീർത്ഥാടകരെ പിൽഗ്രമുകൾ എന്നും, ആ തീർത്ഥാടനത്തെ പിൽഗ്രാമിജ് എന്നും പറയുന്നു. പുറത്തെ വലിയ ഭാണ്ഡക്കെട്ടും അതിൽ തൂക്കിയിട്ടിരിക്കുന്ന വെളുത്ത കക്കയുടെ പുറംതോടും പിൽഗ്രമുകളെ തിരിച്ചറിയാനുള്ള അടയാളങ്ങളാണ്. കക്കയുടെ പുറംതോടിൽ അതിൻ്റെ വലിയ പരന്ന ഭാഗത്തുനിന്നും ധാരാളം വ്യത്യസ്ത വരകൾ ചെറിയഭാഗത്തേക്ക് വന്ന് ഒരു ബിന്ദുവിൽ കൂടിച്ചേരുന്നത് കാണാം. ലോകത്തിൻറെ പലഭാഗത്തുനിന്നും നടന്ന് പിൽഗ്രമുകൾ സാൻറ്റിയാഗോയിൽ എത്തിച്ചേരുന്നു എന്ന ആശയത്തിൻറെ സൂചകമാണ് ഈ കക്കത്തോട്.

അതെ, വഴിതെറ്റിവന്ന ആ രണ്ട് പിൽഗ്രമുകൾ എനിക്ക് വഴികാട്ടാൻ വന്ന മാലാഖാമാരായിരുന്നു. 2014 ൽ കണ്ട വീഡിയോകളിൽ നിന്നും പിൽഗ്രമുകളുടെ തിരിച്ചറിയൽ സൂചകങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. അതിനുശേഷമുള്ള ദിവസങ്ങൾ കമീനോയെപ്പറ്റിയുള്ള ആഴത്തിലുള്ള പഠനകാലമായിരുന്നു. ഫ്രാൻസിൽനിന്നും മാത്രമല്ല ഇംഗ്ളണ്ടിൽനിന്നും ഇംഗ്ലീഷ് വേ, പോർത്തുഗൽൽ നിന്നും പോർത്തുഗിസ് വേ, കോസ്റ്റൽ വേ, സെൻട്രൽ വേ, കാമീനോ പ്രിമിറ്റീവോ അങ്ങനെ കാമീനോകൾ പലതരം. എല്ലാം ഒടുവിൽ ചെന്ന് അവസ്സാനിക്കുന്നത് സാൻറ്റിയാഗോ കോംപോസ്റ്റെല്ല എന്ന പള്ളിമുറ്റത്തും. ഞാൻ ഇപ്പോൾ താമസിക്കുന്ന ലിസ്ബണിൽ നിന്നും തന്നെ യാത്ര തുടങ്ങാൻ ഒടുവിൽ തീരുമാനമായി.

ഏറെ നാളത്തെ വായനയും വീഡിയോ വ്ളോഗുകൾ കാണലും എനിക്കും മുൻപേ കമീനോ നടന്നിട്ടുള്ളവരുടെ അടുക്കൽ സംസാരിച്ചും ആവശ്യമായ അറിവുകൾ ഞാൻ ആർജിച്ചുകൊണ്ടിരുന്നു. ലിസ്ബണിൽ നിന്നും രണ്ടു വഴികൾ ആണ് പ്രധാനമായും ഉള്ളത്. കാമീനോ കോസ്റ്റൽ, കമീനോ സെൻട്രൽ എന്നിവയാണവ. പോർത്തുഗലിലെ പ്രധാന ചില പട്ടണങ്ങളിൽനിന്നും ഒരു വഴിയിൽനിന്നും മറ്റൊന്നിലേക്ക് വഴിമാറി നടക്കുന്നവരുമുണ്ട്.

പോർത്തുഗലിൻറെ ഉൾനാടൻ ജീവിതവും മലനിരകളിലെ ഏകാന്തതയും ആണ് എനിക്ക് അനുഭവിക്കേണ്ടത്. അതിന് സെൻട്രൽ വേ ആണ് ഉത്തമം എന്ന് പഠനത്തിലൂടെ മനസ്സിലാക്കി. കോസ്റ്റൽ വേ അതിൻ്റെ പേരുപോലെതന്നെ ഭൂരിഭാഗവും കടൽത്തീരം ചേർന്നുള്ള പാതയാണ്. കടൽത്തീരം മനോഹരമാണ് പക്ഷെ ആ പാതയിൽ ഒരുപാട് സഞ്ചാരികളും റോഡുകളും ജനവാസമേഘലകളുമുണ്ട്.

ഏകനായി ഉള്ളിനെ അറിയുന്ന മനുഷ്യന് സർവം സുന്ദരമല്ലോ.

പക്ഷെ സെൻട്രൽ വേ എന്നെ സംബന്ധിച്ച് അൽപ്പംകൂടി കഠിനമാണ്. കാരണം കഴിഞ്ഞ 3 വർഷമായി ഞൻ ഒരു പൂർണ്ണ സസ്യഭുക്കാണ്. “വീഗൻ” എന്നപേരിൽ പാശ്ചാത്യർ വിളിക്കുന്ന ജീവിതരീതിയാണ് പിന്തുടരുന്നത്. അതായത് പാൽ, പാലുൽപ്പന്നങ്ങൾ, മൽസ്യം, മാംസം, മുട്ട, തേൻ എന്നിങ്ങനെ മറ്റൊരു ജീവിയെ ആശ്രയിക്കുന്ന യാതൊരു ഭക്ഷണവും കഴിക്കാറില്ല. “വീഗൻ” എന്ന പ്രയോഗത്തിന് ആഹാരരീതിയെക്കാൾ വലിയ മാനം ഉണ്ട്. പക്ഷെ ഇവിടെ ചുരുക്കുന്നു.

പോർത്തുഗീസ് ഉൾനാടൻ ഭക്ഷണങ്ങൾ എനിക്കുതകുന്നവയല്ല. മാത്രമല്ല ഉൾനാടൻ പ്രദേശങ്ങളിൽ വലിയ സൂപ്പർമാർക്കറ്റുകൾ വിരളമായിരിക്കും. അതിലുപരി സെൻട്രൽ വേയിൽ “ആൽബർഗുകൾ” താരതമ്മ്യേന കുറവായിരിക്കും. പിൽഗ്രമുകൾക്കായി മാത്രമുള്ള താമസസ്ഥലങ്ങളെ ആണ് ആൽബർഗുകൾ എന്ന് പറയുന്നത്. നമ്മുടെ നാട്ടിലെ സത്രങ്ങൾ, ഉത്തരേന്ത്യയിൽ “ധറംശാലകൾ” എന്നൊക്കെ പറയുന്ന അതേ മാതൃകതന്നെ. പക്ഷെ ഇവിടെ അതൽപ്പം ഒരു ഹോസ്റ്റലിനോട് സമമായ സൗകര്യങ്ങൾ നൽകുന്നു. ഓരോ ഗ്രാമങ്ങളിലെ പള്ളിയോ മറ്റ് സംഘടനകളോ നടത്തുന്ന ആൽബർഗുകൾ ആണെങ്കിൽ ഒരു ദിവസത്തെ വാടക തുച്ഛമായ നിരക്കായിരിക്കും.

ഇല്ലായ്മയെ അതിജീവിച്ച് ഉള്ളതിൽ ആനന്ദിക്കാനും അതിലൊരുപങ്ക് അത്രപോലും ഇല്ലാത്തവന് നൽകാനും കഴിയുന്ന ഒരു മനുഷ്യനിലേക്കുള്ള യാത്രയാണല്ലോ ആത്മീയത. അപ്പോൾ അതിനെ അറിയാൻ ഇല്ലായ്മയുടെ പാത തന്നെ തിരഞ്ഞെടുക്കാൻ ഞാൻ തീരുമാനിച്ചു.

2023 ജനുവരിയിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൽ ആ വർഷത്തെ ലീവ് പ്ലാൻ സമർപ്പിച്ചപ്പോൾ, ഞാൻ സ്ഥിരമായി എല്ലാ വർഷങ്ങളിൽ ചെയ്തുപോന്ന ചില കാര്യങ്ങൾക്കായി കുറച്ചു ദിവസ്സങ്ങൾ മാർക്ക് ചെയ്തു. ലിസ്ബൺ മാരത്തോൺ, മറ്റൊരു യൂറോപ്പ്യൻ രാജ്യത്തേക്കുള്ള ഒരു യാത്ര, ഒന്നോ രണ്ടോ ദിവസം ഒന്നും ചെയ്യാതെ വീട്ടിലിരിപ്പ് അങ്ങനെ കുറച്ചുദിവസങ്ങൾ. ബാക്കിയുള്ള ദിവസങ്ങൾ ഒരുമിച്ച് ഒക്ടോബർ ഒന്ന് മുതൽ 26 വരെ മാർക്ക് ചെയ്തു അതിന് ഒരു തലക്കെട്ടും കൊടുത്തു.

“കമീനോ സാൻറ്റിയാഗോ”

ലീവ് പ്ലാൻ സമർപ്പിച്ചതോടെ മാനസികമായി തയ്യാറെടുപ്പ് ഏറെക്കുറെ അതിൻ്റെ മൂർധന്യത്തിലെത്തിയിരുന്നു. എങ്കിലും ഒഴിവു ദിവസങ്ങളിൽ മലകയറ്റവും നീണ്ട നടത്തങ്ങളുമൊക്കെയായി സമയം ചിലവിടാൻ ആരംഭിച്ചു. ധാരാളം ട്രാവൽ സിനിമകളും ഡോക്യൂമെൻറ്ററികളും കണ്ടുതീർത്തു. ദി വേ, ഇൻ ട്ടു ദി വൈൽഡ്, വാക് ഇൻ ദി വുഡ്സ്, ദി വൈൽഡ്, ട്രാക്സ്, ഫോറസ്ററ് ഗമ്പ്, ദി ടെറി ഫോക്സ് സ്റ്റോറി, മോട്ടോർ സൈക്കിൾ ഡയറീസ് തുടങ്ങിയ ചില ക്ലാസിക്കുകൾ വീണ്ടും വീണ്ടും കണ്ടു.

ദിവസങ്ങൾ പതിയെ നീങ്ങിത്തുടങ്ങി. അങ്ങനെ ഒരുദിവസം ജോലിസ്ഥാപനത്തിൻ്റെ കായിക പ്രേമിയായ ഡയറക്ടർ കുശലംപറയാൻ എനിക്കരികിൽ എത്തി. കഴിഞ്ഞ വർഷങ്ങളിൽ ഞാൻ ഓടിയ മാരത്തോണുകളുടെ സ്പോൺസർ എൻ്റെ ജോലിസ്ഥാപനമായിരുന്നു. ഇത്തവണ ഫുൾ മരത്തോണിൽ സമയം മെച്ചപ്പെടുത്തണമെന്നും ഇനിയും കുറച്ചുമാസങ്ങൾ ഉള്ളതിനാൽ നേരത്തെ പ്രാക്ടീസ് തുടങ്ങണമെന്നും ബ്രൂണോ ( ഡയറക്ടർ) ഉപദേശിച്ചു. പക്ഷെ ബ്രൂണോയെ നിരാശപ്പെടുത്തി ഞാൻ പറഞ്ഞു.

“സോറി ബ്രൂണോ, ദിസ് ഇയർ ഒൺലി ഹാഫ് മാരത്തോൺ. ഇൻ ഒക്ടോബർ അയാം വാക്കിങ് കാമിനോ”

ഫുൾ മാരത്തോൺ നടക്കുന്ന ഒക്ടോബറിൽ ഞാൻ കാമിനോ നടക്കാൻ പോകുന്നു എന്ന് പറഞ്ഞയുടൻ ബ്രൂണോയുടെ കണ്ണുകളിൽ ഒരു ഭാവമാറ്റം പ്രകടമായി. ഒന്ന് തലയാട്ടിയിട്ട്

“എൻകോണ്ട്രാർ മ് നു മെയു സ്ക്രിറ്റോറിയോ ഡിപ്പോയ്സ് ആൽമസ്സോ”

അതായത് ഉച്ചഭക്ഷണശേഷം ബ്രൂണോയെ അയാളുടെ ഓഫീസിൽ ചെന്നുകാണാൻ പോർത്തുഗീസിൽ പറഞ്ഞു.

അതുകേട്ടപ്പോൾ സ്പോൺസർഷിപ്പ് നിരസിച്ചതിൻറെ അമർഷം തീർക്കാൻ ഓഫീസിൽ വിളിച്ചുവരുത്തി ചീത്തപറയലാകും ബ്രൂണോയുടെ ഉദ്ദേശം എന്ന് ഞാൻ കരുതി.

ലഞ്ച് ബ്രേക്കിനുശേഷം ബ്രൂണോയെകണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ലഞ്ച് കഴിക്കാൻ വീട്ടിൽപോയിവന്നപ്പോൾ എനിക്കായി വീട്ടിൽനിന്നും കാമീനോ മാപ്പുകൾ, ഗൈഡ് പുസ്തകങ്ങൾ, കാമീനോയെപ്പറ്റിയുള്ള ചരിത്രപുസ്തകങ്ങൾ എന്നിവ എടുത്ത് കൊണ്ടുവന്നിരിക്കുന്നു. അവയെല്ലാം എനിക്ക് കൈമാറിയിട്ട് ബ്രൂണോ ഏറെ വൈകാരികമായി തോളിൽത്തട്ടി ആശംസകൾ നേർന്നു. പോർത്തുഗലിൻറെ വടക്കൻ നഗരമായ “പൊർത്തോ” യിൽ നിന്നും സാൻറ്റിയാഗോ വരെ അയാൾ ഒരുവട്ടം നടന്നിട്ടുണ്ട് പക്ഷെ ലിസ്ബണിൽനിന്നും ആരംഭിക്കുന്ന മുഴുനീള കാമീനോ ഇനിയും ഒരു സ്വപ്നമായി അവശേഷിക്കുന്നു. നീ അത് ചെയ്യുന്നതിൽ എനിക്ക് നിന്നോട് അസൂയ തോന്നുന്നു എന്നും ബ്രൂണോ കൂട്ടിച്ചേർത്തു. ബ്രൂണോയുടെ ആ പ്രവർത്തി ഞാൻ ശരിയായ പാതയിൽതന്നെയാണ് നീങ്ങുന്നതെന്ന ബോധ്യം എന്നിൽ വർധിപ്പിച്ചു.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.